ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വവും സാമൂഹിക ഉത്തരവാദിത്തം

0

സ്ത്രീകളുടെ ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സാമൂഹിക ഉത്തരവാദിത്തമായി കണക്കിലെടുത്ത് സർക്കാർ , ക്ഷേമപദ്ധതി ആസൂത്രണം ചെയ്തു  നടപ്പാക്കണമെന്ന്  തൃശ്ശൂർ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഇടത്തു നിന്ന് ഡോ. കെ വിദ്യാസാഗർ (പ്രസിഡണ്ട്) ഒ എൻ അജിത് കുമാർ (സെക്രട്ടറി), എ ബി മുഹമ്മദ് സഗീർ (ട്രഷറർ).
തൃശ്ശൂർ: സ്ത്രീകളുടെ ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വപരിപാടിയും സാമൂഹിക ഉത്തരവാദിത്തമായി കണക്കിലെടുത്ത് സർക്കാർ, ക്ഷേമപദ്ധതി ആസൂത്രണം ചെയ്തു  നടപ്പാക്കണമെന്ന്  തൃശ്ശൂർ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത്  ഭരണസംവിധാനത്തിൽ  പ്രതിനിധികൾ പകുതിയോളം സ്ത്രീകളായിരുന്നിട്ടും വേണ്ടത്ര പരിഗണന നൽകി പരിഹരിക്കാൻ ആകാത്ത പ്രശ്നമാണിത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ സാനിറ്ററി പാഡിന് പകരം താരതമ്യേന ചെലവു കുറഞ്ഞതും ദീർഘകാലം ഉപയോഗിക്കാവുന്നതും മാലിന്യം ഉണ്ടാക്കാത്തതുമായ മെൻസ്ട്രൽ കപ്പ് ഉപയോഗം വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ട്. ബി.പി.എൽ. കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഇത് സൗജന്യമായി ലഭ്യമാക്കാൻ  തദ്ദേശഭരണസ്ഥാപനങ്ങൾ പദ്ധതി വെക്കണം. പൊതു സ്ഥാപനങ്ങളിൽ പാഡ് നശീകരണത്തിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണം. ഇത് സംബന്ധിച്ച ബോധവൽക്കരണ പരിപാടിക്ക് രൂപം നൽകുകയും വേണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.
കുറുമാലിപ്പുഴ – മണലിപ്പുഴ മാലിന്യ നിർമ്മാർജ്ജനവും ശുചീകരണ പ്രവർത്തനങ്ങളും ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം മാത്രം  നടപ്പാക്കുക, അടാട്ട് പഞ്ചായത്തിലെ അനധികൃത കെട്ടിട നിർമ്മാണം അന്വേഷിക്കുകയും ഫ്ലാറ്റ് ഉടമകളുടെ ഗുണ്ടായിസത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യുക, സാങ്കേതിക വിദ്യാഭ്യാസം  മാതൃഭാഷയിൽ ആവിഷ്കരിക്കാനുള്ള  എ.ഐ.സി.ടി.ഇ. പദ്ധതി നടപ്പാക്കുക ,  സമഗ്രമായ മാതൃഭാഷാസൂത്രണനയം രൂപീകരിക്കുക  തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു .
ജില്ലാപ്രസിഡൻറ് കെ എസ് ജയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, ട്രഷറർ ടി എ ഷിഹാബുദ്ദീൻ, പി രമേഷ് കുമാർ,  എം ദിവാകരൻ, വി മനോജ് കുമാർ, ഡോ. കെ വിദ്യാസാഗർ, ഒ എൻ അജിത് കുമാർ, കെ എസ് സുധീർ, വി ജി ഗോപിനാഥൻ, വി മനോജ്, ഇ ഡി ഡേവീസ്, രാജൻ നെല്ലായി,  ഋതുപ്രിയ ആലത്ത്, പി എസ് ജൂന, എം ദേവയാനി, ടി വി വിശ്വംഭരൻ, എ എസ് ജിനി, എം ആർ സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ. കെ വിദ്യാസാഗർ (പ്രസിഡൻറ്), കെ മായ, എം ജി ജയശ്രീ (വൈസ് പ്രസിഡന്റുമാർ), ഒ എൻ അജിത് കുമാർ (സെക്രട്ടറി), ടി വി രാജു, എം ഹരിഷ് (ജോ. സെക്രട്ടറിമാർ ), എ ബി മുഹമ്മദ് സഗീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *