മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു
29/10/2023
മലപ്പുറം
പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറത്ത് യുദ്ധവിരുദ്ധ ജാഥയും പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.
വംശീയതയും മതാത്മകതയും സാമ്രാജ്യത്വ പിന്തുണയോടെ ഒരു ജനതയെ വംശഹത്യ ചെയ്യുന്ന കാഴ്ചയാണ് ഇസ്രായേൽ – പാലസ്തീൻ സംഘർഷം എന്ന പേരിൽ ഇന്ന് കാണുന്നത്. യഥാർഥത്തിൽ അത് സംഘർഷമല്ല. ഏകപക്ഷീയമായ ആക്രമണമാണ്.
ഈ സാഹചര്യത്തിൽ പാലസ്തീനിൽ നിന്ന് ഇസ്രായേൽ പിന്മാറുകയല്ലാതെ മറ്റൊരു പരിഹാരമില്ല എന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു. വിപുലവും ജനാധിപത്യപരവുമായ ഒരു യുദ്ധവിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം വളർത്തിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് ലോകത്തെ വിമോചിപ്പിക്കാനാവൂ.
ഇന്ത്യയുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി ഇസ്രായേലിനെ പിന്തുണക്കുന്ന ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ നടപടി തിരുത്തണമെന്നും മതത്തെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയത്തെ വിവിധ രൂപത്തിലുള്ള ഏകാധിപത്യ പ്രവണതകളിൽ നിന്നും വിമോചിപ്പിക്കാനുതകുന്ന യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനത്തിന് രൂപം നൽകണമെന്നും ഐക്യദാർഢ്യ സദസ് ആവശ്യപ്പെട്ടു.
കുന്നുമ്മലിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി. വിനോദ്, ശ്രീജ പി , വി.വി. മണികണ്ഠൻ, വി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ജയ് സോമനാഥൻ വി.കെ. യുദ്ധവിരുദ്ധ ഗാനം ആലപിച്ചു.
നഗരത്തിൽ നടത്തിയ യുദ്ധ വിരുദ്ധ ജാഥയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.