പുതിയകേരളം : ജനപങ്കാളിത്തത്തോടെ ജനകീയ കണ്‍വെന്‍ഷന്‍ ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്കൂളില്‍

0

കേരളത്തിന്റെ വികസനത്തില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഒട്ടേറെ ഇടപെടല്‍ നടത്തിയ സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സാമൂഹ്യനീതിയിലും പാരിസ്ഥിതിക സുസ്ഥിരതയിലും ഊന്നിയതും ഉല്‍പ്പാദനാധിഷ്ഠിതവുമായ രീതിയില്‍ സമ്പത്തുല്‍പ്പാദനം വര്‍ധിപ്പിക്കുക, അതിന് വേണ്ട അന്തരീക്ഷമൊരുക്കുക, എന്ന നിലപാടാണ് പരിഷത്തിനുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, അധികാരവികേന്ദ്രീകരണം തുടങ്ങി വ്യത്യസ്ത രംഗങ്ങളിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈയൊരു നിലപാടിലേക്ക് പരിഷത്ത് എത്തിച്ചേര്‍ന്നത്. ഈ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അതോടൊപ്പം നിലകൊണ്ടിട്ടുമുണ്ട്. ഇതില്‍ എടുത്തുപറയാവുന്നയായിരുന്നു സാക്ഷരതയും ജനകീയാസൂത്രണവും.
കേരളത്തില്‍ 2016 മെയ് മാസത്തിലുണ്ടായ ഭരണമാറ്റത്തെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. കേരളത്തിന്റെ നിലവിലുള്ള സാധ്യതകളെ കണക്കിലെടുത്തും രാജ്യത്തിന്റെ ഫെഡറല്‍ഘടനയ്‌ക്കകത്തുനിന്നുകൊണ്ടും ഒരു സംസ്ഥാന സര്‍ക്കാരിന് ജനാനുകൂലമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയ പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ ആസൂത്രണകമ്മീഷനെ ഇല്ലാതാക്കിയപ്പോള്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയാണ് ചെയ്തത്. ഈകാര്യം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വികസനസമീപനത്തിലെ വ്യത്യാസം പ്രകടമാക്കുന്നു. എന്നാല്‍ പതിമൂന്നാം പദ്ധതിയില്‍ കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച സമീപനരേഖ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേ സമയം, ‘’നവകേരള നിര്‍മാണത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി’’ ആറ് രംഗങ്ങളില്‍ നാല് മിഷന്‍ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, പാര്‍പ്പിടം എന്നീ രംഗങ്ങളിലാണ് അവ. അതോടുകൂടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറികൊടുത്തിട്ടുള്ള നാല്‍പ്പതില്‍പ്പരം വികസന അധികാരങ്ങള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ്. മിഷന്‍ സംവിധാനത്തിന് സമയബന്ധിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന – ജില്ലാ ഔദ്യോഗിക സംവിധാനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുണ്ടാകും. അതുകൊണ്ടുതന്നെ എല്ലാ രംഗങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വവും സ്വാഭാവികമാണ്.
കേരളത്തിലെ തദ്ദേശഭരണ സംവിധാനത്തിന്റെ അടിത്തറ ഏറെക്കുറെ ഭദ്രമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജനപങ്കാളിത്തത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുകയും നിര്‍വഹിക്കുകയും ചെയ്താണ് അത് ശക്തിപ്പെട്ടത്. വികേന്ദ്രീകൃതാസൂത്രണത്തിലൂടെ കേരളത്തിന്റെ വികസനത്തില്‍ നിലവിലുള്ള പല പ്രാദേശിക പിന്നോക്കാവസ്ഥകളെയും അഭിമുഖീകരിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിഞ്ഞിരുന്നു. പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും വികസന പരിപാടികള്‍ രൂപപ്പെടുത്താന്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് പ്രാദേശിക വൈദഗ്ധ്യം എത്തിക്കുകയും ചെയ്താണ് ഈ പ്രക്രിയ മുന്നോട്ടുകൊണ്ടു പോകേണ്ടത്. സംസ്ഥാന മിഷനുകള്‍ വിഭാവനം ചെയ്യുന്നത്, തദ്ദേശസ്ഥാപനങ്ങള്‍ വഴി രൂപപ്പെടുകയും നിര്‍വഹിക്കുകയും ചെയ്യുന്ന പദ്ധതികളല്ല. മറിച്ച്, ‘’സംസ്ഥാന ജില്ലാതലങ്ങളില്‍ നടക്കുന്ന മിഷനുകളുടെ ചിട്ടയായ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വികസന പ്രവര്‍ത്തന രീതികള്‍ മെച്ചപ്പെടുന്നതിനും വഴിയൊരുക്കും’’ എന്ന നിലയ്ക്കാണ്. അത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക മാത്രം ചെയ്യുന്ന നിര്‍വഹണ ഏജന്‍സികളായി പഞ്ചായത്തുകളെ മാറ്റിയേക്കുമോ എന്നും പദ്ധതി രൂപീകരണ, നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വഴി കരുത്താര്‍ജിച്ചുവന്ന കേരളത്തിലെ പഞ്ചായത്ത് തല ആസൂത്രണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയേക്കുമോ എന്നും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ പഞ്ചായത്തുകളും മറ്റും തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് അവയുടെ പരിധിയിലല്ലാത്ത ശാസ്ത്രസാങ്കേതിക വൈദഗ്ധ്യം വേണമെന്നുണ്ടെങ്കില്‍ അവ എത്തിച്ച് സഹായിക്കാനുള്ള സംവിധാനമാണ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉണ്ടാകേണ്ടത്. അതുതന്നെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതിന്നനുസരിച്ച് ആവുകയും വേണം. ചുരുക്കത്തില്‍ മിഷന്‍ പ്രവര്‍ത്തനം പഞ്ചായത്തുകള്‍ക്ക് ശക്തിപകരുന്ന രീതിയിലാവണം.
ഈ ലക്ഷ്യത്തില്‍നിന്നുകൊണ്ടാണ് പുതിയകേരളം : ജനപങ്കാളിത്തത്തോടെ എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യുന്നതിനായി 2017 ജനുവരി 15 തൃശ്ശൂരില്‍ വച്ച് വിപുലമായ ജനകീയ കണ്‍വെന്‍‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *