നോട്ട് പിന്‍വലിക്കലിനെതിരെ ജനകീയസംവാദയാത്ര
തിരുവനന്തപുരം : ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് പിന്‍വലിക്കലിലെ അശാസ്ത്രീയതയ്‌ക്കെതിരെ ജനകീയ സംവാദയാത്ര സംഘടിപ്പിച്ചു. ബഹു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു ജനുവരി 5ന് രാവിലെ പാലോട് ജംഗ്ഷനില്‍ ജാഥ ഉദ്ഘാടനം ചെയ്തു. “നവംബര്‍ 8ന്റെ ദുരന്തം” സമാനതകളില്ലാത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടിന്റെ നട്ടെല്ലായ സഹകരണസംഘങ്ങളുടെ തകര്‍ച്ചയ്ക്കും സാധാരണ കര്‍ഷകന്റെയും, കച്ചവടക്കാരന്റെയും, ടാപ്പിംഗ് തൊഴിലാളിയുടെയും, മറ്റ് തൊഴിലുകളിലൂടെ അന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്നവന്റെയും തലയില്‍ വീണ ഇടിത്തീയാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം. “ഇന്ത്യയുടെ രണ്ടാം തുഗ്ലക്ക്” ആണ് നരേന്ദ്രമോദി. പ്രക്ഷോഭങ്ങളെ ജനങ്ങളിലെത്തിക്കുവാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
തുടര്‍ന്ന് ജാഥാക്യാപ്റ്റന്‍ ആര്‍.ഗിരീഷ് നോട്ട് പിന്‍വലിക്കലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രൊഫ.അബ്ദുല്‍ അയ്യൂബ്, ഇ.പി.സലീം, സി.കെ.സദാശിവന്‍, ഗംഗാധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.