യുറീക്കയുടെ ഉള്ളിൽ ഉള്ളത്
പ്രിയമുള്ളവരെ,
2024 ജൂൺ 30 മാസികാ ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ടല്ലോ. മാസിക വരിക്കാരെ കണ്ടെത്താനുള്ള പ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ നമ്മുടെ മാസികകളുടെ ഉള്ളടക്കത്തിന്റെ സവിശേഷതകളും വിഭവ വൈവിധ്യങ്ങളും പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്ര മാസികയായ യുറീക്കയുടെ 2024 ജൂലൈ ലോകത്തിൻറെ സവിശേഷതകൾ സയൻസ് കേരള യൂട്യൂബ് ചാനലിന്റെ എഡിറ്റർ അരുൺ രവി പരിചയപ്പെടുത്തുന്നു
ജൂലൈ ലക്കം യുറീക്ക ഉള്ളടക്ക സമൃദ്ധിയോടെയുംവായനാസൗഹൃദമുള്ള അവതരണ ഭംഗിയോടെയും മുന്നേറുന്നു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടൊപ്പം അവരിൽ മാനവികമായ ആശയങ്ങൾ കരുപ്പിടിപ്പിക്കുകയെന്നതിലും യുറീക്ക എല്ലായ്പോഴും ശ്രദ്ധിക്കുന്നുയെന്നതിനു തെളിവാണ് നെൽസൺ മണ്ടേലയെ ചിത്രീകരിച്ചിരിക്കുന്ന കൗതുകകരമായ കവർ ചിത്രവും അതുമായി ബന്ധപ്പെട്ട കുറിപ്പും എന്നു കാണാം. അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനമാണ് ജൂലൈ 18 .
കുട്ടികളുടെ പഠനം പ്രധാനം
കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിലും വർധിച്ച തോതിലുള്ള ശ്രദ്ധ യുറീക്കയ്ക്കുണ്ട്. പ്രത്യക്ഷത്തിലുള്ള രണ്ടുദാഹരണങ്ങൾ പറയാം. ഒന്ന്, പാഠപുസ്ത അച്ചടിക്കും മറ്റും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള ലിപി വിന്യാസം, മാനകപദാവലി, ചിഹ്നനം തുടങ്ങിയവ യുറീക്കയും സ്വീകരിച്ചിരിക്കുന്നു എന്നതാണ്. നിലവിലുണ്ടായിരുന്ന പൊതുവിജ്ഞാനപരമായ പദപ്രശ്നത്തോടൊപ്പം പുതുതായി തുടങ്ങിയിട്ടുള്ള ‘പദപ്രശ്നം പ്ലസ് ‘ ആണ് മറ്റൊന്ന്. അതതു മാസം യു പി തലത്തിലുള്ള കുട്ടികൾ പഠിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ധാരണ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അത് തയ്യാറാക്കിയിരിക്കുന്നത്.’ഓ.. പതിവുപോലെ കടുപ്പമുള്ള കാര്യങ്ങൾ തന്നെ’യെന്ന് തോന്നുന്നുവോ? എന്നാൽ അങ്ങനെയല്ല.
നാലു ചിത്രകഥകൾ – നർമ്മവും മർമ്മവുമുള്ളവ:
നാലു ചിത്രകഥകളാണ് ജൂലൈ ലക്കത്തിലുള്ളത് (2കോമിക്സ് 2 ചിത്രീകൃത കഥ). പ്രശാന്തൻ മുരിങ്ങേരിയുടെ ഫ്രോഗി ഗഗാറിൻ എന്ന കോമിക് നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യത്തിലേക്ക് സരസമായി കുട്ടികളെ നയിക്കുമ്പോൾ പെൻസിലാശാൻ എന്ന സമർഥനായ കാരിക്കേച്ചറിസ്റ്റ് (ആശാനെ അധികവും ‘ഇൻസ്റ്റ ‘യിലാണ് കാണുക, പിന്നെ ഇടയ്ക്കൊക്കെ ലൂക്കയിലും) അമ്മായിയായ ധ്രുവക്കരടിയും നാട്ടുകരടി ദമ്പതികളും ചേർന്നുള്ള ഒരു രസികൻ കോമിക്കിലൂടെ ജീവപരിണാമമെന്ന ആശയത്തിൻ്റെ ഒരു നുറുങ്ങ് കുഞ്ഞുമനസ്സുകളിൽ സന്നിവേശിപ്പിക്കുകയാണ്. എന്തുകൊണ്ട് യുറീക്ക നർമ്മത്തിനിത്ര പ്രാധാന്യം നൽകി എന്നു ചോദിച്ചാൽ, അതു കുട്ടികളെ നവോന്മേഷചിത്തരും പഠനൗത്സുക്യമുള്ളവരും ആക്കി മാറ്റുന്നുമെന്ന് യുറീക്കയ്ക്ക് നന്നായറിയാം എന്നുതന്നെയുത്തരം.
ഡോ.ടി പി കലാധരൻ്റെ അലോമി എന്ന കഥയുടെ പ്രമേയം പ്രകാശ മലിനീകരണം എന്ന വിപത്താണ്. ദേശദേശാന്തരങ്ങൾക്കപ്പുറത്തു നിന്ന് കേരളത്തിലെത്തുന്ന അലോമി എന്നു പേരായ ഒരു ദേശാടനപ്പക്ഷിയുടെയും കേരളത്തിലെ പാരിസ്ഥിതികശ്രദ്ധയുള്ള കുറച്ചു വിദ്യാർഥികളുടെയും ആ കഥ അതിമനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. അമ്പിളി സരീഷിൻ്റെ ഇനി ഞാനെന്തു ചെയ്യും എന്ന പീക്കിരി.ഇൻ കഥയുടെ ചിത്രണത്തെക്കുറിച്ചും ഇതുതന്നെ പറയാം. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രസിപ്പിക്കുന്ന, നമ്മളൊക്കെ വാട്സാപ്പിലും ഫെയ് സ്ബുക്കിലും മറ്റും അർഥം വേണ്ടത്രയറിയാതെ ഉപയോഗിക്കുന്ന ഇമോജികളുടെ വിചിത്രസുന്ദരമായ ലോകത്തെയാണ് അരുൺ രവി ‘ഇമ്മിണി ബല്യ ഇമോജീ’സിലൂടെ നമുക്കു മുന്നിലെത്തിക്കുന്നത്.
പ്രീസ്കൂൾ കുട്ടികൾക്കും
പീക്കിരി.ഇൻ പംക്തിയിലെ ഇനി ഞാനെന്തു ചെയ്യും എന്ന കഥയെപ്പോലെ തന്നെ സന്തോഷം എന്ന കുട്ടിപ്പാട്ടും പിൻകവർ പേജിലെ
കളിപ്പുരവീട് എന്ന പേരിലുള്ള കളിക്കളവും പ്രീസ്കൂൾ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കണ്ടുകൊണ്ടുള്ളതാണ്. തീർച്ചയായും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമത് പ്രയോജനകരമാകും.
കുഞ്ഞെഴുത്തുകളല്ല, വലിയ എഴുത്തുകൾ
കുട്ടികളായ എഴുത്തുകാരുടെ, മുതിർന്നവരെ വെല്ലുന്നതെന്നു പറയാവുന്ന കഥകളും കവിതകളും അനുഭവവിവരണവും ചിത്രങ്ങളും ഇത്തവണത്തെ വാ വ ചി ചി-യിൽ ഉണ്ട്. ( വരിയും വരയും എന്ന പംക്തിയുടെ പുതിയ പേരാണ് വാക്ക് – വര – ചിരി – ചിന്ത അഥവാ വാ വ ചി ചി). കുട്ടികൾ വായിച്ച പുസ്തകങ്ങളിലെ ഇഷ്ട സന്ദർഭങ്ങൾ എഴുതി അറിയിക്കുന്ന ‘ബുക്കിഷ്ടരേ ‘എന്ന പുതിയ പംക്തിയും തുടരുന്നു.
ചാന്ദ്രവിജയദിന വായന പുതുമകളോടെ
മുൻ ISRO ശാസ്ത്രജ്ഞൻ പി എം സിദ്ധാർഥൻ സൗരയൂഥത്തിലെ 245ലധികം ചന്ദ്രന്മാരെക്കുറിച്ചുള്ള സചിത്ര ലേഖനമാണ് കാഴ്ചപ്പുറം പംക്തിയിൽ എഴുതിയിട്ടുള്ളത്. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളിലൊന്നായ ‘ബെന്നു’വിൽ പോയി അവിടത്തെ പാറകളും പൊടികളും കാപ്സൂളിലാക്കിക്കൊണ്ടുവന്ന്, ഭൂമിയുടെ അന്തരീക്ഷത്തിൽ ഇട്ടുകൊടുത്തുകൊണ്ട് പിന്നെയും മറ്റൊരു ഛിന്നഗ്രഹത്തെ തേടിപ്പോയ ഒരു ബഹിരാകാശപേടകത്തിൻ്റെ ആവേശകരമായ കഥ പറയുന്നത് യുവശാസ്ത്രജ്ഞയും ശാസ്ത്രമെഴുത്തുകാരിയുമായ അനു ബി കരിങ്ങന്നൂർ ആണ്. സംസ്ഥാന ദേശീയ പുരസ്കർത്താവായ ശാസ്ത്രാധ്യാപകൻ എം.പി സനിൽ കുമാർ ഇത്തവണ എഴുതിയ ‘ചുമരിലൊരു ഗ്രഹണക്കാഴ്ച ‘പേരു സൂചിപ്പിക്കും പോലെ കുട്ടികളുടെ നിർമാണ കുശലതയും പരീക്ഷണ നൈപുണിയും വളർത്തുവാൻ കെല്പുറ്റതാണ്.
പുതിയ കവികളിൽ ഏറെ ശ്രദ്ധേയയായ ഷീജ വക്കത്തിൻ്റെ കവിത ‘അമ്പിളി അമ്മായി ‘ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും നൂതനമായ ഒരനുഭവമായിരിക്കും. പേരിലുള്ള സൂചന പോലെ, ചന്ദ്രൻ എന്ന കാവ്യബിംബത്തെ പുതിയൊരു കാഴ്ചപ്പാടിൽ രൂപകല്പന ചെയ്യുന്നു എന്നതു മാത്രമല്ല കുട്ടികളുടെ അനുഭവസീമയിൽ വരുന്ന കൗതുകങ്ങളാണ് കവിതയിലെമ്പാടുമെന്നതും ഇക്കവിതയെ സവിശേഷമാക്കുന്നുണ്ട്. കവിതയിൽ, ഒരു കുസൃതിക്കുരുന്നിൻ്റെ അമ്മ ചന്ദ്രബിംബത്തെ കാട്ടിക്കൊടുത്തു കൊണ്ട് പറയുന്നതിങ്ങനെ :
“കട്ടിയിരുട്ടിൻ പുരയ്ക്കു മുന്നിൽ
ഒറ്റയ്ക്കിരിപ്പാണ് പെണ്ണൊരുത്തി,
പുത്തനാ, തൂവെള്ളപ്പട്ടുസാരി .
കുട്ടി മാമുണ്ണന്നതൊന്നു കാണാൻ
എത്തിനോക്കുന്നു വിൺവീട്ടിൽ നിന്നും,
ഇഷ്ടമാണാ നിലാപ്പെണ്ണിനെന്നും
അത്താഴമുണ്ണുന്ന കൂട്ടുകാരെകാരെ.. “
ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ ‘വെയിലേ ..തണലേ..’, ഒയോളം നാരായണൻ്റെ ‘മഴേ, മഴേ,വാ.. പോ! ‘
എന്നീ കവിതകളും കുട്ടികൾക്ക് പുതിയ സൗന്ദര്യാനുഭവങ്ങൾ സമ്മാനിക്കുന്നവയാകും.
ദിനാചരണങ്ങൾക്കൊരു കൂട്ടാളി
ജൂലൈ 21 ലെ ചാന്ദ്രവിജയദിനം എന്ന പോലെ അന്താരാഷ്ട്ര ചെസ് ദിനം, ദേശീയ കടുവാദിനം എന്നിവയുമായി ബന്ധപ്പെട്ടും കൗതുകകരമായ രചനകൾ ഇത്തവണയുണ്ട്. കണ്ടാലാരും കൊതിച്ചു പോകുന്ന വേറിട്ട ഒരു ചെസ് ബോർഡിനെക്കുറിച്ച് എഴുതിയത് എസ്.സി.ആർ.ടി യിലെ മുൻ റിസർച്ച് ഓഫീസറും ഇപ്പോൾ ന്യൂസിലാൻ്റിൽ താമസിക്കുന്നയാളുമായ ഡോ.ബഷീർ പി തിരൂരാണ്. അല്പം കടുവക്കാര്യം എന്ന ലേഖനമെഴുതിയത് പ്ലസ് ടു കഴിഞ്ഞിരിക്കുന്ന വയനാട്ടുകാരി മിടുക്കി ലക്ഷ്മി ഭാരതി.
അനുഭവകഥകൾ അഭിമുഖത്തിലൂടെ
ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ തളരാതെ, മനക്കരുത്തോടെ തരണം ചെയ്ത് വിജയം നേടാൻ കഴിയണം. എത്രയോ മഹാന്മാർ മാതൃകയായി ചരിത്രത്തിലുണ്ട്. സ്വന്തം അനുഭവത്തിലൂടെ ഇതു തെളിയിച്ച, സെറിബ്രൽ പാൾസി ഉണ്ടാക്കുന്നഎന്ന വിഷമാവസ്ഥയെ അതിജീവിച്ച് കേന്ദ്രസർവകലാശാലയിൽ അധ്യാപനായ ഒരാളെ പരിചയപ്പെടാം.നമ്മുടെ നാട്ടുകാരനായ ഡോ: ശ്യാമപ്രസാദ്. യുറീക്കർമാരായ കുട്ടികൾ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണം തികച്ചും ആവേശകരമാണ്.
ശാസ്ത്രാവബോധ നിർമിതി പരമപ്രധാനം
പ്രേമലു എന്ന സിനിമ കണ്ടവർ പെപ്പർ സ്പ്രേ എന്ന് തീർച്ചയായും കേട്ടിട്ടും കണ്ടിട്ടുമുണ്ടാകും. അക്രമകാരികളെ നിഷ്ക്രിയരാക്കുന്ന കുരുമുളകുപൊടിയാണത് എന്ന് മിക്കവരും വിചാരിച്ചിട്ടുമുണ്ടാകും. എന്നാലത് പൊളിച്ച് ശാസ്ത്രീയ ധാരണകൾ നമ്മുടെ മുന്നിലെത്തിക്കുന്നു ‘കേട്ടുകേൾവി Vs വസ്തുതകൾ ‘ എന്ന പംക്തിയിലൂടെ ശാസ്ത്ര പ്രചാരകനായ വിജയകുമാർ ബ്ലാത്തൂർ. ഇനിയും ചില പുതുമകൾ ജൂലൈ ലക്കത്തിലുണ്ട്. അതുകൂടി പാരിഷത്തികമായ ഉത്സാഹത്തോടെ കണ്ടെത്തി കൂടുതൽ കുട്ടികളിലേക്കും മുതിർന്നവരിലേക്കും രക്ഷിതാക്കളിലേക്കും അധ്യാപകരിലേക്കും യുറീക്കയെ എത്തിക്കുവാൻ നമുക്ക് കഴിയട്ടെ.