മണിപ്പൂര്‍ കലാപം – പ്രാവച്ചമ്പലത്ത് സായാഹ്നധര്‍ണ

0

മണിപ്പൂരിലെ വൈശവൈരം പ്രോത്സാഹിപ്പിക്കരുതെന്നും വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യം

മണിപ്പൂരിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രാവച്ചമ്പലത്ത് നടത്തിയ സായാഹ്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തിരുവനന്തപുരം: മണിപ്പൂരിലെ പ്രാദേശിക ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. മണിപ്പൂരിലെ വൈശവൈരം പ്രോത്സാഹിപ്പിക്കരുതെന്നും വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രാവച്ചമ്പലം ജങ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ആവശ്യപ്പെട്ടു.
കലാപം നടന്നിട്ട് രണ്ടുമാസക്കാലമായിട്ടും കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിമുഖത ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിയാണ്. വിദേശപര്യടനത്തിനിടെ ജനാധിപത്യത്തെക്കുറിച്ച് ധാരാളം പറയുന്ന പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടിയിട്ടില്ല എന്നത് അത്ഭുതകരമാണ്. യഥാര്‍ഥത്തില്‍ മണിപ്പൂര്‍ കലാപം വംശീയതയുടെ മറവില്‍ നടത്തുന്ന വര്‍ഗീയകലാപമായി ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയോടു ചോദ്യം ചോദിച്ച വിദേശ പത്രപ്രവര്‍ത്തക സെബ്രീന സിദ്ധിഖിയെ ആക്ഷേപിക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണം ഇന്ത്യയെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയിരിക്കുന്നതായും ബി. രമേഷ് അഭിപ്രായപ്പെട്ടു. എസ്.എല്‍ സുനില്‍കുമാര്‍ അധ്യക്ഷനായി.  ജില്ലാപ്രസിഡന്റ് കെ.ജി. ഹരികൃഷ്ണന്‍, സെക്രട്ടറി എസ്. രാജിത്ത്, നേമം മേഖലാ സെക്രട്ടറി കെ.ജി. ശ്രീകുമാര്‍, വി. ജിനുകുമാര്‍, എ.എസ്. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *