Pro K Sreedharan

 

വയനാട് : വരള്‍ച്ചയുടെ ആകുലതകള്‍ക്കിടയിലും ശ്രദ്ധാപൂര്‍വമായ ഇടപെടലിലൂടെ ജല ക്ഷാമത്തെ തടഞ്ഞു നിര്‍ത്താനാവുമെന്ന പ്രതീക്ഷകള്‍ പങ്കു വച്ച് ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച വേണം വയനാടിനൊരു ജല നയം സെമിനാര്‍ സമാപിച്ചു. എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ പുത്തൂര്‍ വയലില്‍സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. കുടിവെള്ളം കിട്ടാക്കനിയാകുന്ന കാലം വിദൂരമല്ലെന്ന വേവലാതികള്‍ക്കിടയിലും തടഞ്ഞു നിര്‍ത്താന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ട് എന്ന സന്ദേശമാണ് സെമിനാര്‍ പങ്കു വച്ചത്. വെള്ളം കിട്ടാതാവുമ്പോള്‍ കിണറിന്റെ ആഴങ്ങളിലേക്കല്ല മനുഷ്യന്‍ നോക്കേണ്ടത് പകരം മാനത്ത് നിന്ന് എന്തു കൊണ്ട് മഴ വരുന്നില്ല എന്ന് ചിന്തിക്കേണ്ടിയിക്കുന്നു എന്ന് ആമുഖ വിഷയാവതരണം നടത്തിയ പരിഷത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊ കെ ശ്രീധരന്‍ പറഞ്ഞു. കാലം തെറ്റി വരൂന്ന മഴയെ ആശ്രയിച്ച് ക്യഷി അസാധ്യമാണ്.കാല വര്‍ഷ തുലാവര്‍ഷ മേഘങ്ങള്‍ വയനാടിന്റെ മുകളിലൂടെ പെയ്യാതെ പോകുന്നത് എന്തു കൊണ്ട് എന്നു നാം ചിന്തിക്കണം. ഓരോ പ്രദേശത്തിനും ഓരോ സൂക്ഷ്മ കാലാവസ്ഥയുണ്ട്. വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഇവിടത്തെ കുന്നും മലകളും അതിലെ മരങ്ങളുമാണ്. മഴ മേഖങ്ങളെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കാനാവശ്യമായ വ്യക്ഷ മേലാപ്പ് ഇപ്പോള്‍ നമുക്കില്ലാതായിരിക്കുന്നു എന്ന് വയനാട്ടുകാര്‍ തിരിച്ചറിയണം എന്ന് മഴ എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തിയ ശാസ്ത്രജ്ഞ സുമ വിഷ്ണു ദാസ് പറഞ്ഞു. മഴ വെള്ളം മണ്ണില്‍ താഴാന്‍ ഉണ്ടായിരുന്ന പ്രക്യതി ദത്ത മാര്‍ഗങ്ങള്‍ എല്ലാം വെടിഞ്ഞ് മനുഷ്യരിപ്പോള്‍ മഴക്കുഴി കുഴിക്കുന്നത് കയ്യിലൂടെയും കാലിലൂടെയും വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണെന്ന് പ്രശസ്ത കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ പറഞ്ഞു.
ഉപരിതലത്തില്‍ ലഭ്യമായ ജലത്തെ ഉപയോഗിക്കാതെ ഒഴുക്കി കളഞ്ഞ് ഭൂഗര്‍ഭ ജലം തേടി നാം ആഴങ്ങളിലേക്ക് പോയ്‌കൊണ്ടിരിക്കുകയാണെന്ന് ഉപരിതല ജലം എന്ന വിഷയത്തില്‍ അവതരണം നടത്തിയ ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി യു ദാസ് പറഞ്ഞു. വയനാടിന്റെ 76 ശതമാനം സ്ഥലവും കബനീ നദിയുടെ വ്യഷ്ടി പ്രദേശമാണ്. വയനാട്ടില്‍ നാം കാണുന്ന എല്ലാ നീര്‍ചാലുകളും അരുവികളായി ചെറു പുഴ കളായി ഒടുവില്‍ കബനിയില്‍ എത്തി ചേരുന്നു. കബനി കാവേരി എന്ന മഹാ നദിയിലേക്കൂം. 90 കള്‍ക്കു മുമ്പത്തെ കണക്കുകള്‍ പ്രകാരം വയനാട്ടില്‍ നിന്നും കബനിയിലേക്ക് ഒഴുകി എത്തിയിരുന്നത് 96ടി എം സി വെള്ളമാണ്. അതില്‍ 21 ടി എം സി ജലം അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക പരിഹാര ട്രിബൂണല്‍ നമുക്ക് അനുവദിച്ചിട്ടുണ്ട്. അതുപയോഗപെടുത്താന്‍ നമുക്ക് പദ്ധതികള്‍ ഇല്ല.  ഇപ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതേയുള്ളു. ഇപ്പൊഴത്തെ സ്ഥിതിയില്‍ 96 ടി എം സി ആയിരിക്കില്ല കബനിയിലേക്ക് ഒഴുകുന്നത്. അതിലും എത്രയൊ കൂടുതല്‍ ആണ്. കാരണം കുന്നുകളും വയലുകളും നശിപ്പിക്കപ്പെടാതു മൂലം മണ്ണിലിറങ്ങാന്‍ കഴിയാതെ മഴ വെള്ളം കബനിയിലൂടെ കാവേരിയിലേക്ക് കുതിക്കുകയാണ്. പുതിയ കനക്കൂകള്‍ എടുക്കുകയാണെങ്കില്‍ നമുക്ക് അവകാശപ്പെടാവുന്നത് 21 ടി എം സിയിലും കൂടുതല്‍ ആയിരിക്കും. ഭൂഗര്‍ഭ ജലത്തെ അമിതമായി ആശ്രയിക്കുന്നത് സമീപഭാവിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഭൂഗര്‍ഭജലം എന്ന വിഷയത്തില്‍ അവതരണം നടത്തിയ കോഴിക്കോട് ശാസ്ത്രജ്ഞന്‍ ഡോ ഇ അബ്ദുള്‍ ഹമീദ് പറഞ്ഞു. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് 200 അടിയില്‍ താഴെവെള്ളം കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് 400 അടിക്കും താഴെയാണ് കുഴല്‍ കിണറുകള്‍ വെള്ളം തേടുന്നത്. ഇത് റീചാര്‍ജ് ചെയ്യപ്പെടാത്ത് ജല ശേഖരങ്ങള്‍ ആണ്. ഗുണനിലവാരവും മോശമായിരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകൂമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ വി ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത് അംഗം എ എന്‍ പ്രഭാകരന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം ഡയറക്റ്റര്‍ ‍ഡോ എന്‍ അനില്‍കുമാര്‍, ഡോ തോമസ് തേവര, ഡോ അനില്‍ സക്കറിയ, പ്രൊഫ.കെ.ബാലഗോപാല്‍, ജി ഹരിലാല്‍, കെ.ടി. ശ്രീവത്സന്‍, പി അനില്‍കുമാര്‍, കെ ബിജോ പോള്‍, എം കെ ദേവസ്യ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.