സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. 2019 ലെ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് മരിക്കുന്നു. ഓരോ നാലുമിനിറ്റിലും ഒരു സ്ത്രീ എന്ന കണക്കില്‍ ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരികവും മാനസികവുമായ പീഡനത്തിനിരയാവുന്നു. ഗാര്‍ഹിക ഇടങ്ങള്‍ മാത്രമല്ല, തൊഴിലിടങ്ങളും പൊതു ഇടങ്ങളും സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമല്ല. കേരള പൊലീസിന്റെ കണക്കു പ്രകാരം കേരളത്തിൽ 2019 ൽ 2991 ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിൽ 132365 സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ നടക്കുന്ന അതിക്രമങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രമാണ്. സ്ത്രീ പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളായി വിലയിരുത്തുന്നത് ലിംഗ തുല്യതയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണംചെയ്യില്ല. സ്ത്രീ–പുരുഷ തുല്യതയിലടിസ്ഥാനപ്പെടുത്തിയ സാമൂഹികമാറ്റത്തിലൂടെ മാത്രമേ ഈ പ്രശ്‌നത്തെ അതിജീവിക്കാനാവൂ.
മുതലാളിത്തം സമൂഹത്തില്‍ എന്തും കച്ചവടമാക്കുമ്പോള്‍ വിവാഹവും മറിച്ചാവുന്നില്ല.കേവലം പണ്ടങ്ങളുടെയും സ്വത്തിന്റെയും വിനിമയം മാത്രമല്ല, സ്ത്രീജീവിതംതന്നെ വില്പനച്ചരക്കാവുകയാണ് വിവാഹ കമ്പോളത്തിൽ. കമ്പോളാധിഷ്ഠിത സാംസ്‌കാരിക അധിനിവേശം സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക–സാമ്പത്തിക വ്യവസ്ഥിതി മുതലാളിത്തത്തിന്റേതെന്ന പോലെ പുരുഷാധിപത്യത്തിന്റേതു കൂടിയാണ്. മുതലാളിത്തം പുരുഷാധിപത്യ താത്പര്യങ്ങളെയും വിനിമയങ്ങളെയും ജീവിതചര്യയേയും ഉപയോഗപ്പെടുത്തുമ്പോൾ അതിനെ അരക്കിട്ടുറപ്പിക്കുന്ന സദാചാര സങ്കല്പങ്ങള്‍ പൊതുബോധമായി കൂടുതൽ ശക്തിയോടെ ഉയർന്നുവരുന്നു. ദേശീയ തലത്തിൽ മതാത്മക രാഷ്ട്രീയം ഉയർത്തികൊണ്ടുവരുന്ന ബ്രാഹ്മണിക്കൽ മൂല്യങ്ങൾ ഇതിനു ശക്തി പകരുന്നു. അങ്ങിനെ പുരുഷാധിപത്യ മൂല്യങ്ങളെ ചോദ്യംചെയ്യുന്നതും ലംഘിക്കുന്നതും അക്ഷന്തവ്യമായ അപരാധമായി കാണുന്ന തരത്തില്‍ വ്യവസ്ഥിതി രോഗാതുരമായിരിക്കുന്നു. കേരളത്തിലും ഗാർഹീകതയും പൊതുഇടവും ഒരുപോലെ ഈ മൂല്യങ്ങളുടെ പ്രവർത്തന ഇടങ്ങളായി മാറുന്നതിന്റെ ലക്ഷണങ്ങളാണ് കണക്കുകൾ പറയുന്നത്.
ക്രമസമാധാനം നടപ്പാക്കേണ്ട പോലീസ് സ്റ്റേഷനുകള്‍ ധാര്‍ഷ്ഠ്യത്തിന്റെയും മര്‍ദക പുരുഷമേധാവിത്തത്തിന്റെയും അ ന്തരീക്ഷത്തില്‍നിന്ന് വിമുക്തമായിട്ടില്ലാത്തതുകൊണ്ട് സ്ത്രീക്ക് നിര്‍ഭയമായി കയറിച്ചെല്ലാവുന്ന ഇടങ്ങളായിട്ടില്ല. രാഷ്ട്രീയ ഇടപെടലിന്റെയും പോരാട്ടങ്ങളുടെയും ഫലമായുണ്ടായ നിയമങ്ങളും ആനുകൂല്യങ്ങളും പോലും നടപ്പാക്കപ്പെടുന്നത് പുരുഷാധിപത്യമൂല്യങ്ങള്‍ക്ക് കോട്ടം തട്ടാതെയാണ്. അതിന്റെ ഫലമായി ലിംഗഭേദമില്ലാത്ത സമത്വം വിഭാവനംചെയ്യുന്ന ഭരണഘടനയും തുടര്‍ന്നുണ്ടായ സംരക്ഷണനിയമങ്ങളും സദാചാരസംരക്ഷണ ധാരണകള്‍ക്കകത്തുനിന്നു മാത്രം പ്രയോഗിക്കപ്പെടുന്നു.
സ്ത്രീയുടെ സ്വസ്ഥമായ ജീവിതത്തിനും വിദ്യാഭ്യാസ–ആരോഗ്യ സ്വയം നിര്‍ണയാവകാശത്തിനും ഈ സാമൂഹിക സാഹചര്യങ്ങൾ തടസ്സമാണ്. അങ്ങനെയായിരിക്കുമ്പോൾ തന്നെ പുരുഷാധിപത്യാശയങ്ങളുടെ വാഹകരും പ്രയോക്താക്കളുമായി ഇത് സ്ത്രീകളെത്തന്നെ മാറ്റുകയും ചെയ്യുന്നു. തീര്‍ത്തും സങ്കീര്‍ണമായ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേവലം സര്‍ക്കാര്‍ സംവിധാനങ്ങളും നിയമങ്ങളും മാത്രം പോരാ.സ്ത്രീയോടുള്ള സമൂഹത്തിന്റെ മനോഭാവവും സദാചാരസങ്കല്പങ്ങളും മാറണം.സ്ത്രീ–പുരുഷ തുല്യത കുടുംബങ്ങളില്‍ പിറവിയെടുക്കണം. സ്ത്രീവിരുദ്ധത തിരിച്ചറിയാനും പ്രതിരോധിക്കാനും പൊതുസമൂഹത്തെയും പുതുതലമുറയെയും പ്രാപ്തമാക്കണം. പാഠപുസ്തകങ്ങള്‍ ജന്റര്‍ ഓഡിറ്റിംഗിന് വിധേയമാക്കണം.കേരളം നിയമസാക്ഷരസമൂഹമായും കേരളസ്ത്രീകള്‍ അവകാശ ബോധമുള്ളവരായുംമാറണം.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തികമായി ശാക്തീ കരിക്കുന്നതിനും പെണ്‍കുട്ടികളെ സ്വയംനിര്‍ണയാവകാശമുള്ളവരാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിയമ–നീതിന്യായ സംവിധാനങ്ങള്‍ക്ക് ലിംഗാവബോധ പരിശീലനം നല്‍കുന്നതിനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണം. വിവാഹങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള സമ്പത്തിൻ്റെ കൈമാറ്റങ്ങളും നിരോധിക്കേണ്ടതും കുറ്റകരമാക്കേണ്ടതുമാണ്.
പ്രാദേശികമായി അവബോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമത്തിനിരയായവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും നേതൃത്വം നല്‍കാനാവുന്ന തരത്തില്‍ ജാഗ്രതാസമിതികളെ ശക്തിപ്പെടുത്താന്‍ പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാവണം. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തെ സ്ത്രീകൾക്ക് നിർഭയമായും സ്വയം നിർണ്ണയാവകാശമുള്ള ഒരു സമൂഹമായും ജീവിക്കാൻ കഴിയുന്ന പ്രദേശമായി മാറ്റാനുള്ള കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങള്‍ തയ്യാറാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു.