സ്ത്രീപക്ഷ മെഡിക്കൽവിദ്യാഭ്യാസം കേരളത്തിനും ആവശ്യം – ആർ പാർവതി ദേവി
ഡോക്ടർമാർക്ക് സ്ത്രീബോധം ഉണ്ടാക്കുന്നതിനുള്ള ആദ്യ ചുവട് വയ്‌പ്പ് നടത്തിക്കൊണ്ട് മഹാരാഷ്ട്ര മാതൃകയാകുന്നു. എം ബി ബി എസ് പാഠ്യപദ്ധതിയിൽ ജന്റര്‍ഒരു വിഷയമായി ഉൾപ്പെടുത്തുവാൻ മഹാരാഷ്ട്ര തീരുമാനിച്ചിരിക്കുന്നു. സ്ത്രീകളായ രോഗികളെ പരിശോധിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് മെഡിക്കൽ അറിവ് മാത്രം പോരാ, സാമൂഹ്യ ബോധം കൂടി ഉണ്ടാകണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. പരീക്ഷണാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ അഞ്ചു മെഡിക്കൽ കോളേജുകളിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാര്‍ഥികൾക്ക് ജന്റര്‍ പഠനം ആരംഭിച്ചിരുന്നു. മറ്റു മെഡിക്കൽ കോളേജുകളിലേക്കു കൂടി ഇത് ഉടൻ വ്യാപിപ്പിക്കുവാനാണ് തീരുമാനം. മെഡിസിൻ, മനഃശാസ്ത്രം, ഗൈനക്കോളജി , പ്രീവെന്റീവ് മെഡിസിൻ, ഫോറൻസിക് മെഡിസിൻ എന്നീ അഞ്ചു ശാഖകൾക്കാണ് ജന്റര്‍ കൂടി നിർബന്ധമാക്കുന്നത്.
സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കും വിധേയരാകുമ്പോൾ ആദ്യം ബന്ധപ്പെടുന്നത് ആരോഗ്യ പ്രവർത്തകരെ ആണ്. പോലീസിൽ അറിയിക്കാൻ താത്‌പര്യപ്പെടാത്ത സ്ത്രീകളും ഡോക്ടറെ കാണാൻ നിര്‍ബന്ധിക്കപ്പെടുന്നു. അഥവാ അവർ യഥാർത്ഥ സംഭവം മറച്ചു വെക്കാൻ ശ്രമിച്ചാലും ഡോക്ടർമാരും നഴ്സുമാരും മുറിവുകളിൽ നിന്നും സത്യം മനസ്സിലാക്കാൻ ആവശ്യമായ പരിശീലനം നേടിയിരിക്കണം. കടുത്ത ശാരീരിക, മാനസിക സംഘർഷം അനുഭവിക്കുന്ന സ്ത്രീകളോട് ഏതു രീതിയിൽ ഉള്ള സമീപനം ആണ് സ്വീകരിക്കേണ്ടത് എന്നത് ശാസ്ത്രീയമായി തന്നെ ആരോഗ്യ പ്രവർത്തകർ അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ആശുപത്രിയിലെ പരിശോധനകൾ കൂടുതൽ പീഡനം ആയാണ് സ്ത്രീകൾക്ക് അനുഭവപ്പെടുക. എല്ലാ പാഠ്യപദ്ധതിയിലും ജന്റര്‍ ആവശ്യമാണെങ്കിലും മെഡിക്കൽ വിദ്യാഭ്യാസത്തിനാണ് ഏറ്റവും ആവശ്യം. ലൈംഗിക പീഡനം ഒരു ആരോഗ്യ പ്രശ്നത്തിനൊപ്പം സാമൂഹ്യ പ്രശ്നം കൂടി ആണെന്ന തിരിച്ചറിവ് മെഡിക്കൽ പ്രൊഫഷനുകൾക്ക് ഉണ്ടാകണം. സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് സ്ത്രീപക്ഷമായ മെഡിക്കൽ വിദ്യാഭ്യാസം.
കേരളവും ഈ ദിശയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അച്യുത മേനോൻ സെന്റർ ഡോക്ടർമാർക്ക് ജന്റര്‍ പരിശീലനം നൽകുന്നതിനുള്ള മൊഡ്യൂൾ തയാറാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. കേരളസർക്കാർ ആരംഭിച്ച ഭൂമിക ഒരു പരിധി വരെ ലൈംഗികപീഡനത്തിന്റെ ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആണ്. എന്നാൽ ഈ പദ്ധതി ഇനിയും കൂടുതൽ കാര്യക്ഷമം ആകേണ്ടിയിരിക്കുന്നു. തന്റെ അരുകിൽ വരുന്ന രോഗി ആയ സ്ത്രീ അതിക്രമത്തിന് ഇര ആയതായി കണ്ടാൽ പോലീസിനെ അറിയിക്കുവാനും ഡോക്ടർമാർക്ക് ബാധ്യത ഉണ്ട്.
ആശുപത്രികൾക്കാകെ തന്നെ സ്ത്രീസൗഹാര്‍ദ ഘടന ആവശ്യമാണ്. സ്ത്രീകളുടെ സവിശേഷമായ ആവശ്യങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്തു കൊണ്ടല്ല നമ്മുടെ ആശുപത്രികൾ പ്രവർത്തിക്കുന്നത്. പ്രസവ മുറികൾ പോലും സ്ത്രീകൾക്ക് ചേരുന്നതരത്തിൽ നിര്‍മിച്ചിട്ടില്ല. സ്വകാര്യത എന്ന ഏറ്റവും മിനിമം ആവശ്യം പോലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. ലൈംഗിക അതിക്രമത്തിന്റെ ഇരകൾക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ- നിയമ മാർഗ നിർദേശം നിലവിൽ ഉണ്ടെങ്കിലും നമ്മുടെ എത്ര സർക്കാർ ആശുപത്രികൾ ഇത് പാലിക്കുന്നുണ്ട് എന്നതാണ് പ്രശ്നം. ഉദാഹരണത്തിന്, ആശുപത്രികളിൽ ഒരു കിറ്റ് ലൈംഗിക അതിക്രമത്തിനു വിധേയരായവർക്കു വേണ്ടി സൂക്ഷിക്കണം എന്ന് നിർദേശിച്ചിട്ടുണ്ട്. ആ കിറ്റിൽ ആവശ്യമായ കാര്യങ്ങളും അക്കമിട്ട് പറയുന്നു. പ്രധാനമായും പറയുന്നത് നൈറ്റി ഉൾപ്പടെയുള്ള വസ്ത്രമാണ്. കാരണം ബലാൽസംഗത്തിന് ഇരയായി ആശുപത്രിയിൽ ഒരു പെൺകുട്ടിയെ സ്ത്രീയോ വന്നാൽ അവർ ധരിച്ചിരിക്കുന്ന വസ്ത്രം തെളിവായി പോലീസിൽ ഏൽപ്പിക്കണം. ഒരു വലിയ കടലാസ്സ് നിലത്തു വിരിച്ചിട്ട ശേഷം അതിൽ കയറി നിന്നാണ് സ്ത്രീകൾ വസ്ത്രം മാറ്റേണ്ടത്. ആ കടലാസ്സിൽ പൊതിഞ്ഞെടുത്ത വസ്ത്രം പൊലീസിന് കൈമാറണം. നനവ് ഉണ്ടെങ്കിൽ തണലത്തു വിരിച്ചു ഉണക്കി നൽകണം. ആ സമയം സ്ത്രീകൾക്ക് ധരിക്കാൻ വിവിധ അളവിലുള്ള നൈറ്റി വാങ്ങി സൂക്ഷിക്കാൻ ആശുപത്രി അധികൃതർക്ക് ഉത്തരവാദിത്തം ഉണ്ട്. ഒപ്പം വരുന്നവരോട് വസ്ത്രം വാങ്ങിക്കൊണ്ടു വരാൻ ആണ് സാധാരണ ഉത്തരവിടാറുള്ളത്. ഇത് ഒരു ഉദാഹരണം മാത്രം. പല നിയമങ്ങളും പോലെ പാലിക്കപെടാത്ത ഒന്നാണ് ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സ്ത്രീബോധവും. അതുകൊണ്ടാണ് പഠിക്കുമ്പോൾ തന്നെ നമ്മുടെ സമൂഹത്തിലെ സ്ത്രീ പദവിയെക്കുറിച്ച് മനസിലാക്കുവാൻ ബോധപൂർവം ശ്രമം ആവശ്യമാകുന്നത് .