വരള്‍ച്ചയ്ക്കെതിരെ ജനകീയ ജലസംരക്ഷണ പദ്ധതി വേണം
കോഴിക്കോട് : പാരിസ്ഥിതികമായി നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ജനകീയസംരക്ഷണ കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കി. കോഴിക്കോട് കോര്‍പറേഷന്‍ ജില്ലാപഞ്ചായത്ത് CWRDM, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തില്‍ വരള്‍ച്ചക്കെതിരെ കോഴിക്കോട് എന്ന പേരിലാണ് കര്‍മപരിപാടി രൂപികരിച്ചത്. ഇതിന്റെ ഭാഗമായി ടാഗോര്‍ ഹാളില്‍ നടന്ന ജലസുരക്ഷ-ജീവസുരക്ഷ സംസ്ഥാന സെമിനാറും ശില്‍പശാലയും മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക പൈതൃകം തിരിച്ചുപിടിച്ചാലേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അയല്‍ക്കൂട്ടതലത്തില്‍ നടത്തേണ്ട കര്‍മപദ്ധതിയെക്കുറിച്ചുള്ള കൈപുസ്തകം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പ്രകാശനം ചെയ്തു. പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട് പി.കുല്‍സു, പ്രൊഫ.എം.കെ.പ്രേമജ, പരിഷത്ത് ജനറല്‍ സെക്രട്ടറി പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.എ.അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.കെ.ശ്രീധരന്‍ കര്‍മപരിപാടികള്‍ അവതരിപ്പിച്ചു. ശില്‍പശാലയില്‍ ബാബു മാത്യു, പ്രൊഫ.സന്തോഷ് തമ്പി, കെ.രാധന്‍, വി.കെ.വിനോദ് എന്നിവര്‍ വിവിധ ജലസംരക്ഷണ രീതികള്‍ അവതരിപ്പിച്ചു. ജനറല്‍കണ്‍വീനര്‍ മണലില്‍ മോഹനന്‍ സ്വാഗതവും എ.പി.പ്രേമാനന്ദ് നന്ദിയും പറഞ്ഞു.