പാലക്കാട് നിന്നുള്ള നിവേദിത സംസ്ഥാന യുറീക്ക ബാലോത്സവ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ഒരുപാട് മധുരമുള്ള ഓർമ്മകളായിരുന്നു ഇത്തവണത്തെ ബാലവേദി ക്യാമ്പ് സമ്മാനിച്ചത്.
സന്ധ്യയ്ക്ക് അഞ്ചുമണിയോടുകൂടി വീട്ടിൽനിന്ന് പുറപ്പെട്ടു . പാലക്കാട് നിന്ന് നേരെ ഞങ്ങൾ കണ്ണൂരിലേക്ക് പോകുന്ന ട്രാവലറിലേക്ക് കയറി. ട്രാവലറിൽ കയറിയ ഉടനെ മിണ്ടാതിരുന്നെങ്കിലും പിന്നെ എല്ലാവരും ആയി സംസാരിക്കാൻ തുടങ്ങി പുതിയ കുറെ കൂട്ടുകാരെ കിട്ടിയതിൽ ഏറെ സന്തോഷം തോന്നി. മണിക്കൂറോളം ഉള്ള കണ്ണൂർ യാത്ര മടുപ്പിച്ചില്ല. ആടിയും പാടിയും മണിക്കൂറുകൾ തള്ളി നീക്കി. കലപില വർത്തമാനങ്ങൾക്കിടയിൽ ഉറക്കം എവിടെയോ പോയി ഒളിച്ചു . മണിക്കൂറുകളോളം നീണ്ട യാത്രക്കൊടുവിൽ ഒരു വീടിന്റെ മുന്നിൽ ട്രാവലർ നിർത്തി. അവിടെയായിരുന്നു താമസം എന്ന് അപ്പോഴാണ് മനസ്സിലായത് .അപ്പോഴാണ് കണ്ണൂർക്കാരുടെ സ്നേഹത്തിന്റെ ആഴം മനസ്സിലായത്. ഞങ്ങൾ എത്തിയത് പുലർച്ചയ്ക്കായിരുന്നു അത്രയും നേരം അവർ ഉറങ്ങാതിരുന്നതാണോ അതോ അത്രയും നേരത്തെ എഴുന്നേറ്റതാണോ എന്ന് അറിയില്ല , എന്നാലും അവർ ഞങ്ങൾക്കായി കാത്തിരുന്നിരുന്നു.
ഞങ്ങൾ 12 കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു. എന്നിട്ട് ഓരോ വീടുകളിൽ പാർത്തു. അന്ന് ഉറങ്ങാൻ ഒന്നും മെനക്കെട്ടില്ല. വേഗം കുളിച്ചൊരുങ്ങി. എന്നിട്ടും സമയം ബാക്കി . അപ്പോഴേക്കും അവിടുത്തെ ആന്റി ഞങ്ങൾക്ക് വടയും കാപ്പിയും തന്നു .അതിനുശേഷം ഞങ്ങൾ നേരെ സ്കൂളിലേക്ക് പുറപ്പെട്ടു.വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ഉദ്ഘാടനം . ഓരോരുത്തരുടെയും കയ്യിൽ ഹൈഡ്രജൻ ബലൂൺ തന്ന് അത് ആകാശത്തേക്ക് പറത്തി, വിട്ടായിരുന്നു ഉദ്ഘാടനം . ഞങ്ങൾ ഓരോരുത്തരും ഉദ്ഘാടകരായെന്നു തോന്നി.ഉദ്ഘാടനം സയൻസ് സ്ലാം വിജയികളായ സ്നേഹ ചേച്ചിയും യദു ഏട്ടനും ആയിരുന്നു .ഉദ്ഘാടനം കഴിഞ്ഞപ്പോൾ തന്നെ ഏകദേശം 12:30 ആയിരുന്നു . അവിടെ എത്തിച്ചേർന്ന എല്ലാ കുട്ടികളെയും നാലു ഗ്രൂപ്പുകൾ ആയി തിരിച്ചു.
അതിനുശേഷം സ്വയം പരിചയപ്പെടുത്തലായിരുന്നു. വിവിധ തരത്തിലുള്ള കളികളിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. വളരെ രസകരമായിരുന്നു .ഉച്ചഭക്ഷണത്തിനുശേഷം ജീവപരിണാമത്തെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു . ക്ലാസ് വളരെ രസകരമായി തോന്നി . ജീവ പരിണാമത്തെക്കുറിച്ച് ഉള്ള സംശയങ്ങളൊക്കെ തീർന്നു. കോഴിയോ മുട്ടയോ ആദ്യം ? ഈ ചോദ്യത്തിലൂടെയാണ് ക്ലാസ് തുടങ്ങിയത്.
അടുത്തതായി പ്രധാനമായും ഉണ്ടായത് യുറീക്കയിൽ നിന്നുള്ള ഒരു വിഭവം എടുത്തുകൊണ്ട് ആ വിഭവത്തിൽ നിന്ന് ഒരു നാടകമോ കഥാപ്രസംഗമോ പാട്ട് അങ്ങനെയുള്ള എന്തെങ്കിലും ഒരു പുതിയ രസകരമായ വസ്തു സൃഷ്ടിക്കാൻ ആയിരുന്നു. പിന്നെയാണ് കളികൾ ആരംഭിച്ചത്. നാലുമണി മുതൽ ആരംഭിച്ച കളികൾ ഏറെ നേരം നീണ്ടുനിന്നു . ഏറെ രസകരമായിരുന്നു കളികൾ വ്യത്യസ്ത ഗ്രൂപ്പുകൾ ആയി തിരിഞ്ഞായിരുന്നു കളിച്ചത്. അതിനുശേഷം കുട്ടികൾ നിർമ്മിച്ച വീഡിയോകൾ പ്രദർശിപ്പിച്ചു. അവ കുട്ടികളുടെ കാഴ്ചപ്പാട് വ്യക്തമാക്കി. കുറച്ചുനേരത്തിനുശേഷം വ്യത്യസ്തമായ ഒരു കലാരൂപം ഉണ്ടായിരുന്നു പൂരക്കളി എന്നായിരുന്നു അതിന്റെ പേര് . വളരെ രസകരമായിരുന്നു അത്. റീൽസുകൾ കണ്ട ശേഷം പൂരക്കളി എന്ന വ്യത്യസ്തമായ കലാരൂപം ആ സ്കൂളിലെ കുട്ടികൾ തന്നെ അവതരിപ്പിച്ചു. പൂരക്കളി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അത് വ്യത്യസ്തമായി തോന്നി. പൂരക്കളിക്ക് ശേഷമായിരുന്നു വാനനിരീക്ഷണം ഞാൻ ആദ്യമായിട്ടാണ് ടെലിസ്കോപ്പ് ഉപയോഗിച്ച് ആകാശം നിരീക്ഷിക്കുന്നത്. ആകാശത്തിലെ നക്ഷത്ര ങ്ങളെ പറ്റി ഒരുപാട് വിവരങ്ങൾ കിട്ടി. ഭക്ഷണത്തിനുശേഷം വീണ്ടും അതത് വീട്ടിലേക്ക് . അവർ ഞങ്ങൾക്കായി ഒരുപാട് സൗകര്യങ്ങൾ ചെയ്തു തന്നു . ഞങ്ങൾ താമസിച്ചിരുന്ന വീട്ടുകാർ ഞങ്ങൾക്കായി AC ഓൺ ചെയ്തു തന്നു . സംഭവബഹുലമായ ഒരു ദിവസത്തിനുശേഷം വാടിയ തളിരില പോലെ വേഗം ഉറങ്ങിപ്പോയി . അടുത്തദിവസം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ കഴിച്ച് താഴത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങൾക്കായി ആ ആന്റി ഭക്ഷണം ഒരുക്കി വെച്ചിരുന്നു . ഭക്ഷണം കഴിച്ച ശേഷം നേരെ സ്കൂളിലേക്ക് പോയി.
പിന്നെ കാവ് സന്ദർശനം. ഒരിക്കലും മായാതെ എന്റെ മനസ്സിൽ തടഞ്ഞ ഒരു അനുഭവം ആയിരുന്നു കാവ് സന്ദർശനം എത്ര മനോഹരമാണ് കാവ്! ധാരാളം പക്ഷികളും മൃഗങ്ങളും അടങ്ങിയിരിക്കുന്ന കാവ്. വള്ളിപ്പടർപ്പുകളും വൃക്ഷക്കൊമ്പുകളും മാല ചാർത്തിയ കാവ്. ചപ്പിലകൾ കൊട്ടാരം കിട്ടിയ കാവ് … ഭൂലോക മലയാളത്തിലുള്ള വാക്കുകൾ മൊത്തം ഉപയോഗിച്ചാലും വിവരിക്കാൻ കഴിയാത്തത്ര നിഗൂഢ സൗന്ദര്യം ഒളിഞ്ഞിരിക്കുന്ന കാവ്.
പിന്നെ ഉണ്ടായത് പ്രപഞ്ച പരിണാമത്തെ കുറിച്ചുള്ള പ്രൊഫസർ കെ. പാപ്പുട്ടിമാഷുടെ ക്ലാസ് ആയിരുന്നു . പ്രപഞ്ചത്തിന്റെ നിഗൂഢതയുടെ ആഴത്തെക്കുറിച്ച് അപ്പോഴാണ് മനസ്സിലായത് . ഉച്ചഭക്ഷണത്തിനുശേഷം പ്രദർശിപ്പിക്കാൻ ബാക്കിയുണ്ടായിരുന്ന വീഡിയോകൾ കൂടി കാണിച്ചു. വീണ്ടും ഒരു ക്യാമ്പ് കാത്തിരുന്നു കൊണ്ട് ആ ക്യാമ്പിന് വിട ചൊല്ലി. കണ്ണൂരിന്റെ കനവുകൾക്ക് കണ്ണീരോടെ വിട നൽകിയവരും ഉണ്ടായിരുന്നു. പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് വന്ന ഞങ്ങൾ തിരിച്ചു പുറപ്പെട്ടു കണ്ണൂർ വരെ വന്നതാണെന്ന് കരുതി പയ്യാമ്പലം ബീച്ചിലും കയറി. അപ്പോഴാണ് കടലുപ്പിന്റെ മധുരത്തെക്കുറിച്ച് മനസ്സിലായത് . കടൽ സന്ദർശനത്തിന് ശേഷം വീണ്ടും ട്രാവലറിൽ കയറി യാത്ര . ക്യാമ്പ് പകർന്നു തന്ന സാംസ്കാരിക കൂട്ടായ്മയും ശാസ്ത്രബോധവും കൂട്ടുകെട്ടുകളും മറക്കാതെ, മറക്കാനാവാതെ….. ഇനി വരും വേനലിൽ വീണ്ടും പൂക്കാമെന്ന് വിടചൊല്ലി പിരിയുന്ന കണിക്കൊന്ന പോലെ ഞങ്ങളും ഇനി വരുന്ന ക്യാമ്പിന് ഒത്തുകൂടാമെന്ന് പറഞ്ഞുകൊണ്ട് പിരിഞ്ഞു……. മനസ്സിന്റെ മായാത്ത ഓർമപ്പുസ്തകം തുറന്നുകൊണ്ട് …….
നിവേദിത എം.ജി.
7-ാം തരം വിദ്യാർത്ഥി.
സെക്രട്ടറി
ബാലവേദി – തൃത്താല മേഖല.
പാലക്കാട് ജില്ല.