ഇരുളകറ്റാൻ വരവായി നവോത്ഥാന കലാജാഥ

0

കോഴിക്കോട് ,കോടി സൂര്യനുദിച്ചാലും അടങ്ങാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിനു തൊഴുന്നു ഞാൻ.. അജ്ഞതയും ശാസ്ത്ര വിരുദ്ധതയും അരങ്ങു വാഴുന്ന സമകാലിക കേരളത്തിന്റെ ബോധമണ്ഡലത്തിനു നേരെ കത്തിച്ച തീപ്പന്തവുമായി നവോത്ഥാന കലാജാഥ ഒരുങ്ങുകയായി. നാടിന്റെ പരിവർത്തന പഥത്തിൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പതാകയേന്തിയ സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകത്തിന്റെ രംഗാവിഷ്കാരത്തോടെയാണ് ജാഥാ പരിപാടികൾ ആരംഭിക്കുന്നത്. മത സാമുദായിക പരിഷ്കരണത്തിനപ്പുറം ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് വിളിച്ചു പറഞ്ഞ സഹോദരൻ അയ്യപ്പൻ കാണുന്നത് ഇന്നത്തെ കേരളം ജാതി ചിന്തയുടെയും വർഗീയതയുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമരുന്നതാണ്. മറവിക്കെതിരെ ഓർമ്മ ആയുധമാക്കുവാൻ ആഹ്വാനം ചെയ്യുകയാണ് സഹോദരൻ അയ്യപ്പൻ . മണ്ണിൻ മതമെൻ മതമെൻ കുലമോ വിണ്ണിൻറേതും മഴയെൻ ജാതി വർണം? ബ്രാഹ്മണനെന്നോ ചന്ദന മിപ്പരൽമീൻ ക്ഷത്രിയനോ? നദിയെന്നോ വൈശ്യൻ ശൂദ്രൻ മാരോ പൂവുകൾ, കിളി കളവർണൻമാരോ? ജനകീയ ആധ്യാത്മികതയുടെ വക്താവായിരുന്ന ഭക്ത കവി കബീറിനെ ഓർമ്മിപ്പിച്ചു കൊണ്ട് സച്ചിദാനന്ദൻ എഴുതിയ പറയുന്നു കബീർ എന്ന കവിതയുടെ രംഗാവിഷ്കാരം ഇന്ത്യയുടെ ഇന്നിന്റെ സാംസ്കാരിക പരിസരങ്ങളിൽ ഏറെ പ്രസക്തമാവുന്നു. അടിച്ചമർത്തപ്പെട്ടവന്റെ, ദളിതന്റെ ദൈവം വിമോചനരാമൻ ഉയിർക്കേണ്ട കാലമിതായെന്ന് കബീർ പറയുന്നു. മനുഷ്യരാശിയുടെ അതിജീവനത്തിന് ഹേതുവായ വാക്സിനേഷനെതിരായും ആധുനിക ചികിത്സാ ശാസ്ത്രത്തിനെതിരായും നടക്കുന്ന പ്രചരണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ശീലക്കുട എന്ന നാടകം ,വിഭാഗീയതകളും വിവേചനങ്ങളും അർഥശൂന്യമാണെന്നും മനുഷ്യരെല്ലാമൊന്നാണെന്നും തെളിയിക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയയുടെ മഹത്വം വെളിവാക്കുന്ന നന്മകൾ പൂക്കുമ്പോൾ എന്ന നാടകം എന്നിവ പൊതുബോധത്തെ ശാസ്ത്ര ബോധമാക്കുന്നതിനുള്ള ഇടപെടലുകളാവുന്നു. ശത്രുരാജ്യത്തിന്റെ പോരാളികൾ ഞങ്ങൾ ശത്രുക്കളല്ലായിരുന്നു… രാജ്യാതിർത്തിയിൽ അസ്വസ്ഥതകളും ഏറ്റുമുട്ടൽ മരണങ്ങളും പതിവായിരിക്കുന്ന ഇക്കാലത്ത് അതിർത്തിയിൽ പോരാടുന്ന സൈനികരെല്ലാം മനുഷ്യരാണെന്നും യുദ്ധം ഭരണകൂടങ്ങളുടെ സൃഷ്ടിയാണെന്നും ആയുധങ്ങൾ കുഴി വെട്ടി മൂടണമെന്നും വിളിച്ചു പറയുന്ന അതിർത്തികൾക്കപ്പുറം സംഗീതശില്പം, രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കറൻസി നിരോധനം സാധാരണക്കാരെ എങ്ങനെ ബാധിച്ചുവെന്നതിന്റെ നേർ ചിത്രവുമായി തുറക്കാത്ത മേശ എന്ന നാടകം ,കോടാനുകോടി നിരക്ഷരും പട്ടിണിക്കാരും അധിവസിക്കുന്ന ഇന്ത്യയിൽ ക്യാഷ് ലെസ് എക്കോണമി നടപ്പിലാക്കാൻ മുതിരുന്ന സർക്കാരിന്റെ പരിഷ്കാരങ്ങളെ ചോദ്യം ചെയ്യുന്ന കോതാമൂരിപ്പാട്ട് തുടങ്ങി കാലത്തിന്റെ വിഹ്വലതകളെയും ഗതി വിഗതികളെയും വിമർശനാത്മകമായി പരിശോധിക്കുകയും മാറ്റത്തിനായുള്ള ആഹ്വാനമുയർത്തുകയുമാണ് നവോത്ഥാന കലാജാഥ. എം എം സചീന്ദ്രൻ ,സുരേഷ് ബാബു ശ്രീസ്ഥ, ബി എസ് ശ്രീകണ്ഠൻ, തുടങ്ങിയവരുടെ രചനകൾക്ക് രംഗഭാഷ്യം നൽകുന്നത് മനോജ് നാരായണനാണ്.സംഗീതം കോട്ടയ്ക്കൽ മുരളി .ടി വി വേണുഗോപാലൻ, എൻ.വേണുഗോപാലൻ, എ എം ബാലകൃഷ്ണൻ, വി വി ശ്രീനിവാസൻ ,വി.കെ കുഞ്ഞികൃഷ്ണൻ.കെ ടി രാജപ്പൻ, സുധാകരൻ ചൂലൂർ തുടങ്ങിയവർ പ്രൊഡക്ഷൻ ക്യാമ്പിന് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *