എം.ജി.കെ.മേനോനെ അനുസ്മരിച്ചു നവോത്ഥാന ശാസ്ത്രജ്ഞനിരയിലെ അവസാന കണ്ണി – ഡോ.ടി.എൻ.വാസുദേവൻ
തൃശ്ശൂർ: ഇന്ത്യൻ സയൻസിലെ നവോത്ഥാന നായകരിലെ അവസാനത്തെ കണ്ണിയാണ് ഈയിടെ അന്തരിച്ച ബഹുമുഖ പ്രതിഭയായ ഡോ.എം.ജി.കെ മേനോൻ എന്ന് കോഴിക്കോട് സർവ്വകലാശാലയിലെ ഊർജതന്ത്ര വിഭാഗം മുൻ തലവൻ ഡോ.ടി.എൻ.വാസുദേവൻ അനുസ്മരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡിസംബര്‍ 15ന് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച എം.ജി.കെ. മേനോൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജെ.സി.ബോസ്, പി.സി.റോയ്, സി.വി.രാമൻ, എസ്.എൻ.ബോസ്, കെ.എസ്.കൃഷ്ണൻ, മഹനലോബിസ്, എം.എൻ.സാഹ, ഹോമി ജെ ബാബ, വിക്രം സാരാഭായ്,
രാജ രാമണ്ണ, എ.പി.ജെ അബ്ദുൾ കലാം തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള മഹാപ്രതിഭകളുടെ നിരയിലെ അവസാനത്തെ കണ്ണിയാണ് എം.ജി.കെ.മേനോൻ – അദ്ദേഹം ചൂണ്ടിക്കാട്ടി.
ISRO, CSIR, TIFR തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ തലവൻ, ഇലക്ട്രോണിക്സ് കമ്മിഷൻ ചെയർമാൻ , ഇന്ത്യൻ സയൻസ് അക്കാദമികളുടെ അധ്യക്ഷൻ, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് , രാജ്യസഭാംഗം, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ലണ്ടൻ റോയൽ സൊസൈറ്റി ഫെല്ലോ, തുടങ്ങിയ താക്കോൽ സ്ഥാനങ്ങളിലിരുന്ന് രാജ്യത്തിന് വേണ്ടി അവിശ്രമം പ്രയത്നിച്ചയാളായിരുന്നു മേനോൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാനും അത് ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കാനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് എം.ജി.കെ മേനോന്റെ സമഗ്രവും ശാസത്രീയവുമായ റിപ്പോർട്ട് ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് പ്രസിദ്ധീകരണ സമിതി കൺവീനർ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സമൂഹ വളർച്ചയ്ക്ക് വേണ്ടി ഇത്രയധികം മൗലിക സംഭാവനകൾ നൽകിയ പ്രതിഭാധനനായ ശാസ്ത്രജ്ഞനെ പത്ര മാധ്യമങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം വേണ്ടത്ര ഗൗനിക്കാതിരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു . ശാസ്ത്രീയതയും മൗലികതയുമുള്ള ബൗദ്ധിക പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ പ്രാമുഖ്യം ലഭിക്കാത്തത് നിരാശാജനകമാണ്. വിശ്വാസങ്ങളും വികാരങ്ങളുമാണ് ഇന്ന് സമൂഹത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തിൽ അസന്നിഗ്ധമായി ഒന്നുമില്ലെന്നും ശാസ്ത്രം ഒരിക്കലും ഒന്നിന്റെയും അവസാനവാക്കല്ലെന്നും അതിലെ നിഗമനങ്ങൾ താൽക്കാലികവും മാറ്റത്തിന് വിധേയവും ആണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നു എം.ജി.കെ. മേനോൻ എന്ന് ഡോ.എം.പി.പരമേശ്വരൻ പറഞ്ഞു. ഇത് ഒരു നല്ല ശാസ്ത്രജ്ഞന്റെ ലക്ഷണമാണ്. ഏത് വിഷയത്തിലും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത് ശാസ്ത്രരീതി അല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.ജി.കെ മേനോന്റെ പേര് ഒരു ആസ്ട്രോയിഡിന് നൽകിയത് വഴി അദ്ദേഹം അനശ്വരനായ ഒരു പ്രപഞ്ചമനുഷ്യനായി എന്ന് പ്രൊഫസർ കെ. ആർ. ജനാർദ്ദനൻ പറഞ്ഞു.
എം.ജി. കെ. മേനോന് അസാധ്യമായി ഒന്നു മുണ്ടായിരുന്നില്ല. ശാസ്ത്രലോകത്ത് അദ്ദേഹം മാന്തിക മനുഷ്യൻ (Magic Man) ആയി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാട് ശാസ്ത്രലോകത്ത് ഉണ്ടാക്കിയ വിടവും നഷ്ടവും കുടുംബാംഗങ്ങളുടെ ദുഃഖവും നികത്താൻ കാലത്തിന്റെ രസതന്ത്രത്തിന് മാത്രമേ കഴിയു എന്ന് പ്രൊഫ.ജനാർദ്ദനൻ പറഞ്ഞു.
ശാസ്ത്രഗതി എഡിറ്ററും ഊർജതന്ത്രം പ്രൊഫസറുമായ ഡോ.എൻ.ഷാജി, സി.മെറ്റിലെ ശാസ്ത്രജ്ഞ ഡോ.രാധിക തങ്കപ്പൻ, പരിഷത്ത് ജനറൽ സെക്രട്ടറി പി.മുരളീധരൻ, ജില്ലാ സെക്രട്ടറി കെ.എസ് സുധീർ എന്നിവർ സംസാരിച്ചു.