പുറം കേരളത്തെ ഉള്‍ക്കൊളളുവാന്‍ കേരള ഭരണ സംവിധാനത്തെ വിപുലപ്പെടുത്തണം. – ഡോ.കെ.എന്‍.ഹരിലാല്‍

0

കണ്ണൂര്‍: പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം അകം കേരളം വിപുലപ്പെടുത്തണമെന്ന് കേരള ആസൂത്രണ ബോര്‍ഡ് അംഗമായ ഡോ.കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു. അകം കേരളം പുറം കേരളം എന്ന വിഷയത്തില്‍ പരിഷത്ത് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ എല്ലാ മേഖലയും പുറം കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക നിലനില്‍പില്‍ വലിയ പങ്ക് പുറം കേരളം വഹിക്കുന്നുണ്ട്. എന്നാല്‍ പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നില്ല. ലോകത്ത് പലരാജ്യങ്ങളുലും വിദേശത്ത് ജീവിക്കുന്നവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ഫിന്‍ലാന്‍ഡ്ക, മെക്സിക്കോ തുടങ്ങിയ വികസിത രാജ്യങ്ങളിലൊക്കെ ഇത്തരം പദ്ധതികളുണ്ട്. കേരളത്തില്‍ സമഗ്രമേഖലകളിലും ജനാധിപത്യം വികസിപ്പിക്കാന്‍ ശ്രമിച്ച ജനതയാണ് കേരളീയര്‍. കുടുംബശ്രീ, ജനകീയാസൂത്രണം, വികസനസമിതികള്‍. എന്നാല്‍ പുറം കേരളത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള ജനാധിപത്യസംവിധാനം രൂപപ്പെടുത്താന്‍ നമുക്കായിട്ടില്ല. പ്രവാസി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭയെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. കേരള നിയമസഭാംഗങ്ങളും വിദേശമലയാളി പ്രതിനിധികളും പങ്കെടുക്കുന്ന ലോകമലയാളി പാര്‍ലിെമന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. പുറംകേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത് കേരളത്തിന്റെ യഥാര്‍ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.

പ്രവാസികളും സാംസ്കാരികരംഗത്തെ അടിയൊഴിക്കുകളും എന്ന വിഷയത്തില്‍ ഡോ.ഹുസൈന്‍ രണ്ടത്താണി പ്രബന്ധം അവതരിപ്പിച്ചു. പ്രവാസി പുനഃരധിവാസം പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രവാസി സംഘം ജനറല്‍സെക്രട്ടറി പി.സൈദാലിക്കുഞ്ഞ് പ്രബന്ധം അവതരിപ്പിച്ചു.

പരിഷത്ത് ജില്ലാസെക്രട്ടറി എം.ദിവാകരന്‍ സ്വാഗതം പറഞ്ഞ സെമിനാറില്‍ പ്രസിഡണ്ട് കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.ബാലന്‍, പവനന്‍, പി.വി.ഷെബി, ഇ.എം.പി.അബൂബക്കര്‍, സജീവന്‍ റിയാദ്, വിനയകുമാര്‍ ഒമാന്‍, യൂനസ് വളപ്പില്‍ ദുബായ്, സുബൈര്‍ ബഹറിന്‍ എന്നിവര്‍ പ്രതികരിച്ചുകൊണ്ട് സംസാരിച്ചു. വികസനസബ്കമ്മിറ്റി കണ്‍വീനര്‍ പി.പി.ബാഹു നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *