[author title=”ആര്‍ പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”][/author]

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നു. കുടുംബം എന്ന സങ്കൽപം ഇല്ലാത്ത ഒരു സമൂഹവും ഇല്ലെന്നും പറയപ്പെടുന്നു. എന്നാൽ കുടുംബത്തിന്റെ സ്വഭാവത്തിൽ വ്യത്യസ്തതകൾ ഉണ്ടെന്നു വ്യക്തം. വിവിധതരം ഗോത്രങ്ങളും സമുദായങ്ങളും കുടുംബ ബന്ധങ്ങളിൽ ഏർപ്പെടുന്നത് വ്യത്യസ്തമായ രീതികളിൽ ആണ്. ബഹുഭാര്യത്വം, ബഹുഭർത്ര്യത്വം, അണുകുടുംബം, കൂട്ടുകുടുംബം, തുടങ്ങി പലവിധ ബന്ധങ്ങൾ അടിസ്ഥാനപ്പെടുത്തി ആണ് കുടുംബം ഉണ്ടാകുന്നത്. കേരളത്തിൽ തന്നെ നമുക്ക് അറിയാം, ഓരോ മതവിഭാഗത്തിനും അവരവരുടേതായ വിവാഹ, കുടുംബ മാനദണ്ഡങ്ങൾ ഉള്ളതായി. ഹിന്ദുക്കൾ അമ്മാവന്റെ മക്കളുമായി വിവാഹബന്ധം പുലർത്തുമ്പോൾ കൃസ്ത്യൻ സമൂഹങ്ങൾ അത് അംഗീകരിക്കുന്നില്ല. അണുകുടുംബം എന്ന് പറയുമ്പോഴും അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. ഇങ്ങനെ എല്ലാം കുടുംബങ്ങൾ ആയി തീർന്നതും ഒരു ദിവസം സൂര്യൻ ഉദിച്ചപ്പോൾ അല്ല. മനുഷ്യവംശം കടന്നു പോയ വഴികളിൽ സംഭവിച്ച സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക മാറ്റങ്ങൾക്കു അനുസൃതമായാണ് കുടുംബവും മാറി വന്നത്. മനുഷ്യൻ ഉണ്ടായ കാലം മുതൽ മാറ്റം ഇല്ലാതെ തുടരുന്ന ഒന്നല്ല കുടുംബം എന്നർത്ഥം. 19-ാംനൂറ്റാണ്ടിൽ സമത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾക്ക് വിലകല്പിക്കപ്പെട്ടതോടെ അടിമത്തം എതിർക്കപ്പെടേണ്ടതായി സാമൂഹ്യപണ്ഡിതർ തിരിച്ചറിഞ്ഞു. പാർശ്വവത്കൃതർ അനുഭവിക്കുന്ന വിവേചനവും ചൂഷണവും ചർച്ച ചെയുമ്പോൾ സ്ത്രീയുടെ അവസ്ഥയെ കുറിച്ചും വിമര്‍ശനാത്മകമായി നോക്കി കാണാൻ അന്ന് മാറ്റം ആഗ്രഹിക്കുന്നവർ തയാറായി. ഫ്രഡറിക് ഏംഗൽസ് ‘കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം'(1884 ) എന്ന പുസ്തകത്തിൽ കുടുംബത്തെ വിശദമായി അപഗ്രഥനം നടത്തിയത് ഇതിന്റെ തെളിവാണ്. മുതലാളിത്തം എങ്ങനെ സ്ത്രീയെ രണ്ടാം പൗര ആക്കുന്നുവെന്നു ഇത്രയേറെ സൂക്ഷ്മമായി വിലയിരുത്തിയ മറ്റൊരു ഗ്രന്ഥം അന്ന് ഉണ്ടായിട്ടില്ല. ബൂർഷ്വാ കുടുംബത്തിൽ സ്ത്രീ തൊഴിലാളിയും പുരുഷൻ മുതലാളിയും ആണെന്നും ആധുനിക വ്യക്തിഗത കുടുംബത്തിൽ സ്ത്രീ വീട്ടടിമ ആണെന്നും ഏംഗൽസ് പറയുന്നു. സ്ത്രീകളെ ഒന്നടങ്കം പൊതു പ്രവർത്തനത്തിൽ പങ്കെടുപ്പിക്കുക എന്നതാണ് സ്ത്രീകളുടെ വിമോചനത്തിന്റെ ആദ്യ പൂർവോപാധി എന്നും ഇത് സാധിക്കണമെങ്കിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടകം എന്ന കുടുംബത്തിന്റെ പ്രത്യേകത മാറണമെന്നും ഏംഗൽസ് നിർദേശിക്കുന്നു. പക്ഷെ യഥാർത്ഥ, സമത്വാധിഷ്ഠിത കുടുംബം എങ്ങനെ ആകണം എന്ന് ഏംഗൽസ് വ്യക്തമാക്കിയില്ല.
ഒക്ടോബർ വിപ്ലവകാലത്ത് സ്ത്രീയുടെ അടുക്കള ഭാരം കുറക്കണം എന്നും അതിനു പുതിയ യന്ത്ര സാമഗ്രികൾ വേണം എന്നുമായിരുന്നു പ്രധാന ചർച്ച.
എന്നാൽ ജനാധിപത്യ കുടുംബം എന്ന കാഴ്ചപ്പാട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. ഇന്നും അതെങ്ങനെ സാധ്യമാകും എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. പാചകം, ശിശുപരിപാലനം, വൃദ്ധ-രോഗി പരിചരണം , ശുചീകരണം, വസ്ത്രം അലക്കൽ , വളർത്തുമൃഗ സംരക്ഷണം തുടങ്ങി എല്ലാം സ്ത്രീയുടെ ചുമതല ആകുമ്പോൾ സാമൂഹ്യവൽക്കരണം അസാധ്യമായി മാറുന്നു . ഇതിനൊക്കെ പുറമെ വീട്ടിനു പിറത്തു വരുമാനം ഉള്ള ജോലി കൂടി ആകുമോൾ സ്ത്രീയുടെ അധ്വാനം ഇരട്ടി ആകുക ആണ് ചെയ്യുന്നത്.
സ്ത്രീക്ക് മാത്രമല്ല, കുടുംബത്തിൽ ആരുടേയും അവകാശം പൂർണമായി സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. കുടുംബത്തിനുള്ളിൽ വൃദ്ധരും കുഞ്ഞുങ്ങളും പല വിധത്തിലുള്ള അതിക്രമങ്ങൾക്ക് ഇര ആകുന്നത് മാധ്യമങ്ങൾക്കു സ്ഥിരം വാർത്ത ആണിന്ന്. പൂർണ സാമൂഹ്യ ജീവി ആയി മാറുവാൻ പുരുഷനും കുടുംബം പ്രതിബന്ധം ആണെന്ന് നിത്യ ജീവിത അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അപ്പോൾ എങ്ങനെ ആയിരിക്കണം
യഥാർത്ഥ കുടുംബം എന്ന പ്രധാന ചോദ്യം നമുക്ക് മുൻപിൽ നിൽക്കുന്നു. കുടുംബ ഉത്തരവാദിത്തം പങ്കുവെക്കുക എന്നതാണ് സാധാരണയായി ഉയർന്നു വരുന്ന ലളിതമായ ഉത്തരം. പക്ഷെ അതിനു കഴിയുന്ന തരത്തിൽ പൊതു ബോധം സ്ത്രീപക്ഷമായി നവീകരിക്കപ്പെടണം. അത് ഒരു സുപ്രഭാതത്തിൽ സാധ്യമല്ല. മറ്റൊരു പരിഹാരം പൊതുവായ അടുക്കളയും അലക്കു കേന്ദ്രങ്ങളും ശിശുപരിചരണ കേന്ദ്രങ്ങളും ആരംഭിക്കുക എന്നതാണ്. ഇതെല്ലം സംഭവിക്കുക പുരുഷാധിപത്യ കുടുംബത്തിനു യാതൊരു വിധ പോറലും ഏൽക്കാതെ ആണെന്ന് കാണാം. അധികാര ഘടന അതേപോലെ നിലനിർത്തിക്കൊണ്ടു കുടുംബത്തിൽ ജനാധിപത്യം എന്നത് പ്രായോഗികം ആവില്ല. കുടുംബത്തിലെ സ്ഥലവും സമയവും അധികാരവും പണവും എല്ലാ കുടുംബാംഗങ്ങൾക്കും ഒരേപോലെ ഉപയോഗിക്കുവാൻ കഴിയുക എന്ന ആദര്‍ശാത്മകമായ അവസ്ഥ ഒരു ചൂഷണാധിഷിഠിത സമൂഹത്തിൽ പ്രതീക്ഷിക്കുവാൻ കഴിയില്ല.
ജനാധിപത്യകുടുംബം ലിംഗനീതിയുടെ അടിസ്ഥാനം ആണെന്ന് അംഗീകരിക്കാൻ പോലും നമ്മുടെ സമൂഹം തയാറായിട്ടില്ല. 150 വര്‍ഷം മുമ്പ് ഏംഗൽസ് ഉയർത്തിയ പ്രശ്നങ്ങൾക്കു ഉത്തരം കണ്ടെത്താൻ ആകാതെ ആധുനിക മനുഷ്യ സമൂഹം ഇരുട്ടിൽ തപ്പുകയാണ്