2017 നവോത്ഥാനവര്‍ഷം

0

ഡോ.കാവുമ്പായി ബാലകൃഷ്ണന്‍
കേരള ചരിത്രത്തിലും ഇന്ത്യാചരിത്രത്തിലും ലോകചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള വര്‍ഷമാണ് 1917. സമൂഹത്തിന്റെ ഗിതിവിഗതികളെ സ്വാധീനിക്കുകയും ലോകവീക്ഷണത്തെ മാറ്റിയെഴുതുകയും ഒരു പുത്തന്‍ സാമൂഹികവ്യവസ്ഥ രൂപപ്പെടുകയും ചെയ്ത സംഭവങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാതലങ്ങളിലും സാക്ഷ്യംവഹിച്ച വര്‍ഷമാണിത്.
ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാമൂഹികജീവിതത്തെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരുന്ന മുതലാളിത്തത്തെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ട്, സോവിയറ്റ് യൂണിയന്‍ രൂപപ്പെടുകയും സോഷ്യലിസ്റ്റ് സാമൂഹികവ്യവസ്ഥ ഉദയം കൊള്ളുകയും ചെയ്തത് 1917ലാണ്. ഇന്ന് സോവിയറ്റ് യൂണിയന്‍ നിലവിലില്ലെന്ന തിക്തയാഥാര്‍ഥ്യം നമുക്കറിയാം. പക്ഷേ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും പ്രദാനംചെയ്ത സംഭവമായിരുന്നു അത്. സമത്വസുന്ദരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുവേണ്ടി മര്‍ദിതരും ചൂഷിതരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്റെ ഉദയം ഊര്‍ജം പകര്‍ന്നു. പില്‍ക്കാലത്ത്, സോവിയറ്റ് യൂണിയനിലെ ഭരണസംവിധാനത്തിന്ന് എന്തൊക്കെ ജീര്‍ണതകള്‍ സംഭവിച്ചാലും മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് ആ രാഷ്ട്രത്തിന് സാധിച്ചിരുന്നുവെന്നത് എതിരാളികള്‍പോലും അംഗീകരിക്കുന്ന കാര്യമാണ്. ലോകത്ത് കുട്ടികള്‍ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കിയ രാഷ്ട്രമായിരുന്നു സോവിയറ്റ് യൂണിയന്‍. രണ്ടാംലോകയുദ്ധകാലത്ത് ഭരണച്ചെലവുകളെല്ലാം വെട്ടിക്കുറച്ചപ്പോഴും കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഒരു ചെലവിലും ഒരു കുറവും വരുത്തരുതെന്ന് സ്റ്റാലിന്‍ പ്രത്യേകം നിര്‍ദേശിക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന നമ്മുടെ മഹാകവി വൈലോപ്പിള്ളി ഒരു ഓണക്കവിതയിലെഴുതി :
‘’ഹാ ലെനിന്‍, കാണ്മേന്‍ ഭവല്‍ സാന്നിധ്യമിവിടെ ഞാന്‍
നാലുനാളേയ്‌ക്കെന്‍ പാവം നാട്ടിലെക്കിടാത്തന്മാര്‍
മധുരംനുകര്‍ന്നും പൈമറന്നും പുതുകോടി
മണമുള്ളുടുപ്പുകളിട്ടുമുല്ലാസത്തോടെ
പാട്ടും പൂവിളി വിളയാട്ടുമായ്തിമര്‍ക്കുമ്പോള്‍
നാട്ടിലെ കന്നിപ്പൂക്കള്‍ കൈകൊട്ടിക്കളിക്കുമ്പോള്‍
അറിയുന്നു ഞാനങ്ങേ,സാന്നിധ്യം ഇവിടെ;’’
അവിടത്തെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച് കവി അനുസ്മരിക്കുന്നത് ഇങ്ങനെയാണ് :
‘’ഇത് ഞാന്‍ കേട്ടിട്ടുണ്ട് മാവേലിനാട്ടിന്‍ പാട്ടില്‍,
ഇത് ഞാന്‍ ദര്‍ശിച്ചിട്ടുണ്ടങ്ങുവാണതാം നാട്ടില്‍.’’
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം ആ രാഷ്ട്രങ്ങളില്‍ ഉണ്ടായ തകര്‍ച്ച, ദാരിദ്ര്യവും, പട്ടണിയും അസമത്വവും, കൊള്ളയും, കൊലപാതകങ്ങളും, സാംസ്‌കാരികജീര്‍ണതകളും എല്ലാം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് നിലവിലില്ലെങ്കിലും ആ മഹത്തായ രാഷ്ട്രവും മഹത്തായ സാമൂഹികവ്യവസ്ഥയും പിറന്നിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ് 2017ല്‍.
ഇങ്ങ് കേരളത്തില്‍ വന്നാലോ? തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പെട്ടാലും ദോഷമുള്ളവരും കെട്ടില്ലാത്തോരും തമ്മിലുണ്ണാത്തോരുമായ ജാതിക്കോമരങ്ങളുടെ വിളയാട്ട ഭൂമിയായ കേരളത്തെ (അന്ന് കേരളമില്ല. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലനില്‍ക്കുന്നകാലം) മനുഷ്യവാസയോഗ്യമാക്കുന്നതിന് നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്ന് അരങ്ങേറിയ വര്‍ഷമാണ് 1917. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനമായിരുന്നു അത്. 1917 മെയ് 29 നാണ് മിശ്രഭോജനം നടന്നത്. അതില്‍ പങ്കെടുക്കുന്നതിന്, അയ്യപ്പന്‍ മാസ്റ്ററുള്‍പ്പെടെ 12 പേര്‍ ഒപ്പിട്ട നോട്ടീസ് തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിനുമുമ്പായി ജാതിസമ്പ്രദായത്തിന്റെ പൈശാചികത്വത്തെക്കുറിച്ച് അയ്യപ്പന്‍ മാസ്റ്റര്‍ സംസാരിച്ചു. പുലയ ബാലന്മാര്‍ നറുക്കിലയില്‍ വിളമ്പിയ ആഹാരം എല്ലാവരും കഴിച്ചു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നീചാചാരത്തിന്റെ ഭഞ്ജനമാണ് അവിടെ നടന്നത്. സംഘചരിതം ഓട്ടന്‍തുള്ളലില്‍ അയ്യപ്പന്‍ മാസ്റ്റര്‍ എഴുതി:
‘’തൊണ്ണൂറ്റിരണ്ടാമാണ്ടില്‍ ഇടവമാസംതന്നില്‍
ചെന്നീടാം പതിനാറാംതീയതിയായനാളില്‍
ഉണ്ടായി സഹോദരസംഘമന്നതില്‍ച്ചേര്‍ന്നു
സന്തോഷപൂര്‍വമേറെ സത്തുക്കള്‍ സമചിത്തര്‍
ദേഭത്തെവളര്‍ത്തുന്ന ജാതിയെത്തകര്‍ക്കുവാന്‍
പ്രതീയില്‍ പ്രതിജ്ഞചെയ്തായവരോരോരുത്തര്‍
ഒന്നിച്ചുപുലയരോടീഴവ വര്‍ഗക്കാരും
പന്തിയിട്ടൂണുമന്നു ഭംഗിയില്‍ കഴിച്ചല്ലോ
ഇളകിമറിഞ്ഞിതു പിറ്റേദിവസം
ജനതയശേഷം ബഹളം ബഹളം
പുലയരോടീഴവരൊരുമിച്ചുണ്ടത്
ശരിയല്ലെന്നു ശഠിച്ചു ജനങ്ങള്‍.’’
മിശ്രഭോജനത്തെ നാരായണഗുരു തന്റെ ‘മഹാസന്ദേശ’ത്തിലൂടെ പിന്തുണച്ചു:
‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.’ ഈ സന്ദേശം 1921 മെയ് 15ന് അച്ചടിച്ച് വിതരണം ചെയ്തു. ശ്രീനാരായണഗുരു ‘നമുക്ക് ജാതിയില്ല’ എന്ന് വിളംബരപ്പെടുത്തിയതിന്റെ അടുത്തവര്‍ഷം നടന്ന ഈ ചരിത്രസംഭവത്തിന്ന് നൂറ്റാണ്ട് തികയുമ്പോള്‍, ജാതിയുടെ പേരിലുള്ള അവകാശവാദങ്ങളോടൊപ്പം ഗുരുവിനെത്തന്നെ ഹിന്ദുസന്യാസിയാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുകയാണ്. നാം നടന്നെത്തിയത് എവിടെയെന്ന ചോദ്യം നമുക്കുചുറ്റും ഉച്ചത്തില്‍ മുഴങ്ങുകയാണിന്ന്.
1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠനടത്തിയ ഗുരു പിന്നീട് വര്‍ക്കല, തലശ്ശേരി, കൂര്‍ക്കഞ്ചേരി, മുരുക്കുംപുഴ, കാരമുക്ക്, കളവങ്കോടം, വൈക്കം എന്നിവിടങ്ങളിലും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ 1917ല്‍ അദ്ദേഹം പ്രഖ്യാപിച്ചു : ‘ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാനദേവാലയം വിദ്യാലയമായിരിക്കണം. പണംപിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.’ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനു സഹായിച്ച ഒരു പ്രഖ്യാപനമായിരുന്നു അതെന്ന് നാമിന്ന് തിരിച്ചറിയുന്നു.
1935 ല്‍ ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ മാക്‌സിംഗോര്‍ക്കിയുടെ നേതൃത്വത്തില്‍ പാരീസില്‍ സമ്മേളിച്ച് മനുഷ്യത്വത്തിന്റെ കാവലാളാവുകയാണ് തങ്ങളുടെ കടമയെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഫാസിസം അതിന്റെ ഭീഷണമായ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു തുടങ്ങിയകാലമായിരുന്നു അത്. എഴുത്തുകാര്‍ ഏത് ചേരിയില്‍ എന്ന ചോദ്യമുയര്‍ന്നകാലം. തങ്ങള്‍ മനുഷ്യരുടെ ചേരിയില്‍ എന്നവര്‍ അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. പിന്നീട് 1936ല്‍ ലക്‌നോയില്‍ ഇന്ത്യന്‍ എഴുത്തുകാര്‍ കൂടിച്ചേര്‍ന്നു. അതിന്റെ തുടര്‍ച്ചയായി 1937ല്‍ തൃശ്ശൂരില്‍വച്ച് എഴുത്തുകാരുടെ സമ്മേളനം ചേരുകയും ജീവല്‍സാഹിത്യസംഘത്തിന് രൂപം നല്‍കുകയും ചെയ്തു. നമ്മുടെ സാഹിത്യ-സാംസ്‌കാരികരംഗത്ത് നിര്‍ണായകസ്വാധീനം ചെലുത്തിയ ആ സംഭവത്തിന്റെ 80-ാം വാര്‍ഷികവും 2017ലാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുംചേര്‍ന്ന് കേരളം രൂപപ്പെട്ടത് 1956-ലാണല്ലൊ. തുടര്‍ന്ന് 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം, സംസ്‌കാരം, അധികാരവികേന്ദ്രീകരണം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ കേരളത്തെ ആധുനികീകരിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനപദ്ധതികള്‍ ആരംഭിച്ചത് ഈ സര്‍ക്കാരാണ്. പ്രസ്തുത സര്‍ക്കാര്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷമാണ് 2017.
ഈ വര്‍ഷം തന്നെയാണ് കേരളത്തിലെ ആദ്യത്തെ ജനകീയശാസ്ത്രപ്രസ്ഥാനം രൂപംകൊള്ളുന്നതും; ശാസ്ത്രസാഹിത്യസമിതിയെന്ന പേരില്‍. ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിനും ശാസ്ത്രബോധം വളര്‍ത്തുന്നതിനും വേണ്ടിയുള്ള ശാസ്ത്രസാഹിത്യകാരന്മാരുടെ ഈ സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് അന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന പി.ടി. ഭാസ്‌കരപ്പണിക്കരായിരുന്നു. പ്രമുഖ ജ്യോതിശ്ശാസ്ത്ര-ഗണിതശാസ്ത്രപണ്ഡിതനും, എഴുത്തുകാരനും, അധ്യാപകനുമായിരുന്ന പി.കെ. കോരുമാസ്റ്റര്‍ ആയിരുന്നു പ്രസിഡണ്ട്; ഒ.പി. നമ്പൂതിരിപ്പാട് സെക്രട്ടറിയും. കോരുമാസ്റ്റര്‍ ആദ്യ കേരളനിയമസഭയില്‍ ഗുരുവായൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് സ്വതന്ത്ര എം.എല്‍.എ. ആയിരുന്നു. ഇനിയും ചെറുതും വലുതുമായ സംഭവങ്ങള്‍ 2017-ഉമായി ബന്ധപ്പെട്ടുകൊണ്ട് ചൂണ്ടിക്കാണി ക്കാനുണ്ട്. ഇവയെല്ലാം 2017-നെ ശ്രദ്ധേയമാക്കുന്നു.

നവോത്ഥാനവര്‍ഷം എന്തിന്?

നവോത്ഥാനപ്രസ്ഥാനങ്ങളും തുടര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളാണല്ലൊ ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷംമുമ്പ് ഭ്രാന്താലയമെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഒരു പ്രദേശത്തെ, ദൈവത്തിന്റെ സ്വന്തംനാടെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയത് നവോത്ഥാന-ഇടതുപക്ഷ ആശയങ്ങളും ഇടപെടലുകളുമാണെന്ന് നമുക്കറിയാം. ജാതിക്കെതിരെ, ജന്മിത്തത്തിന്നെതിരെ, മുതലാളിത്ത ചൂഷണത്തിനെതിരെ, വൈദേശികാധിപത്യത്തിനെതിരെ – എല്ലാമുള്ള വമ്പിച്ച പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നു. ജനാധിപത്യത്തിന്റെയും, മതനിരപേക്ഷതയുടെയും, മാനവികതയുടെയും സോഷ്യലിസത്തിന്റെയും, യുക്തിചിന്തയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും മൂല്യങ്ങളാണ് ഈ പ്രസ്ഥാനങ്ങള്‍ കേരളീയമനസ്സുകളില്‍ വളര്‍ത്തിയെടുത്തത്. കേരളീയര്‍ ലോകരുടെ മുമ്പില്‍ തലയുയര്‍ത്തിനിന്നത് ഈ മൂല്യങ്ങളുടെ പിന്‍ബലത്തിലാണ്.
എന്നാല്‍ വര്‍ത്തമാനകാലത്ത് ഈ മൂല്യങ്ങളെല്ലാം വമ്പിച്ച വെല്ലുവിളി നേരിടുകയാണ്. ആഗോളീകരണത്തിന്റെ കടന്നാക്രമണത്തില്‍ മാനുഷികമൂല്യങ്ങള്‍ ദുര്‍ബലമാകുകയും കമ്പോളമൂല്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുകയാണ്. പുനരുത്ഥാനവാദം ശക്തിപ്രാപിക്കുകയാണ്. ശാസ്ത്രസാങ്കേതികവിദ്യകളുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുകയും ശാസ്ത്രീയരീതികളെയും, ശാസ്ത്രാവബോധത്തെയും നിരാകരിക്കുകയും ചെയ്യുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ചുവരികയാണ്. മനുഷ്യര്‍ ആത്മവിശ്വാസം നശിച്ച്, യുക്തിബോധം നഷ്ടപ്പെട്ട്, ദുര്‍ബലമനസ്‌കരായി, ആള്‍ദൈവങ്ങളെയും ആരാധനാലയങ്ങളെയും അഭയം പ്രാപിക്കുകയാണ്. ഏതാനുംവര്‍ഷം മുമ്പാണ് ‘വേണം മറ്റൊരുകേരളം’ എന്ന ക്യാമ്പയിന്‍ പരിഷത്ത് ആരംഭിച്ചത്. ആധുനികകേരളം രൂപപ്പെട്ടതെങ്ങനെയാണെന്നും വര്‍ത്തമാനകേരളം നേരിടുന്ന പ്രതിസന്ധികളെന്തൊക്കെയാണെന്നും ഭാവികേരളം എങ്ങനെയായിരിക്കണമെന്നും ആ ക്യാമ്പയിനില്‍ കൂടി വിശദീകരിക്കുവാന്‍ നാം ശ്രമിച്ചിട്ടുണ്ട്. മറ്റൊരു കേരളത്തിന്റെ സാക്ഷാത്കാരം ക്ഷിപ്രസാധ്യമല്ലെന്ന ബോധ്യത്തോടെ തന്നെയാണ് നാം പരിപാടിക്ക് രൂപംനല്‍കിയത്. ആ ക്യാമ്പയിന്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരവസരമായാണ് നവോത്ഥാനവര്‍ഷത്തെ നാം കാണുന്നത്. കേരളത്തെ പരുവപ്പെടുത്തിയ കുറെ സംഭവങ്ങളുടെ കേവലമായ സ്മരണപുതുക്കലല്ല, അവയുടെ പുനര്‍വായനയിലൂടെ, മാനസികമായ നവീകരണത്തിലൂടെ കര്‍മോര്‍ജം ആവാഹിച്ചുകൊണ്ട് നാം മുന്നോട്ടുവച്ച ലക്ഷ്യത്തിലേക്ക് ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കലാണ് ഈ വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നവോത്ഥാനവര്‍ഷം എങ്ങനെ?

ഒരു സബ്കമ്മിറ്റി പ്രവര്‍ത്തനമായല്ല; പരിഷത്ത് സംഘടന ഒന്നിച്ച് നടത്തേണ്ട പ്രവര്‍ത്തനമായാണ് ഇതു വിഭാവനം ചെയ്യുന്നത്. മാത്രമല്ല, സമാനലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രവര്‍ത്തനവുമാണ്. നമ്മുടെ മുഴുവന്‍ യൂണിറ്റുകളിലും മേഖലകളിലും പരിപാടികള്‍ ഉണ്ടാവണം. വ്യത്യസ്തവും വിവിധങ്ങളുമായ പരിപാടികള്‍ നടക്കണം. ഓരോ യൂണിറ്റും ആ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപംനല്‍കണം. വര്‍ഗീയ ഫാസിസം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലേക്കുള്ള കടന്നാക്രമണം രൂക്ഷമാക്കിക്കഴിഞ്ഞുവെന്നത് യാഥാര്‍ഥ്യമായിരിക്കെത്തന്നെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പുകളും പലഭാഗത്തും ഉയര്‍ന്നുവരുന്നുണ്ടെന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്. ആ ചെറുത്തുനില്‍പുകള്‍ക്ക് ശക്തിപകരുകയാണ് മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വര്‍ത്തമാനകാല കടമകളിലൊന്ന്. ഈ ചെറുത്തുനില്‍പുകള്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും പിന്‍ബലം നല്‍കാനുള്ള ഉത്തരവാദിത്തം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ക്കുണ്ട്. അതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണം.
നാരായണഗുരുവിന്റെ ദൈവദശകംപോലതന്നെ പ്രാധാന്യമുള്ള ഒരു രചനയാണ് സഹോദരന്‍ അയ്യപ്പന്റെ സയന്‍സ്ദശകം. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും വളരെ സൂക്ഷ്മമായും സമഗ്രമായും ആവിഷ്‌കരിക്കുന്ന ഈ കൃതി കേരളത്തിലെ 10 ലക്ഷം വീടുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണം. യൂണിറ്റ്-മേഖലാ ജില്ലാ തലങ്ങളില്‍ ക്ലാസുകളും സെമിനാറുകളും പദയാത്രകളും കലാപരിപാടികളും ഉണ്ടാവണം. അതിന്റെ അന്ത്യത്തില്‍ സംസ്ഥാനതലത്തില്‍ അതിബൃഹത്തായ ഒരു സംഗമത്തെക്കുറിച്ചും ആലോചിക്കാം. കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ നായകന്മാരെയും പ്രവര്‍ത്തകരെയും ബഹുജനപ്രസ്ഥാനങ്ങളെയും എല്ലാം ഇതില്‍ പങ്കാളികളാക്കാന്‍ കഴിയണം. കൂടുതല്‍ മൗലികവും സര്‍ഗാത്മകവുമായ പ്രവര്‍ത്തനപരിപാടികള്‍ ഓരോതലത്തിലും നടത്തുന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരും. അവയെല്ലാം പൊതുക്യാമ്പയിന്റെ ഭാഗമാക്കാം. ഇതൊരു സാംസ്‌കാരികപ്രവര്‍ത്തനമാണ്; രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയാണ് രാഷ്ട്രീയം.

Leave a Reply

Your email address will not be published. Required fields are marked *