ശാസ്ത്രഗതി എന്തിന് വായിക്കണം?
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുഖമാസികയാണ് ശാസ്ത്രഗതി. 1966 ൽ ത്രൈമാസികയായി പ്രസിദ്ധീകരിച്ചു തുടങ്ങിയ ശാസ്ത്രഗതി ശാസ്ത്ര വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. ശാസ്ത്രഗതിയുടെ 2024 ആഗസ്റ്റ് ലക്കം അസോസിയേറ്റ് എഡിറ്റർ സന്തോഷ് ഏറത്ത് പരിചയപ്പെടുത്തുന്നു.
ശാസ്ത്രഗതി എന്തിന് വായിക്കണം
ആധുനിക ശാസ്ത്രത്തിൻ്റെ വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകരുന്നതാണ് ശാസ്ത്രഗതിയുടെ ഓരോ ലക്കവും. പ്രത്യേക വിഷയങ്ങളെ ഫോക്കസ് വിഷയമായി തിരഞ്ഞെടുത്ത് വായനക്കാർക്ക് പരിചയപ്പെടുത്താനാണ് ഓരോ ലക്കത്തിലൂടെയും ശാസ്ത്രഗതി ശ്രമിക്കുന്നത്. അക്കാദമിക് രംഗത്തെയും ശാസ്ത്ര സാങ്കേതിക മേഖലകളിലെയും വിദഗ്ധരും പ്രശസ്തരുമാണ് ഈ ലക്കത്തിലെ ലേഖകർ. ശാസ്ത്ര വിഷയങ്ങൾക്കുപരിയായി, ഇതര മേഖലകളിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയാണ് ശാസ്ത്രഗതി ഓരോ മാസവും പ്രസിദ്ധീകരിക്കുന്നത്.
‘ നദികളുടെയും കായലുകളുടെയും ഉൽപത്തി’ എന്നതാണ് ഈ ലക്കത്തിലെ ആദ്യ ലേഖനം. കേരളത്തിലെ നദികളും കായലുകളും രൂപപ്പെട്ടതിൻ്റെ സമഗ്ര ചരിത്രം ഈ ലേഖനത്തിൽ വായിക്കാം. ഇന്നു നാം കാണുന്ന കേരളത്തിൻ്റെ ഭൂപ്രകൃതിയുടെ ആവിർഭാവത്തെക്കുറിച്ചും കേരളതീരത്തെ ജില്ലകളുടെ പരിണാമ പ്രക്രിയയെക്കുറിച്ചും വളരെ സംക്ഷിപ്തമായി ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ഡോ. സി എസ് സുരേഷ്ബാബുവാണ് ലേഖകൻ.
അഷ്ടമുടിക്കായലിൻ്റെ ദ്രവ ബലതന്ത്രത്തെക്കുറിച്ചുള്ളതാണ് ഡോ. ജോസഫ് മാത്യുവും ഡോ. എൻ പി കുര്യനും ചേർന്നെഴുതിയ രണ്ടാമത്തെ ലേഖനം. അഷ്ടമുടിക്കായലിൻ്റെ ജൈവ ആവാസവ്യവസ്ഥ, വിനോദ സഞ്ചാര സാധ്യത എന്നിവയെക്കുറിച്ച് ഇതിൽ വിശദീകരിക്കുന്നു. കൂടാതെ, അഷ്ടമുടിക്കായലിൻ്റെ വിവിധ കാലങ്ങളിലെ വിവിധ പ്രവാഹങ്ങളെപ്പറ്റിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളും നൽകുന്നു.
സജീഷ് പി വി എഴുതിയ ലേഖനം, കവ്വായി കായലിൻ്റെ ജിയോ-ടൂറിസം സാധ്യതകളെ വിശദമാക്കുന്നതാണ്. കേരളത്തിൽ, വലുപ്പത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന കവ്വായി കായലിൻ്റെ പ്രത്യേകതകൾ ഈ ലേഖനത്തിൽ വായിക്കാം.
കേരളത്തിലെ നദികളുടെ ജല ഗുണനിലവാരത്തെ സമഗ്രമായി വരച്ചുകാട്ടുന്നതാണ് ഡോ. പി എസ് ഹരികുമാർ എഴുതിയ ലേഖനം. നദീജലത്തിൻ്റെ ഗുണനിലവാര സൂചികയും മാനദണ്ഡങ്ങളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ, മലിനമായിക്കൊണ്ടിരിക്കുന്ന നദികളുടെ വിശദാംശങ്ങളും അവ പരിപാലിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളും ഈ ലേഖനത്തിൽ വായിക്കാം.
കിഴക്കിൻ്റെ നദികളെക്കുറിച്ചുള്ളതാണ് ഫോക്കസ് വിഷയത്തിലെ അവസാന ലേഖനം. എം എസ് സഞ്ജയൻ എഴുതിയ ഈ ലേഖനത്തിൽ, കേരളത്തിൻ്റെ കിഴക്കോട്ടൊഴുകുന്ന നദികളുടെ സവിശേഷതകളും അവ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട നദികളും കായലുകളും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ, അവ പരിപാലിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ, നദികളിലെയും കായലുകളിലെയും ജൈവ വൈവിധ്യം, അവയുടെ ജിയോ-ടൂറിസം സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതാണ് ഫോക്കസ് ലേഖനങ്ങളുടെയെല്ലാം പൊതുവായ ഉള്ളടക്കം.
കണ്ണൂർ സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസിലറായ ഡോ. എ പി കുട്ടിക്കൃഷണൻ, കേരളത്തിലെ എൻട്രൻസ് പരീക്ഷയെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് ആഗസ്റ്റ് ലക്കത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനം. കേരളത്തിൽ വ്യത്യസ്ത സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിൽ എങ്ങനെയാണ് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതെന്ന് ഈ ലേഖനത്തിൽ അദ്ദേഹം വിശദമാക്കുന്നു. കൂടാതെ, ഗ്ലോബൽ ശരാശരിയും സ്റ്റാൻ്റേർഡ് ഡീവിയേഷനും എന്താണെന്നും അവ കണക്കാക്കുന്നതെങ്ങനെയെന്നും വിശദമാക്കുന്നു.
ന്യൂറോ ടെക്നോളജിയുടെ കൗതുകലോകത്തെക്കുറിച്ചുള്ളതാണ് ഡോ. മനോജ് കോമത്തിൻ്റെ ലേഖന പരമ്പര. ആഗസ്റ്റ് ലക്കത്തിൽ, മനുഷ്യ മസ്തിഷ്കത്തിലെ തരംഗ പ്രവാഹത്തെക്കുറിച്ചും മനസ്സിനെ മാറ്റുന്ന വൈദ്യുത സ്പന്ദങ്ങളെക്കുറിച്ചുമാണ് വിശദീകരിക്കുന്നത്.
പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്റെ സാമ്പത്തികശാസ്ത്ര ലേഖന പരമ്പരയിൽ ഈ ലക്കം, ‘ഇന്ത്യ ആരുടേത്’ എന്ന ലേഖനമാണുള്ളത്. നവ ലിബറൽ നയങ്ങൾ നടപ്പിലാക്കിയ ശേഷം ഇന്ത്യയിലെ ജനങ്ങൾക്കിടയിലുണ്ടായ ക്രയവിക്രയ ശേഷി, ധനിക-ദരിദ്രവൽക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതിൻ്റെ കാരണങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിവിധ സർക്കാരുകൾ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ എന്നിവ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
ഇവകൂടാതെ, എൻ ഇ ചിത്രസേനൻ്റെ ‘വായനയ്ക്ക്’, ഡോ. ദീപ കെ ജി യുടെ ‘ശാസ്ത്ര വാർത്ത’, കെ സതീഷിൻ്റ ‘ഹരണഫലം’ തുടങ്ങിയ പതിവു പംക്തികളും ആഗസ്റ്റ് ലക്കം ശാസ്ത്രഗതിയെ സമ്പുഷ്ടമാക്കുന്നു. അറിവിൻ്റെയും വായനയുടെ പുതിയ ലോകമാണ് ശാസ്ത്രഗതിയുടെ ഓരോ ലക്കവും വായനക്കാർക്ക് സമ്മാനിക്കുന്നത്.