സി. എം. മുരളീധരന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച “ഭാഷാസൂത്രണം: പൊരുളും വഴികളും” എന്ന കൃതിക്കാണ് 2022 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡ്.

30 ജൂണ്‍, 2023

2022 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം സി.എം.മുരളീധരന്‍ രചിച്ച ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന കൃതി അര്‍ഹമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും നടന്ന ഭാഷാസൂത്രണ ശ്രമങ്ങളെ പശ്ചാത്തലമാക്കി ഭാഷാസൂത്രണം എന്ന പഠനമേഖലയെ പരിചയപ്പെടുത്തുന്നതാണ് ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന കൃതി. ആഗോളവല്‍ക്കരണം എന്ന രാഷ്ട്രീയപദ്ധതി മുന്നേറുമ്പോള്‍ ഭാഷകളുടെ രംഗം എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു? കോളനിയാനന്തര ദേശരാഷ്ട്രങ്ങളിലെ‍ രാഷ്ട്രഭാഷാ സങ്കല്‍പ്പത്തെ അതെങ്ങനെ ബാധിക്കുന്നു? ആഗോളഭാഷകളുടെ ജൈത്രയാത്ര ദേശ്യഭാഷകളെയും പ്രാദേശികഭാഷകളെയും എപ്രകാരമാണ് ബാധിക്കുന്നത്? പുതിയ ലോകസാഹചര്യത്തില്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ഭാവി എന്താണ്? എന്തായിരിക്കണം? തുടങ്ങിയ ഗൌരവകരമായ ചര്‍ച്ചകളിലൂടെ, വൈകാരികസമീപനത്തിനു പകരം ഭാഷാസാമൂഹികശാസ്ത്ര കാഴ്ചപ്പാടിലൂടെ, മലയാളത്തിന്റെ നാളെയെ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പുസ്തകം. വി.ടി. സ്മാരക ട്രസ്റ്റിന്റെ സി.വി. ശ്രീദേവി എൻഡോവ്മെന്‍റ് പുരസ്കാരം , കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂർ എൻ പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറിയുടെ പ്രഥമ  വാളക്കട ബാലകൃഷ്‌ണൻ സ്‌മാരക അവാർഡ് എന്നിവ ഈ കൃതിക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, യുറീക്ക എഡിറ്റര്‍, പത്രാധിപ സമിതി കണ്‍വീനര്‍, മാസിക മാനേജിങ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള സി.എം. മുരളീധരന്‍ കോഴിക്കോട് സ്വദേശിയാണ്. തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ഇപ്പോള്‍ പട്ടാമ്പി ശ്രീനീലകണ്ഠ ഗവ.സംസ്കൃതം കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഭാഷാസൂത്രണം പൊരുളും വഴികളും എന്നതിനു പുറമേ  മലയാള ഭാഷയുടെ വൈജ്ഞാനിക പദവി, വിജ്ഞാനവും വിജ്ഞാനഭാഷയും (എഡിറ്റര്‍), പന്തുകളി (ബാലസാഹിത്യം) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

സി.എം. മുരളീധരന് അഭിനന്ദനങ്ങള്‍….


അംഗീകാരങ്ങള്‍ തുടരുന്നു… പരിഷദ് പ്രവര്‍ത്തകര്‍ക്ക് അഭിമാനം…..

സംഘടനക്കും സംഘടനാപ്രവര്‍ത്തകര്‍ക്കും അഭിമാനമേറ്റിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകർക്ക് കേരളസമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. സി.എം. മുരളീധരന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് അവാര്‍ഡ് എന്നത് അഭിമാനമേറ്റുന്നു.

പരിഷത്തിന്റെ  മുൻ കേന്ദ്ര നിർവാഹകസമിതിയംഗവും ഇപ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ വി.വി മണികണ്ഠന് മികച്ച അധ്യാപകനുള്ള  കേരളസർക്കാരിന്റെ പുരസ്കാരം ലഭിച്ചത് ഈയിടെയാണ്. സി എഫ് ജോർജ്ജ് മാസ്റ്റർ സ്മാരക പരിസ്ഥിതി പുരസ്കാരം പരിഷത്തിന്റെ കേന്ദ്ര നിർവാഹസമിതിയംഗം വി മനോജ് കുമാറിന് ലഭിക്കുകയുണ്ടായി. കേരള യുക്തിവാദി സംഘം നൽകുന്ന പവനൻ സെക്കുലർ പുരസ്കാരം പരിഷത്തിന്റെ മുൻസംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ ജനകീയ ഡോക്ടറുമായ ഡോ. ബി. ഇക് ബാലിന് ലഭിച്ചു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിരുന്ന,  മുതിർന്ന പരിഷദ് പ്രവർത്തകന്‍ ഡോ. കാവുമ്പായി ബാലകൃഷ്ണനെ കാലിക്കറ്റ് സർവ്വകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് കേരള സർക്കാർ നാമനിർദേശം ചെയ്തപ്പോള്‍, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരിഷത്തിന്റെ കേന്ദ്ര നിർവാഹകസമിതയംഗം ഡോ. ബി.ഹരികുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.വി.കെ ബ്രിജേഷ്, തൃശൂര്‍ ജില്ലയിലെ പരിഷദ് പ്രവര്‍ത്തകനായ ഡോ.എ.പ്രദീപ് കുമാര്‍ എന്നിവർ വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *