പരിഷത്ത് സാമ്പത്തികം: പരിശീലനങ്ങൾ ആരംഭിച്ചു

1

ഈ വർഷത്തെ സാമ്പത്തിക കൈകാര്യ കർതൃത്വവുമായി ബന്ധപ്പെട്ട ഭാരവാഹികൾക്കുള്ള വിവിധ പരിശീലന പരിപാടികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മേഖലാ ട്രഷറർമാർക്കുള്ള ദ്വിദിന പ്രായോഗിക പരിശീലനങ്ങളാണു നടക്കുന്നത്. 3 ഘട്ടങ്ങളായി നടത്താൻ തീരുമാനിച്ച ഇതിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായി.
മധ്യമേഖലകൾക്കുള്ള പരിശീലന പരിപാടി ജൂൺ 17,18 തീയ്യതികളിൽ തൃശൂർ പരിസര കേന്ദ്രത്തിൽ നടന്നു. പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള 25 മേഖലാ ട്രഷറർമാർ സംബന്ധിച്ചു. പരിഷത്തും സാമ്പത്തികവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അംഗങ്ങളൂടെ വിശദമായ പരിചയപ്പെടല്‍ നടന്നു. ഉച്ചക്ക് ശേഷം കണക്കെഴുത്തിന്റെ പരിശീലനത്തിനു അഡ്വ.രവിപ്രകാശ്, ഐ.ആർ.ടി.സി. രജിസ്ട്രാര്‍ പി.കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി. മേഖലയിൽ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, ബഡ്ജറ്റ്, ട്രഷററുടെ ഉത്തരവാദിത്വങ്ങൾ, മേഖലകളും വിവിധ ഘടകങ്ങളും തമ്മിലുള്ള സാമ്പത്തിക വിനിമയത്തിന്റെ ശാസ്‌ത്രീയമായ രേഖപ്പെടുത്തലുകൾ എന്നിവ ഈ സെഷനിൽ പരിചയപ്പെട്ടു. രാത്രി പരിഷത്തും വിവരസാങ്കേതിക വിദ്യയും എന്ന സെഷൻ മുൻ ജനറൽ സെക്രട്ടറി പി. മുരളീധരൻ അവതരിപ്പിച്ചു. ഐ.ടി. മേഖലയിലെ പ്രവർത്തന സാധ്യതകളൂം നമ്മുടെ വെബ് സൈറ്റുകളും അദ്ദേഹം പരിചയപ്പെടുത്തി. തുടർന്ന് പ്രദർശനാനുമതി നിഷേധിച്ച ഡോക്യുമെന്ററികളൂടെ പ്രദർശനവും നടന്നു.
രണ്ടാം ദിവസം രാവിലെ ശാസ്‌ത്രവും ശാസ്‌ത്രബോധവും എന്ന വിഷയം നമ്മുടെ പുതിയ പ്രവർത്തന മാർഗ്ഗരേഖയുടെ പശ്ചാത്തലത്തിൽ എ.പി. മുരളീധരൻ അവതരിപ്പിച്ചു. വർക്ക് ഷീറ്റുകളും ഗ്രൂപ്പു ചർച്ചകളുമായാണീ സെഷൻ മുന്നേറിയത്. ബദൽ ഉത്പന്ന പ്രചാരണത്തിന്റെ സാമ്പത്തിക സാധ്യതകൾ, ശാസ്‌ത്രം,രാഷ്ട്രീയം എന്നിവ പി.പി.സി എക്സിക്യൂട്ടിവ് ഡയറക്റ്റർ വി.ജി. ഗോപിനാഥ് അവതരിപ്പിച്ചു. ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ തുടർപരിശീലനങ്ങൾ തുടങ്ങിയവ സംസ്ഥാന ട്രഷറർ പി.രമേഷ് കുമാർ പങ്കുവെച്ചു. അവരവരുടെ മേഖലയിലെ സാമ്പത്തികാസൂത്രണത്തിനും കണക്കുകളുടെ രേഖപ്പെടുത്തലിനും നേതൃത്വം നൽകാനുള്ള ആത്മവിശ്വാസവുമായി രണ്ടാം ദിവസം ഉച്ചയോടെ പരിശീലന പരിപാടി സമാപിച്ചു.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള 5 തെക്കൻ ജില്ലകൾക്കുള്ള പരിശീലനം ജൂൺ 24 നു കൊട്ടാരക്കര ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്നു. 46 മേഖലകളിൽ നിന്നു പങ്കാളിത്തമുണ്ടാകേണ്ടതിനു പകരം 16 മേഖലകളൂടെ പങ്കാളിത്തമേ ഉണ്ടായുള്ളൂ. കൊല്ലംജില്ലാ, കൊട്ടാരക്കര മേഖലാ ഭാരവാഹികളൂടെ നിസ്സീമമായ സഹകരണവും പങ്കാളിത്തവും ക്യാമ്പിലുണ്ടായി. ദീർഘകാലത്തെ തന്റെ പരിഷദ്പ്രവർത്തനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമ്പത്തിക ചിട്ടയുടെ പ്രാധാന്യത്തിനു ഊന്നൽ നൽകിക്കൊണ്ട് മുൻ സംസ്ഥാന ട്രഷറർ കൂടിയായ ആർ. രാധാകൃഷ്ണൻ(അണ്ണൻ) ഉദ്ഘാടനം നിർവഹിച്ചു. ഉള്ളൂതുറന്ന ചർച്ചക്കും പരിചയപ്പെടലിനും ശേഷം കണക്കെഴുത്ത് പരിശീലനത്തിനു സംസ്ഥാന ഓഡിറ്റർ ബി.പ്രഭാകരൻ, തിരുവനന്തപുരം ജില്ലാ ട്രഷറർ ജിനുകുമാർ എന്നിവർ നേതൃത്വം നൽകി. ദൈനംദിന കണക്കെഴുത്തിനൊപ്പം വിവിധ സാമ്പത്തിക റിപ്പോര്‍ട്ട്ടുകൾ തയ്യാറാക്കുന്നതിനുമുള്ള പ്രായോഗിക പ്രവർത്തനങ്ങളാണു നടന്നത്. തുടർന്ന് ആസന്നഭാവിയിലെ സാമ്പത്തിക പ്രവർത്തനങ്ങളും കുടിശ്ശികാ നിവാരണ സാധ്യതകളും സംസ്ഥാന ട്രഷറർ പി.രമേഷ് കുമാർ അവതരിപ്പിച്ചു. രാത്രി വിവരസാങ്കേതിക വിദ്യയും പരിഷത്തും എന്ന വിഷയം എൻ.സാനു ആലപ്പുഴ അവതരിപ്പിച്ചു. 10 മണിയോടെ പരിശീലന പരിപാടികൾ സമാപിച്ചു.
അവസാന ഘട്ട പരിശീലനം ജൂലൈ 1,2 തീയ്യതികളിൽ കോഴിക്കോട് പരിഷദ്ഭവനിൽ നടക്കും. കാസർഗോഡു മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിലെ മേഖലാ ട്രഷറർമാരും മുൻ പരിശീലനങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവരും ഇതിൽ പങ്കെടുക്കണം. ഇതിന്റെ തുടർച്ചയായി ജില്ലാ ട്രഷറർമാർക്കും താത്പര്യമുള്ള മേഖലാ ട്രഷറർ മാർക്കുമായി ജൂലൈ 8,9 തീയ്യതികളിൽ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ വെച്ച് ടാലി സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്നു. ഓഡിറ്റർമാർ, ഓഫീസ് സെക്രട്ടറിമാർ എന്നിവർക്കുള്ള പരിശീലനങ്ങളും ഇതിന്റെ തുടർച്ചയായി നടക്കും.

1 thought on “പരിഷത്ത് സാമ്പത്തികം: പരിശീലനങ്ങൾ ആരംഭിച്ചു

  1. എന്താണ് ടാലി സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുക്കാന്‍ കാരണം?

Leave a Reply

Your email address will not be published. Required fields are marked *