ബഹു. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം

0

വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്.
സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017

ഇക്കഴിഞ്ഞ മെയ് 24ന് ബഹു. കേരളഹൈക്കോടതി കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഇരുപത്തിനാലുവയസ്സുകാരിയും ബി.എച്ച്.എം.എസ് ബിരുദധാരിയുമായ യുവതിയെ അച്ഛന്റെ സംരക്ഷണത്തിന് വിട്ടുകൊണ്ട് ഉത്തരവിടുകയുണ്ടായി. യുവതി ഇസ്ലാം മതത്തിലേക്ക് മതപരി വര്‍ത്തനം നടത്തിയതായും ഇസ്ലാമികവിധിപ്രകാരം വിവാഹം നടത്തിയതായും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്നും വിവാഹം ശരിയായ രീതിയിലല്ല നടന്നതെന്നും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിവാഹം അസ്ഥിരപ്പെടുത്തിയ തായി പ്രഖ്യാപിച്ച കോടതി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. യുവതിക്കും അവരുടെ വീട്ടുകാര്‍ക്കും സംരക്ഷണമെന്ന പേരില്‍ ഒരുക്കിയിരിക്കുന്നത് കടുത്ത വീട്ടുതടങ്കല്‍ തന്നെയാണ്.
സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ് അഖില. അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍പോലും അനുവാദമില്ലായെന്നും പോലീസ് ബന്തവസ്സിന്റെ പശ്ചാത്തലത്തില്‍ ഒരുവ്യക്തിക്ക് ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലായെന്നും അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നം നേരിട്ട് മനസ്സിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായിയുടെ നേതൃത്വത്തില്‍ ഒരു സംഘം അവിടെ പോവുകയും പോലീസിന്റെ സഹകരണ ത്തോടെ തന്നെ യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇപ്രകാരമായിരുന്നു. വീടിനുചുറ്റും ടെന്റുകളിലായി പോലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേക്ക് തിരിയുന്ന വഴിയിലും ഗെയ്റ്റിലും പോലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയോടൊപ്പം അഞ്ച് വനിതാപോലീസുകാര്‍ പൂര്‍ണസമയവും അവരുടെ മുറിയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് അറി യാന്‍ കഴിഞ്ഞത്. യുവതിക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റാരെയും കാണുന്ന തിനോ അനുവാദമില്ലെന്നും അറിയാന്‍ കഴിഞ്ഞു. യുവതിയെ കാണുന്നതിന് ഹൈക്കോടതിയുടെ ഉത്തരവ് വേണമെന്നാണ് പോലീസ് പറഞ്ഞത്. ഈ പ്രശ്‌നത്തില്‍ ലിംഗവിവേചനംകൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും യാതൊരുവിധത്തിലും കോട്ടം വരുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിനും കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷ്യാവകാശലംഘനമാകാതിരിക്കുന്ന തിനും ആവശ്യമായ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

ടി.ഗംഗാധരന്‍ ടി.കെ.മീരാഭായ്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *