ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ചാപ്ടർ വാർഷികങ്ങള്‍

0
അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാര്‍ഷിക വേദി

അബുദാബി ചാപ്റ്റര്‍

അബുദാബി: ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌ അബുദാബി ചാപ്റ്ററിന്റെ പതിനാലാം വാർഷിക സമ്മേളനം ഖലീജ് ടൈംസ് അബുദാബി ബ്യുറോ ചീഫും അസിസ്റ്റന്റ് എഡിറ്ററുമായ അഞ്ജന ശങ്കർ കേരള സോഷ്യൽ സെന്ററിൽ ഉത്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സ്മിത അധ്യക്ഷത വഹിച്ചു. ബാലവേദി പ്രവർത്തകരായ ദേവിക രമേഷ്, ജിതിൻ ജയൻ എന്നിവരുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് ചാപ്റ്റർ കോഓർഡിനേറ്റർ ശ്യാം തൈക്കാട് സ്വാഗതം പറഞ്ഞു. ഇന്ത്യ സോഷ്യൽ സെന്റർ മുൻ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ വർത്തമാനകാല ഇന്ത്യ – ജനാധിപത്യം, ശാസ്ത്രം, പരിസ്ഥിതി എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ യുഎഇ ഘടകം പ്രസിഡന്റ് ശ്രീകുമാരി, കേരളാ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, ശക്തി തീയേറ്റേഴ്സ് ട്രഷറർ മനോരഞ്ജൻ, യുവകലാ സാഹിതി ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ കോഓർഡിനേറ്റർ ശ്യാം തൈക്കാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സതീഷ് കുമാർ വരവുചെലവ് കണക്കും റൂഷ് മെഹർ ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ യുഎഇ കോഓർഡിനേറ്റർ ഹരിദാസ്, നോർത്തേൺ എമിരേറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് പ്രശാന്തൻ, മാത്യു ആന്റണി, മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു. ജോ. കോർഡിനേറ്റർ ഷീന നന്ദി പ്രകാശിപ്പിച്ചു.
ഈദ് കമൽ (പ്രസിഡന്റ്), സ്മിത (കോഓർഡിനേറ്റർ), പ്രീത ടീച്ചർ (ട്രഷറർ), രാജേഷ്‌ ഏ.കെ. (വൈസ്‌ പ്രസിഡന്റ്‌), സതീഷ്‌ കുമാർ (ജോ.കോഓർഡിനേറ്റർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിർന്ന പ്രവർത്തകനായ കുഞ്ഞില്ലത്ത് ലക്ഷ്മണന് പ്രവർത്തകർ സ്നേഹാദരങ്ങളോടെ യാത്രയയപ്പു നൽകി. മുൻ പ്രവർത്തകനും കവിയും അബുദാബിലെ സാംസ്‌കാരിക പ്രവർത്തകനും ആയിരുന്ന ശ്രീ അസ്‌മോ പുത്തൻചിറയുടെ നാലാമത് ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്‌മരിച്ചു കൊണ്ട് ഫൈസൽ ബാവ സംസാരിച്ചു. ഒമർ ഷെരിഫ് സംവിധാനംചെയ്ത ‘അസ്‌മോ ഓർമ്മകളുടെ ഹരിതകം” എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
നോര്‍ത്തേണ്‍
എമിറേറ്റ്സ് ചാപ്റ്റര്‍

അജ്മാന്‍: നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ വാർഷിക സമ്മേളനം ആലുവ യു സി കോളേജ് രസതന്ത്രവിഭാഗം മുൻ തലവൻ ഡോ.കെ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാഡംക്യൂറി മുതൽ ടെസിതോമസ് വരെയുള്ള സ്ത്രീശാസ്ത്രജ്ഞർ ശാസ്ത്രലോകത്തിനു നൽകിയ സംഭാവനകള്‍ സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ സംഘടനാ പ്രസിഡണ്ട് ശ്രീകുമാരി ആന്റണി സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ ചാപ്ടർ പ്രസിഡണ്ട് പ്രശാന്തൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അജയ് സ്റ്റീഫൻ പ്രവര്‍ത്തന റിപ്പോർട്ടും ജോസഫ് ഫിലിപ്പ് കണക്കും ശ്രീജിത്ത് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. എൻ സി ഇ ആർ ടി തയാറാക്കിയ ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്നും ഇന്ത്യൻ സാമൂഹിക പരിഷ്കരണങ്ങൾക്കായി നടത്തിയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച വിവിധ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നടപടി പാഠ്യപദ്ധതിയുടെ അന്തസ്സത്ത തകർക്കുന്നതാണെന്നും ഈ നടപടി പിൻവലിക്കണമെന്നും വാർഷികം ആവശ്യപ്പെട്ടു.
പരിസ്ഥിതി ആഘാതങ്ങള്‍ കണക്കാക്കാതെയുള്ള വികസനപ്രവർത്തനങ്ങൾ നമ്മുടെ നാടിനെ ഭീതിതമായ പ്രകൃതിദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടലുകൾ വർദ്ധിക്കുന്നതിന് ഇടയാക്കുന്ന അനധികൃത ക്വാറികളും അശാസ്ത്രീയ നിർമ്മാണങ്ങളും നിയന്ത്രിക്കുവാനുള്ള നടപടികളെടുക്കണമെന്ന് സമ്മേളനപ്രമേയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. മൺസൂൺ കാലത്ത് കേരളത്തിൽ വ്യാപിക്കുന്ന ജല ജന്യരോഗങ്ങളും വിവിധ പനികളും നിയന്ത്രിക്കുന്നതിനും കൊതുക് നിവാരണം നടത്തുന്നതിനും സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൂട്ടി നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രശാന്തൻ (പ്രസിഡണ്ട്), വിനോദ് കൂവേരി (വൈസ് പ്രസിഡണ്ട്), അജയ് സ്റ്റീഫൻ (കോർഡിനേറ്റർ), പത്മ ഹരിദാസ് (ജോയിന്റ് കോർഡിനേറ്റർ), ജിബിൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *