വയനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക പരിസര സമിതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ തനതായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ പി.കെ. വിജയൻ ചെയർമാനായും, അരുൺ ബാബു കെ. കൺവീനറായും 15 അംഗ പ്രാദേശിക പരിസരസമിതി രൂപീകരിച്ചു. യോഗത്തിൽ എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സയന്റിസ്റ്റ് സുമ വിഷ്ണുദാസ്, പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു എന്നിവർ ‘വയനാടൻ കാർഷിക മേഖലയും പരിസ്ഥിതി സംരക്ഷണവും ജലസുരക്ഷയും’, ‘പ്രാദേശിക പരിസര സമിതികളുടെ പ്രസക്തിയും പ്രാധാന്യവും’ എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. പനമരം ചേതന വായനശാലയിൽ വച്ചു നടന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ എം.എ.ചാക്കോ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ഷൈനി കൃഷ്ണൻ, ജുൽന ഉസ്മാൻ, കൃഷി ഓഫീസർ ജയരാജ് എം. പരിഷത്ത് മേഖലാ സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി പരിഷത്ത് പനമരം യൂണിറ്റ് സെക്രട്ടറി ശൈലേഷ് കുമാർ സ്വാഗതവും, പ്രസിഡണ്ട് പ്രസാദ് കെ.വി. നന്ദിയും പറഞ്ഞു.