അന്ധവിശ്വാസ ചൂഷണത്തിനെതിരെ ശാസ്ത്രാവബോധകാമ്പയിന് തുടക്കം
sasthravabhodhacampaign 28-11-2022
തൃശ്ശൂർ : അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ശാസ്ത്രാവബോധകാമ്പയിന്റെ ഉദ്ഘാടനം ,കെ.ഡി. പ്രസേനൻ എം.എൽ എ .നിർവഹിച്ചു. (അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമ്മാണം ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിച്ച എം.എൽ.എ ആണ് പ്രസേനൻ.)
വിശ്വാസികളായ സാധാരണക്കാരെ കൂടെ നിർത്തി വേണം അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള പ്രചാരണവും പോരാട്ടവും നടത്തേണ്ടതെന്ന് എം.എൽ എ. പറഞ്ഞു. മതവിശ്വാസങ്ങളെ വേരോടെ പിഴുതെറിയണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോയാൽ നമുക്കതിന് കഴിഞ്ഞെന്ന് വരില്ല. മതവിശ്വാസികൾ ശാസ്ത്രപ്രചാരകരെ സംശയത്തോടെ നോക്കിക്കാണും. അന്ധവിശ്വാസത്തിനെതിരെയുള്ളത് വിശ്വാസത്തിനെതിരെയുള്ളതും മതതീവ്രവാദത്തിനെതിരെയുള്ളത് മതത്തിനെതിരെയുള്ളതുമായി അവർ കണക്കാക്കും.
വിശ്വാസിസമൂഹത്തെ വിശ്വാസത്തിലെടുത്താണ് നാരായണ ഗുരു പ്രവർത്തിച്ചത്. വിശ്വാസികൾക്കായി ശിവപ്രതിഷ്ഠ നടത്തിയാണ് അദ്ദേഹം അവരിലേക്കിറങ്ങിയത്. പിന്നീടദ്ദേഹം കണ്ണാടി പ്രതിഷ്ഠിച്ച് കൊണ്ട് അവരോട് പറഞ്ഞത് , നിങ്ങൾ തേടുന്ന ദൈവം നിങ്ങളിൽ തന്നെയാണ് എന്നാണ്. അറിവുള്ളവന്റെ കയ്യിലാണ് ഇന്ന് അന്ധവിശ്വാസം എന്നത് ഏറെ ആശങ്കാജനകമാണ്. പാവപ്പെട്ടവരെ ചൂഷണം ചെയ്യാൻ അറിവുള്ളവർ അന്ധവിശ്വാസത്തെ ആയുധമാക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാപ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.എസ്. സുധീർ മുഖ്യപ്രഭാഷണം നടത്തി. കേരള യുക്തിവാദി സംഘം ജില്ലാപ്രസിഡണ്ട് കെ.ഡി.ഉഷ, ടി.എസ്. നിർമ്മൽ കുമാർ , എം.ആർ. സന്തോഷ് കുമാർ , സി.വിമല, എം. ഹരീഷ്, റഷീദ് കാറളം, ടി. പ്രേമരാജൻ എന്നിവർ സംസാരിച്ചു.