ആരാണ് ഇന്ത്യക്കാർ : ശാസ്ത്രപ്രഭാഷണം

0
02/10/23 തൃശ്ശൂർ
കോലഴി : ഇന്നത്തെ ഇന്ത്യക്കാർ എല്ലാവരും ആഫ്രിക്കയിൽ നിന്നും ഇറാനിൽ നിന്നും കുടിയേറിയവരുടെ പിന്മുറക്കാരാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗം സി.ബാലചന്ദ്രൻ പറഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി യൂണിറ്റും, കോലഴി ഗ്രാമീണ വായനശാലയും ചേർന്ന് ഗാന്ധിജയന്തിദിനത്തിൽ വായനശാലയിൽ നടത്തിയ പരിപാടിയിൽ ശാസ്ത്രപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ജനിച്ചു വളർന്നവരെന്നും ഇതര ഭൂഖണ്ഡങ്ങളിൽ നിന്ന് കുടിയേറിയവരെന്നും ഇന്ത്യൻ ജനതയെ വിഭജിക്കുന്നത് അശാസ്ത്രീയവും ചരിത്രവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവകാശം ഏതെങ്കിലുമൊരു വിഭാഗത്തിന്റേത് മാത്രമല്ല; ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടേയുമാണ്. ഇത്തരം ചരിത്രവസ്തുതകൾ അപനിർമ്മിക്കപ്പെടുകയാണെന്നും അതിനെതിരെ നാം ജാഗരൂകരാകണമെന്നും ബാലചന്ദ്രൻ പറഞ്ഞു. ഹോമോസാപ്പിയൻസ് എന്ന ആധുനികമനുഷ്യന്റെ ആവിർഭാവത്തിലേക്കുള്ള പൈതൃകച്ചരട് ജനിതകപഠനങ്ങളുടെയും ശാസ്ത്രീയതെളിവുകളുടെയും പിൻബലത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
പരിഷത്ത് മുൻ കേന്ദ്ര നിർവാഹകസമിതി അംഗം ടി.സത്യനാരായണൻ ആമുഖഭാഷണം നടത്തി. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും വിഭാവനം ചെയ്ത ഇന്ത്യയിലല്ല നിർഭാഗ്യവശാൽ നാം ഇന്ന് ജീവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിച്ചും വിഘടിപ്പിച്ചും തമ്മിലടിപ്പിച്ചും നീങ്ങുന്ന ഇന്ത്യയിലാണിന്ന് നാം ജീവിക്കുന്നത്. സെക്കുലറിസവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയിൽ നിന്ന് എടുത്തുമാറ്റാനുള്ള ശ്രമം നടക്കുന്നു. വൈവിധ്യത്തിന്റെ സൗന്ദര്യത്തിൽ നിന്ന് ഏകശിലാത്മകതയുടെ വൈരൂപ്യത്തിലേക്ക് ഇന്ത്യയെ നയിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് സത്യനാരായണൻ പറഞ്ഞു.
പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ.ആർ.ജനാർദ്ദനൻ, പരിഷത്ത് പാമ്പൂർ യൂണിറ്റ് സെക്രട്ടറി ഡോ.വി.ജി.ഗോപാലകൃഷ്ണൻ, സി.ടി.അജിത്കുമാർ , വി.വേണുഗോപാൽ, അനിൽകുമാർ, വിയ്യൂർ സെൻട്രൽ ജയിൽ വെൽഫെയർ ഓഫീസർ ബേസിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ, പരിഷത്ത് മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ, യൂണിറ്റ് പ്രസിഡണ്ട് പി.വി.റോസിലി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.കെ. സൂരജ് തുടങ്ങിയവരുൾപ്പടെ അറുപതോളം പേർ പങ്കെടുത്ത ചടങ്ങിൽ, വായനാശല പ്രസിഡണ്ട് സി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി കെ.എച്ച്. രാധാകൃഷ്ണൻ സ്വാഗതവും പരിഷത്ത് കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *