അവശ്യമരുന്നുകളുടെ വിലവർധന പിൻവലിക്കുക: പരിഷത്ത് ജില്ലാ ജാഥകൾ സമാപിച്ചു
അവശ്യമരുന്നുകളുടെ വിലവർധന പിൻവലിക്കുക
അവശ്യമരുന്നുകളുടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിഷത്ത് കോഴിക്കോട് ജില്ലയിൽ പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു. കെ.എം.എസ്.ആർ.എ , ഫാർമസിസ്റ്റ് അസോസിയേഷൻ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ ജാഥ ബാലുശ്ശേരിയിൽ ഡോ:ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് ഔഷധ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി.
രാജ്യത്തെ ആരോഗ്യ മേഖലയിൽ വിവിധ പ്രത്യാഘാതങ്ങൾ ഉളവാക്കാർ പോന്നതാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഔഷധ വില നിയന്ത്രണ ഉത്തരവ് . ചികിത്സാ ചെലവിന്റെ 40-70 ശതമാനം ഔഷധ വിലയായി നൽകേണ്ടി വരുന്നു . ഉല്പാദകരിൽ നിന്ന് വിലകുറച്ച് മൊത്തമായി മരുന്നുകൾ വാങ്ങുന്ന കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റേതുപോലുള്ള മാതൃകകൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതും ആവശ്യമാണ്. ആശുപത്രി ചികിത്സയ തുടർന്ന് നേരിടേണ്ടിവരുന്ന ചെലവിന്‍റെ ഫലമായി വർഷംതോറും 25 ശതമാന കുടുംബങ്ങൾ രാജ്യത്ത് ദരിദ്രവൽക്കരിക്കപെട്ടുകൊണ്ടിരിക്കുകയാണ്. നിലവിലുള ഔഷധ, ചികിത്സാനുബന്ധ വിലപരിധി നിർണ്ണയ മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്കനുകൂലമായി മാറ്റേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ പി.കെ രഘുനാഥ് ലീഡറും പി കെ സതീശ് മാനേജരുമായ വടക്കൻ ജാഥ കൊയിലാണ്ടിയിൽ ആരംഭിച്ച് മേമുണ്ടയിലും ജില്ലാ ജോയിന്റ് സെക്രട്ടറി പി ബിജു ലീഡറും കെ ദാസാനന്ദൻ മാനേജരുമായ തെക്കൻ ജാഥ നരിക്കുനിയിൽ ആരംഭിച്ച് പന്തീരാങ്കാവിലുമാണ് സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർമാർക്ക് പുറമെ പി.എം. ഗീത, ഇ. അശോകൻ , ഹരീഷ് ഹർഷ , വത്സലകുമാർ , വിജയൻ മേമുണ്ട, സുഗതകുമാരി , കെ.കെ രാജേഷ് കുമാർ , വി. ടി. നാസർ തുടങ്ങിയവർ സംസാരിച്ചു.