അഗസ്ത്യാര്‍ കൂടം – സ്ത്രീപ്രവശേനം

0

അഗസ്ത്യാർ കൂടത്തിൽ സ്ത്രീകൾക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത് സുരക്ഷയുടെ പേരിലാണെന്നാണ് ഔദ്യോഗികഭാഷ്യം. സുരക്ഷയുടെ മറവിലാണ് ഇക്കാലമത്രയും സ്ത്രീകളെ അടിച്ചമർത്തി വീട്ടിനുള്ളിൽ തളച്ചത്. സ്വാതന്ത്ര്യവും സുരക്ഷയും അടിസ്ഥാന അവകാശങ്ങളാണ് എന്ന യാഥാർഥ്യം ഈ 21-ാം നൂറ്റാണ്ടിലും അധികൃതർ തിരിച്ചറിയുന്നില്ല. ഇന്ത്യയിൽ പല ഇടങ്ങളിലും സംസ്കാരത്തിന്റെയും ആചാരത്തിന്റെയും പേരിൽ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സ്ത്രീകൾ പ്രക്ഷോഭ രംഗത്താണ്. മുംബയിലെ അലി ദർഗയിൽ ഉൾപ്പടെ സ്ത്രീകൾ പ്രവേശിച്ചു കഴിഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശത്തെ കുറിച്ച് ഈ പക്തി എഴുതി കഴിഞ്ഞതാണ്. എന്നാൽ അഗസ്ത്യാർകൂടം ഒരു ദേവാലയം അല്ല . ഐക്യ രാഷ്ട്രസഭ അംഗീകരിച്ച ഈ അതിമനോഹരമായ പ്രദേശം പ്രകൃതിസ്നേഹികളുടെ പറുദീസയാണ്. നെയ്യാർ വനത്തിനുള്ളിൽ പശ്ചിമ ഘട്ട പർവതനിരയുടെ ഭാഗമായി സമുദ്രനിരപ്പിൽ നിന്നും 6129 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുക എന്നത് പർവ്വതാരോഹകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പാസ് എടുത്തു മാത്രമേ ഇവിടെ മല കയറാൻ കഴിയൂ. രണ്ടു ദിവസത്തെ യാത്ര വേണ്ടി വരും. ആദ്യം 20 കിലോമീറ്റർ കയറി ഒരു ക്യാമ്പിൽ എത്തും. അടുത്ത ദിവസം ബാക്കി 8 കിലോമീറ്റർ കയറാം. ഏറ്റവും മുകളിൽ അഗസ്ത്യ മുനിയുടെ ക്ഷേത്രവും ഉണ്ട്. ക്ഷേത്രദർശനം ഉദ്ദേശിച്ചു വരുന്നവരും ഉണ്ടാകാം എങ്കിലും പര്‍വതാരോഹകരും സാഹസിക യാത്രികരും ആണ് ഏറെയും അഗസ്ത്യാര്‍കൂട മല കയറുന്നത്.
ഇവിടെ സ്ത്രീകളെ വിലക്കാൻ എന്താണ് ന്യായീകരണം എന്ന് മനസ്സിലാകുന്നില്ല. y ക്രോമസോം ഇല്ല എന്നത് മലകയറ്റത്തെ എങ്ങനെ ബാധിക്കും എന്നാണ് അധികൃതർ പറയുന്നത്? സ്ത്രീകൾ സമരം ചെയ്തപ്പോൾ മന്ത്രി പറഞ്ഞത് സ്ത്രീകൾക്ക് ശുചിമുറി ഇല്ല എന്നാണ്. പുരുഷന്മാർക്ക് ആവശ്യമില്ലാത്ത ശുചിമുറി സ്ത്രീകൾക്ക് മാത്രമായി എന്തിനാണ്? അതെക്കുറിച്ച് ആശങ്കകൾ ഉള്ള സ്ത്രീകൾ മലകയറാൻ തുനിയുകയും ഇല്ല. ഹിമാലയത്തിൽ ഉൾപ്പടെ സ്ത്രീകൾ കയറുന്ന കാലഘട്ടത്തിൽ ഇത്തരം ന്യായീകരണങ്ങൾ ഒന്നും നിലനിൽക്കുന്നതല്ല. ആനക്കും പുലിക്കും സ്ത്രീ ആയാലും പുരുഷൻ ആയാലും വ്യത്യാസം ഉണ്ടാകാനും പോകുന്നില്ല. പട്ടാപ്പകൽ നഗരമധ്യത്തിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നു, അതുകൊണ്ടു നഗരപ്രവേശം സ്ത്രീക്ക് നിഷേധിക്കുക ആണോ വേണ്ടത് ?
പൊതുഇടങ്ങൾ സ്ത്രീക ൾക്ക് കൂടി ഉള്ളതാണെന്ന മനോഭാവം ഇന്നും ഉണ്ടായിട്ടില്ല എന്നതാണ് പ്രശ്നം. പൊതുമണ്ഢലത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത്പുരുഷലോകത്തേക്കുള്ള സ്ത്രീയുടെ അനധികൃതമായ കടന്നുകയറ്റം ആണെന്ന കാഴ്ച്ചപ്പാടാണ് ഇവിടെയും സംഭവിക്കുന്നത്. ഇപ്പോൾ ഗോത്രമഹാസഭ വന്നിട്ടുണ്ട്. അവരുടെ ആചാരത്തെ സംരക്ഷിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. വനം സംരക്ഷിക്കണം എന്നും ടൂറിസത്തിന്റെ പേരിൽ ഇവിടുത്തെ ആവാസ വ്യവസ്ഥ തകർക്കരുത് എന്നുമുള്ള വാദം പൂർണമായി അംഗീകരിക്കാം. എന്നാൽ പുരുഷന്മാരെയും മലകയറാൻ അനുവദിക്കരുത്. അത്യപൂർവ സസ്യങ്ങളും ജീവിവർഗവും ഉള്ള അഗസ്ത്യാർകൂടത്തെ അതേപടി നിലനിർത്താനാണ് പ്രക്ഷോഭം ആവശ്യം. ഇവിടുത്തെ കാണിക്കാരുടെ ഉത്സവകാലമാണ് മകരവിളക്ക് മുതൽ ശിവരാത്രി വരെയയുള്ള 51 ദിവസങ്ങൾ. ഈ സമയത്തു ആദിവാസി സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശനം ഇല്ല എന്ന് ഗോത്രമഹാസഭ പറയുന്നു. അതെന്തും ആകട്ടെ, അഗസ്ത്യാര്‍കൂടത്തിലേക്കു പഠനത്തിനും ഗവേഷണത്തിനും പക്ഷിനിരീക്ഷണത്തിനും ഒക്കെ ആയി സ്ത്രീകൾ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ അവരെ അനുവദിക്കുക തന്നെ വേണം . 2013 ൽ എവറസ്റ്റിൽ കയറിയ, ഒരു കാൽ മാത്രമുള്ള അരുണിമ ശർമ്മ എന്ന 26 കാരിക്ക് ഈ കുറിപ്പ് സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *