തൊഴിലിടങ്ങളിൽ സംഭവിക്കുന്നത്
[author title=”ആര്‍.പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”]ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്സണ്‍[/author]
സ്ത്രീകൾ ധാരാളമായി വീട്ടകങ്ങൾ വിട്ട് തൊഴിലിടങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുന്നു. സംഘടിതവും അസംഘടിതവും ആയ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ആഗോളമായി തന്നെ വർധിച്ചു വരുന്നു. സുരക്ഷിതവും തൊഴിൽ നിയമങ്ങൾ ശക്തമായി നിലനിൽക്കുന്നതുമായ മേഖലകളിൽ നിന്നും സ്ത്രീകളെ ഉദാരവൽക്കരണ സാമ്പത്തിക നയം പുറത്താക്കുന്നുണ്ട് എങ്കിലും ചെറിയ വരുമാനം എങ്കിലും ലഭിക്കുന്നതിന് സ്ത്രീകൾ പലതരം ജോലികളിൽ ഏർപ്പെടുന്നു. അത് ഗാർഹിക തൊഴിലോ മാലിന്യ നിർമ്മാർജ്ജനമോ ആകാം. വലിയ വിഭാഗം ലൈംഗിക തൊഴിലും സ്വീകരിക്കുന്നു. കേരളത്തിലാകട്ടെ ഉന്നത വിദ്യാഭ്യാസ രംഗത്തു 70-80% പെൺകുട്ടികൾ ആണ് പഠിക്കുന്നത്. സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ താഴ്ന്നതാണെങ്കിലും പല മേഖലകളിലും സ്ത്രീകൾ ആണ് കൂടുതൽ. ബാങ്ക്, സെക്രട്ടേറിയറ്റ് , അധ്യാപനം ,തുടങ്ങി സ്ത്രീകൾ എണ്ണത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന അനേകം മേഖലകൾ ചൂണ്ടി കാണിക്കാൻ കഴിയും. ഖാദി, കയർ, കശുവണ്ടി തുടങ്ങിയ അസംഘടിത മേഖലയിൽ 90% സ്ത്രീകൾ ആണെന്നും നമുക്ക് അറിയാം. തൊഴിലുറപ്പു പദ്ധതിയിലും കേരളത്തിൽ സ്ത്രീകൾ മാത്രമാണ് (99%) എന്നതാണ് സ്ഥിതി. ആധുനിക അസംഘടിത മേഖല ആയ ഐ.ടി യിലും സ്ത്രീകൾ ഒട്ടും കുറവല്ല. ചുരുക്കത്തിൽ സ്ത്രീകൾ കടന്നു കയറാത്ത തൊഴിൽ മേഖല ഇല്ലെന്നു തന്നെ പറയാം. തെങ്ങു കയറ്റം മുതൽ ശൂന്യാകാശ ശാസ്ത്രം വരെ സ്ത്രീകൾ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞു. ഇത് നേട്ടം തന്നെ ആണ്.
എന്നാൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് എന്ത് പിന്തുണാ സംവിധാനം ആണ് സമൂഹം നൽകുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വിശാലമായ വിശകലനത്തിന് ഈ കുറിപ്പിൽ സാധ്യമല്ല എങ്കിലും ചില പ്രധാന വിഷയങ്ങൾ ചുരുക്കി പ്രതിപാദിക്കാതെ വയ്യ. ഇതിൽ ഏറ്റവും പ്രധാനം തൊഴിലിടങ്ങളിലെ സുരക്ഷയാണ് . തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് വ്യാപകമായി വിധേയരാകുന്നു എന്ന് കണ്ടിട്ടാണ് ഇതിനെതിരെ 2013 ൽ നിയമം ഉണ്ടായതു.- തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ, നിരോധന, പ്രതിരോധ നിയമം. വിശാഖ v രാജസ്ഥാൻ എന്ന കേസിൽ 1999 ൽ ഇതുസംബന്ധിച്ചു സുപ്രീം കോടതി മാർഗ നിർദേശം പുറപ്പെടുവിക്കുകയും പിന്നീട് നിയമം കൊണ്ട് വരുകയും ആയിരുന്നു. നിയമ പ്രകാരം സ്ത്രീകൾ ജോലി ചെയ്യുന്ന ഏതു സ്ഥാപനത്തിലും, സ്വകാര്യമോ പൊതുമേഖലയോ , എന്തും ആകാം, ഒരു പരാതി പരിഹാര സെൽ രൂപീകരിക്കണം. അത് എങ്ങനെ ആകണം എന്നും എങ്ങനെ ആണ് പ്രവർത്തിക്കേണ്ടതെന്നും എല്ലാം നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഇത് എത്ര ഇടങ്ങളിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്? അടുത്തയിടെ പ്രശസ്ത അഭിഭാഷക ആയ ഇന്ദിര ജയ്‌സിംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞത്, സുപ്രീം കോടതിയുടെ ഇടനാഴികളിൽ വനിതാ വക്കീലന്മാർ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്നാണ്.
പ്രശസ്ത കാലാവസ്ഥ വിദഗ്ധൻ ആയ ആർ.കെ പച്ചൗരി, തെഹെൽക പത്രത്തിന്റെ എഡിറ്റർ തരുൺ തേജ്‌പാൽ തുടങ്ങി പല പ്രമുഖർക്കും എതിരെ ആരോപണം ഉയർന്നത് വിവാദം ആയിരുന്നു. ഏറ്റവും കുറഞ്ഞ വേതനത്തിന് പണി എടുക്കുന്നവർ മുതൽ ഐ.എ.എസ് ലഭിച്ചവർ വരെ തൊഴിൽ സ്ഥലങ്ങളിൽ ലൈംഗികമായി ആക്രമണത്തിന് ഇരയാകുന്നു എന്നത് ആണ് യാഥാർഥ്യം. ഇതിനെതിരെ നിയമം ഉണ്ടെങ്കിലും ഫലപ്രദം അല്ല. സ്ത്രീകൾ തൊഴിൽ മേഖലകളിലേക്ക് കടന്നു വരുന്നതിനു തടസ്സം ആകുന്ന ഒരു ഘടകം ആയി ലൈംഗിക അതിക്രമം മാറുന്നു. യാത്രകൾ സുരക്ഷിതം അല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കാൻ നിരവധി സ്ത്രീകൾ നിർബന്ധിക്കപ്പെടുന്നു . രാത്രി വൈകാതെ വീട്ടിൽ എത്താൻ കഴിയില്ലെങ്കിൽ ആ ജോലി വേണ്ടെന്നു വെക്കുകയാണ് മിക്ക സ്ത്രീകളും ചെയ്യുന്നത്. കാരണം നമ്മുടെ വാഹനങ്ങൾ ഒട്ടും തന്നെ സ്ത്രീ സൗഹാർദപരമല്ല. തീവണ്ടി, ബസ് സ്റ്റേഷനുകൾ സ്ത്രീകളെ ഭയപ്പെടുത്തുന്ന ഇടങ്ങളാണ്. സ്ത്രീകൾക്ക് സ്വസ്ഥമായി ഇരിക്കാന്‍ പോലും നമ്മുടെ സ്റ്റേഷനുകളിൽ കഴിയില്ല. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രമുഖ പട്ടണങ്ങളിൽ പോലും ഷോർട് സ്റ്റേ ഹോമുകൾ ഇല്ല. ലേഡീസ് ഹോസ്റ്റലുകൾ ആകട്ടെ സുരക്ഷിതത്വത്തിന്റെ പേരിൽ തടവറകൾ ആക്കി മാറ്റിയിരിക്കുന്നു. ആറു മണി കഴിഞ്ഞാൽ ജോലിയുള്ള സ്ത്രീകൾക്ക് പോലും ഹോസ്റ്റലിൽ പ്രവേശനം ഇല്ല.
കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിർവഹിച്ചു കൊണ്ടാണ് വരുമാനം ഉള്ള തൊഴിൽ എടുക്കാൻ സ്ത്രീകൾ തയാറാകുന്നത്. ഇരട്ടി അധ്വാനം ആണ് സ്ത്രീകൾക്ക് ഇത് മൂലം ഉണ്ടാകുന്നതു. വീട്ടിനുള്ളിലെ എല്ലാ ജോലിക്കുംപുറമെ പുറത്തെ ജോലി കൂടി ചെയ്യുന്ന സ്ത്രീകൾക്ക് നിയമത്തിൽ പറയുന്ന സൗകര്യം പോലും ലഭ്യമാകുന്നില്ല. കുട്ടികൾക്ക് വേണ്ടി ക്രഷേ ഉണ്ടാക്കുന്നതിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾ പോലും തയാറാകുന്നില്ല. സർക്കാർ ഓഫീസുകളിൽ ഒരിടത്തും ക്രഷേ ഇല്ല. തൊഴിലുറപ്പു നിയമത്തിൽ തന്നെ ക്രഷേ വേണം എന്ന് അനുശാസിക്കുന്നുണ്ട്. പ്രസവാവധി ആറു മാസം ആക്കിയിട്ടുണ്ട് എന്നതിനുപരി ആയി ഓഫീസുകൾ കടുത്ത പുരുഷാധിപത്യപരമായി തുടരുന്നു. ആവശ്യത്തിന് ശുചിമുറികൾ പോലും മിക്കവാറും സ്ഥാപനങ്ങളിൽ ഇല്ല. സാനിറ്ററി നാപ്കിൻ പൊതിഞ്ഞു ബാഗിൽ വെച്ച് വീട്ടിൽ കൊണ്ടുപോയി കളയാൻ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലെടുക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ട്. തൊഴിൽ ഒരു ബാധ്യതയാണ് പലർക്കും. സ്ത്രീകൾ വീട്ടിനു പുറത്തു പണി എടുക്കേണ്ടത് സാമ്പത്തിക സ്വാശ്രയത്വത്തിനു മാത്രമല്ല അവരുടെ സാമൂഹ്യവൽക്കരണത്തിനു കൂടി ആണ്. എന്നാൽ അടുക്കളയിൽ നിന്നും അരങ്ങിലെത്തി സ്ത്രീകൾ പകച്ചു നിൽക്കുകയാണ്. അതീവ ദൃഢമായ ആൺകോയ്മയെ എങ്ങനെ നേരിടണം എന്ന് സ്ത്രീകൾ അമ്പരക്കുന്നു. ഓരോ ദിവസവും പോരാട്ടം ആക്കിയാണ് ലക്ഷക്കണക്കിന് സ്ത്രീകൾ പണി എടുത്തു ജീവിക്കുന്നത്. സർക്കാർ എഴുതി വച്ചിരിക്കുന്ന നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കുവാൻ എങ്കിലും ഉള്ള രാഷ്ട്രീയ ഇച്ഛാശക്തി അധികാരികൾക്ക് ഉണ്ടാകണം .