വായനയെ വാനോളമുയര്‍ത്താന്‍ ഒരു ഗ്രാമം ഒരുങ്ങുന്നു

പൂവച്ചല്‍ : വായന അക്രമാസക്തി കുറയ്ക്കും. നല്ല വായനക്കാരാണ് നാടിന്റെ ശക്തി. വായന വേദന ശമിപ്പിക്കും. വായിച്ചാല്‍ വളരും – ഇങ്ങനെ വായനയുടെ മഹത്വങ്ങള്‍ ഏറെയാണ്. ഇതാ ഇവിടെ ഒരുഗ്രാമം ഒന്നടങ്കം വായനയിലേക്ക് നീങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗ്രാമമാണ് ഈ ഒരു ലക്ഷ്യത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കൂവേരിയില്‍നിന്നും ആരംഭിച്ച 1976-ലെ ശാസ്ത്രസാംസ്‌കാരിക ജാഥ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഉത്സവാന്തരീക്ഷത്തോടെ സമാപിച്ചത് ഈ ഗ്രാമത്തിലായിരുന്നു.

ഇന്ന് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തങ്ങളുടെ ചുമതലയിലുള്ള ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന രണ്ടായിരം കുട്ടികളുടെ വീടുകളില്‍ ‘ഗ്രന്ഥപ്പുര’കള്‍ തയ്യാറാക്കുന്നു. അഞ്ചുകൊല്ലത്തെ തുടര്‍ പദ്ധതിയായിട്ടാണ് ‘വീട്ടിലൊരു ഗ്രന്ഥപ്പുര’ വിഭാവനം ചെയ്യുന്നത്.

പദ്ധതിയിങ്ങനെ: കുട്ടികള്‍ക്ക് ഒരു പുസ്തകക്കുടുക്കയും പാസ് ബുക്കും നല്‍കുന്നു. ദിവസവും ഒരുരൂപ വീതം കുടുക്കയില്‍ നിക്ഷേപിക്കണം. ഒരു വര്‍ഷം മുന്നൂറ്റി അമ്പത് രൂപ. പദ്ധതി വിഹിതത്തില്‍ നിന്ന് കുട്ടിയൊന്നിന് നൂറ്റി അമ്പത് രൂപ വകയിരുത്തുന്നു. അങ്ങനെ ആകെ അഞ്ഞൂറ് രൂപ. വര്‍ഷാവസാനം നടക്കുന്ന ‘സാംസ്‌കാരികോത്സവത്തില്‍’ നിന്നും ആയിരം രൂപയുടെ പുസ്തകം തെരഞ്ഞെടുക്കാം. അഞ്ചുവര്‍ഷംകൊണ്ട് ഒരു കോടിരൂപയുടെ പുസ്തകം ആ ഗ്രാമത്തില്‍ പ്രചരിക്കും. ജൂലായ് 23-ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പുസ്തകം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ള വീടുകളില്‍ കുട്ടികള്‍ക്ക് അലമാരകള്‍ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളില്‍നിന്നുള്ള പണം കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിക്കുന്നു. ബാങ്ക് കുട്ടികള്‍ക്ക് പുസ്തകക്കുടുക്കയും പാസ്ബുക്കും നല്‍കുന്നു.

വായനയെ മികവുറ്റതാക്കാന്‍ നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ ചിട്ടയായി നടന്നുവരുന്നു. പുസ്തക പാര്‍ലിമെന്റ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഗ്രന്ഥശാലാ സന്ദര്‍ശനം, കുട്ടികളുടെ കവിയരങ്ങ്, കഥയരങ്ങ്, പ്രാദേശിക വായന – എഴുത്തുകൂട്ടം, പുസ്തകപ്രദര്‍ശനം, വായനയും വരയും – തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്നു.

അധ്യാപക-രക്ഷാകര്‍ത്തൃ സംഘങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ ഒക്കെ പദ്ധതിയ്ക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്. പരിഷത്തിന്റെ സജീവ പങ്കാളിത്തവും പദ്ധതിയിലുണ്ട്.

ശുഭപ്രതീക്ഷയുടെ രണ്ടായിരം ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പദ്ധതി മുന്നോട്ടുനീങ്ങുന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ക്ഷേമകാര്യ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ശക്തമായ നേതൃത്വവും മോണിറ്ററിംഗും ‘വീട്ടിലൊരു ഗ്രന്ഥപ്പുര’യെ അനുദിനം മികവുറ്റതാക്കി മാറ്റുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ