നമ്മുടെ സാംസ്ക്കാരിക പൈതൃകവും മതമൗലികവാദവും
നമ്മുടെ സാംസ്ക്കാരിക പൈതൃകവും മതമൗലികവാദവും
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 28-ാം സംസ്ഥാന സമ്മേളനത്തിൽ ഡോ എൻ വി പി ഉണിത്തിരി നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹവും അതേ തുടർന്ന് സദസ്സിൽ നിന്ന് ഉയർന്നുവന്ന ചോദ്യങ്ങൾക്കുള്ള മറുപടിയും
(അവലംബം :പരിഷത്ത് വിക്കി )
പ്രധാന അവതരണം
ഭാരതീയ സാംസ്ക്കാരികപൈതൃകം പൂർണമായും ആധ്യാത്മികമാണ്, ഈശ്വര -വിശ്വാസാധിഷ്ഠിതമാണ് എന്നാണ് പണ്ഡിതന്മാരുടെ ഇടയിൽ പോലുമുള്ള ധാരണ. സാധാരണക്കാരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഈ ധാരണ ശരിയല്ല. വേദങ്ങൾ, ഉപനിഷത്തുകൾ, ദാർശനികകൃതികൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ മുതലായ ലിഖിതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പരിശോധിച്ചാൽ പോലും ആധ്യാത്മികതയോടൊപ്പം ഭൗതികതയും ഈശ്വരവാദത്തോടൊപ്പം നിരീശ്വരവാദവും ഇന്ത്യയിൽ പ്രബലമായി നിലനിന്നിരുന്നുവെന്നു മനസ്സിലാക്കാൻ കഴിയും. ഉദാഹരണമായി ഋഗ്വേദ സൂക്തങ്ങളിൽ ബഹുഭൂരിപക്ഷവും അക്കാലത്തെ ജനങ്ങളുടെ നിത്യജീവിത ഭൗതികാവശ്യങ്ങൾ നിറവേറ്റി തരണമെന്ന് ഇന്ദ്രാദിദേവതകളോട് നടത്തുന്ന പ്രാർഥനകളാണ്. ഇന്ദ്രാദിദേവതകൾക്ക് ഇന്ന് നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ദൈവികമോ ആധ്യാത്മികമോ ആയ പരിവേഷമൊന്നുമില്ല. വീരനായകന്മാർ, പ്രകൃതിശക്തികൾ എന്നിവയ്ക്ക് ദേവതാത്വം കല്പിച്ചതിന്റെ ഉദാഹരണങ്ങളാണ് മിക്കവൈദികദേവതകളും. അതുകൊണ്ടുതന്നെ ആ പ്രാർഥനകൾക്ക് ആധ്യാത്മിക പരിവേഷമില്ല. പ്രാകൃത മന്ത്രവാദവും വൈദ്യവും മറ്റും പ്രതിപാദിക്കുന്നതിന് പ്രാധാന്യം കൊടുത്തിട്ടുള്ള അഥർവ വേദത്തിലും ഭൗതികത തന്നെ മുന്നിട്ടുനിൽക്കുന്നു. ഭൗതികാവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിനുവേണ്ടി നടത്തുന്ന യാഗാദികർമങ്ങളുടെ വിവരണം നിർവഹിക്കുന്ന യജുർവേദവും ഈയൊരു ചിത്രം തന്നെയാണ് നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത്. സാമവേദം ഋഗ്വേദസൂക്തങ്ങളിൽ ചിലതിന്റെ ഗാനോദ്ദേശ്യം മുൻനിർത്തിയുള്ള സമാഹാരം മാത്രമാകയാൽ അതിനെ പ്രത്യേകം പരിഗണി ക്കേണ്ടതില്ല. ഇതിനർഥം, തികച്ചും ആധ്യാത്മികമെന്നു പറയാവുന്ന കാര്യങ്ങൾ വേദ സംഹിതകളിൽ പ്രതിപാദിച്ചിട്ടില്ല എന്നല്ല. പ്രതിപാദിച്ചിട്ടുണ്ട്. പക്ഷെ, ഭൂരിപക്ഷവും ഭൗതികകാര്യങ്ങളാണെന്നേ വിവക്ഷിക്കുന്നുള്ളൂ.
ഉപനിഷത്തുകൾ ആധ്യാത്മിക തത്വങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ദാർശനികഗ്രന്ഥങ്ങളാണ്. ജീവാത്മപരമാത്മക്യം, ബ്രഹ്മസിദ്ധാന്തം മുതലായ ആത്മീയവിഷയങ്ങളാണ് അവയിൽ മുഖ്യമായും പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ അവയിൽപോലും ഭൗതികവാദപരമായ ചിന്താഗതികൾ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത് കാണാം. ഉദാഹരണമായി, തത്ത്വമസി’ എന്ന പ്രസിദ്ധമായ വാക്യം അവതരിപ്പിക്കുന്ന ഛാന്ദോഗ്യോപനിഷത്തിലെ ആറാമധ്യായം നോക്കുക. ആഹാരമുൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളാണ് മനസ്സിനെയും ആശയങ്ങളെയും രൂപപ്പെടുത്തുന്നതെന്നു ഉദ്ദാലകൻ അവിടെ ഉയർത്തിപ്പിടിക്കുന്നുണ്ട്. തികച്ചും ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങളിലൂടെ നിഗമനത്തിലെത്തുന്ന വിശകലനരീതിയും അദ്ദേഹം സ്വീകരിക്കുന്നത് കാണാം. പൂർണമായ അർഥത്തിൽ ആധ്യാത്മികവാദിയായ യാജ്ഞവല്ക്യനെന്ന ഉപനിഷദ് മഹർഷിയിൽ നിന്ന് വ്യത്യസ്തനായി പ്രാകൃതമായ രീതിയിലാണെങ്കിൽപോലും ഭൗതികവാദം മുന്നോട്ടുവെയ്ക്കുന്ന ഉപനിഷച്ചിന്തകനായി ഉദ്ദാലകനെ പല പണ്ഡിതന്മാരും ഉയർത്തിക്കാട്ടിയിരിക്കുന്നത് ഈ അടിസ്ഥാനത്തിലത്രേ.
ഭാരതീയദർശനങ്ങളുടെ കാര്യമെടുത്താലോ? ആസ്തികദർശനങ്ങളെന്ന് പ്രസിദ്ധമായ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം), നാസ്തികദർശനങ്ങളെന്ന് പ്രസിദ്ധമായ ബൗദ്ധം, ജൈനം, ചാർവാകം (ലോകായതം) എന്നിവ സൂക്ഷ്മപഠനത്തിന് വിധേയമാക്കുമ്പോൾ ഇവയിൽ ബഹുഭൂരിപക്ഷവും അവയുടെ ആവിർഭാവകാലത്തെങ്കിലും ഭൗതികമായ അടിത്തറയുള്ള വയാണെന്ന് വ്യക്തമാക്കും. പ്രകൃതി പരിണമിച്ച് പ്രപഞ്ചമുണ്ടാകുന്നു എന്ന് സിദ്ധാന്തിക്കുന്ന കപിലന്റെ സാംഖ്യദർശനം, പരമാണുക്കൾ കൂടിച്ചേർന്നാണ് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ഉദ്ഭവിക്കുന്നത് എന്ന് സിദ്ധാന്തിക്കുന്ന കണാദന്റെ വൈശേഷികദർശനം, ചതുർഭുതങ്ങൾ (പൃഥി, അപ്, തേജസ്, വായു ചേർന്ന് ) പ്രപഞ്ചത്തിലെ പദാർഥങ്ങൾ മുഴുവൻ സംജാതമാകുന്നു എന്ന് സിദ്ധാന്തിക്കുന്ന ചാർവാകദർശനം എന്നിവ ഭൗതികവാദാധിഷ്ഠിതങ്ങളാണെന്ന് വ്യക്തമാണ്. യുക്തിവിചാരപ്രധാനമായ ന്യായദർശനം വൈശേഷികരുടെ അണുസിദ്ധാന്തത്തെ അംഗീകരിക്കുന്നതുകൊണ്ട് അതിന്റെ നിലപാടും വ്യക്തമാണ്. പ്രകൃതിനിയമങ്ങളനുസരിച്ച് എല്ലാ പ്രപഞ്ചകാര്യങ്ങളും സംഭവിക്കുന്നു എന്ന സ്വഭാവവാദമാണ് ഈ ദർശനങ്ങൾ അടിസ്ഥാനതത്വമായി അംഗീകരിച്ചിരുന്നതെന്ന് വിചാരിക്കണം. അതായത്, പ്രകൃതി പരിണമിച്ച് പ്രപഞ്ചമുണ്ടാകുന്നതും പരമാണുക്കൾ ചേർന്ന് ഭൗതികപദാർഥങ്ങളെല്ലാം രൂപപ്പെടുന്നതും ചതുർഭൂതങ്ങളിൽനിന്ന് പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളും സംജാതമാകുന്നതും സ്വാഭാവികമായിട്ടാണ്, പ്രകൃതിനിയമങ്ങളുടെ പ്രവർത്തനഫലമായിട്ടാണ്, എന്നർഥം. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾ പ്രപഞ്ചനിയമങ്ങളനുസരിച്ചു നടക്കുന്നു; അതൊക്കെ നടത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ ബ്രഹ്മമെന്നോ ഈശ്വരനെന്നോ മറ്റോ ഉള്ള പേരുകളിൽ അറിയപ്പെടുന്ന ഒരു ബാഹ്യശക്തിയുടെ ആവശ്യമില്ല. ഇപ്രകാരം ഈ ദർശനങ്ങൾ നിരീശ്വരവാദപരവുമാണെന്ന് സിദ്ധിക്കുന്നു. പൂർവമീമാംസ, ബൗദ്ധം, ജൈനം എന്നീ ദർശനങ്ങളും നിരീശ്വരവാദപരങ്ങളാണ്, അപ്പോൾ വന്നുകൂടുന്നത് യോഗം (ഇത് ഒരു ദർശനമാണോ എന്ന കാര്യത്തിൽത്തന്നെ പണ്ഡിതന്മാർക്കിടയിൽ തർക്കമുണ്ട്) വേദാന്തം എന്നിവ മാത്രമാണ് ഈശ്വര വാദത്തെ അനുകൂലിക്കുന്ന ദർശനങ്ങൾ എന്നാണ്. എന്നാൽ, പിൽക്കാലത്ത്, ന്യായ-ഭൂഷിക ദർശനങ്ങൾ അണുസിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഈശ്വരനുവേണ്ടി വാദിച്ചു തുടങ്ങി എന്ന വസ്തുത വിസ്മരിക്കുന്നില്ല.
രാമായണം, മഹാഭാരതം, ഭാഗവതം മുതലായ പുരാണേതിഹാസങ്ങളിൽ ഭാരതീയർ ജീവിത ലക്ഷ്യമായി കരുതുന്നതെന്ന് വർണിക്കപ്പെട്ടു കാണുന്ന പുരുഷാർഥ ചതുഷ്ടയ സങ്കല്പം നോക്കൂ. ധർമം, അർഥം, കാമം, മോക്ഷം എന്നിവയാണ് പുരുഷാർഥങ്ങൾ. ഇവയിൽ മോക്ഷം മാത്രമാണ്, തികച്ചും ആധ്യാത്മികമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. മറ്റു മൂന്നും ഭൗതികമാണ്. മോക്ഷശാസ്ത്രത്തിനു മാത്രമല്ല, ധർമ്മശാസ്ത്രത്തിനും അർഥശാസ്ത്രത്തിനും കാമശാസ്ത്രത്തിനും ഭാരതീയർ പ്രാധാന്യം കൊടുത്തിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.
ചുരുക്കത്തിൽ ആധ്യാത്മികവും ഈശ്വരവിശ്വാസാധിഷ്ഠിതവും മാത്രമാണ് ഭാരതീയ സംസ്ക്കാരം എന്ന വാദം നിരർഥകമാണ്; ഭൗതികവും നിരീശ്വരവാദപരവുമായ ഘടകങ്ങൾ ആ സംസ്കാരത്തിൽ സജീവമായി നിലനിന്നിരുന്നുവെന്ന വസ്തുത അവഗണിക്കാൻ സാധ്യമല്ല. പിൽക്കാലത്ത് ജാതിവ്യവസ്ഥയായി വികസിത രൂപം പ്രാപിച്ച ചാതുർവർണ്യം ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നുവെന്ന് പ്രസിദ്ധമാണല്ലോ. വേദകാലഘട്ടത്തിന്റെ ആദ്യഭാഗമൊഴിച്ച് മറ്റെല്ലാ കാലത്തും ബ്രാഹ്മണരെപ്പോലുള്ള ചുരുക്കം ചില ഉയർന്ന ജാതിക്കാർക്കു മാത്രമേ സംസ്ക്കാരത്തിന്റെ ഉപരിമേഖലകളിൽ വിഹരിക്കാൻ സൗഭാഗ്യം ലഭിച്ചിരുന്നുള്ളൂ. വാസ്തവത്തിൽ ആ സവർണമേധാവികളുടെ സൃഷ്ടികളാണ് വേദോപനിഷദ് ദർശനപുരാണേതിഹാസാദികളായ ഭാരതീയ സംസ്കാരത്തിന്റെ ലിഖിതാവശിഷ്ടങ്ങളിൽ ഏറിയ കൂറും. ഇവയുടെ അടിസ്ഥാനത്തിൽ സവർണ ഹിന്ദു സംസ്ക്കാരം എന്ന് അതിനെ പൊതുവിൽ വിളിക്കാവുന്നതാണ്.
ഈ സവർണ ഹിന്ദു സംസ്കാരത്തെയാണ്, മൊത്തത്തിൽ ഹിന്ദു സംസ്കാരമെന്നു വിളിച്ചുകൊണ്ട്, പൊതുവിൽ ഭാരതീയ സംസ്കാരമായി പ്രചരിപ്പിച്ചുപോരുന്നത്. ആ സവർണ ഹിന്ദുസംസ്കാരത്തിൽ പോലും ആധ്യാത്മികതയേക്കാൾ ഭൗതികതയ്ക്കും ഈശ്വരവാദത്തേക്കാൾ നിരീശ്വരവാദത്തിനുമാണ് പ്രാധാന്യമുണ്ടായിരുന്നത്. പിൽക്കാലത്ത്, ക്രിസ്തുവർഷാരംഭത്തോടെ, കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, ഗുപ്തരാജാക്കന്മാരുടെ കാലത്തോടെ, ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ വളർച്ചയോടെ, ഭൗതികവും നിരീശ്വരവുമായ ചിന്തകൾ ഉൾക്കൊണ്ടിരുന്ന പ്രാചീന ഗ്രന്ഥഭാഗങ്ങളെപ്പോലും ആധ്യാത്മികവും ഈശ്വരവാദപരവുമാക്കി മാറ്റുന്നതിനുള്ള യത്നങ്ങൾ നടന്നു. ശങ്കരാചാര്യരുടെ (ക്രി.പി.788-820) കാലത്തോടെ ഈ പ്രവണത അതിന്റെ മൂർധന്യത്തിലെത്തി എന്നു പറയാം. വേദങ്ങൾ, ഉപനിഷത്തുകൾ, ബൗദ്ധം, ജൈനം എന്നിവയുൾപ്പെടെയുള്ള ദർശനങ്ങളുടെ മൗലിക ഗ്രന്ഥങ്ങൾ മുതലായവയുടെ വ്യാഖ്യാനങ്ങളെല്ലാം ഇക്കാലത്തും പിൽക്കാലത്തുമാണെന്നു കാണാം. അങ്ങനെ സവർണ ഹിന്ദുസംസ്കാരം ആധ്യാത്മികസംസ്ക്കാരം=ഹിന്ദുസംസ്ക്കാരം =ഭാരതീയസംസ്ക്കാരം എന്ന സമവാക്യം രൂഢമൂലമായി.
ജനകീയ സംസ്കാരത്തെപറ്റി ഏറെയൊന്നും നമുക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. അധ്വാനിക്കുന്നവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്റേതായ ആ ജനകീയ സംസ്ക്കാരത്തിന്റെ നാടുവാഴിത്ത കാലത്തെ ചില അവശിഷ്ടങ്ങൾ നാടോടിസാഹിത്യത്തിന്റെയും നാടൻ കലകളുടെയും മറ്റും രൂപത്തിൽ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നമുക്ക് ഇന്നു ലഭ്യമാണ്. ഇന്ന് അവശേഷിക്കുന്ന രൂപത്തിലെങ്കിലുമുള്ള ഈ ജനകീയ സംസ്ക്കാരത്തിന്റെ സമഗ്രമായ അപഗ്രഥനവും പഠനവും കൂടി ഭാരതീയ സാംസ്ക്കാരിക പൈതൃകത്തിന്റെ പഠനത്തിൽ അവശ്യം ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്രയും പോരാ. അതിപ്രാചീനകാലത്തെന്നപോലെ പിൽക്കാലത്തും പല ഘട്ടങ്ങളിലായി വന്നുചേർന്ന് ഭാരതത്തിന്റെ ഭാഗമായിത്തീർന്ന മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പാഴ്സികൾ തുടങ്ങിയ മതവിഭാഗങ്ങളിൽപെട്ടവരുണ്ട്. അവരുടെ ജീവിത രീതി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, കല, സാഹിത്യം മുതലായവയും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്.
ഇപ്രകാരം, ബഹുഭൂരിപക്ഷം വരുന്ന അവർണരും അധ:കൃതരുമുൾപ്പെടെയുള്ള ഹിന്ദുക്കൾ, മസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, പാഴ്സികൾ, സിക്കുകാർ, ബൗദ്ധർ, ജൈനർ, ഒരു മതത്തിലും വിശ്വസിക്കാത്തവർ, ഈശ്വരവിശ്വാസികൾ, നിരീശ്വരവാദികൾ, ആശയവാദികൾ, ഭൗതികവാദികൾ തുടങ്ങി ഇന്ന് ഇന്ത്യയിൽ നിലവിലുള്ള എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾക്ക് അഭിമാനപൂർവം ഉടമസ്ഥത അവകാശപ്പെടാവുന്ന അതിമഹനീയമായ ഒരു സങ്കരസംസ്കാരമാണ് ഭാരതീയ സംസ്കാരം എന്ന് നാം തിരിച്ചറിയണം. ആ ബോധം ജനങ്ങളിൽ വ്യാപകമായതോതിൽ വളർത്തിയെടുക്കുകയും വേണം. എന്നാൽ, മുൻപ് സൂചിപ്പിച്ച രീതിയിൽ തികച്ചും വിഭാഗീയമായ ധാരണയാണ് ഭാരതീയ സംസ്ക്കാരത്തെപറ്റി പ്രചരിച്ചിട്ടുള്ളത്. ഇത് പ്രചരിപ്പിക്കുന്നതിൽ ഹിന്ദുവർഗീയ വാദികൾക്ക് സ്വന്തമായ സ്ഥാപിതതാല്പര്യങ്ങളുണ്ട്. ന്യൂനപക്ഷവർഗീയ വാദികളും ഏറെക്കുറെ ഈ ധാരണതന്നെ വെച്ചുപുലർത്തുകയും അങ്ങനെ ന്യൂനപക്ഷമത വിഭാഗങ്ങൾക്കിടയിൽ അരക്ഷിതത്വബോധം ഉളവാക്കാനിടയാകുകയും ചെയ്യുന്നു. മതവിശ്വാസത്തെയും ഈശ്വരവിശ്വാസത്തെയും രാഷ്ട്രീയമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന വർഗീയ വാദികൾ അസത്യവും അർധസത്യവും സമർഥമായ തന്ത്രങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇതിന് അവർ ഭാരതീയസംസ്കാരത്തെയും ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്ത് സജീവമായ പ്രശ്നമായിത്തീരുകയും നിരവധി വർഗീയ ലഹളകൾക്ക് വഴിമരുന്നിടുകയും ചെയ്യുന്നതിനിടയാക്കിയ ബാബറിമസ്ജിദ്- രാമജന്മഭൂമി പ്രശ്നം നോക്കുക. 1528-ൽ അയോധ്യയിൽ മസ്ജിദ് പണിയുമ്പോൾ അവിടെ ഒരു ക്ഷേത്രം ശ്രീരാമജന്മഭൂമി ക്ഷേത്രം- ഉണ്ടായിരുന്നുവെന്നതിന് ചരിത്രപരമായോ പുരാതത്വശാസ്ത്രപരമായോ ഖണ്ഡിതമായ യാതൊരു തെളിവുമില്ല. അറുപതുകോടി ഹിന്ദുക്കളുടെ വിശ്വാസമാണ് അതെന്ന ഒരു വാദമാണ് ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസം രൂപപ്പെടുന്നത് അവരുടെ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ്. വേദങ്ങൾ മുതൽ തുളസീദാസരാമായണം വരെ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും മതഗ്രന്ഥങ്ങളെന്ന വിശ്വസിക്കുന്ന കൃതികളിലൊരിടത്തും അയോധ്യയിൽ ഒരു ശ്രീരാമജന്മഭൂമി ക്ഷേത്രം നിലനില്ക്കുന്നതായി പ്രസ്താവിക്കുന്നില്ല. 1574-ൽ അയോധ്യയിൽ വെച്ചുതന്നെ എഴുതിത്തുടങ്ങിയ തുളസീദാസരാമായണത്തിൽ പോലും അങ്ങനെയൊരു പ്രസ്താവമില്ല. മറ്റനേകം ക്ഷേത്രങ്ങളെപ്പറ്റി അതിൽ പ്രസ്താവമുണ്ടുതാനും. അപ്പോൾ മതത്തിന്റെ പേരിൽ, ഈശ്വരവിശ്വാസത്തിന്റെ പേരിൽ, അസത്യമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഭാരതത്തിൽ വിഭാഗീയത നിലനിർത്തി രാഷ്ട്രീയ ലക്ഷ്യങ്ങൾ, സാധിച്ചെടുക്കുക എന്ന തന്ത്രമാണ് വർഗീയവാദികൾ ചെയ്യുന്നത്. ഈ തന്ത്രം വളരെ സമർഥമായാണ് അവർ പ്രാവർത്തികമാക്കുന്നത്. സാംസ്ക്കാരികരംഗത്ത് വർഗീയശക്തികളുടെ നുഴഞ്ഞുകയറ്റം വർധമാനമാണിപ്പോൾ. നാഗ്പൂർ കേന്ദ്രമാക്കിക്കൊണ്ട് ഭാരതത്തിന്റെ ചരിത്രം വർഗീയമായ അടിസ്ഥാനത്തിൽ തിരുത്തിയെഴുതാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്. സിന്ധുനദീതടസംസ്ക്കാരം വൈദിക ആര്യന്മാരുടെ സംസ്ക്കാരത്തിന്റെ ഒരു പൂർവരൂപം മാത്രമായിരുന്നുവെന്നും അതിന്റെ ആവിഷ്ക്കർത്താക്കൾ ദ്രാവിഡരാണെന്ന സിദ്ധാന്തം ശരിയല്ലെന്നും സമർഥിക്കുന്ന ഗവേഷണഗ്രന്ഥങ്ങൾ തന്നെ വന്നുകഴിഞ്ഞിരിക്കുന്നു. ഡോ: എസ്. ആർ. റാവു, ടി. എൻ. രാമചന്ദ്രൻ മുതലായവർ ഇതിന്റെ മുൻപന്തിയിൽ നിൽക്കുന്നു. അടുത്തകാലത്ത് പുറത്തിറങ്ങിയ ശ്രീ. കെ.കെ.രാമന്റെ സൈന്ധവ മുദ്രകളിലുറങ്ങുന്ന ചരിത്രസത്യങ്ങൾ’ എന്ന പഠന ഗവേഷണഗ്രന്ഥം ഇവരുടെ ഗൂഢശ്രമങ്ങളെ തകർക്കാൻ ഉതകുന്ന തെളിവുകൾ നിരത്തുന്നുണ്ട്. വർഗീയവാദികളുടെ പ്രചാരണതന്ത്രങ്ങളിൽ കുടുങ്ങി മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന പണ്ഡിതന്മാരും ചിലപ്പോൾ വർഗീയത വളർത്തുന്നതിൽ പങ്കുവഹിച്ചുപോകുന്നതും കാണാം. സാന്ദർഭികമായി 1986 തൊട്ടു ഹിന്ദുവർഗീയവാദികൾ രൂക്ഷമായി കെട്ടഴിച്ചുവിട്ട രാമജന്മഭൂമിയെക്കുറിച്ചുള്ള അസത്യപ്രചാരണങ്ങൾ കേരളത്തിലെ സാഹിത്യപ്രവർത്തകരിൽ ഉളവാക്കിയ സ്വാധീനത്തിന് ഒരുദാഹരണം കാണിക്കട്ടെ.
1970-ൽ പ്രസിദ്ധപ്പെടുത്തിയ എൻ.ബി.എസ്. വിശ്വവിജ്ഞാനകോശത്തിന്റെ ഒന്നാം പതിപ്പിൽ ‘അയോധ്യ’ എന്ന വാക്കിനു കീഴിൽ ഇങ്ങനെ കാണാം: “ഉത്തർപ്രദേശിലെ അതിപ്രാചീനമായ ഒരു നഗരം. ഇന്ത്യയിലെ പാവനനഗരങ്ങളിൽ ഒന്നായ ഇത് പണ്ടത്തെകോസലരാജ്യതലസ്ഥാന മായിരുന്നു… ശ്രീരാമന്റെ ജന്മസ്ഥലമെന്ന മാഹാത്മ്യവും അയോധ്യയുണ്ട്… 7-ാം നൂറ്റാണ്ടിൽ ഹ്യുയാൻ സാങ് അയോധ്യ സന്ദർശിച്ചു. അനേകം ബുദ്ധമതവിഹാരങ്ങളും സംഘാരാമങ്ങളും അയോധ്യയിൽ കണ്ടതായി അദ്ദേഹം പറയുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ അയോധ്യ മുസ്ലീങ്ങൾക്ക് അധീനമായി…
1988-ൽ അതേ കോശത്തിന്റെ രണ്ടാം പതിപ്പിൽ പ്രസക്തമായ ഭാഗത്ത് പ്രസ്തുത പരാമർശങ്ങളിൽ മിക്കതും ഒഴിവാക്കിയിരിക്കുന്നു. പകരം വർഗീയ വാദികളുടെ ചരിത്ര സത്യവിരുദ്ധമായ ആശയങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. നോക്കു ….ക്രിസ്തുവർഷാരംഭത്തിനുമുൻപ് ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഉജ്ജയിനിയിലെ വിക്രമാദിത്യ രാജാവ് അയോധ്യയിൽ ശ്രീരാമൻ പിറന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിർമിക്കുകയും അവിടെ ശ്രീരാമനെ പ്രതിഷ്ഠിക്കുകയും ചെയ്തു. എ.ഡി.1528-ൽ മുഗൾചക്രവർത്തിയായ ബാബർ അയോധ്യയിൽ താവളമടിക്കുകയും ജലാൻ ഷാർ വേഗ് എന്ന ഒരു മുസ്ലീം ഫക്കീറിന്റെ അഭ്യർഥന കൈക്കൊണ്ട് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ച്, ആ ക്ഷേത്രത്തിന്റെ കല്ലുകൾ തന്നെ ഉപയോഗിച്ച് ഒരു പള്ളി നിർമിക്കുകയുണ്ടായി. ആ പള്ളിയാണ് ബാബറി മസ്ജിദ്. ക്ഷേത്രം പള്ളിയാക്കിയതിന്റെ പേരിൽ പല സംഘട്ടനങ്ങളും നടന്നു.
അക്ബർ പള്ളിയുടെ പുറത്തെ ഒരു തറകെട്ടി അവിടെ വിഗ്രഹം പ്രതിഷ്ഠിച്ച് പ്രാർഥന നടത്താൻ ഹിന്ദുക്കളെ അനുവദിച്ചു. വിശ്വഹിന്ദുപരിഷത്തിനുവേണ്ടി വാദിക്കുന്ന ഡോ: എസ്. പി. ഗുപ്ത് എന്ന പുരാതത്വഗവേഷകനുപോലും 11-ാം നൂറ്റാണ്ടിൽ മാത്രമേ, ശൈവമോ വൈഷ്ണവമോ എന്നു ഖണ്ഡിതമായി പറയാൻ കഴിയാത്ത ഒരു ക്ഷേത്രം, അവിടെ നിർമിക്കപ്പെട്ടതായി അറിയൂ! നമ്മുടെ വിശ്വവിജ്ഞാനകോശത്തിലെ കോളമെഴുത്തുകാരന് /കാരിക്ക് ക്രിസ്തുവിന് മുൻപുതന്നെ അവിടെ രാമക്ഷേത്രമുണ്ടെന്ന വിവരമുണ്ട്! ആധികാരികമെന്നു കരുതപ്പെടുന്ന രേഖകളിൽ വർഗീയതയുടെയും മതമൗലിക വാദത്തിന്റെയും നുഴഞ്ഞുകയറ്റം ഇന്നത്തെ കാലത്തുപോലും ഇത്രയുണ്ടെങ്കിൽ പണ്ടത്തെ കാലത്ത് ഗ്രന്ഥങ്ങളിൽ എന്തൊക്കെ വെട്ടലും തിരുത്തലും സ്ഥാപിത താല്പര്യക്കാർ ചെയ്തിരുന്നിരിക്കില്ല! ഭാരതീയ സംസ്ക്കാരത്തെപറ്റി മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ വിവരിച്ച വസ്തുനിഷ്ഠമായ ധാരണ ബഹുജനങ്ങൾക്കിടയിൽ വ്യാപകമായി വളർത്തിക്കൊണ്ടു വന്നാൽ മാത്രമേ വർഗീയതയുടെയും മതമൗലികവാദത്തിന്റെയും വിഘടനശക്തികളുടെയും ഭീഷണിയെ ചെറുത്തുതോല്പിക്കാനാവൂ.
പ്രതികരണങ്ങൾക്കുള്ള മറുപടി
ചോദ്യം (1)
ഭാരതീയ പാരമ്പര്യത്തിലെ ശാസ്ത്രപാരമ്പര്യം സൂചിപ്പിച്ചില്ല. ഉദാ: ആയുർവേദം, ജ്യോതിശ്ശാസ്ത്രം വിശദീകരിക്കാമോ?
ഉത്തരം: പ്രധാനപ്പെട്ട അക്കാര്യം വിട്ടുപോയതിൽ ക്ഷമിക്കണം. ചുരുങ്ങിയത് സിന്ധുനദീതട സംസ്ക്കാര കാലഘട്ടം മുതൽക്ക് ഇന്ത്യയിൽ അനുക്രമം വളർന്നുവന്ന ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മഹത്തായ ഒരു പാരമ്പര്യമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ടായിരിക്കണം ജ്യോതിശ്ശാസ്ത്രം ആദ്യകാലത്ത് വളർന്നുവന്നത്. പിന്നീട് മതകർമമായിത്തീർന്ന യാഗാദ്യാനുഷ്ഠാനങ്ങളോട് ബന്ധപ്പെട്ട് അത് വികസിച്ചു. വേദാംഗങ്ങളിലൊന്നായി ജ്യോതിശ്ശാസ്ത്രം അംഗീകരിക്കപ്പെട്ടിരുന്നു. അതോടനുബന്ധിച്ച് ഗണിതവും വളരുകയുണ്ടായി. ക്രി.പി. 4-6 നൂറ്റാണ്ടുകളിൽ ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ തുടങ്ങിയ അതിപ്രശസ്തരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ഭാരതത്തിൽ ജീവിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭാസ്കരാചാര്യരുടെ കാലംവരെ അനുക്രമമായ പുരോഗതിതന്നെയായിരുന്നു. പിന്നീട് ജ്യോതിശ്ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും വളർച്ച 17-18 നൂറ്റാണ്ടുകൾ വരെ കേരളത്തിൽ മാത്രമേ നിലനിന്നു കാണുന്നുള്ളൂ. അഥർവവേദത്തിൽത്തന്നെ ആയുർവേദത്തിന്റെ വളർച്ച കാണാം. പിൽക്കാലത്ത് ബുദ്ധന്റെ കാലത്ത് ആ ശാസ്ത്രം വമ്പിച്ച പുരോഗതി കൈവരിച്ചു. ചരകന്റെയും സുശ്രൂതന്റെയും സംഹിതാഗ്രന്ഥങ്ങൾ അക്കാലത്തെ ആയുർവേദ വികാസത്തിന്റെ സത്ഫലങ്ങൾ പിൽക്കാലത്ത് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ധാരാളം കൃതികൾ ഈ രംഗത്തും ഉണ്ടായി. വൈദ്യശാസ്ത്രത്തിന്റെ ഉപോല്പന്ന ങ്ങളെന്നോണമാണ് സസ്യശാസ്ത്രം, രസതന്ത്രം എന്നിവ ഇവിടെ അഭിവൃദ്ധിപ്പെട്ടത്. പക്ഷേ പിൽക്കാലത്ത്, ശങ്കരാചാര്യരുടെ കാലത്തിനുശേഷം, ഭൗതികവാദപരമായ ദർശനങ്ങൾക്കെന്നപോലെ ഭൗതികശാസ്ത്രങ്ങൾക്കും ഒരുതരം മുരടിപ്പാണ് സംഭവിച്ചത്. ലോകം മിഥ്യയാണെന്ന് സിദ്ധാന്തിക്കുന്ന ശങ്കരന്റെ മായാവാദത്തിന് ഇക്കാര്യത്തിൽ ദാർശനിക തലത്തിലുള്ള പങ്കിനെ കുറച്ചുകാണേണ്ട. വർഗീയ വാദികൾ ഇവിടെയും കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന കാര്യം ഓർക്കാതിരുന്നുകൂടാ. ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ളതും ഇനി കണ്ടുപിടിക്കാനിരിക്കുന്നതുമായ സമസ്ത ശാസ്ത്രസത്യങ്ങളും നമ്മുടെ ഋഷികൾ ദിവ്യചക്ഷുസ്സുകൊണ്ട് കണ്ടെത്തി വേദോപനിഷത്തുകളിലും ഭഗവദ്ഗീതയിലും പണ്ട് എഴുതിവെച്ചിരിക്കുന്നു എന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. അത് കളരിക്കു പുറത്ത് കടക്കലാണ്, അതേസമയം, ഇവിടെ നമ്മുടെ പൂർവികർ ശാസ്ത്രീയമായ രീതിയിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രസത്യങ്ങളെ വസ്തുനിഷ്ഠമായ പഠനത്തിന് വിധേയമാക്കുകയും വേണം. ഈ കാര്യത്തിലേക്ക് വെളിച്ചം വീശുന്ന രണ്ടു വിശിഷ്ട ഗ്രന്ഥങ്ങളാണ് ദേവീപ്രസാദ് ചതോപാധ്യായയുടെ “Science and Society in Ancient India”, കെ.വി. ശർമയുടെ “Observational Astronomy in India” എന്നിവ.
ചോദ്യം (2):
പ്രാചീന ഇന്ത്യൻ ശാസ്ത്രം (ആയൂർവേദം, ജ്യോതിശ്ശാസ്ത്രം മുതലായവ) യഥാർഥത്തിൽ സ്വഭാവവാദത്തിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായിരുന്നില്ലേ? ഇതിനെ തകിടം മറിച്ചത് ഉപരിവർഗത്തിന്റെ താല്പര്യങ്ങളെ പ്രതിനിധാനം ചെയ്ത കർമസിദ്ധാന്തമല്ലേ? ഇന്ത്യൻ സയൻസിന്റെ യഥാർഥ ചരിത്രം പ്രചരിപ്പിക്കേണ്ടതല്ലേ?
ഉത്തരം: ആയുർവേദം സ്വഭാവവാദാധിഷ്ഠമാണെന്ന് വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ജ്യോതിശ്ശാസ്ത്രത്തിനും ഇത് ബാധകമാകാമെങ്കിലും അങ്ങനെ വ്യക്തമായി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. പക്ഷെ പിൽക്കാലത്ത് ഇതിൽ കർമസിദ്ധാന്തവും (മുജ്ജന്മത്തിൽ ചെയ്ത കർമങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് എന്ന വിശ്വാസം) മറ്റും കടന്നുകൂടി. ഇതിന്റെ ചരിത്രം ദേവീപ്രസാദ് മുൻപറഞ്ഞ പുസ്തകത്തിൽ ചരിത്രപരമായും പാഠപരമായും ഉള്ള തെളിവുകൾ നിരത്തി വിവരിക്കുന്നുണ്ട്. ഇന്ത്യൻ സയൻസിന്റെ യഥാർഥചരിത്രം പ്രചരിപ്പിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല.
ചോദ്യം (3):
രാമായണം, മഹാഭാരതം മുതലായ പ്രാചീന ഗ്രന്ഥങ്ങളിൽ ശാസ്ത്രവിഷയകമായ കാര്യങ്ങൾ, ഈശ്വരവാദം മുതലായവ പിൽക്കാലത്ത് എഴുതിച്ചേർത്തതാണെന് പറയുന്നത് ശരിയാണോ?
ഉത്തരം: എല്ലാം അങ്ങനെയാകണമെന്നില്ല. കുറേയൊക്കെ ശാസ്ത്രീയസത്യങ്ങളും ഈശ്വരവിശ്വാസപരമായ കാര്യങ്ങളും അവയിൽ ആദ്യകാലത്തുതന്നെ ഉണ്ടായിരിക്കാം. ശാസ്ത്രീയവിഷയങ്ങളെക്കുറിച്ചുള്ള പ്രസ്താവങ്ങളോടൊപ്പം അവയ്ക്കു വിരുദ്ധമായവ പിൽക്കാലത്ത് കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കാനും സാധ്യതയുണ്ട്. ഈശ്വരപരമല്ലാത്ത കഥകൾക്കിടയിൽ പിൽക്കാലത്ത് ഈശ്വരപരമായ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് വാല്മീകിയുടെ രാമായണത്തിലെ രാമൻ കേവലം മനുഷ്യനാണ്. പക്ഷേ, പിൽക്കാലത്ത് വിഷ്ണുവിന്റെ അവതാരമാണ് രാമൻ എന്ന് അർഥം വരുന്ന ചില ഭാഗങ്ങൾ എഴുതിച്ചേർത്തതായി കാണുന്നു. അതുപോലെ മഹാഭാരതത്തിൽ പല കാലങ്ങളിലായി പല കാര്യങ്ങളും കൂട്ടിച്ചേർക്കുക യുണ്ടായിട്ടുണ്ട്. പക്ഷേ, സൂക്ഷ്മ പരിശോധനയിൽ മൗലികമായി ഉണ്ടായിരുന്ന കാര്യങ്ങളും പിന്നീട് കൂട്ടിച്ചേർത്ത കാര്യങ്ങളും ഏറെക്കുറെ വേർതിരിച്ച് മനസ്സിലാക്കാൻ കഴിയും.
ചോദ്യം (4)
വ്യാസൻ ഒരാളല്ല, ഒരു സംഘം ആളുകളാണ് എന്നും വിവിധ കാലഘട്ടങ്ങളിലൂടെയാണ് മഹാഭാരതം എഴുതപ്പെട്ടതെന്നും കേൾക്കുന്നത്ശരിയാണോ?
ഉത്തരം: അങ്ങനെ പ്രബലമായ ഒരഭിപ്രായമുണ്ട്. മഹാഭാരതത്തിന്റെ രചനയുടെ മൂന്നു ഘട്ടങ്ങളെപ്പറ്റി പഠനങ്ങളുണ്ടായിട്ടുണ്ട്. മഹാഭാരതം മാത്രമല്ല, വിവിധ പുരാണങ്ങളും ഉപ പുരാണങ്ങളുമൊക്കെ വ്യാസനാണെഴുതിയതെന്നാണ് വിശ്വാസം. പല കാലങ്ങളിലായി രചിക്കപ്പെട്ട ഈ കൃതികളെല്ലാം ഒരു വ്യാസന്റേതാവാൻ വഴിയില്ല. ഒന്നുകിൽ വ്യാസൻ എന്ന പേരിൽ പലർ പല കാലത്ത് ജീവിച്ചിരുന്നിട്ടുണ്ടാവാം. അല്ലെങ്കിൽ പിൽക്കാലത്തെഴുതിയ പുരാണകൃതികളും പ്രസിദ്ധനായ വ്യാസന്റെ പേരിൽ പ്രചരിച്ചതാവാം.
ചോദ്യം(5)
ഹാരപ്പ, മോഹഞ്ചോദാരോ സംസ്കാരം ഉപനിഷത്തുകൾക്കു മുൻപാണല്ലോ. അത് ദ്രാവിഡസംസ്കാരമോ ആര്യസംസ്കാരമോ എന്നതിൽ ഏതിനാണ് തെളിവ്?
ചോദ്യം(6):
യൂഫ്രട്ടീസ് – ട്രൈഗ്രീസ് നദീതീരത്തു നിന്നു വന്നവരാണ് ആര്യന്മാർ എന്നത് ശരിയാണോ? ജർമൻ സ്വസ്തികയും നമ്മുടെ സ്വസ്തികയും ഭാരതസംസ്ക്കാരത്തിൽനിന്ന് വന്നതാണോ?
ഉത്തരം: ഹാരപ്പ – മോഹഞ്ചോദാരോ സംസ്ക്കാരം ഏതാണ്ട് അയ്യായിരത്തിൽ പരം കൊല്ലങ്ങൾക്കുമുമ്പാണ്. ഉപനിഷത്തുകളുടെ കാലമാകട്ടെ സുമാർ രണ്ടായിരത്തി എഴുന്നൂറു കൊല്ലങ്ങൾക്കപ്പുറവും അത്ര പഴക്കമേറിയ ആ സംസ്ക്കാരം ദ്രാവിഡമാണെന്നാണ് പൊതുവിൽ വിശ്വസിച്ചുപോരുന്നത്. വൈദിക ആര്യസംസ്ക്കാരത്തിന് അന്യവും പിൽക്കാല ഹിന്ദുമതത്തിൽ ഉള്ളതുമായ ലിംഗാരാധന, അമ്മദൈവാരാധന മുതലായവ ആ പ്രാചീന സംസ്ക്കാരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി എസ്. ആർ. റാവുവിനെപ്പോലുള്ള ചിലർ അതും ആര്യസംസ്ക്കാരത്തിന്റെ പൂർവരൂപം തന്നെയാണെന്ന് തെളിയിക്കാൻ ശ്രമം നടത്തുന്നുണ്ട്. അന്ന് യജ്ഞങ്ങൾ നടത്തിയിരുന്നു എന്നും മറ്റുമാണ് അദ്ദേഹം അവതരിപ്പിക്കുന്ന തെളിവ്. യജ്ഞം തന്നെ പ്രാകൃത മന്ത്രവാദത്തിന്റെ പരിഷ്കൃത രൂപമാണെന്നതുകൊണ്ട് ആ തെളിവിന് വലിയ പ്രാധാന്യം കല്പിക്കേണ്ടതില്ല. മാത്രമല്ല അടുത്തകാലത്ത് ശ്രീ. കെ.കെ. രാമൻ നാല്പതിലേറെ കൊല്ലക്കാലത്തെ ഗവേഷണ ഫലമായി പ്രസിദ്ധീകരിച്ച മുൻപറഞ്ഞ ഗ്രന്ഥത്തിൽ മൂല ദ്രാവിഡഭാഷയാണ് പ്രാചീന സംസ്ക്കാരകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് സമർഥിച്ചിട്ടുണ്ട്. തുറവിടം’ (സമുദ്രതീരം) ആണ് ദ്രാവിഡമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരെന്നും ആര്യരെന്നുമുള്ളത് പ്രത്യേക വംശങ്ങളെ കുറിക്കുന്ന പദങ്ങള ല്ലെന്ന് റോമിലഥാപ്പറെപോലുള്ള ആധുനിക ചരിത്രകാരന്മാർ തെളിയിച്ചിട്ടുള്ളത് ശ്രീ. രാമന്റെ ഗവേഷണവും ശരിവെക്കുന്നുണ്ട്. പറഞ്ഞു പരിചയിച്ചതുകൊണ്ട് ആപദങ്ങൾ ഇവിടെയും പ്രയോഗിക്കുന്നുവെന്നേയുള്ളൂ. ജർമൻ സ്വസ്തികയും നമ്മുടെ സ്വസ്തികയും ഭാരതത്തിൽ നിന്നുണ്ടായതാണോ എന്നുറപ്പിച്ചു പറയാനാവില്ല. അത്തരം ചിഹ്നങ്ങൾ എവിടെയും ഒരേ അവസരത്തിൽ തന്നെ രൂപം കൊള്ളാവുന്നതാണെന്നാണ് തോന്നുന്നത്.
ചോദ്യം(7):
ശ്രീ. കെ.കെ.രാമന്റെ പുസ്തകത്തിൽ സംസ്കൃതത്തിന്റെ അനന്യത്വം, ആര്യാധിനിവേശ സിദ്ധാന്തം എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനുള്ള പുതിയ തെളിവുകൾ ഉണ്ടല്ലോ. ഹിന്ദുമതത്തിലെ ആചാരങ്ങളുടെ പഴയ രൂപം രസകരം തന്നെ. അതിനെക്കുറിച്ചുകൂടി സൂചിപ്പിച്ചാൽ നന്ന്.
ഉത്തരം: ആ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് സാമാന്യം വിസ്മരിച്ച് ഞാൻ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ (1991 ഫിബ്രവരി 10) എഴുതിയ നിരൂപണം വായിക്കുക. കഴിയുമെങ്കിൽ ആ പുസ്തകം തന്നെ വാങ്ങി പഠിക്കുക. ” ഇൻഡസ് വാലി സ്ക്രിപ്റ്റ് സ്റ്റഡി സൊസൈറ്റി, ഇലവുന്തിട്ട പോസ്റ്റ്, പിൻ 689625, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ എഴുതിയാൽ പുസ്തകം ലഭിക്കും. 75 രൂപയാണ് വില.
ചോദ്യം (8):
വേദങ്ങൾ ഭക്തിഗീതങ്ങൾ (Hymns) ആയിട്ടാണല്ലോ രൂപപ്പെട്ടതും പ്രചരിച്ചതും. അതിലെ ഭാഷയുടെ അച്ചടക്കം, സൗകര്യം, ചാരുത എന്നിവയുടെ ഭൗതികാടിത്തറ എന്താണ്? അതിനെക്കുറിച്ച് വല്ല പഠനങ്ങളുമുണ്ടോ? “പ്രാകൃത ജീവിതചുറ്റുപാടിൽ സംസ്ക്കാരത്തിൽ ഭാഷാപരമായ ഔന്നത്യം കൈവരിച്ചതെങ്ങനെ?
ഉത്തരം: ഭക്തിഗീതങ്ങൾ എന്ന് പിൽക്കാലത്ത് പ്രചരിച്ച അർഥത്തിൽ വേദസൂക്തങ്ങളെപ്പറ്റി പറയുന്നത് ശരിയായിരിക്കില്ല. വിഗ്രഹാരാധനയുടെ അംശം അതിലില്ല. മുൻപ് പറഞ്ഞതുപോലെ വൈദികദേവതകളെപ്പറ്റി അതിൽ ഒരു പ്രബന്ധമുണ്ട്. ദേവീ പ്രസാദ് ചതോപാധ്യായയുടെ What is living and what is Dead in Indian Philosophy, Religion and Society, lokayata എന്നീ ഗ്രന്ഥങ്ങളിൽ വേദങ്ങളുടെ ഭൗതികാടിത്തറയെക്കുറിച്ചുള്ള വിശകലനമുണ്ട്. സമൂഹം മതം ദർശനം’ (ചിന്താ പബ്ലിഷേഴ്സ്) എന്ന എന്റെ ഗ്രന്ഥത്തിൽ ആ കാര്യങ്ങൾ സംക്ഷിപ്തരൂപത്തിൽ വിവരിക്കുന്ന ചില പ്രബന്ധങ്ങൾ ചേർത്തിട്ടുണ്ട്.
ചോദ്യം (9):
വേദകാലഘട്ടവും രാമായണ-മഹാഭാരതകാലഘട്ടവും തമ്മിൽ ബന്ധപ്പെടുത്തി വിവരിക്കാമോ? ഇവയിലെ ഐകരൂപ്യവും വ്യത്യസ്തതയും എന്താണ്?
ഉത്തരം: വേദകാലഘട്ടമെന്നു പറയുന്നത് ഏകദേശം മുവ്വായിരം കൊല്ലങ്ങൾക്കും നാലായിരം കൊല്ലങ്ങൾക്കുമിടയിലുള്ള കാലമാണ്. വർഗവിഭജനം തന്നെ നടന്നിട്ടില്ലാത്ത പ്രാകൃത സമൂഹത്തിന്റെ പ്രതിഫലനം ആദ്യകാല ഋഗ്വേദസൂക്തങ്ങളിൽ കാണാം. പിൽക്കാലവേദസാഹിത്യത്തിൽ ചാതുർവർണ്യത്തിന്റെ വ്യക്തമായ പ്രതിഫലനമുണ്ട്. ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കം മാത്രമുള്ള രാമായണ മഹാഭാരതങ്ങളിൽ ജാതിവ്യവസ്ഥയും രാജാധിപത്യവും പരസ്പരം പൂരകമായി നിലകൊള്ളുന്ന ഒരു കാലഘട്ടമാണ് പ്രധാനമായും പ്രതിഫലിച്ചുകാണുന്നത്. വേദങ്ങളിലെ ഭാഷയായ സംസ്കൃതവും ഇതിഹാസങ്ങളിലെ ഭാഷയായ സംസ്കൃതവും തമ്മിലും കുറേ വ്യത്യാസമുണ്ട്. വേദങ്ങളിൽ ലഘുഭാവഗാനങ്ങളും ചടങ്ങുകളുടെ വിവരണങ്ങളുമാണ് കൂടുതലായുള്ളത്. ഇതിഹാസങ്ങളിൽ കേന്ദ്രസ്ഥാനത്തുനില്ക്കുന്ന മുഖ്യകഥകളും അതോടനുബന്ധിച്ച് അനേകം ഉപകഥകളുമുണ്ട്. സമഗ്രജീവിതാ വിഷ്ക്കരണം ഇതിഹാസങ്ങളിൽ കാണാം.
ചോദ്യം(10):
നാസ്തിക കാഴ്ചപ്പാടുണ്ടായിരുന്ന കാലഘട്ടത്തിൽ ഉടലെടുത്ത വേദങ്ങൾ പിന്നീട് എങ്ങനെ സവർണ ഹിന്ദുക്കളുടെ (പുരോഹിതരുടെ) മാത്രം ഗ്രന്ഥങ്ങളായി മാറി?
ഉത്തരം: നാസ്തിക വീക്ഷണം മാത്രമേ വേദകാലഘട്ടത്തിലുണ്ടായിരുന്നുള്ളൂ എന്ന ധാരണ ശരിയല്ല. ആധ്യാത്മിക വീക്ഷണവും ഉണ്ടായിരുന്നു. രണ്ടിന്റെയും പ്രതിഫലനങ്ങൾ വേദങ്ങളിൽ കാണുകയും ചെയ്യും. പക്ഷേ അവയിലെ ഭൗതികതയും ആധ്യാത്മികതയും, രണ്ടും, സരളവും സുഗ്രഹവുമാണ്. പിൽക്കാലത്ത് ചാതുർവർണ്യം രൂഢമൂലമാവുകയും യജ്ഞം സമൂഹത്തിലെ സർവാദൃതമായ മതകർമമായി അംഗീകരിക്കപ്പെടുകയും ചെയ്തതോടെ വേദങ്ങൾ ആ കർമങ്ങളിൽ വിനിയോ ഗിക്കേണ്ട മന്ത്രസമുച്ചയത്തിന്റെ പദവി കൈവരിക്കുകയും അവ പുരോഹിതന്മാരായ ബ്രാഹ്മണരുടെ കുത്തകയായിത്തീരുകയും ചെയ്തു. അതോടെ അവ നിഗൂഢവല്ക്കരിക്കപ്പെടുകയും അവയുടെ സരളമായ അർഥങ്ങൾ പ്രതിരൂപാത്മകമായി ദുരൂഹത കലർത്തി വ്യാഖ്യാനിക്കപ്പെടുകയുമായി. സാധാരണ ജനങ്ങളുമായി ഒരു ബന്ധവുമില്ലാതെ പിന്നീട് അവ ആധ്യാത്മികതയുടെയും നിഗൂഢതയുടെയും ദൈവികതയുടെയും പരിവേഷം കൈക്കൊണ്ടു. അടുത്ത കാലംവരെ ഇതാണ് സ്ഥിതി എന്ന് പറയേണ്ടതില്ലല്ലോ.
ചോദ്യം(II)
“അഹം ബ്രഹ്മാസ്മി”, “തത്ത്വമസി”ക്കു മുൻപോ, ശേഷമോ? പ്രപഞ്ചവുമായി അതിനെ ബന്ധിപ്പിക്കുന്നതെങ്ങനെ?
ചോദ്യം(12)
ഞാൻ മാത്രമാണ് ഉണ്മ, മറ്റെല്ലാം എന്റെ ചിന്താസങ്കല്പങ്ങൾ മാത്രം’ എന്നു പറയുന്ന ആധ്യാത്മികവാദംതന്നെ, തത്ത്വമസി” എന്നുപറയുമ്പോൾ “ എന്നെപ്പോലെ ഒരു നീ കൂടിയുണ്ട്” എന്ന് അംഗീകരിക്കുകയല്ലേ? ആധ്യാത്മികത പൊളിയുകയല്ലേ ഇവിടെ?
ഉത്തരം: ഉപനിഷത്തുകളിൽ ആവിഷ്കൃതമായ പല ചിന്താധാരകളിൽ ഒന്ന് ബ്രഹ്മവാദത്തിന്റേതാണ്. “സർവം ഖല്പിദം ബ്രഹ്മ’ ( ഇതെല്ലാം ബ്രഹ്മമാണ്), അഹം ബ്രഹ്മാസ്മി’ (അതുകൊണ്ട് ഇതിൽ പെടുന്ന, ഞാൻ ബ്രഹ്മമാണ്), ‘തത്ത്വമസി (അതിനാൽ ഇതിൽ തന്നെപെടുന്ന, നീയും ബ്രഹ്മമാണ്) എന്നീ മൂന്നു വാക്യങ്ങളിൽ ആ വാദത്തിന്റെ കാതൽ ഉൾക്കൊള്ളുന്നു. ബ്രഹ്മം എന്നത് ഈ പ്രപഞ്ചത്തിനു മുഴുവൻ കാരണമാണെന്ന് സങ്കല്പിക്കപ്പെടുന്ന ഒരാശയമാണ്. ആ നിലയ്ക്ക് ആശയവാദമെന്നോ ആധ്യാത്മിക വാദമെന്നോ പറയാവുന്ന ഒന്നാണ് ഈ വാദമെങ്കിലും അതിൽ, പ്രായോഗികമായി നോക്കിയാൽ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തമ്മിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കപ്പെടുന്ന സമത്വാധിഷ്ഠിതമായ ഒരു വിശാലമാനവികതയുടെ സന്ദേശം സ്ഥിതി ചെയ്യുന്നുണ്ടെന്നു കാണാം. ആധുനിക ഭാഷയിൽ ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയതുപോലെ, സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനമായ സാഹോദര്യത്തിന്റെ തത്വമാണ് അതുൾക്കൊള്ളുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയാവാൻ ആ തത്വത്തിന് കഴിയും. പിൽക്കാലത്ത് ശ്രീശങ്കരനും മറ്റും ഈ സിദ്ധാന്തത്തോടൊപ്പം വ്യാവഹാരിക ദശ കൂടി സ്വീകരിച്ച് തന്റെ കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയെയും മറ്റു അനാചാരങ്ങളെയും പ്രായോഗികമായി അംഗീകരിച്ചു. ബ്രാഹ്മണ പുരോഹിതന്മാരാകട്ടെ ബ്രഹ്മവാദത്തിന്റെ അന്തസ്സത്തയെ ഉൾക്കൊള്ളാനേ കൂട്ടാക്കിയില്ല. എങ്കിലും ഭാരതത്തിലെ ഉപനിഷത്തുകളിൽ ആ ഒരു ധാരയുള്ളത് നാം കാണാതിരുന്നുകൂടാ. ഈ ധാരയെയാണ് ആധുനികകാലത്ത് വിവേകാനന്ദൻ വികസിപ്പിക്കാൻ ശ്രമിച്ചത്. ദീനാനുകമ്പയുടെ മനുഷ്യാവതാരമെന്ന നിലയിൽ പലപ്പോഴും വിവേകാനന്ദനെ പെരുമാറാൻ പ്രേരിപ്പിച്ചത് ബ്രഹ്മവാദത്തിന്റെ ഈ സമത്വതത്വമാണ്. ജാതിവ്യവസ്ഥക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാൻ ശ്രീനാരായണഗുരുവെ പ്രചോദിപ്പിച്ചതും ഈ ബ്രഹ്മവാദംതന്നെ. അതുകൊണ്ട് ആധ്യാത്മികത പൊളിയുന്നുണ്ടോ ഇല്ലയോ എന്നതിനേക്കാൾ പ്രധാനം, പ്രാചീന ഭാരതത്തിൽ ഉദയംകൊണ്ട ആധ്യാത്മികവാദത്തിന്റെ അത്തരം ധാരകളെ ഉയർത്തിക്കാട്ടിക്കൊണ്ട്, ഭാരതീയ സംസ്കാരത്തിന്റെ കുത്തക സ്വയം ഏറ്റെടുത്ത് മതസ്പർദ്ധയും മനുഷ്യവിദ്വേഷവും തുടർന്ന് വർഗീയ ലഹളകളും ഉണ്ടാക്കാൻ കോപ്പുകൂട്ടുന്ന മതമൗലികവാദികളെയും വർഗീയ വാദികളെയും ആശയപരമായി നിരായുധരാക്കാൻ നമുക്ക് കഴിയുമോ എന്നു നോക്കുകയാണ്.
ചോദ്യം(13):
ഭാരതീയ പരമ്പര്യത്തിൽ ഈശ്വരാംശത്തിനുള്ള ഉടലെടുപ്പിനുള്ള സാമൂഹ്യ കാരണങ്ങൾ എന്താണ്?
ഉത്തരം: ശാസ്ത്രസാഹിത്യ പരിഷത്തുതന്നെ പ്രസിദ്ധീകരിച്ച എന്റെ ” ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം’ എന്ന പുസ്തകത്തിൽ ഇന്ത്യൻ നിരീശ്വരവാദത്തെപ്പറ്റിയുള്ള ഒട്ടെല്ലാ വസ്തുതകളും വിവരിച്ചിട്ടുള്ളത് നോക്കുക.
ചോദ്യം(14):
ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ?
ഉത്തരം: ജീവാത്മാവും പരമാത്മാവും രണ്ടും രണ്ടുതന്നെ, അതായത് മനുഷ്യനടക്കമുള്ള ജീവജാലങ്ങളും ഈശ്വരനും വേറെ വേറെ നിലകൊള്ളുന്നു, എന്നതാണ് ദ്വൈത സിദ്ധാന്തം. വിഷ്ണുഭക്തിയാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. പതിമൂന്നാം നൂറ്റാണ്ടുകാരനായ മധ്വനാണ് ദ്വൈതവാദ സ്ഥാപകൻ. ജീവാത്മാവ്, പരമാത്മാവ് (ബ്രഹ്മം) എന്നിങ്ങനെ രണ്ടില്ല. ബ്രഹ്മം മാത്രമേയുള്ളൂ. അതുമാത്രമാണ് പാരമാർഥക സത്യം. ഇതത്രേ അദ്വൈതം. അവിദ്യ (അജ്ഞാനം, മായ) കൊണ്ട് ഈ പ്രപഞ്ചം (ജീവാത്മാക്കളുൾക്കൊള്ളുന്ന ഈ പ്രപഞ്ചം) ഉണ്ടെന്നു തോന്നുകയാണ്. പക്ഷേ, വ്യാവഹാരിക സത്യമെന്ന നിലയ്ക്ക്, ഒരു രണ്ടാംകിട സത്യമെന്ന നിലയിൽ, അദ്വൈതവേദാന്താചാര്യനായ ശങ്കരൻ ( എട്ടാം നൂറ്റാണ്ട്) പ്രപഞ്ചത്തെയും അംഗീകരിക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടുകാരനായ രാമാനുജൻ ആവിഷ്ക്കരിച്ച സിദ്ധാന്തമാണ് വിശിഷ്ടാദ്വൈതം. ചിദചിദ്വിശിഷ്ടമായ ബ്രഹ്മത്തിന്റെ അദ്വൈതമാണത്. അതായത് ചിത്ത് (ആത്മാവ്), അചിത്ത്(പ്രപഞ്ചം) എന്നിവ രണ്ടും യഥാർഥമാണ്, പക്ഷേ, ഇവ ബ്രഹ്മത്തെ(ഈശ്വരനെ) ആശ്രയിച്ചിരിക്കുന്നു. വിഷ്ണുഭക്തി പ്രധാനമാണ് ഇതും. ഈ മൂന്നെണ്ണമാണ് പ്രധാനമായ വേദാന്ത സിദ്ധാന്തങ്ങൾ. ശങ്കരനിൽ നിന്ന് വ്യത്യസ്തരായി മറ്റിരുവരും പ്രപഞ്ചത്തിന്റെ യാഥാർഥ്യത്തിലും ഈശ്വരഭക്തിയിലും ഊന്നുന്നു.
ചോദ്യം(15):
ശങ്കരന്റെ കാലത്തിനുമുൻപുതന്നെ ഉണ്ടായിരുന്ന ബൗദ്ധം, ജൈനം, സാംഖ്യം, വൈശേഷികം, ലോകായതം തുടങ്ങിയ ദർശനങ്ങളുടെ തകർച്ചയും – അദ്വൈതത്തിന്റെ ഉയർച്ചയും ഉണ്ടാക്കിയ സാമൂഹ്യസാഹചര്യങ്ങൾ, ഉല്പാദനബന്ധങ്ങളിലെ മാറ്റം എന്നിവ വിവരിക്കാമോ?
ഇ. എം. – എസ്സിന്റെ ” ഇന്ത്യാ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം’ (ചിന്താ പബ്ലിഷേഴ്സ്), എന്റെ സമൂഹം മതം ദർശനം’ (ചിന്താ പബ്ലിഷേഴ്സ് – ശ്രീശങ്കരദർശനം’ എന്ന ലേഖനം) “ശങ്കരദർശനം മാർക്സിസ്റ്റു വീക്ഷണത്തിൽ (നയനാ പബ്ലിക്കേഷൻസ്, പയ്യന്നൂർ എന്നീ ഗ്രന്ഥങ്ങളിൽ ഈ വിഷയത്തിന്റെ സാമാന്യമായ പ്രതിപാദനം കാണാം. അവ നോക്കുക.
ചോദ്യം (16);
പ്രപഞ്ചത്തിന്റെ ഉല്പത്തി ചൈതന്യത്തിൽ നിന്നാണ് എന്ന് ഉപനിഷത്തുകൾ പറയുന്നു. ചൈതന്യവും അണുവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഉത്തരം: ചൈതന്യം എന്നതുകൊണ്ട് ബ്രഹ്മം എന്നാണുദ്ദേശിക്കുന്നത്. അത് ഭൗതിക പദാർഥമല്ല. അണു ഭൗതിക പദാർഥമാണ്. അതുകൊണ്ട് ഉപനിഷത്തുകളിലെ പ്രപഞ്ചോല്പത്തി സിദ്ധാന്തം ആശയവാദപരവും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള കണാദന്റെ അണുസിദ്ധാന്തം ഭൗതികവാദപരവുമാണ്.
ചോദ്യം(17) :
ഭാരതീയ പരമ്പര്യത്തിൽ ദ്രാവിഡ സംസ്കാരം എന്നൊന്ന് ഉണ്ടായിരുന്നില്ലേ? ദ്രാവിഡരുടെ മേൽ ആര്യന്മാരുടെ ഒരു ആക്രമണകാലഘട്ടവും അതിന്റെ ഭാഗമായി ശൈവ വൈഷ്ണവ ദൈവിക പരിവേഷം ചാർത്തിയ മത്സരവും നിലനില്ക്കുന്നില്ലേ? ഇന്നും ദക്ഷിണേന്ത്യയിൽ ദ്രാവിഡ ഭൂരിപക്ഷപ്രദേശം ഒരു പോരാട്ടത്തിലല്ലേ? രാഷ്ട്രീയ മണ്ഡലത്തിൽ തന്നെ ദ്രാവിഡത്തെ അടിച്ചൊതുക്കുന്ന ഉത്തരേന്ത്യൻ മേധാവിത്വം നിലനില്ക്കുന്നില്ലേ? അതിന്റെ ഭീഷണി ആധുനിക ഭാരതത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയല്ലേ? ഇതു പഞ്ചാബിലായാലും മഹാരാഷ്ട്രയിലായാലും ആസ്സാമിലായാലും ബീഹാറിലായാലും നിലനില്ക്കുന്നില്ലേ? മതമൗലികവാദത്തിന്റെ അന്തർലീനമായ ഭീഷണി നിലനിൽക്കുന്നത് ഭാരതീയ സംസ്ക്കാരത്തിനു തന്നെ നിരന്തരഭീഷണിയല്ലേ?
ഉത്തരം: ആര്യ-ദ്രാവിഡ സിദ്ധാന്തങ്ങളെപ്പറ്റി മുൻപ് പറഞ്ഞു കഴിഞ്ഞു. ഭാഷയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭേദങ്ങളായി അവയെ കണക്കാക്കുകയാണെങ്കിൽ, അവയുടെ പേരിലുള്ള അസന്തുലിതത്വം പരിഹരിക്കുക മാത്രമാണ് പോംവഴി. ആര്യ-ദ്രാവിഡ സംഘട്ടനങ്ങളോടൊപ്പം അന്യോന്യം ആദാനപ്രദാനങ്ങളും അവർ തമ്മിൽ ഉണ്ടായിട്ടുണ്ട്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങളെ ‘ആര്യ-ദ്രാവിഡ’ സംഘട്ടനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയാവുമെന്നു തോന്നുന്നില്ല. ഭാരതീയ സംസ്ക്കാരത്തിന്റെ വൈചിത്ര്യത്തെയും വൈവിധ്യത്തെയും അംഗീകരിച്ചുകൊണ്ട് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക മാത്രമേ പോംവഴി കാണുന്നുള്ളൂ.
ചോദ്യം(18):
ഭാരതീയ സംസ്ക്കാരത്തിന്റെ തന്നെ പ്രാദേശിക സംഘർഷങ്ങളെ കൂടുതൽ വൈപുല്യത്തോടെ ഉയർത്തിക്കൊണ്ടുവരാനും ഹിന്ദുവെന്നസംജ്ഞയിൽത്തന്നെ അവാന്തരം സൃഷ്ടിക്കാനുമുള്ള ശ്രമം നടക്കുന്നു. അതു സംബന്ധിച്ചുള്ള അഭിപ്രായം?
ഉത്തരം: ചോദ്യം വ്യക്തമല്ല. ‘ഹിന്ദു’വെന്ന പദം കുഴപ്പം പിടിച്ചതാണ്. ഇസ്ലാംമതം, ക്രിസ്തുമതം എന്നിവ പോലെ ഒരു സംഘടിത മതത്തിന്റെ സ്വഭാവം ഹിന്ദുമതത്തിനില്ല. പ്രസക്തമായ മതത്തിൽ വിശ്വസിക്കുന്നവർ മുഴുവൻ അംഗീകരിക്കുന്ന ഒരു വിശുദ്ധഗ്രന്ഥം, അനുഷ്ഠിക്കുന്ന ഒരാചാര രീതി, ഒരു സ്ഥാപകൻ അഥവാ പ്രവാചകൻ എന്നിങ്ങനെ മതത്തിന് ഉണ്ടായിരിക്കേണ്ടുന്ന ബാഹ്യഘടകങ്ങളൊന്നും (ഉദാ: ഖുറാൻ, പള്ളിയിൽ നമസ്കരിക്കൽ, മുഹമ്മദുനബി എന്നിവ ഇസ്ലാം മതത്തിന്, ബൈബിൾ, ചർച്ചിൽ കുർബ്ബാന, യേശുക്രിസ്തു എന്നിവ ക്രിസ്തുമതത്തിന്.) ഹിന്ദുമതത്തിനില്ല. ഹിന്ദുക്കളുടെ അനേകം ഈശ്വരന്മാരിൽ ഒരാളായ വിഷ്ണുവിന്റെ ഒരവതാരമായ കൃഷ്ണൻ പ്രമുഖനായി വർണിക്കപ്പെടുന്ന ‘ഭഗവദ്ഗീത ഹിന്ദുമതവിശ്വാസികൾ എല്ലാം അംഗീകരിക്കുന്ന മതഗ്രന്ഥമല്ല. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, ഭക്തികാവ്യങ്ങൾ (അധ്യാത്മരാമായണം, തുളസീദാസ രാമായണം മുതലായവ) എന്നിങ്ങനെ നൂറുകണക്കിന് ഗ്രന്ഥങ്ങൾ ഹിന്ദു മതഗ്രന്ഥങ്ങളുടെ സ്ഥാനം വഹിക്കുന്നു. അതുകൊണ്ടുതന്നെ ഹിന്ദുമതത്തിന് ഈ ഗ്രന്ഥകാരന്മാരെല്ലാം ആചാര്യന്മാരാണ്. അവർ തമ്മിലാകട്ടെ പല കാര്യങ്ങളിലും ഭിന്നാഭിപ്രായവുമാണ്. ഏകരൂപമായ ഒരാചാരരീതിയും ഹിന്ദുമതത്തിനില്ല. വിഗ്രഹാരാധനയോ ക്ഷേത്രസന്ദർശനമോ നടത്തിയാലേ ഹിന്ദുവാകൂ എന്നില്ല. ഈശ്വരവിശ്വാസമില്ലാത്തവരും ഹിന്ദുക്കളിലുണ്ട്. ഈശ്വരവിശ്വാസമുള്ളവരിൽത്തന്നെ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ട്. ക്ഷേത്രസന്ദർശനം ആഗ്രഹിച്ചാൽത്തന്നെ എല്ലാ ഹിന്ദുക്കൾക്കും ആ കൃത്യം നിർവഹിക്കുവാൻ സാധിച്ചിരുന്നുമില്ല. അവർണരെ ക്ഷേത്രത്തിൽ കടത്തിയിരുന്നില്ല. ഇന്നും അഖിലേന്ത്യാ വ്യാപകമായി ഇക്കാര്യത്തിൽ ആരോഗ്യകരമായ മാറ്റം വന്നുവെന്നുപറയാൻ പറ്റില്ല. ജാതി വ്യവസ്ഥയാണ് കാരണം. ജാതീയമായ ഉച്ചനീചത്വങ്ങൾ ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലനില്ക്കുന്നു. ഏതെങ്കിലുമൊരു ജാതിയിൽനിന്നുകൊണ്ടേ ഹിന്ദുവായി ജീവിക്കാനാവൂ എന്നതാണ് നില. നാനാ ജാതികളുടെ ഒരു സമാഹാരമാണ് ഹിന്ദുമതമെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ഹിന്ദുവിന് ജാതിഭ്രഷ്ട് മാത്രമേയുള്ളൂ, മതഭ്രഷ്ടില്ല. എന്നാൽ ആധുനികീകരണം വ്യാപകമാവുന്നതോടെ ലോകത്തെമ്പാടും, അതിന്റെ ഭാഗമായ ഇന്ത്യയിലും, സംഘടിത മതങ്ങൾ തന്നെ മതകാര്യങ്ങളിൽ കൂടുതൽ കൂടുതൽ അയവു വരുത്താൻ തയ്യാറായിക്കൊണ്ടിരിക്കുന്നതു കാണാം. അപ്പോൾ പണ്ടുമുതൽക്കേ സംഘടിത സ്വഭാവമില്ലാ തിരുന്ന ഹിന്ദുമതത്തെ അങ്ങനെയാക്കാൻ, ഏകരൂപമായ ഒന്നാക്കാൻ, ചിലർ ശ്രമിച്ചാൽ അതെങ്ങനെ വിജയിക്കാനാണ്? ഏകാത്മവാദമെന്നും ആക്രാമകമായ ഹിന്ദുത്വമെന്നും മറ്റുമുള്ള പേരുകളിൽ ഹിന്ദുമതത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള വർഗീയവാദികളുടെ ശ്രമങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്.
ചോദ്യം(19):
കുറെയേറെ നല്ലകാര്യങ്ങൾ സൂചിപ്പിച്ചുപോയ ക്ലാസ്സ് നന്നായി. കുറച്ചുകൂടി സമയമുണ്ടായാൽ ഏറെ നന്നായിരുന്നു. സംശയങ്ങളും കുറേ തീർക്കാമായിരുന്നു. എങ്കിലും രണ്ടു സംശയങ്ങൾ:
വിശ്വാസം, വർണഭേദം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് ഹിന്ദുമതം ഒരു “മതമല്ലെന്ന് പറഞ്ഞുവല്ലോ. എന്നാൽ യഥാർഥത്തിൽ ഇസ്ലാം മതത്തിലും (സുന്നി, ഷിയ, മുജാഹിദ് തുടങ്ങിയവ) ക്രിസ്തുമതത്തിലും (കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, യാക്കോബായ തുടങ്ങിയ വിഭാഗങ്ങൾ)ജാതീയ കാഴ്ചപ്പാടില്ലേ? ആരാധനാക്രമത്തിലും വൈരുധ്യങ്ങളുണ്ട്. ഉദാ: ഇസ്ലാം മതത്തിൽ ചില വിഭാഗങ്ങൾ നേർച്ചയും മറ്റും കഴിക്കുന്നു. ചില വിഭാഗങ്ങൾ അതിന് വിരുദ്ധമാണ്. ഇങ്ങനെ കുറേ ഉദാഹരണങ്ങൾ കാണാം. ദൈവവിശ്വാസവും അങ്ങനെതന്നെ. ഇങ്ങനെ വരുമ്പോൾ മതം എന്നതിന്റെ മാനദണ്ഡം എന്താണ്? വിശദീകരണം ആഗ്രഹിക്കുന്നു. ചാർവാകദർശനത്തിലെ നാലു ഭൂതങ്ങൾ എന്നുസൂചിപ്പിച്ചുവല്ലോ. എന്നാൽ പഞ്ചഭൂതങ്ങൾ (പൃഥിവി, അപ്പ്, തേജസ്, വായു, ആകാശം) എന്നു പറഞ്ഞു കേൾക്കുന്നു. ഇതിന്റെ വസ്തുത എന്താണ്? അത് അശാസ്ത്രീയമല്ലേ?
ഉത്തരം: സംഘടിതമതങ്ങളിലും “ജാതി വിഭാഗവും ആചാരഭേദവും ഉണ്ടെന്ന് പറഞ്ഞത് ശരിയാണ്. എന്നാൽ ഞങ്ങൾ ഹിന്ദുക്കളേയല്ല; മൃഗങ്ങൾക്ക് നടന്നുപോകാവുന്ന വഴിയിലൂടെ പോലും ഞങ്ങളെ പോകാനനുവദിക്കുന്നില്ലല്ലോ’ എന്ന അനുഭവതീവ്രമായ വിചാരത്തോടെ മറ്റു മതങ്ങളിലേക്ക് മാറിപ്പോകാൻ നിർബന്ധിക്കപ്പെടുന്ന ( ഉദാ: അംബേദ്കറുടെ ബുദ്ധമത സ്വീകരണം) അവസ്ഥ ഹിന്ദുമതത്തിനല്ലാതെ ലോകത്തിൽ മറ്റൊരു മതത്തിനുമുണ്ടെന്നു തോന്നുന്നില്ല. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ഇത്രമേൽ ക്രൂരമായ ജാതിവ്യവസ്ഥ മറ്റൊരിടത്തുമില്ല. പ്രായോഗികമായി ഒരിക്കലും സമത്വത്തെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും അംഗീകരിച്ചിട്ടില്ലാത്ത മതമാണ് ഹിന്ദുമതമെന്ന ന്യായമായ ആക്ഷേപം ഇന്നും നിലനില്ക്കുന്നു. പുനരുജ്ജീവനവാദികൾ കൊണ്ടുനടക്കുന്ന ആക്രാമകഹിന്ദുമതമാകട്ടെ, മറ്റു സംഘടിത മതങ്ങളെപ്പോലെ അന്യമതവിദ്വേഷം മുഖമുദ്രയായിട്ടുള്ളതാണുതാനും. ചാർവാകദർശനം നാലു ഭൂതങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. ആകാശം അമൂർത്തമാകയാൽ അതിനെ സ്വീകരിക്കുന്നില്ല. പഞ്ചഭൂതങ്ങൾ എന്നു പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതിൽ ആകാശം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ അപാകതയൊന്നുമില്ല.
ചോദ്യം(20):
ഗീത, രാമായണം എന്നിവയൊക്കെ ഹിന്ദുമതഗ്രന്ഥങ്ങളല്ല എന്നു പറയുവാൻ സാധിക്കുമോ?
ഉത്തരം: ഗീത മാത്രമാണ് ഹിന്ദുമതഗ്രന്ഥം എന്നു പ്രചരിപ്പിച്ചിട്ടുള്ളതിനെയാണ് ഞാൻ എതിർത്തത്. വേദേതിഹാസപുരാണങ്ങളുടെ രൂപത്തിൽ ഹിന്ദുമതഗ്രന്ഥങ്ങൾ നൂറുകണക്കിലാണ് എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, അവയിൽ പലതിനും മതനിരപേക്ഷതയുടെ അടിസ്ഥാനമാണ് ഉണ്ടായിരുന്നത്. ഉദാ: വാല്മീകിരാമായണം. ഒന്നാന്തരം സാഹിത്യകൃതികൾ എന്ന നിലയിൽ അത്തരം ഗ്രന്ഥങ്ങൾ ഏതു മതവിശ്വാസിക്കും ഒരു മതവിശ്വാസവുമില്ലാത്തവനും വായിച്ചാസ്വദിക്കാൻ കഴിയും.
ചോദ്യം(21):
പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ അംഗീകരിക്കുന്നു. പക്ഷെ, അത് Biased(പക്ഷപാതപരം) ആയിപ്പോയോ? ബാബറി മസ്ജിദ് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായില്ല.
ചോദ്യം(22
രാമജന്മഭൂമി പ്രശ്നത്തെക്കുറിച്ച് താങ്കൾ സംസാരിച്ചത് മുൻവിധിയോടെയല്ലേ? രാമൻ അയോധ്യയിലല്ല ജനിച്ചത് എന്നതിന് തെളിവുകളുണ്ടോ?
ചോദ്യം(23)
രാമനെപ്പറ്റി വാല്മീകിരാമായണം അവതരിപ്പിക്കുന്നതെന്താണ്? വ്യക്തമായ ഒരു ചിത്രം തരാമോ? ജന്മസ്ഥലത്തെക്കുറിച്ച് അതിലുള്ള പരാമർശമെന്താണ്?
ചോദ്യം(24)
15,16,17 നൂറ്റാണ്ടുകളിൽ രാമന് ദൈവികപരിവേഷം കൊടുത്തുകൊണ്ടുള്ള പുസ്തകങ്ങൾ രചിക്കപ്പെട്ടുവെന്നു പറഞ്ഞു. ഇന്ത്യയിലങ്ങോളമിങ്ങോളം ഏതാണ്ട് ഒരേ കാലത്ത് ഒരേ ആശയമുൾക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകരചന നടക്കാൻ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു?
ചോദ്യം(25)
രാമന് ഈശ്വരത്വം ലഭിക്കുന്നത് 16-ാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാന ത്തോടെയാണല്ലോ. അതിനുശേഷമാണ് ശ്രീരാമക്ഷേത്രങ്ങൾ ഉണ്ടായിട്ടുള്ളതെന്നും പറയുന്നു. ഇത് ശരിയാണോ? ഉദാ: തൃപ്രയാറിലെ (തൃശൂർ ജില്ല) ശ്രീരാമക്ഷേത്രം അതിനും മുൻപല്ലേ നിർമിക്കപ്പെട്ടത്?
ചോദ്യം(26)
ഭക്തിപ്രസ്ഥാനം വളരാനുണ്ടായ സാമൂഹ്യസാഹചര്യങ്ങൾ ? അത് വേരുറയ്ക്കാനും ജനജീവിതത്തിന്റെ വിശ്വാസം’ ആകാനുമുള്ള കാരണങ്ങൾ?
ചോദ്യം(27)
കടലിലിറങ്ങി അമ്പെയ്ത മീൻപിടിക്കുന്ന ജിംനാഷ്യം രാമന്റെ ചിത്രം നിരത്തുവക്കത്തെല്ലാം വെച്ചതെന്തിനാണ്?
ചോദ്യം(28)
ചരിത്രത്തിൽ സോമനാഥക്ഷേത്ര ധ്വംസനം തുടങ്ങി പല ക്ഷേത്രധ്വംസനങ്ങളെയും പരാമർശിക്കുന്നുണ്ടല്ലോ. അത് എന്ന് ചരിത്രത്തിൽ കടന്നുകൂടിയതാണ്? അതുമുഴുവൻ ശരിയാണോ? മതധ്വംസനമാണോ, സാമ്പത്തികക്കൊള്ള മാത്രമാണോ അതിന്റെ ലക്ഷ്യങ്ങൾ?
ചോദ്യം(29)
ഹിന്ദുമതമൗലിക – വർഗീയവാദികളെക്കുറിച്ചുള്ള ചർച്ച വ്യാപകമാണല്ലോ. എന്നാൽ ഈ രീതിയിലുള്ള ചർച്ചകൾക്കിടയിലും, പല ഹൈന്ദവരിലും രൂഢമൂലമായിട്ടുള്ളത് മറ്റു മതക്കാർ ഇവിടെ ആധിപത്യം സ്ഥാപിച്ച് നടത്തിയ ആക്രമണങ്ങളെ വെള്ളപൂശുകയാണ് പുരോഗമനവാദികൾ ചെയ്യുന്നത് എന്ന ചിന്തയാണ്. എത്ര മാത്രം ശരിയാണ് ഈ നിഗമനം? താങ്കൾ സൂചിപ്പിച്ച മറ്റു മതക്കാർക്കിടയിലുള്ള അന്യതാബോധം’ ശരിയാണോ? താങ്കളുടെ പ്രഭാഷണത്തിലും ഇന്നത്തെ സാഹചര്യത്തിൽ ഉടലെടുത്ത ഹിന്ദുവർഗീയതയുടെ തീവ്രതയ്ക്കു മാത്രമാണ് ഊന്നൽ നൽകിയത്. ഇതുതന്നെ മേൽപറഞ്ഞ വാദത്തിന് ഉദാഹരണമല്ലേ? (രാമക്ഷേത്രത്തിന്റെ പ്രശ്നം മാറ്റി കാര്യങ്ങൾ എടുത്താൽ).
ചോദ്യം(30)
വിശ്വഹിന്ദുപരിഷത്ത് രാമജന്മഭൂമിയെക്കുറിച്ചുള്ള വിദഗ്ധന്മാരുടേതെന്ന് അവകാശപ്പെടുന്ന തെളിവുകൾ കേന്ദ്രഗവൺമെന്റിന് കൈമാറിയിട്ടുണ്ടല്ലോ? ബാബറി ആക്ഷൻ കമ്മിറ്റിയും തങ്ങൾക്കനുകൂലമായ തെളിവുകൾ എന്നുപറഞ്ഞ് രേഖകൾ ഹാജരാക്കിയിട്ടുണ്ട്. നിഷ്പക്ഷനായ ഒരാൾ ഇക്കാര്യത്തിൽ ഏതു നിലപാടെടുക്കണം.
ഉത്തരം : നാടോടിക്കഥകളിലൂടെ ജനങ്ങൾക്കിടയിൽ മുൻപേ പ്രചാരം നേടിയിരിക്കാവുന്ന രാമകഥയെ ആദ്യമായി സാഹിത്യ സൃഷ്ടിക്ക് വിഷയമാക്കുന്നത് വാല്മീകിയാണ്. ഏതാണ്ട് രണ്ടായിരം കൊല്ലത്തിന്റെ പഴക്കം രാമായണത്തിന് കല്പിക്കാം. വാല്മീകിരാമായണത്തിൽ മാതൃകാപുരുഷനായി ഉദ്ദേശിക്കപ്പെട്ട രാമനെയാണ് നാം കാണുന്നത്. സർവഗുണസമ്പന്നനായ മനുഷ്യൻ ആരെന്ന് നാരദനിൽനിന്ന് കേട്ടറിഞ്ഞ വാല്മീകി അങ്ങനെയുള്ള രാമനെ നായകനാക്കി കാവ്യം രചിക്കുകയാണുണ്ടായതെന്ന് രാമായണത്തിൽ പറയുന്നുണ്ട്. അനായാസമായി കൈയിൽ വന്നുകിട്ടിയ രാജ്യം, അച്ഛന്റെ സത്യം പാലിക്കുന്നതിനുവേണ്ടി, ഉപേക്ഷിക്കാനും പതിനാലുകൊല്ലം കാനനവാസം നടത്താനും തുനിഞ്ഞിറങ്ങുന്ന സഹിഷ്ണുതയുടെയും ക്ഷമയുടെയും ത്യാഗത്തിന്റെയും മൂർത്തിമദ്ഭാവമായ രാമൻ എന്നും ആർക്കും അനുകരണീയൻ തന്നെ. ഇത്തരം പല ഗുണങ്ങൾ രാമനുള്ളതായി വാല്മീകി വർണിക്കുന്നുണ്ട്. ഒപ്പം മനുഷ്യസഹജമായ ദൗർബല്യങ്ങളിൽനിന്ന് അദ്ദേഹം മുക്തനല്ലെന്നും കവി ചൂണ്ടിക്കാട്ടാൻ മടിക്കുന്നില്ല. ബാലിവധം, അഗ്നി പരീക്ഷ, സീതാപരിത്യാഗം, ശൂദ്രമുനി (ശംബൂക) വധം മുതലായ രാമന്റെ നടപടികൾക്ക് (ഇവയിൽ ചിലത് അന്നത്തെ സാമൂഹ്യാവസ്ഥയിൽ ന്യായീകരണം അർഹിക്കുന്നുണ്ടായിരിക്കാം) പിന്നിലെ മനോഭാവം ആധുനികകാലത്ത് അനുകരണീയമാണെന്ന് ആരും പറയുകയില്ല. ചുരുക്കത്തിൽ വാല്മീകിയുടെ രാമൻ മനുഷ്യനാണ്. രാമൻ ഈശ്വരനാണെന്നു വരുത്തിത്തീർക്കുന്ന ചില ഭാഗങ്ങൾ ആദികാവ്യത്തിൽ ഇപ്പോൾ കാണുന്നത് പില്ക്കാലത്ത് കൂട്ടിച്ചേർത്തവയാണെന്ന് എല്ലാ പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്. ക്രി.പി. നാലാം നൂറ്റാണ്ടിൽ ജീവിച്ച കാളിദാസന്റെ രഘുവംശമഹാകാവ്യത്തിലാണ് പിന്നീട് രാമകഥ ശ്രദ്ധേയമായ നിലയിൽ വർണിക്കപ്പെടുന്നതായി നാം കാണുന്നത്. രഘുവംശത്തിൽ ദിലീപൻ, രഘു, അജൻ, ദശരഥൻ, രാമൻ, കുശൻ മുതലായ സൂര്യവംശരാജാക്കന്മാരുടെ ചരിതങ്ങളാണ് വിവരിക്കുന്നത്. രാമൻ വിഷ്ണുവിന്റെ അവതാരമാണെന്ന് കാളിദാസൻ പറയുന്നുണ്ട്. പക്ഷേ, ക്ഷേത്രങ്ങളിൽ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഒരീശ്വരന്റെ പദവിയിലേക്ക് രാമൻ അക്കാലത്ത് ഉയർത്തപ്പെട്ടിരുന്നില്ല. എങ്കിൽ കാളിദാസൻ തന്റെ കാവ്യത്തിൽ ഏറ്റവും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് കൊടുക്കുമായിരുന്നു. വാല്മീകി രാമായണത്തിന്റെ അന്തസ്സത്തയ്ക്കനുസൃതമായി രാമന്റെ സത്കർമങ്ങളെയെന്നപോലെ ദുഷ്ചെയ്തികളെയും വിമർശനാത്മകമായി വർണിക്കുകയാണ് കാളിദാസൻ ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ജീവിച്ച കുലശേഖര ആഴ്വാരുടെ കാലത്തോടെ ദക്ഷിണേന്ത്യയിൽ രാമൻ വിഷ്ണുവിന്റെ അവതാരം മാത്രമല്ല ഈശ്വരനുമാണെന്ന വിശ്വാസം വേരുറച്ചുതുടങ്ങി. ആഴ്വാർ വലിയ രാമഭക്തനായിരുന്നുവെന്നാണ് ഐതിഹ്യം. പന്ത്രണ്ടാം നൂറ്റാണ്ടുകാരനായ കമ്പർ തന്റെ തമിഴ് രാമായണത്തിൽ രാമനെ ഈശ്വരാംശമായി ഗണിക്കുന്നുണ്ട്. തൃപ്രയാറിലെ രാമക്ഷേത്രം ഇക്കാലത്തെപ്പോഴെങ്കിലും നിർമിച്ചിരിക്കാനിടയുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടിൽ പ്രയാഗയിൽ ജനിച്ചു വളർന്ന രാമാനന്ദൻ നേതൃത്വം കൊടുത്ത രാമഭക്തി പ്രസ്ഥാനത്തിന്റെ പ്രചാരത്തോടെയാണ് ഇന്ത്യയിലൊട്ടുക്കും രാമഭക്തി പരന്നത്. ഹിന്ദുമതത്തിലെ ക്രൂരമായ ജാതിവ്യവസ്ഥ കെട്ടിപ്പൊക്കിയ അസമത്വത്തിന്റെ കോട്ടകൾ തച്ചുതകർക്കുന്നതിന് ഭക്തിപ്രസ്ഥാനം പൊതുവിൽ ലക്ഷ്യമിട്ടു. ദൈവത്തിന്റെ മക്കളാണ് എല്ലാ മനുഷ്യരുമെങ്കിൽ ആ ദൈവത്തിന്റെ മുൻപിൽ അവർ സമന്മാരായിരിക്കണം, ജാതീയമായ ഉച്ചനീചത്വങ്ങളാണ് അതിന് തടസ്സം എന്ന് ഭക്തിപ്രസ്ഥാനാചാര്യന്മാർ ഉദ്ബോധിപ്പിച്ചു. മുസ്ലീമാക്രമണങ്ങളും ഇതിലേക്ക് പ്രേരണ ചെലുത്തിയിരിക്കണം. ഭക്തിപ്രസ്ഥാനത്തിന്റെ ഒരു പ്രമുഖശാഖയായി രാമാനന്ദന്റെ രാമഭക്തിപ്രസ്ഥാനം വളർന്നു. രാമഭക്തിയും ഹൃദയശുദ്ധിയുമുണ്ടെങ്കിൽ ഏതു ചണ്ഡാലനും ഉത്കൃഷ്ടനാണ്; അവ രണ്ടുമില്ലെങ്കിൽ ഏത് ബ്രാഹ്മണനും നികൃഷ്ഠനാണ് രാമാനന്ദൻ ഉദ്ബോധിപ്പിച്ചു. ക്ഷുരകനായ സേന, നെയ്തുകാരനും മുസ്ലീമുമായ കബീർ, ബ്രാഹ്മണനായ നരഹരി (തുളസീദാസന്റെ ഗുരു) എന്നിങ്ങനെ നാനാ ജാതിമതസ്ഥരായ ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. വാല്മീകി രാമായണത്തിലൂടെയും മറ്റു കാവ്യനാടകങ്ങളിലൂടെയും ജനമനസ്സിൽ പ്രതിഷ്ഠ നേടിയ രാമനെയും സീതയെയും പോലുള്ള കഥാപാത്രങ്ങൾ വിപുലമായ തോതിൽ അമ്പലങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട് ശരിക്കും ദേവീദേവന്മാരെന്ന നിലയ്ക്ക് ആരാധിക്കപ്പെട്ടു തുടങ്ങിയത് ഈ രാമഭക്തി പ്രസ്ഥാനക്കാലത്തെതുടർന്നാണ്. അവതാരപ്രാധാന്യമുള്ള രാമാരാധന അങ്ങനെ പ്രബലമായതോടുകൂടി അതിന്റെ പ്രചാരണത്തിനുവേണ്ടി ഭക്തകവികൾ രാമഭക്തികാവ്യങ്ങൾ രചിക്കാൻ തുടങ്ങി. അക്കാലത്താണ് പഴയ രാമായണത്തെ ഈ പുതിയ വെളിച്ചത്തിൽ പുനർവ്യാഖ്യാനിച്ചുകൊണ്ടുള്ള രാമഭക്തികാവ്യങ്ങൾ ഉടലെടുത്തത്. തുടർന്ന് 15-ാം നൂറ്റാണ്ടിൽ, രാമനെ വിഷ്ണുവിന്റെ അവതാരമായ ദേവനായും സീതയെ മഹാലക്ഷ്മിയുടെ അവതാരമായ ദേവിയായും മറ്റും സങ്കല്പിച്ചു കൊണ്ട് ആധ്യാത്മികമായും ഐശ്വര്യമായും രാമകഥയെ പുനരാവിഷ്ക്കരിക്കുന്ന “അധ്യാത്മരാമായണം’ എന്ന സംസ്കൃത കൃതി എഴുതപ്പെടുന്നു. അയോധ്യാ കാണ്ഡത്തിൽ നാരദൻ രാമനെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ ജനനകാരണം ഉണർത്തുകയും അതനുസരിച്ച് രാമൻ കാട്ടിലേക്ക് പോകാൻ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നതായി ആധ്യാത്മരാമായണത്തിൽ പറയുന്നു. ഇത് വാല്മീകിരാമായണത്തിലില്ല. രാമനാമം മറിച്ചുരുവിട്ട് കാട്ടാളനായ വാല്മീകി സിദ്ധനായിത്തീരുന്ന കഥയും ആദികാവ്യത്തിൽ ഇല്ലാത്തതാണ്. സാക്ഷാൽ സീതയെ ഒരു കൊല്ലം അഗ്നിയിൽ ഒളിപ്പിക്കുന്നതും മായാസീതയെക്കൊണ്ട് അപഹരണം മുതൽ അഗ്നിപരീക്ഷവരെയുള്ള കഥ നടത്തിക്കുന്നതും അധ്യാത്മരാമായണകാരന്റെ സൃഷ്ടിയത്രെ. സീതയും രാമനും മഹാലക്ഷ്മിയുടെയും മഹാവിഷ്ണുവിന്റെയും അവതാരങ്ങളായി, ഈശ്വരത്വം സിദ്ധിച്ചവരായി, അവതരിപ്പിക്കപ്പെടുന്നതിന് ഇത്തരം വ്യതിയാനങ്ങൾ ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ അധ്യാത്മരാമായണത്തിന്റെ തർജമകളായോ ഗണ്യമായ സ്വാധീനമുൾക്കൊണ്ടുകൊണ്ടോ ഒട്ടനേകം രാമായണങ്ങൾ ഒട്ടെല്ലാ പ്രാദേശികഭാഷകളിലും ഉണ്ടായി. 16, 17 നൂറ്റാണ്ടുകളിൽ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് (മലയാളം), നരഹരിയുടെ തൊരവേ രാമായണം (കന്നഡ), ദാണ്ഡിരാമായണം (ഒറിയ), കൃത്തിവാസരാമായണം (ബങ്കാളി), ഏകനാഥന്റെ ഭാവാർഥരാമായണം (മറാത്തി), മൊല്ല രാമായണം (തെലുഗു) എന്നിവ അങ്ങനെ നമുക്ക് കിട്ടിയ കൃതികളാണ്. തുളസീദാസന്റെ (1532-1623) രാമചരിതമാനസം (ഹിന്ദി) ആണ് അക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം, രാമഭക്തികാവ്യങ്ങളുടെ മകുടോദാഹരണങ്ങളായ ഈ കൃതികളിലെല്ലാം ഹിന്ദുക്കളുടെ ഇടയിൽ ഇന്ന് പ്രചരിക്കുന്ന രാമനെന്ന ഈശ്വരനെക്കുറിച്ചുള്ള സങ്കല്പം തന്നെയാണ് കാണാൻ കഴിയുക. രാമക്ഷേത്രങ്ങൾ ഇന്ത്യയുടെ നാനാഭാഗങ്ങളിലും, വിശേഷിച്ച് ഉത്തരേന്ത്യയിൽ വ്യാപകമായി ഉയർന്ന് തുടങ്ങിയത് ഈ രാമഭക്തിസാഹിത്യത്തിന്റെ ശീതളച്ഛായയിലത്രെ. വൃന്ദാവനത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള കൃഷ്ണഭക്തിസാഹിത്യമെന്നപോലെ, അയോധ്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു രാമഭക്തി സാഹിത്യത്തിന് തുളസീദാസരാമായണം തുടക്കംകുറിച്ചു. രാമലീല മുതലായ ജനകീയ കലകൾക്ക് പ്രചോദനം നൽകിയതും ഇതുതന്നെ. ഇന്നോളം ജീവിച്ചിരുന്ന രാമഭക്തരിൽ അഗ്രഗണ്യനായ തുളസീദാസൻ തന്റെ പരമാരാധ്യമൂർത്തിയായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യയിൽത്തന്നെയിരുന്ന് രാമചരിതമാനസം പാടിപ്പാടി അവിടെവെച്ചുതന്നെ മരണമടയണമെന്നഭിലഷിച്ചിരുന്ന വ്യക്തിയാണ്. അക്കാരണം കൊണ്ടാണത്രെ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ദില്ലിയിലേക്കുള്ള, അക്കാലത്തെ ഏറ്റവും പ്രലോഭനീയമായ ക്ഷണം അദ്ദേഹം നിരസിക്കുകയുണ്ടായി. 1574-ലാണ് തുളസീദാസരാമായണത്തിന്റെ രചന. ഇന്ന് ഹിന്ദുമതവിശ്വാസികളുടെയിടയിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ പലതിനും അടിസ്ഥാനം വേദോപനിഷത് പുരാണേതിഹാസ ഭക്തികാവ്യാദികളുടെ സുദീർഘ പരമ്പരയല്ലാതെ മറ്റൊന്നുമല്ല. ഇവയിൽ വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ രാമൻ ഇല്ല; ഇതിഹാസത്തിൽ അദ്ദേഹം മനുഷ്യനായി മാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളൂ. ഈശ്വരനായ രാമനോ രാമക്ഷേത്രമോ അപരിചിതമെന്ന് വ്യക്തം. ഗുപ്തരാജാക്കന്മാരുടെ കാലത്തോടെ, അതായത് ഇന്നത്തെ നിലയിലുള്ള ഹിന്ദുമതത്തിന്റെ ആവിർഭാവത്തോടെ, വിഗ്രഹാരാധനയും ക്ഷേത്രങ്ങളും ഇന്ത്യയിൽ പ്രചാരം നേടിത്തുടങ്ങിയപ്പോൾ, കാളിദാസാദികളുടെ കൃതികളിൽ ആ ക്ഷേത്രകേന്ദ്രിത സംസ്കാരത്തിന്റെ പ്രതിഫലനം കാണാറായി. ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തെപ്പറ്റിയും മറ്റും കാളിദാസൻ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും രാമൻ ഈശ്വരനെന്നനിലയിൽ ക്ഷേത്രങ്ങളിൽ പൂജിക്കപ്പെട്ടുതുടങ്ങിയിട്ടില്ല. ശ്രീശങ്കരന്റെ കാലത്തോടെ (8-ാം നൂറ്റാണ്ട്) ഹിന്ദുമതത്തെക്കുറിച്ചുള്ള ഒട്ടെല്ലാ വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഭദ്രമായ അടിത്തറ ഉണ്ടായിക്കഴിഞ്ഞുവെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നതാണല്ലോ. പക്ഷേ അപ്പോഴും ശിവൻ, വിഷ്ണു, കൃഷ്ണൻ, ദേവി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരെപ്പോലെ രാമൻ ഈശ്വരനാണെന്ന വിശ്വാസമോ രാമനെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളോ പരക്കെ പ്രചാരത്തിൽ വന്നിട്ടില്ല. പിന്നീട് ഭക്തിപ്രസ്ഥാനകാലത്ത് രാമഭക്തിശാഖയുടെ വമ്പിച്ച പ്രചാരത്തോടെ, അധ്യാത്മരാമായണത്തിന്റെ രചനയോടെയാണ്, രാമൻ മാനുഷനല്ല, സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരവും ഈശ്വരനുമാണ്; ക്ഷേത്രങ്ങളിൽ വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ദേവനാണ്’ എന്ന വിശ്വാസം അഖിലേന്ത്യാ വ്യാപകമായി ബഹുജനങ്ങളിൽ രൂഢമൂലമാകുന്നത്. തുളസീദാസരാമായണം പോലുള്ള പ്രാദേശികഭാഷാ രാമഭക്തികാവ്യങ്ങൾ ഈ പ്രക്രിയയിൽ വഹിച്ച പങ്ക് അളവറ്റതത്രേ. അയോധ്യയാണ് രാമന്റെ ജന്മസ്ഥലമെന്ന് ഈ രാമായണം വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, അയോധ്യയിൽ രാമജന്മഭൂമി എന്ന പേരിൽ പ്രത്യേകമായി ഒരു സ്ഥലമുള്ളതായി ഒരിടത്തും സൂചിപ്പിക്കുന്നില്ല. അവിടെ ശ്രീരാമജന്മഭൂമിക്ഷേത്രമെന്ന പേരിലോ മറ്റോ ഒരു രാമക്ഷേത്രമുള്ളതായും ഈ കൃതികളിലൊന്നും അധ്യാത്മരാമായണത്തെത്തുടർന്നുണ്ടായ രാമഭക്തികാവ്യങ്ങളിൽ പോലും – പരാമർശമില്ല. അയോധ്യയിൽ വെച്ചുതന്നെ എഴുതപ്പെട്ട തുളസീദാസ രാമായണത്തിൽ പോലും, മറ്റു ധാരാളം ക്ഷേത്രങ്ങളെപ്പറ്റി മിഥിലയിലെ പാർവതി ക്ഷേത്രം, മഹേന്ദ്രപർവതത്തിനടുത്തുള്ള സ്വയം പ്രഭയുടെ ക്ഷേത്രം, ലങ്കയിൽ വിഭീഷണഭവനത്തിലെ രാമക്ഷേത്രം, സരയൂ നദിതീരത്തെ ക്ഷേത്രങ്ങൾ – പ്രസ്താവമുണ്ടായിട്ടും ശ്രീരാമജന്മഭൂമി എന്ന സ്ഥലത്തെപ്പറ്റിയോ അവിടെയുള്ളൊരു രാമക്ഷേത്രത്തെപ്പറ്റിയോ പരാമർശമില്ല എന്ന വസ്തുത വ്യക്തമാക്കുന്നത് 15-16 നൂറ്റാണ്ടുകളിൽ അയോധ്യയിൽ ആ പേരിൽ പ്രസിദ്ധമായ ഒരു സ്ഥലമോ ക്ഷേത്രമോ ഉണ്ടായിരുന്നില്ലെന്നല്ലാതെ മറ്റെന്താണ്? ചരിത്രകാരന്മാരും പുരാവസ്തുശാസ്ത്രജ്ഞന്മാരും ചരിത്രരേഖകളുടെയും പുരാവശിഷ്ടങ്ങളുടെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്ത് എത്തിച്ചേർന്ന നിഗമനവും ഇതിനെ ശരിവെക്കുന്നു. 16-ാം നൂറ്റാണ്ടിനു മുൻപ് ഉത്തരപ്രദേശിൽ രാമക്ഷേത്രങ്ങളുണ്ടായിരുന്നില്ല എന്നാണ് അവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. 1970-കളിൽ ഉത്തരപ്രദേശിൽ അയോധ്യയിലും പരിസരങ്ങളിലും നടത്തിയ ഉത്ഖനനങ്ങളുടെ അടിസ്ഥാനത്തിൽ ഡോ:ബി.ബി.ലാൽ എത്തിച്ചേർന്നിട്ടുള്ള നിഗമനം അവിടെ ബി.സി. ഏഴാം നൂറ്റാണ്ടിനുമുൻപ് മനുഷ്യവാസം പോലുമുണ്ടായിരുന്നില്ലെന്നാണ്. ത്രേതായുഗത്തിൽ (ചുരുങ്ങിയത് 4000-ത്തിൽ പരം കൊല്ലങ്ങൾക്കുമുമ്പെങ്കിലും) ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന രാമൻ, അപ്പോൾ, അവിടെ ജനിക്കുന്നതെങ്ങനെയാണ്? അന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാന ത്തിൽ അവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതിന്റെ സൂചന ലഭിക്കുന്നില്ലെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. 1528-ൽ ബാബറി മസ്ജിദ് നിർമിക്കുമ്പോൾ അവിടെയൊരു ക്ഷേത്രമുണ്ടായിരുന്നില്ലെന്നും അത് പൊളിച്ചിട്ടാണ് മസ്ജിദ് പണിതത് എന്നത് ഒരു കള്ളക്കഥയാണെന്നും ഇതിൽനിന്ന് വ്യക്തമാണ്. 1822 വരെ -അതായത് മൂന്നു നൂറ്റാണ്ടുകളോളം അതേക്കുറിച്ച് തർക്കങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന വസ്തുത ഇത് കൂടുതൽ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ അസന്തുഷ്ടരായ ഇന്ത്യക്കാരെ -വിശേഷിച്ച് ഉത്തരേന്ത്യക്കാരെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നുമുള്ള പേരിൽ ഭിന്നിപ്പിച്ച് അവരുടെ സമരൈക്യത്തെ തകർക്കുക എന്ന ലക്ഷ്യം വെച്ച് വൈദേശിക മേധാവിത്വം ആവിഷ്ക്കരിച്ച തന്ത്രമാണ് വർഗീയതയെ കുത്തിപ്പൊക്കുക എന്നത്. അതിന്റെ ഭാഗമാണ് അയോധ്യയിൽ മസ്ജിദ് പണിതത് അവിടെ മുൻപുണ്ടായിരുന്ന രാമക്ഷേത്രം തകർത്തിട്ടാണെന്ന് കെട്ടുകഥ പ്രചരിപ്പിക്കൽ. പല മുസ്ലീം രാജാക്കന്മാരുടെയും ക്ഷേത്രധ്വംസനങ്ങൾ ചരിത്ര വസ്തുതകളായി നിലനില്ക്കുമ്പോൾ, ഇത്തരമൊരു കഥ സത്യമെന്ന് ബോധ്യപ്പെടുത്താൻ വിഷമവും വരില്ല. തുടർന്ന് നടന്ന മസ്ജിദ് കേസ് 1934-ൽ ചെലവുസഹിതം തള്ളപ്പെടുകയും ചെയ്തു.
1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിൽ രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ത്യാ വിഭജനം അക്കാലത്ത് ഉത്തരേന്ത്യയിൽ വിശേഷിച്ചും കെട്ടഴിച്ചുവിട്ട വർഗീയാസ്വാസ്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ വർഗീയചിന്ത വളർന്നിരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇന്ത്യയെ എന്നെങ്കിലും ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്ന ആഗ്രഹം വെച്ചുപുലർത്തിയ ഹിന്ദുവർഗീയവാദികൾ ആ അന്തരീക്ഷത്തെ ര മുതലെടുത്തുകൊണ്ട് പ്രശ്നം കുത്തിപ്പൊക്കാൻ ശ്രമിച്ചു. 1949 ഡിസമ്പർ 22-ന് അർധരാത്രി ഏതാനും ഹിന്ദുമതഭ്രാന്തന്മാർ ശ്രീരാമന്റെ ഒരു വിഗ്രഹം ബാബറി മസ്ജിദിൽ പ്രതിഷ്ഠിച്ചു. ജില്ലാ ഭരണാധികാരികളുടെ ഒത്താശയോടെയായിരുന്നു ഇത്. അതേത്തുടർന്ന് മുസ്ലീങ്ങൾ അവിടെ ആരാധന നടത്താതായി കോടതിയിൽ കേസും കൊടുത്തു- പള്ളി വിട്ടുകിട്ടുന്നതിനുവേണ്ടി. അതിന്റെ അന്തിമ വിധി ഇന്നും വന്നിട്ടില്ല. 1985 അന്ത്യത്തിൽ, മൊഴി ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ന്യായമായ ചെലവ് നൽകണമെന്ന സുപ്രധാനമായ സുപ്രിം കോടതി വിധി (ഷാ ബാനു കേസിൽ ഉണ്ടായതിനെത്തുടർന്ന് മുസ്ലീം പ്രമാണിമാരും വർഗീയവാദികളും പ്രക്ഷുബ്ദരാവുകയും കേന്ദ്രഗവൺമെന്റിൽ സ്വാധീനം ചെലുത്തി കോടതിവിധിയെ മറികടക്കാൻ നിയമം പാസ്സാക്കിക്കുകയും ചെയ്തു. കേന്ദ്ര ഭരണ കക്ഷിയുടെ ഈ ന്യൂനപക്ഷ വർഗീയ പ്രീണനത്തിൽ ഇന്ത്യയിലെ മതനിരപേക്ഷവാദികളൊന്നടങ്കം പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഹിന്ദുവർഗീയവാദികൾ ഇതിനെ ഒരു നിമിത്തമായെടുത്ത്, കോടതിയിലിരിക്കുന്ന മസ് ജിദ് പ്രശ്നത്തിൽ തങ്ങൾക്കനുകൂലമായ നിലപാടെടുക്കുന്നതിന് ഗവൺമെന്റിൽ സമ്മർദം ചെലുത്തുകയാണുണ്ടായത്. അതിന്റെ ഫലമായി 1986-ൽ രാമവിഗ്രഹം നിൽക്കുന്ന മസ്ജിദ് ഭാഗം ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കാൻ കീഴ് കോടതിയുടെ ഒരിടക്കാല ഉത്തരവുണ്ടായി. അത് അസാധാരണമായ വേഗത്തിലാണ് നടപ്പിലായത്! ഇതിൽ പ്രതിഷേധിച്ച് മുസ്ലീം വർഗീയവാദികൾ ഇന്ത്യയിലെ 12 കോടി മുസ്ലീങ്ങളെ റിപ്പബ്ലിക്ക് ദിനബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്തു. അങ്ങനെ ഈ പ്രാദേശിക പ്രശ്നം ദേശീയ പ്രശ്നമായി വളർന്നു. ഇരുവർഗീയതകളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചു. 1989 നവമ്പറിൽ വിശ്വഹിന്ദുപരിഷത്ത് വർഗീയലഹളകൾക്ക് വഴിമരുന്നിട്ടുകൊണ്ട് ഇന്ത്യയിലെങ്ങും രാമശിലാപൂജ നടത്തി. അന്നത്തെ കേന്ദ്രഭരണകക്ഷിയാകട്ടെ ഇന്ത്യ കാത്തുസൂക്ഷിച്ച് മതനിരപേക്ഷതയെ കാറ്റിൽ പറത്തിക്കൊണ്ട് നവമ്പർ 9-ന് തർക്കസ്ഥലത്ത് രാമക്ഷേത്രത്തിനുള്ള ശിലാന്യാസം നടത്തിച്ചു. തർക്കസ്ഥലമാണ് അതെന്ന വസ്തുത സമർഥമായും വഞ്ചനാപരമായും മൂടിവെക്കുകയാണുണ്ടായത്. അയോധ്യയിൽ വെച്ച്, രാമരാജ്യം സ്ഥാപിക്കുമെന്ന വാഗ്ദാനത്തോടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചതും മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന ഒന്നായില്ല. ആ തെരഞ്ഞെടുപ്പിനെത്തുടർന്ന് ദേശീയ മുന്നണി ഗവൺമെന്റ് അധികാരത്തിലേറി. മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ കോടിക്കണക്കിന് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകുന്നതിനുദ്ദേശിച്ചുകൊണ്ടുള്ള മണ്ഡൽക്കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വി.പി.സിങ്ങ് പ്രഖ്യാപിച്ചു. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിലേക്കുള്ള ചെറിയൊരു പടവായി കണക്കാക്കാവുന്ന ആ ചുവടു വെപ്പിനെ നേരിട്ടെതിർത്തു കൊണ്ട് സംവരണവിരുദ്ധ സമരം ഉത്തരേന്ത്യയിലെങ്ങും കൊടുമ്പിരിക്കൊണ്ടു. സവർണ മേധാവിത്വത്തിന്റെ നേതൃത്വത്തിൽ നടന്ന മണ്ഡൽ വിരുദ്ധ സമരത്തിന് ആളും അർഥവും ധാർമിക പിന്തുണയും നൽകി ആക്കം കൂട്ടിയത് ബി.ജെ.പിയും. കോൺഗ്രസ്സ് ഐ യും ആയിരുന്നുവെന്ന പ്രസിദ്ധമാണ്. ഒരു മാസത്തിലധികം നിണ്ടുനിന്ന ആ സമരം വിജയിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ്, ബി.ജെ.പി.നേരിട്ട് രാമജന്മഭൂമി പ്രശ്നം കുത്തിപ്പൊക്കി ദേശീയ മുന്നണി ഗവൺമെന്റിന് ഭീഷണിയുയർത്താൻ നിശ്ചയിച്ചത്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ നേരെ വെല്ലുവിളിയുയർത്തിക്കൊണ്ട് ബി.ജെ.പി. നേതാവ് അധ്വാനി സോമനാഥക്ഷേത്ര പരിസരത്തിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര നയിച്ചു. രഥം പോയ വഴിയിൽ മുഴുവൻ വർഗീയലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ദക്ഷിണേന്ത്യയിൽ പോലും അവ പടർന്നുപിടിക്കാനിടയായി. പക്ഷേ, ഒക്ടോബർ 30 -ന് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയാനുള്ള നീക്കത്തെ സർവശക്തിയുമുപയോഗിച്ച് ദേശീയ മുന്നണി ഗവൺമെന്റ് തടഞ്ഞു. ബി.ജെ.പി. പിന്തുണ പിൻവലിച്ചതോടേ മന്ത്രിസഭ വീഴുകയും ചെയ്തു.
ഈ സംഭവവിവരണം വ്യക്തമാക്കുന്നത് ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം യഥാർഥ മതവിശ്വാസത്തിന്റെയോ ദൈവവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും അധികാര രാഷ്ട്രീയത്തിൽ അധീശത്വം നേടുന്നതിനുവേണ്ടി മതത്തെയും ദൈവത്തെയും ഉപയോഗപ്പെടുത്തുന്ന വർഗീയതയുടെ വഞ്ചനാപരമായ തന്ത്രമാണ് അതിനു പിന്നിൽ നടന്നതെന്നുമാണ്. വിശ്വഹിന്ദു പരിഷത്തും ബാബറി മസ്ജിദ് കമ്മിറ്റിയും താന്താങ്ങളുടെ വാദങ്ങൾക്കനുകൂലമായി ഗവൺമെന്റിന് സമർപ്പിച്ച രേഖകളെപ്പറ്റി; 11-ാം നൂറ്റാണ്ടിൽ അയോധ്യയിൽ ഇപ്പോൾ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്തിനുവേണ്ടി എസ്.പി. ഗുപ്ത അവകാശപ്പെടുന്നത്. അത് രാമക്ഷേത്രമാണെന്ന് തെളിയിക്കുന്ന യാതൊന്നും അദ്ദേഹം അവതരിപ്പിക്കുന്നില്ല. അത് പൊളിച്ചിട്ട് അതിന്റെ തൂണുകൾ ഉപയോഗിച്ചിട്ടാണ് മസ്ജിദ് പണിതത് എന്നത് ഊഹം മാത്രമാണ്. വിവിധ മതങ്ങളുടെ ദേവാലയ നിർമാണങ്ങളിൽ – മധ്യയുഗത്തിൽ വിശേഷിച്ചും ധാരാളം മിശ്രണങ്ങൾ കാണുന്നുണ്ട്. ശില്പികൾ ഹിന്ദുക്കളാവും; ദേവാലയം മുസ്ലീങ്ങളുടേതാവും- അങ്ങനെ വരുമ്പോൾ ഹിന്ദുശില്പ രീതി മുസ്ലീം ദേവാലയ നിർമിതിയിൽ സ്വഭാവികം മാത്രം. ബാബറി മസ്ജിദിലെ ഹൈന്ദവാംശങ്ങൾക്ക് ഈ വിശദീകരണം ധാരാളമാണ്. അജന്തയിലും മറ്റുമുള്ള ബൗദ്ധ ദേവാലയങ്ങൾ പലതും കണ്ടാൽ ഹൈന്ദവക്ഷേത്രങ്ങളെന്നുതന്നെ തോന്നും ശില്പരീതികൾ കൊണ്ടും മറ്റും. അതിനും കാരണം ഇതുതന്നെയാണ്. സംഗീത ചിത്രമെഴുത്ത്, ശില്പം, നാടൻകലകൾ എന്നിവയിലെല്ലാം ഇതുപോലുള്ള കലർപ്പ് ധാരാളമായി കാണാൻ കഴിയും. ക്ഷേത്രധ്വംസനങ്ങൾ മുഴുവൻ മുസ്ലീം രാജാക്കന്മാരുടെ മേൽ വെച്ചുകെട്ടുന്ന തെറ്റായ ഒരു പ്രവണതയുണ്ട്. ഹിന്ദുരാജാക്കന്മാരും ക്ഷേത്രം നശിപ്പിച്ചതിന് തെളിവുകളുണ്ട്. കാശ്മീരിൽ ഹർഷൻ എന്ന രാജാവിന്റെ ഒരു മന്ത്രിയുടെ വകുപ്പു തന്നെ വിഗ്രഹഭഞ്ജനം’ (ക്ഷേത്രങ്ങളിലെ പ്രതിമകൾ തകർക്കൽ) ആയിരുന്നുവെന്ന് കൽഹണന്റെ രാജതരംഗിണി എന്ന ചരിത്രകാവ്യത്തിൽ കാണാം. സാമ്പത്തികമാണ് അത്തരം ക്ഷേത്രധ്വംസനത്തിന്റെ ലക്ഷ്യം. ഖജനാവ് കാലിയായാൽ ക്ഷേത്ര സംബന്ധമായ ജനകീയാന്ധവിശ്വാസങ്ങളെ രാജാവ് ഉപയോഗിക്കണമെന്ന് കൗടില്യൻ അർഥശാസ്ത്രത്തിൽ അനുശാസിക്കുന്നു. സോമനാഥം പോലുള്ള സമ്പത് സമൃദ്ധമായ ക്ഷേത്രങ്ങളെ തകർക്കുന്നതിനു പിന്നിൽ മുസ്ലീം രാജാക്കന്മാ രായാലും ഹിന്ദു രാജാക്കന്മാരായാലും അവരുടെ ഉദ്ദേശ്യം മതപരമല്ല, സാമ്പത്തികമാണ് എന്നു കാണിക്കാനാണ് ഇത്രയും പറഞ്ഞത്. ഇതിനർഥം മതപരമായ ലക്ഷ്യം വെച്ച് ഒരു ക്ഷേത്ര ധ്വംസനവും ഒരു മുസ്ലീം രാജാവും നടത്തിയിട്ടില്ല എന്നല്ല നടത്തിയിരിക്കാം, പക്ഷേ, അധികവും സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ്. പ്രൊഫ. ആർ.എസ്. ശർമ്മ, ഡോ. ഡി.എൻ.ഝ, പ്രൊഫ. സൂരജ് ബെൻ തുടങ്ങിയ ചരിത്രകാരന്മാർ വിശ്വഹിന്ദുപരിഷത്തിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതങ്ങളാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇതറിയുന്നതുകൊണ്ടാണ് കോടതിവിധി അംഗീകരിക്കാൻ പരിഷത്ത് മടിക്കുന്നതും. വസ്തുതകൾ ഇങ്ങനെയിരിക്കേ, ഭൂരിപക്ഷമതത്തിന്റെ പേരിൽ ചില വർഗീയവാദികൾ ന്യൂനപക്ഷങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് (അമ്പും വില്ലും പിടിച്ചുനിൽക്കുന്ന രാമന്റെ ചിത്രം നിരത്തുവക്കുകളിൽ വരച്ചു വെച്ചിരിക്കുന്നത് ഉദാഹരണം) വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിനെ മതനിരപേക്ഷ വാദികൾ ഒന്നിച്ചുനിന്ന് എതിർത്തേ തീരൂ. മതനിരപേക്ഷ കക്ഷികൾ അത്തരം വർഗീയവാദികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് രൂക്ഷമായ വിമർശനത്തിന്വിധേയമാക്കണം. ഈ പ്രശ്നം അവസാനിപ്പിക്കുന്നതിന് ഏറ്റവും പറ്റിയ മാർഗം ഇന്ത്യയിലെ വിഭിന്നമതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15-ന് സ്ഥിതിചെയ്തു അതേപടി നിലനിർത്തുവാൻ നിയമം കൊണ്ടു വരികയാണ്. പ്രസ്തുത തിയ്യതി 1950 ജനുവരി 26-ലേക്ക് മാറ്റുക എന്നതിനർഥം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമിക്കാൻ സൗകര്യം ചെയ്തുകൊടുക്കുക എന്നാണ്. മതഗ്രന്ഥങ്ങളുടെയോ ചരിത്രവസ്തുതകളുടെയോ പുരാവശിഷ്ടങ്ങളുടെയോ അടിസ്ഥാനത്തിൽ ഖണ്ഡിതമായി തെളിഞ്ഞിട്ടില്ലാത്ത ഒരഭ്യൂഹത്തിന്റെ പേരിൽ, നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു ദേവാലയത്തെ തകർക്കുന്നത് ധാർമികമല്ല; ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് ഒരുതരത്തിലും നിരക്കുന്നതല്ല. ഭാരതീയസംസ്ക്കാരത്തിന്റെ അന്തസ്സത്തയ്ക്ക് കടകവിരുദ്ധമാണ്.
ചോദ്യം (31):
ഭാരതീയപാരമ്പര്യമനുസരിച്ചുള്ള മതനിരപേക്ഷ സങ്കല്പം പാശ്ചാത്യമതനിരപേക്ഷ സങ്കല്പത്തിൽനിന്ന് വ്യത്യസ്തമാണെന്ന അഭിപ്രായത്തെപ്പറ്റി പ്രതികരിക്കാമോ?
ചോദ്യം (32)
മതമൗലികവാദത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മതനിരപേക്ഷത (Secularism) എന്ന പദത്തെക്കുറിച്ച് പറഞ്ഞുവല്ലോ. മതനിരപേക്ഷത ഇന്ന് ഇന്ത്യയിൽ വിവക്ഷിക്കപ്പെടുന്ന ‘അർഥത്തിലാണോ? അതായത്, എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനം. ഈ മതപ്രോത്സാഹനമല്ലേ മതമൗലിക വാദങ്ങൾക്ക് അടിസ്ഥാനം? അതല്ലാതെ മതങ്ങളെ ഒന്നും പ്രോത്സാഹിപ്പിക്കാതെയുള്ള ഒരു നിരപേക്ഷതയെയല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത്?
ചോദ്യം (33)
ന്യൂനപക്ഷത്തിന്റെ പേരിലുള്ള സൗജന്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു മതങ്ങൾ വളരുന്നതിനുള്ള ഒരു സാഹചര്യം ഭരണാധികാരിവർഗങ്ങളിൽ നിന്ന് വരികയും ഹിന്ദുമതത്തിനെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന ചിന്തയിൽനിന്നുമല്ലേ ഇത്തരത്തിലുള്ള ഹിന്ദുമതമൗലികവാദം ഉടലെടുത്തത്?
ഉത്തരം: ഭരണകൂടവും മതവും തമ്മിലുള്ള വേർപെടൽ (Separation of State and religion) ആണ് പാശ്ചാത്യമായ മതനിരപേക്ഷത (Secularism)യുടെ സ്വഭാവം. മതവിശ്വാസം വ്യക്തിജീവിതത്തിന്റെ ഭാഗമായിരിക്കുക; അത് പൊതുകാര്യങ്ങളിൽ, ഭരണത്തിൽ, വിദ്യാഭ്യാസത്തിൽ, ഇടപെടരുത്. മതവിശ്വാസം സ്വകാര്യജീവിതത്തിന്റെ ഭാഗമാകുന്നിടത്തോളം കാലം ഭരണകൂടവും അതിലിടപെടരുത്. വ്യക്തികൾക്ക് ഏതുമതത്തിലും വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ അവകാശമുണ്ട്. എന്നർഥം. ഇന്ത്യയിൽ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിനു പകരം മതനിരപേക്ഷമായ പൊതുവിദ്യാഭ്യാസം ബ്രിട്ടീഷുകാരുടെ കാലത്താണ് നടപ്പിലായത്. അതോടൊപ്പം മതപരമായ പ്രവർത്തനങ്ങളെയോ മതാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തെയോ ഗവൺമെന്റ് നിരോധിച്ചില്ല. അങ്ങനെ ഇവിടെ മുകളിൽനിന്ന് അവതരിപ്പിച്ചത് പാശ്ചാത്യരീതിയിലുള്ള മതനിരപേക്ഷതയിൽ അല്പം വെള്ളം ചേർത്തുകൊണ്ടാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി അടിയിൽനിന്ന് മേലോട്ടും മതനിരപേക്ഷത ഉയർന്നു വരികയുണ്ടായി. നാനാജാതി മതസ്ഥരും ദൈവവിശ്വാസികളും നിരീശ്വരവാദികളുമെല്ലാം സത്യാഗ്രഹം നടത്തുകയും അറസ്റ്റുവരിക്കുകയും നിർമാണപ്രവർത്തനങ്ങളിലേർപ്പെടുകയും അങ്ങനെ മതനിരപേക്ഷമായ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, ഗാന്ധിയെപ്പോലുള്ള നേതാക്കന്മാർ പ്രാർഥനായോഗങ്ങളിൽ പ്രധാന മതവിഭാഗങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ വായിച്ചുകൊണ്ട് രാഷ്ട്രീയം കൈകാര്യം ചെയ്തപ്പോൾ മതനിരപേക്ഷതയിൽ കലർപ്പു കടന്നുകൂടുകയായിരുന്നു. ഇപ്രകാരം വെള്ളം ചേർക്കപ്പെട്ട മതനിരപേക്ഷതയാണ് ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുശേഷവും തുടർന്നത്. എല്ലാ മതങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നത് അതിന്റെ കാതലായ ഒരു സ്വഭാവമാണെന്ന് കാണാം. പക്ഷേ വിദ്യാഭ്യാസം, ഭരണം, തൊഴിൽ, നിയമസഭ, കോടതി എന്നീ മണ്ഡലങ്ങളിലെല്ലാം ഒരു വലിയ പരിധിവരെ മതമോ ഈശ്വരവിശ്വാസമോ പ്രശ്നമാകാതിരിക്കുക എന്ന സ്ഥിതിയുണ്ട്. ഏതു മതത്തിൽ വിശ്വസിക്കുന്നവനും ഒരു മതത്തിലും വിശ്വസിക്കാത്തവനും ജനാധിപത്യ പൗരാവകാശങ്ങളിൽ തുല്യത്വമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. വിശ്വാസസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്യവുമുണ്ട്. മതവിശ്വാസത്തിന് നല്ല വേരോട്ടമുള്ള ഇന്ത്യയെപ്പോലുള്ള ഒരു ബഹുമതരാഷ്ട്രത്തിൽ ഈ രീതിയിലുള്ള മതനിരപേക്ഷത ഇന്നത്തെ നിലയ്ക്ക് പ്രായോഗികസാധ്യത കൂടുതലുള്ളതാണ്. ഒപ്പം ഹിന്ദുക്കൾ ഭൂരിപക്ഷമായതുകൊണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷണങ്ങൾ ഉറപ്പു ചെയ്തിരിക്കുന്നു. ഹിന്ദുക്കളിൽത്തന്നെ നൂറ്റാണ്ടുകളായി സാമൂഹ്യമായ അവഗണന അനുഭവിച്ചു പോരുന്ന പിന്നോക്കജാതിക്കാർക്കും അവശജനവിഭാഗങ്ങൾക്കും പ്രത്യേക സംരക്ഷണത്തിനുള്ള സംവിധാനങ്ങളുണ്ട്. ഈ പ്രത്യേകതകളോടുകൂടിയ മതനിരപേക്ഷത സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ജനാധിപത്യത്തെ പക്ഷേ, ഇത് സാർഥകമാക്കാൻ പര്യാപ്തമാണെന്ന് പറയാതിരിക്കാൻ സാധ്യമല്ല. പക്ഷെ ഇത് നടപ്പിലാക്കുന്നതിൽ ചാഞ്ചാട്ടം കാണിക്കരുതെന്നുമാത്രം. ഈ മതനിരപേക്ഷതയുടെ അടിസ്ഥാനത്തിതലാണ് നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെ ഞാൻ വിവരിച്ചത്. ന്യൂനപക്ഷമതവിഭാഗങ്ങൾ ഇന്ത്യൻ സംസ്ക്കാരിക പൈതൃകത്തിൽ ഭൂരിപക്ഷമതക്കാരെപ്പോലെത്തന്നെ അവകാശികളാണ് എന്ന തത്വം ഉൾക്കൊള്ളാൻ ഭൂരിപക്ഷമതക്കാർ തയ്യാറല്ലെന്ന് അവരുടെയെല്ലാവരുടെയും പേരിൽ ചിലർ ശഠിക്കുകയാണ്. ഹിന്ദുക്കളിൽ ഭൂരിപക്ഷം വരുന്ന പിന്നോക്കജാതിക്കാരും അവശജനവിഭാഗങ്ങളും ഇന്ത്യയുടെ ഭരണ പ്രക്രിയയിൽ കൂടുതൽ കൂടുതൽ പങ്കാളികളാവേണ്ടതുണ്ട്. ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യതത്വങ്ങളുടെ അന്തസ്സത്തയെ ഉയർത്തിപ്പിടിക്കണമെങ്കിൽ അതുചെയ്തേ മതിയാവൂ. സവർണ ഹിന്ദുമേധാവിത്വത്തിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷവർഗീയതയാണ് അതിന് പ്രധാന തടസ്സം. ഭാരതീയ സംസ്ക്കാരത്തെ അത് സങ്കുചിതമായി നിർവചിക്കുന്നു. വൻകിടക്കാരായ ന്യൂനപക്ഷ മതമേധാവികൾ നയിക്കുന്ന ന്യൂനപക്ഷ വർഗീയതയും ഈ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതിൽ പിന്നിലല്ല. അത് വിശാലമായ ഭാരതീയ സാംസ്ക്കാരിക പൈതൃകത്തെ ഉൾക്കൊള്ളുന്നതിൽ നിന്നും അതിൽ അഭിമാനം കൊള്ളുന്നതിൽ നിന്നും ന്യൂനപക്ഷ മതക്കാരായ ബഹുജനങ്ങളെ തടഞ്ഞു നിർത്തുന്നു. അടുത്ത കാലത്തുണ്ടായ മണ്ഡൽ-മസ്ജിദ് പ്രശ്നങ്ങളുടെ അപഗ്രഥനം ഈ നിരീക്ഷണം എത്രമേൽ വസ്തുനിഷ്ഠമാണെന്ന് വ്യക്തമാക്കും.
ചോദ്യം (34):
സംസ്കൃതഭാഷയിൽ ലിഖിതങ്ങളായ വേദങ്ങളും ഉപനിഷത്തുകളും ദർശനങ്ങളുമൊക്കെ വിസ്തരിച്ചു മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ഭാരതീയ സാംസ്ക്കാരികപൈതൃകം നന്നായി മനസ്സിലാക്കാൻ കഴിയൂ എന്നു കാണുന്നു.
എന്നാൽ സംസ്കൃത ഭാഷ പഴഞ്ചനെന്നും അത് പഠിക്കുന്നത് വൃഥാപ്രയത്നമെന്നും ഒരു വിശ്വാസമുണ്ട്. അതുകൊണ്ട് യഥാർഥ ഭാരതീയപൈതൃകം പഠിക്കാൻ സംസ്കൃതഭാഷാപഠനം പ്രഥമ പ്രധാനമാണെന്ന് ഊന്നാഞ്ഞത് എന്തുകൊണ്ട്? ഇന്ത്യ ഇന്നുനേരിടുന്ന വെല്ലുവിളിയെ അഭിമുഖീകരിക്കാൻ സജ്ജമാകുന്ന ഒരു തലമുറയെ ഉണ്ടാക്കാൻ അടിസ്ഥാനപരമായി ചെയ്യേണ്ടത് വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും മറ്റും പഠിക്കുകയല്ലേ?
ഉത്തരം: ഇതുമാത്രമല്ല പോംവഴി, പക്ഷേ, ഇത് പ്രധാനമാണ്. നമ്മുടെ പൈതൃകത്തെ ശരിയായ വിധത്തിൽ പഠിക്കാതെ നമ്മുടെ രാജ്യത്തെ വേണ്ടരീതിയിൽ മുന്നോട്ടു നയിക്കാൻ കഴിയില്ല. ഒരു കാലത്ത് പുരോഗമനവാദികൾ സംസ്കൃതത്തെയും അതുൾക്കൊള്ളുന്ന ഭാരതീയ പൈതൃകത്തിന്റെ വളരെ വലിയൊരു വിഭാഗത്തെയും നിഷേധാത്മകമായ മനോഭാവത്തോടെ അവഗണിക്കുകയാണു ണ്ടായത്. ആ പൈതൃകത്തിൽ, തീർച്ചയായും, കാലഹരണപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്. പക്ഷേ, സജീവാംശങ്ങളും അത്രതന്നെയുണ്ട്. തിന്മയോടൊപ്പം നന്മയെയും നാം പാടേ നിഷേധിച്ചു കളഞ്ഞു. ഫലമോ? സവർണമേധാവി കൾക്ക് പണ്ടുകാലത്തെപ്പോലെ ആധുനികകാലത്തും ഭാരതീയസംസ്ക്കാരത്തെപ്പറ്റി – അതിനെ ഉപയോഗിക്കാനും കഴിഞ്ഞു; കഴിയുന്നു. ഇതിനെ തുറന്നുകാട്ടണമെങ്കിൽ, തെറ്റിദ്ധാരണ പരത്താനും തങ്ങളുടെ നിക്ഷിപ്തതാല്പര്യ സംരക്ഷണത്തിനുവേണ്ടി ആധുനിക ജനാധിപത്യമതനിരപേക്ഷമൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടി നമ്മുടെ പൈതൃകത്തെപ്പറ്റി വസ്തുനിഷ്ഠമായ പഠനം നടത്തേണ്ടിയിരിക്കുന്നു. അതിനെ ഉപയോഗിക്കേണ്ടിയിരിക്കുന്നു.
ചോദ്യം (35):
ഇന്ദ്രിയനിയന്ത്രണത്തിലൂടെ സാക്ഷാത്കാരം നേടിയ രണ്ടു മഹാന്മാരാണല്ലോ വിവേകാനന്ദനും ബുദ്ധനും. പക്ഷേ, വിവേകാനന്ദന് കിട്ടിയ പ്രശസ്തി ഭാരതത്തിൽ ബുദ്ധന് കിട്ടാതെ പോയത് എന്തുകൊണ്ടാണ്? (ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബുദ്ധന് കിട്ടിയ പ്രശസ്തി കാണാതിരിക്കുന്നില്ല.)
ഉത്തരം: വിവേകാനന്ദന് കിട്ടിയത് പ്രശസ്തി ബുദ്ധന് കിട്ടിയില്ലെന്നു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ബുദ്ധമതമാണ് ഭാരതത്തിൽ നാമാവശേഷമായത്. അതിന് പിൽക്കാലബുദ്ധമതാനുയായികൾ ബൗദ്ധാദർശങ്ങളിൽനിന്ന് വ്യതിചലിച്ചതും ശ്രീ ശങ്കരന്റെ നേതൃത്വത്തിലും മറ്റും നടത്തപ്പെട്ട ബ്രാഹ്മണ (ഹിന്ദു) മേധാവികളുടെ ധൈഷണികവും കായികവുമായ ആക്രമണങ്ങളെ അതിജീവിക്കാൻ അവർക്ക് കഴിയാതെ പോയതുമാണ് കാരണങ്ങൾ. പക്ഷേ, ബുദ്ധന്റെ നേർക്കുള്ള ആദരത്തിന് ഇന്നും ഒരു കുറവുമില്ല. വിവേകാനന്ദൻ തന്നെ തന്റെ ഇഷ്ടദേവനായി ബഹുമാനിച്ചിരുന്നത് ബുദ്ധനെയാണ്.
ചോദ്യം (36):
വിവേകാനന്ദൻ ഭൗതികവാദത്തെ അനുകൂലിച്ചും കുറേ എഴുതിയിട്ടുണ്ടല്ലോ. അവയെപ്പറ്റി വിവരിക്കണം.
ചോദ്യം (37)
നാരായണഗുരു യുക്തിവാദത്തെയും ഭൗതികവാദത്തെയും അനുകൂലിച്ച് എഴുതിയിട്ടുണ്ടല്ലോ. പറയുക.
ഉത്തരം: വിവേകാനന്ദനും നാരായണഗുരുവും ആശയവാദികളായിരുന്നു; ആധ്യാത്മികാചാര്യന്മാരായിരുന്നു. കൃത്യമായി പറഞ്ഞാൽ അദ്വൈതവേദാന്തികളായിരുന്നു. എന്നാൽ ശ്രീ. ശങ്കരന്റെ അദ്വൈതവും ഇവരുടെ അദ്വൈതവും, സൂക്ഷ്മത്തിൽ, ഒന്നല്ലെന്നു കാണാം. 11,12 ചോദ്യങ്ങളുടെ ഉത്തരത്തിൽ വിവരിച്ച ഉപനിഷത്തുകളിലെ ബ്രഹ്മവാദത്തോടാണ് അവർക്ക് കൂടുതൽ ആഭിമുഖ്യം. അതുകൊണ്ടുതന്നെ അവർ ലോകം മിഥ്യയാണെന്ന സിദ്ധാന്തത്തിലല്ല, ഇഹലോക ജീവിതത്തിലെ സാമൂഹ്യവും ആർഥികവുമായ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന ചോദ്യത്തിലാണ് ഊന്നിയത്. നമ്മുടെ സാംസ്കാരിക പൈതൃകത്തോടുള്ള കാഴ്ചപ്പാടിലും മതത്തെയും മതാഭാസത്തെയും വേർതിരിച്ചുകാണുന്നതിലും ശാസ്ത്രത്തെയും യുക്തിവിചാരത്തെയും അംഗീകരിക്കുന്നതിലും ദരിദ്രരോടുള്ള മനോഭാവത്തിലും സോഷ്യലിസത്തോടുള്ള സമീപനത്തിലുമെല്ലാം വിവേകാനന്ദൻ ആധുനിക മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കാണാം. (വിശദവിവരങ്ങൾക്ക് എന്റെ വിവേകാനന്ദന്റെ സമകാലിക പ്രസക്തി, ചിന്താ പബ്ലിഷേഴ്സ്, എന്ന കൃതി നോക്കുക.) നാരായണഗുരു, ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, വാഗ്ഭടാനന്ദൻ എന്നീ കേരളീയമതനവോത്ഥാനനായകന്മാരുടെ വിചാരധാരകളും യഥാർഥമതത്തിന്റെ അന്തസ്സാരം കാട്ടിത്തരുന്നവയാണ്. വർഗീയവാദത്തെ എതിർത്തു തോല്പിക്കുന്നതിൽ ഈ ആധ്യാത്മിക നേതാക്കളുടെ വാഗ്മയങ്ങൾ ഒന്നാന്തരം ആയുധങ്ങളായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അങ്ങനെ മാത്രമേ നമ്മുടെ സാംസ്കാരിപൈതൃകത്തെ മതമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിൽനിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒരാധുനികരാഷ്ട്രമാക്കി മാറ്റുന്നതിന് അതിനെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയൂ.