യുവസമിതിക്ക് ആലിംഗനം

0

മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിച്ച സംഭവം ആയിരുന്നു ജെണ്ടർ ന്യൂട്രൽ ഫുടബോൾ മത്സരം. മലപ്പുറം പോലെ പാരമ്പര്യമതാധികാരത്തിന്റെ നിയന്ത്രണം നിലനിൽക്കുന്ന ഒരു ജില്ലയിൽ സ്ത്രീകളും പുരുഷന്മാരും ഭിന്നലിംഗക്കാരും ഒരുമിച്ചു കാൽപ്പന്തു കളിക്കുക എന്നത് അവിശ്വസനീയം ആയി ചിലർക്കെങ്കിലും തോന്നാം. യുവസമിതി ആണ് ഇതിനു മുൻകൈ എടുത്തതും വിജയകരമായി നടതിയതും എന്നത് അഭിമാനകരവും പ്രതീക്ഷ നൽകുന്നതും ആണ്.
2017 ഫെബ്രുവരി 10 എന്ന തീയതി ലിംഗനീതിയുടെയും സാമൂഹ്യനീതിയുടെയും ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ലോകത്തു തന്നെ ഇത്തരം ഒരു പരീക്ഷണം ഒരുപക്ഷെ ആദ്യമാകാം. മലപ്പുറം മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തെ സാക്ഷി നിർത്തി ലിംഗഭേദമില്ലാതെ പന്ത് തട്ടിയപ്പോൾ യാതൊരു അപശബ്ദവും ഉണ്ടായില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഒരു ടീമിൽ ഏഴു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു ട്രാൻസ് ജെൻഡറും ആണ് ഉണ്ടായിരുന്നത്. ഇത് സാധാരണ പോലെ ഒരു പ്രദർശന മത്സരവും ആയിരുന്നില്ല. വളരെ ഗൗരവത്തോടെ തന്നെ നടന്ന മാച്ചിന് വാശിയും ആവേശവും ഒട്ടും കുറവുണ്ടായില്ല.
ലിംഗനീതി സംബന്ധിച്ച് യുവസമിതി നടത്തി വരുന്ന സുദീർഘമായ സംവാദങ്ങളുടെ തുടർച്ചയായി വേണം ഈ ഫുടബോൾ മത്സരത്തെയും കാണേണ്ടത് . അല്ലാതെ ഒരു സുപ്രഭാതത്തിൽ കുറച്ചു ചെറുപ്പക്കാർക്ക് തോന്നിയ തമാശ ആയിരുന്നില്ല എന്നർത്ഥം. കുടുംബത്തിലും പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും സ്ത്രീകളും ഭിന്നലിംഗക്കാരും നിരന്തരം നീതി നിഷേധത്തിനു ഇരകൾ ആകുന്നതും ഇതിനുള്ള പരിഹാരത്തെ കുറിച്ചും യുവസമിതി രാത്രി പകൽ ആക്കി ചർച്ച നടത്തിയതിനിടയിൽ ആകാം ഇത്തരം ഒരു ആശയം ഉയർന്നു വന്നത്. കളിക്കളങ്ങൾ പുരുഷാധിപത്യപരമാണ് എന്നതിന് പ്രത്യേകം തെളിവുകൾ ആവശ്യമില്ല. ക്രിക്കറ്റും ഫുട്‍ബോളും മത്സരങ്ങൾ ലോകം മുഴുവൻ അമിത ആവേശത്തോടെ ആസ്വദിക്കുമ്പോൾ ഒരിക്കലും സ്ത്രീകൾ ഈ കളികൾ കളിക്കാറുണ്ടെന്നുപോലും ആരും കണക്കിൽ എടുക്കാറില്ല.മാത്രമല്ല വനിതാ മത്സരങ്ങൾ മടുപ്പിക്കുന്നതാണെന്നാണ് പൊതുവെ ഒരു വെയ്പ്പ്. പുരുഷന്മാർ കളിക്കുമ്പോൾ മൈതാനത്തു അർദ്ധനഗ്നരായ യുവതികൾ അവരെ ആവേശം കൊള്ളിക്കാൻ കയ്യിൽ കടലാസ്സ് പൂക്കളുമായി നിന്ന് തുള്ളിച്ചാടുന്നതും ഇപ്പോൾ പതിവാണ്. കളി തന്നെ ഒരു വ്യവസായവും ചിലർക്ക് ലാഭം ഉണ്ടാക്കാൻ ഉള്ള ഉപാധിയും ആയതിന്റെ ഭാഗമാണ് ഈ തുള്ളികളി. പണ്ട് മഹാരാജാക്കന്മാർക്കു യുദ്ധം ജയിക്കാൻ വീര്യം ഉണ്ടാകണമെങ്കിൽ സ്ത്രീകളെ ലൈംഗിക അടിമകൾ ആയി വേണമായിരുന്നു. ദേവദാസികളുടെ ആധുനിക മുഖം ആയി ചിയർ ഗേൾസ് മാറിയിരിക്കുന്നു. കളിക്കളങ്ങളിലെ സ്ത്രീ സാന്നിധ്യം ഇത്തരത്തിൽ അപമാനിക്കപ്പെടുമ്പോൾ പുരുഷകുത്തക തകർത്തുകൊണ്ട് കരുത്തിന്റെ കളി ആയി കരുതുന്ന ഫുടബോളിൽ ലിംഗസമത്വം സാധ്യമാണെന്ന് മലപ്പുറത്ത് തെളിയിച്ചത്. ഫൈനലിൽ കോഴിക്കോട് വനിതാ എഫ് സി കിരീടം നേടിയതോടെ ചരിത്രം തിരുത്തപ്പെട്ടു.
ലിംഗഭേദത്തിനപ്പുറത്തു ഒരു ടീമിൽ മൂന്നു വിഭാഗങ്ങളും ഉണ്ടായതിൽ മറ്റൊരു സൗന്ദര്യം കൂടി ഉണ്ട്. രണ്ടു ലിംഗത്തിൽ പെട്ടവർക്ക് തുറന്ന സൗഹൃദം അനുവദിക്കാത്ത നാടാണ് കേരളം. ഏതു പ്രായത്തിൽ ഉള്ളവരായാലും ഒരു സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ ദുരാചാര പോലീസ് തടസ്സം സൃഷ്ടിക്കുമ്പോൾ മൂന്നു വിഭാഗങ്ങൾ ഒരു കളിക്കളത്തിൽ കളിച്ചു തിമിർക്കുന്ന കാഴ്ച്ച പാരമ്പര്യമനസ്സുകൾക്ക് ആഘാതം സൃഷ്ടിച്ചുണ്ടാകാം .
യുവസമിതിയെ ആശ്ലേഷിക്കുന്നു, നിറഞ്ഞ മനസ്സോടെ…

Leave a Reply

Your email address will not be published. Required fields are marked *