വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന് തുടക്കമായി

0

കലയെ ആയുധമാക്കി ജനകീയ പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽ കേരളത്തിന് വഴികാട്ടിയും ആത്മവിശ്വാസവുമായിരുന്ന വി.കെ.എസിന്റെ ഓർമ്മകൾ നിലനിർത്താനും കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപെടുത്താനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് വി.കെ.എസ് ശാസ്ത്രസാംസ്കാരികോത്സവം പാലക്കാട് ജില്ലയിലെ കൂറ്റനാട് ആരംഭിച്ചു.
പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ.കവിതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

07 ഒക്ടോബർ 2023

കൂറ്റനാട് / പാലക്കാട്

ജനകീയകല പ്രതിരോധത്തിന് …..
പാട്ടും പ്രതിരോധവും …. നാടകം പുതുസങ്കേതങ്ങൾ …… ചരിത്രം സംസ്കാരം പ്രതിരോധത്തിന്റെ പുതുവഴികൾ …

ജനകീയ ഗാനാലാപനങ്ങളിലൂടെ കേരളത്തിന്റെ തെരുവുകളെ ശാസ്ത്രബോധത്തിന്റെ പടച്ചട്ടയണിയിക്കാൻ സ്വജീവിതം സമർപ്പിച്ച ….. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടേയും കലാജാഥകളിലും തെരുവ് നാടകങ്ങളിലും സമ്മേളനവേദികളിലും പാടിയ നിരവധി പാട്ടുകളുടെ സ്രഷ്ടാവായിരുന്ന …. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയായിരുന്ന ….. വി.കെ.എസ്. (വി.കെ ശശിധരൻ)
ഓർമ്മയായിട്ട് രണ്ടു വർഷം തികയുന്ന വേളയിൽ പരിഷത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് വി.കെ.എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന് പാലക്കാട് ജില്ലയിലെ തൃത്താല മേഖലയിലെ കൂറ്റനാട് തുടക്കമായി.

പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ.കവിതാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവും കലയും ഒന്നിച്ച് സാമൂഹ്യ മാറ്റത്തിനുള്ള ചാലകശക്തിയായി മാറേണ്ടതാണെന്നും ജനകീയ പ്രതിരോധത്തിനുള്ള സാധ്യതകളെ കൂട്ടായി അന്വേഷിക്കേണ്ടതാണെന്നും ഉദ്ഘാടന പ്രഭാഷണത്തിൽ അവർ പറഞ്ഞു. സംസ്കാരത്തിൽ രാഷ്ട്രീയം ഇടപെടേണ്ടതിന്റെ പ്രധാന്യം ഉദ്ഘാടക സൂചിപ്പിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം വി.പി.റജീന അധ്യക്ഷത വഹിച്ചു. എം.കെ.പ്രദീപ് , കെ.ജനാർദ്ദനൻ, പി.ആർ കുഞ്ഞുണ്ണി തുടങ്ങിയവർ ആശംസകളർപ്പിച്ചു. പരിഷത്ത് ജില്ലാസെക്രട്ടറി ഡി . മനോജ് നന്ദി പറഞ്ഞു.

ആദ്യ സെഷനിൽ പാട്ടും പ്രതിരോധവും എന്ന വിഷയം എം.എം.സചീന്ദ്രൻ അവതരിപ്പിച്ചു. കോട്ടക്കൽ മുരളി അധ്യക്ഷനായിരുന്നു. സംഗീത സംവിധായകൻ കോട്ടയ്ക്കൽ മുരളി വി.കെ എസിന്റെ പാട്ടുകളെ ഉദാഹരിച്ചു കൊണ്ട് വളരെ ഹൃദ്യമായ അവതരണം നടത്തി. വി.കെ.എസ് അനുസ്മരണം ഡോ. കാവുമ്പായി ബാലകൃഷ്ണൻ നിർവഹിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം വി. അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.

തുടർന്നുള്ള സെഷനുകളിൽ നാടകത്തിൻ്റെ പുതുസങ്കേതങ്ങൾ –  നാടക പ്രവർത്തകനായ അരുൺ ലാൽ,  ചരിത്രം സംസ്കാരം പ്രതിരോധത്തിൻ്റെ പുതുവഴികൾ – ഡോ. മാളവികബിന്നി, ജനകീയ ക്യാമ്പയിൻ എങ്ങനെ –  പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, ഇന്ത്യൻ ജനാധിപത്യം സാധ്യതയും വെല്ലുവിളികളും – കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ കെ.ജയദേവൻ എന്നീ അവതരണങ്ങൾ നടത്തും. കേന്ദ്ര നിർവ്വാഹകസമിതിയംഗം ജി രാജശേഖരൻ , കലാ- സംസ്കാരം ചെയർമൻ വി.വി.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിക്കും. ഗ്രാമശാസ്ത്ര ജാഥ, ചോഴികളി,  തുയിലുണർത്തുപാട്ട്,  ചവിട്ടുകളി ഓട്ടൻതുള്ളൽ , വി.കെ.എസ് ഗാനാലാപനം എന്നിവ ഉണ്ടാകും.

ഞായറാഴ്ച സമാപന സമ്മേളനം തദ്ദേശ എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *