സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ ഏഴാംദിനം കോഴിക്കോട് ജില്ലയിലൂടെ
” മിനിമം മാർക്ക് എന്ന കടമ്പ വെച്ചാൽ യാന്ത്രികമായി ഉയരുന്ന ഒന്നല്ല വിദ്യാഭ്യാസ ഗുണനിലവാരം. പരമാവധി കുട്ടികൾ മികച്ച നിലവാരത്തിൽ പഠിച്ച് പുറത്തുവരികയും അവരവരുടെ താൽപ്പര്യമനുസരിച്ചുള്ള തുടർപഠനത്തിനോ തൊഴിലിനോ പ്രാപ്‌തരാവുകയും ചെയ്യുമ്പോഴാണ് സ്കൂൾ വിദ്യാഭ്യാസസംവിധാനം മികവുറ്റതാവുന്നത് . കുട്ടികളുടെ അന്വേഷണബുദ്ധിയെയും അറിവുനിർമ്മാണശേഷിയേയും മുൻനിർത്തിയുള്ള പഠനപ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് വിദ്യാഭ്യാസ ജാഥയിലൂടെ പരിഷത്ത് കേരള സമൂഹത്തോട് സംവദിക്കുന്നത്.”
കോഴിക്കോട് : “തോൽപിച്ചാൽ നിലവാരം കൂടുമോ” എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസജാഥയുടെ ഏഴാം ദിവസത്തിലെ പര്യടനം നവംബർ 20 ന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മീരാഭായി ക്യാപ്റ്റനും ഡോ. എം വി ഗംഗാധരനും , ഡോ പി വി പുരുഷോത്തമനും വൈസ് ക്യാപ്റ്റൻമാരുമായ ജാഥയാണ് കോഴിക്കോട് ജില്ലയിൽ ഏഴാം ദിനം പര്യടനം തുടങ്ങിയത്.
രണ്ട് വാഹനങ്ങളിയായി ജില്ലയിലെ 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച ജാഥയിൽ ഡോ. പി വി പുരുഷോത്തമൻ നയിച്ച ജാഥ ഒന്ന് – പൂനൂർ, കക്കഞ്ചേരി, പേരാമ്പ്ര , മേപ്പയൂർ, കക്കട്ടിൽ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ജാഥ 1 ൽ വൈസ് ക്യാപ്റ്റനെ കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, കെ.കെ.ശിവദാസൻ, പി കെ സതീശ് ,ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ, ജാഥ മാനേജർ ഹരീഷ് ഹർഷ, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി സുരേഷ് , ടി സി സിദിൻ എന്നിവർ ഉണ്ടായിരുന്നു. ഉദ്ഘാടന കേന്ദ്രമായ പൂനൂർ മുതൽ സമാപന കേന്ദ്രമായ കക്കട്ടിൽ വരെ എല്ലാ കേന്ദ്രങ്ങളിലും നല്ല ജനപങ്കാളിത്തത്തോടു കൂടിയ സ്വീകരണങ്ങൾ ലഭിച്ചു.
കക്കട്ടില്‍ സമാപന കേന്ദ്രത്തില്‍ മുന്‍ എം എല്‍ എ സത്യന്‍ മൊകേരി ജാഥക്ക് ആശംസ അറിയിച്ച സംസാരിക്കുന്നു
ജാഥയുടെ ഭാഗമായി പരിഷത്ത് പ്രസിദ്ധീകരിച്ച ആറ് ലഘുലേഖകൾ അടങ്ങിയ സെറ്റ് വിവധ വയക്തികളും സംഘടനാ പ്രതിനിധികളും ഏറ്റുവാങ്ങി കൊണ്ടാണ് ജാഥ സ്വീകരണ പരിപാടികൾ നടന്നത്. ജാഥയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിൽ പൊതുജനങ്ങളിൽ നിന്നും സീകരിച്ച ഒപ്പുകൾ എല്ലാ കേന്ദ്രങ്ങളിലും ജാഥാ മാനേജർ ഏറ്റുവാങ്ങി.
ജില്ലയിലെ രണ്ടാമത്തെ ജാഥ പരപ്പൻപൊയിലിൽ നിന്നും ആരംഭിച്ച് മണാശ്ശേരി, പൂവാട്ടുപറമ്പ്, കുന്നമംഗലം എന്നീ കേന്ദ്രങ്ങളിലൂടെ പലങ്ങാട് സമാപിച്ചു. പരപ്പൻപൊയിലിൽ ജില്ലയിലെ ഉദ്ഘാടനം പരിഷത്ത് സംസ്ഥാന ജനറൽ സെക്രടറി പി വി ദിവാകരൻ നിർവഹിച്ചു. ജാഥ 2 ൽ ക്യാപ്റ്റൻ മീരാഭായിയെ കൂടാതെ വൈസ് ക്യാപ്റ്റൻ ഡോ.എം വി ഗംഗാധരൻ, പ്രൊ. കെ പാപ്പൂട്ടി, പി.എം.വിനോദ്കുമാർ, ഡോ.കെ.രമേഷ്, ഡോ.വി.പരമേശ്വരൻ, സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി,സി സത്യനാഥന്‍, ജാഥ മാനേജർ പി ബിജു എന്നിവർ അംഗങ്ങളായി. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവർ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥയോടൊപ്പം അണിചേർന്നു. ഗുണ നിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി പരിഷത്ത് സംഘടിപ്പിക്കുന്ന ഈ സംവാദ യാത്രക്ക് ബഹുജന പങ്കാളിത്തം ഉറപ്പിക്കും വിധമായിരുന്നു ജില്ലയിലെ ഓരോ കേന്ദ്രങ്ങളിലെയും ജനപങ്കാളിത്തം.