ബാലുശ്ശേരി മേഖലാ പ്രവര്‍ത്തക ക്യാമ്പ്
ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് ഭരണ സമിതി യുടേയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ പരിസരസമിതി രൂപീകരിച്ച് ജലസുരക്ഷാ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാ പ്രവര്‍ത്തകക്യാമ്പ് തീരുമാനിച്ചു. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന പനങ്ങാട് പഞ്ചായത്തി ലെ വയലടയില്‍ നടന്ന പ്രവര്‍ത്തക ക്യാമ്പ് കേന്ദ്ര നിര്‍വാഹക സമിതി അംഗവും ലൂക്ക ഓണ്‍ ലൈന്‍ മാഗസിന്‍ എഡിറ്ററുമായ പ്രൊഫ. കെ പാപ്പൂട്ടി ഉല്‍ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തു കളിലും കലാജാഥയ്ക്ക് സ്വീകരണം നല്‍കാനും പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തന ത്തിന്റെ ഭാഗമായി യൂണിറ്റു പരിധിയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാനും മേഖലാ തലത്തില്‍ ജെന്റര്‍ ശില്പശാലയും യുവസമിതി രൂപീകരണവും നടത്താനും ക്യാമ്പ് തീരുമാനിച്ചു. കെ കെ ശിവദാസന്‍ മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ രാധന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗിരിജാ പാര്‍വതി, കെ കെ സത്യന്‍, മേഖലാ പ്രസിഡന്റ് സി എം ഭാസ്കരന്‍, മേഖലാ സെക്രട്ടറി പി കെ മുരളി, പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും പഞ്ചായത്ത് മെമ്പറുമായ ടി കെ ബിജു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എന്‍ ജി സതീഷ് സ്വാഗതവും മേഖലാ കമ്മിറ്റി അംഗം കെ ദാസാനന്ദന്‍ നന്ദിയും പറഞ്ഞു. കലാജാഥാ അംഗം പി ബാലകൃഷ്ണന്റെ ഗാനത്തോടെ ക്യാമ്പ് സമാപിച്ചു.