അമ്പത്തിനാലാം വാര്‍ഷികത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖ

0

നമ്മുടെ സംഘടനയുടെ അന്‍പത്തിനാലാം വാര്‍ഷികം ഏപ്രില്‍ അവസാനം കണ്ണൂരില്‍ വെച്ച് നടക്കുകയാണ്. അതിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട സംഘടനാ രേഖയാണിത്. മനുഷ്യ ജീവിതം ഗുണകരമാക്കുന്നതില്‍ ശാസ്ത്രത്തിനുള്ള പങ്കിന് അടിവരയിടുകയും ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി ഏത് വിധത്തിലാണ് പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടുക എന്ന് ചൂണ്ടിക്കാട്ടുകയുമാണ് ഇത്തവണ യൂണിറ്റ് രേഖയില്‍ ലക്ഷ്യമിടുന്നത്.
ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഈ കുതിപ്പ് നമ്മുടെ നിത്യ ജീവിതത്തെ പാടെ മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു ദശകത്തിന് മുമ്പ് സങ്കല്പിക്കാന്‍ പോലും കഴിയാത്ത പലതും സാങ്കേതിക പുരോഗതിയിലൂടെ ഇന്ന് നമുക്ക് ചെയ്യാനാവുന്നു (ഉദാ. സ്മാര്‍ട്ട് ഫോണ്‍). എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകളെ വാരിപ്പുണര്‍ന്ന് നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമ്പോഴും അത് സാധ്യമാക്കിയ ശാസ്ത്രത്തെ നിരാകരിക്കാനും പ്രാചീനവിശ്വാസങ്ങളുടെ ആധികാരികതയെ പകരം വെക്കാനും പലരും കൊണ്ടുപിടിച്ച് ശ്രമിക്കയാണ്. മാനവ ചരിത്രത്തില്‍ ശാസ്ത്രം ചെലുത്തിയ സ്വാധീനം അംഗീകരിക്കുമ്പോള്‍ തന്നെ ശാസ്ത്രമെന്നാല്‍ സാങ്കേതിക വിദ്യ മാത്രമാണെന്നും ശാസ്ത്രാഭിമുഖ്യമെന്നാല്‍ പുത്തന്‍ സാങ്കേതികവിദ്യകളോടുള്ള ഭ്രമം മാത്രമാണെന്നും ധരിച്ചുവെച്ചവരുമേറെയാണ്. അതിനാല്‍ എന്താണ് ശാസ്ത്രമെന്നും മാനവജീവിതത്തെ മാറ്റി തീര്‍ക്കുന്നതില്‍ ശാസ്ത്രം ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെട്ടുവെന്നും തിരിച്ചറിവ് ഉണ്ടാകുക പ്രധാനമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിലേക്ക് നാം എങ്ങിനെ എത്തിയെന്നും പിന്നീടുള്ള പ്രവര്‍ത്തനങ്ങളും നിലപാടുകളും വികസിക്കുന്നതില്‍ അത് എപ്രകാരം പ്രയോജനകരമായി എന്നും നമുക്ക് ധാരണയുണ്ടാവണം. എന്നാല്‍ മാത്രമേ സമകാലീന സാഹചര്യത്തില്‍ പുതിയ വെല്ലുവിളികള്‍ക്കനുസൃതമായി ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനാവൂ. ശാസ്ത്രത്തെ സാമൂഹികപരിവര്‍ത്തനത്തിന് പ്രയോജനപ്പെടുത്താനാവൂ.
ശാസ്ത്രത്തിന്റെ പങ്ക്
അതിജീവന ശ്രമത്തിനിടയില്‍ ചുറ്റുപാടിനെ മനസ്സിലാക്കാനും അതില്‍ ഇടപെടാനും മനുഷ്യന്‍ വികസിപ്പിച്ച സവിശേഷമായ ഒരു രീതിയെയും അതിലൂടെ ആര്‍ജിക്കപ്പെട്ട അറിവിനെയുമാണ് നാം ശാസ്ത്രം എന്ന് പറയുന്നത്. നിരീക്ഷിച്ചും ലഭ്യമായ വിവരങ്ങളെ തരംതിരിച്ചും പരസ്പരബന്ധം കണ്ടെത്തിയും എന്തുകൊണ്ട്, എങ്ങിനെ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയും കിട്ടുന്ന അനുമാനങ്ങളെ പരീക്ഷിച്ച് ബോധ്യപ്പെട്ടും പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം കണ്ടത്തലാണ് ശാസ്ത്രത്തിന്റെ രീതി. അതിലൂടെ ആര്‍ജിക്കപ്പെടുകയും ഇതേ രീതിയില്‍ പുതിയ വിവരങ്ങളുടെ കൂടി പിന്‍ബലത്തില്‍ നിരന്തരമായി പരിഷ്കരിക്കയും ചെയ്യപ്പെട്ട അറിവിന്റെ ആകെത്തുകയാണ് ശാസ്ത്രവിജ്ഞാനം. ഈ അറിവിനെ പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടുത്തലാണ് സാങ്കേതികവിദ്യ. സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ അതിന്റെ പിന്നിലെ ശാസ്ത്രം അറിയണമെന്നില്ല. സ്മാർ‍ട്ട്ഫോൺ ഉപയോഗിക്കുന്ന എത്രപേർക്ക് അതിന്റെ ഓരോ ആപ്ലിക്കേഷന്റെയും പിന്നിലുള്ള ശാസ്ത്രം അറിയാം?. മോട്ടോര്‍ കാര്‍ ഉപയോഗിക്കാന്‍ എന്‍ജിനുള്ളില്‍ നടക്കുന്ന ആന്തരിക ദഹനത്തെപ്പറ്റിയുള്ള ശാസ്ത്രവിജ്ഞാനം അറിയണമെന്നില്ലല്ലോ. ആദ്യകാലത്ത് സാങ്കേതിക വിദ്യ പരിഷ്കരിക്കപ്പെട്ടത് വിവിധ സാധ്യതകളില്‍ ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെയായിരുന്നു, എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ പിറവിയോടെ സ്ഥിതിമാറി. അതിന്റെ പിന്നിലുള്ള ശാസ്ത്രത്തിന്റെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കാമെന്നായി. പുതിയ സാങ്കേതിക വിദ്യകള്‍ പിറക്കുന്നതും ശാസ്ത്രവിജ്ഞാനത്തില്‍നിന്നാണ്. സാങ്കേതിക രംഗത്തിന്റെ ഇന്നത്തെ കുതിപ്പിന്റെ കാരണമതാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയുമാണ് ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.
ശാസ്ത്രം മനുഷ്യജീവിതത്തെ എപ്രകാരം സ്വാധീനിച്ചു എന്ന് ചോദിച്ചാല്‍ പലരുടെയും മറുപടി ചില സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലേക്കും ജീവിതസൗകര്യങ്ങളിൽ ഉണ്ടായ വര്‍ധനവിലേക്കും ഒതുങ്ങും. എന്നാല്‍ അതുമാത്രമാണോ ശാസ്ത്രം നല്കിയ സംഭാവന? ഇന്ന് മനുഷ്യന്റെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 68 വയസ്സാണ്. എന്നാല്‍ 50 വര്‍ഷം മുമ്പ് അത് അമ്പത് വയസ്സുമാത്രമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പാകട്ടെ മുപ്പത്തഞ്ചില്‍ താഴെയും. ഭക്ഷ്യോത്പാദനത്തില്‍ ഉണ്ടായ കുതിപ്പാണ് ഇക്കാര്യത്തില്‍ സഹായിച്ച ഒരു ഘടകം. അതിന് ഇടവരുത്തിയതാകട്ടെ ഇന്ത്യയില്‍ നടന്ന ഹരിതവിപ്ളവം പോലുള്ള കാര്‍ഷിക മേഖലയിലെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗവും.
വാക്സിനേഷനും ആന്റിബയോട്ടിക്കുകളും രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയക്കുമുള്ള സാങ്കേതിക വിദ്യകളുടെ പ്രയോഗവുമാണ് കൂട്ടമരണങ്ങള്‍ക്കിടയാക്കിയ പലരോഗങ്ങളെയും അതിജീവിക്കാന്‍ നമുക്ക് കരുത്ത് നല്കിയത്.
പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് അവമൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ കാഠിന്യം കുറക്കാന്‍ സഹായകമായി. (ഇവയൊന്നും പരിഗണിക്കാതെയാണ് സമൃദ്ധിയുടെയും പരിചരണത്തിന്റെയും പിന്‍ബലത്തില്‍ കൂടുതല്‍കാലം ജീവിച്ച ചില ഉദാഹരണങ്ങള്‍ പറഞ്ഞ് പണ്ട് കാലത്ത് മനുഷ്യര്‍ക്ക് ആയുസ്സ് കൂടുതലായിരുന്നു എന്ന് ചിലര്‍ വാദിക്കുന്നത്). നമുക്ക് ചുറ്റുമുള്ള പ്രതിഭാസങ്ങളോരോന്നിനെയും കാര്യകാരണബന്ധത്തിന്റെയടിസ്ഥാനത്തില്‍ തികച്ചും ഭൗതികമായിത്തന്നെ ഇന്ന് വിശദീകരിക്കാനാവുന്നു എന്നതാണ് മറ്റൊരുനേട്ടം. ഒരുകാലത്ത് തികച്ചും അസാധ്യമായിരുന്ന സൂക്ഷമലോകത്തിലേക്കും സ്ഥൂലലോകത്തിലേക്കും എത്തിനോക്കാനും ഗണിതപരമായി അവയെ വിശദീകരിക്കാനും നമുക്കിന്നാവുന്നു. ഇതിന്റെയൊക്കെ ഫലമായി, ഒരിക്കല്‍ മതങ്ങളുടെ ഭാവനാമണ്ഡലമായിരുന്ന മനുഷ്യന്റെയും ജീവന്റെയും ആവിര്‍ഭാവം, പ്രപഞ്ചോത്പത്തി തുടങ്ങിയ വിഷയങ്ങളില്‍ ഉത്തരം തേടാനും സാധിച്ചു. ശാസ്ത്രത്തിന്റെ ഇത്തരം സംഭാവനകളെക്കുറിച്ച് ബോധ്യമുണ്ടാകുകയും ഏത് പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരത്തിന് ശ്രമിക്കയും ചെയ്യുമ്പോഴാണ് ഒരാളില്‍ ശാസ്ത്രബോധം ഉണ്ടെന്ന് നാം പറയുന്നത്. ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. ശാസ്ത്രീയ പരിഹാരം എന്നാല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കല്‍ എന്നര്‍ത്ഥമില്ല. ഏത് പ്രശ്നത്തിന്റെയും അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടുന്നതാണ് ശാസ്ത്രീയ പരിഹാരം. അതിന് ആവശ്യമായ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും വേണം. സാങ്കേതിക വിദ്യകള്‍ പലതും വിപണിയില്‍ വിറ്റഴിക്കാനുള്ള ഉത്പന്നമായി കാണുകയും ലാഭതാല്‍പര്യം മുന്‍നിര്‍ത്തിഅടിച്ചേല്പിക്കയും ചെയ്യുന്ന ഇക്കാലത്ത് ഈ തിരിച്ചറിവ് പ്രധാനമാണ്.
പരിഷത്തിന്റെ രൂപീകരണവും പ്രവര്‍ത്തന- നിലപാടുകളുടെ വികാസവും
ശാസ്ത്രം മനുഷ്യജീവിതത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ബോധ്യമുണ്ടായിരുന്ന ചിലരാണ് 1962 സെപ്തംബര്‍ 10 ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനക്ക് രൂപം നല്കിയത്. ശാസ്ത്രം ജനങ്ങളിലേക്കെത്തിക്കാന്‍ മാതൃഭാഷയില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നവരാണവര്‍. ഇത്തരം സാഹിത്യ രചനയിലൂടെ ശാസ്ത്രവിജ്ഞാനം ഏറ്റവും സാധാരണക്കാരിലേക്കെത്തിച്ച് അവരില്‍ ശാസ്ത്രബോധം സൃഷ്ടിക്കാമെന്നും അതുവഴി ജീവിത പ്രശ്നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടാന്‍ സഹായകരമാകമെന്നും അവര്‍ ചിന്തിച്ചു. തുടര്‍ന്ന് ഔപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടും സാധാരണജനങ്ങളോട് സംവദിച്ചും ശാസ്ത്രവിജ്ഞാനം പ്രചരിപ്പിച്ചപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടേണ്ടി വന്നു. 1. എന്തുകൊണ്ട് യുദ്ധം പോലുള്ള വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രം സഹായകമാകുന്നു?. 2 ശാസ്ത്രം അതിവേഗം പുരോഗമിക്കുമ്പോഴും സമൂഹത്തിലെ ബഹുഭൂരി പക്ഷത്തിന് അവരുടെ ജീവിതപ്രശ്നങ്ങള്‍ എന്തുകൊണ്ട്പരിഹരിക്കാനാവുന്നില്ല?. ധനികവര്‍ഗ്ഗമായ ഒരു ന്യൂനപക്ഷം ശാസ്ത്രവും ഭരണകൂട സംവിധാനവും കൈപ്പിടിയിലാക്കി വികസനത്തിന്റെ ദിശ തങ്ങളുടെ ലാഭേച്ഛക്കനുസൃതമാക്കി മാറ്റുന്നുവെന്ന തിരിച്ചറിവാണ് അതിലൂടെ ഉണ്ടായത്. അതിനാല്‍ വികസനപ്രക്രിയയുടെ ദിശമാറ്റി മറിക്കണം. അതിന് വേണ്ടത് ശാസ്ത്രബോധവും ശാസ്ത്രവിജ്ഞാനവും സാധാരണ ജനങ്ങളിലേക്ക് കൈമാറലാണ്. ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യത്തിലേക്ക് സംഘടന നയിക്കപ്പെട്ടത് അങ്ങിനെയാണ്.
ഈ കാഴ്ചപ്പാടോടെ വിവിധ മേഖലകളില്‍ ജനപക്ഷത്ത് നിന്ന് ശാസ്ത്രവിജ്ഞാനവും ശാസ്ത്രത്തിന്റെ രീതിയും പ്രയോജനപ്പെടുത്തി ഇടപെട്ടു തുടങ്ങിയപ്പോള്‍ നടപ്പു സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ പല നിലപാടുകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് നാം എത്തിച്ചേര്‍ന്നത്. ഗുരുമുഖത്ത് നിന്ന് കേട്ടും ശിക്ഷണത്തിലൂടെയുമുള്ള മനപ്പാഠ പഠനത്തിന് പകരം രസിച്ചും കളിച്ചും ആസ്വദിച്ചുമുള്ള പഠനപ്രക്രിയ; ഡോക്ടര്‍-മരുന്ന്- ആശുപത്രി സമവാക്യത്തിലൊതുങ്ങുന്ന ചികിത്സാ സമീപനത്തിന് പകരം രോഗപ്രതിരോധം- പരിസര ശുചിത്വം- പോഷണം ഇവയിലൂന്നിയ ആരോഗ്യസമീപനം; പ്രകൃതി വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പരമാവധി ഉല്പാദനം എന്നതിന് പകരം, എത്ര പേര്‍ക്ക് പ്രയോജനം, നാളെയും നിലനില്ക്കുമോഎന്നതുകൂടി വികസനകാര്യത്തില്‍ പരിഗണിക്കണമെന്ന നിലപാട്:
കേന്ദ്രീകൃത പദ്ധതികള്‍ക്ക് പകരം അധികാരവികേന്ദ്രീകരണവും പങ്കാളിത്ത ജനാധിപത്യവുമാണ് വേണ്ടതെന്ന കാഴ്ചപ്പാട്… ഇതെല്ലാം ആ വിധത്തില്‍ രൂപപ്പെട്ടതാണ്. നവലിബറല്‍ നയങ്ങള്‍ രാജ്യത്ത് ആരംഭിച്ചപ്പോള്‍ അവ പ്രകൃതിക്കും സമൂഹത്തിനും വിനാശഫലങ്ങള്‍ സൃഷ്ടിക്കുമെന്ന ബോധ്യം ഈ വേറിട്ടനിലപാടുകളിലൂടെ രൂപപ്പെട്ടതാണ്. മൂലധനം, ലാഭം, സ്വതന്ത്ര വിപണി, വിഭവചൂഷണം ഇവയിലൂന്നിയ വളര്‍ച്ചാ നിരക്കും ഓഹരി കമ്പോള സൂചികയും മാത്രം നോക്കി വിലയിരുത്തപ്പെടുന്ന നവലിബറല്‍ വികസന നയങ്ങള്‍ക്കെതിരെ മനുഷ്യാധ്വാനം ഉള്‍പ്പടെയുള്ള മനുഷ്യന്റെ സര്‍ഗ്ഗാത്മക കഴിവുകള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്ന, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധം പരിഗണിക്കുന്ന, സാമൂഹികനീതിയും ലിംഗതുല്യതയും ഉറപ്പ് വരുത്തുന്ന, മുഴുവന്‍ ജനങ്ങളുടെയും ജീവിതനിലവാരം പടിപടിയായി ഉയര്‍ത്തപ്പെടുന്ന ഒരു സാമൂഹികക്രമമാണ് നാം വിഭാവനം ചെയ്യുന്നത്. അതിന് ആസൂത്രണവും അധികാര വികേന്ദ്രീകരണവും ജനാധിപത്യ അവകാശങ്ങളും ഒഴിച്ചുകൂടാനാവാത്തതാണെന്നും നാം കരുതുന്നു. ശാസ്ത്രീയം എന്നതിനോടൊപ്പം ഈ ബദല്‍ വികസന കാഴ്ചപ്പാടിന്റെ കൂടി അടിസ്ഥാനത്തിലാണ് നാം വിവിധ പ്രശ്നങ്ങളില്‍ ഇന്ന് ഇടപെടുന്നത്.
യൂണിറ്റുകളും പ്രാദേശിക പ്രശ്നങ്ങളിലെ ഇടപെടലും
പരിഷത് സംഘടനയുടെ അടിസ്ഥാന തലം യൂണിറ്റുകളാണ്. പ്രാദേശിക തലത്തില്‍ സാധാരണ ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയാണ് അവ. ജനങ്ങളില്‍ ശാസ്‌ത്രാബോധവും സാമൂഹിക വീക്ഷണവും പകര്‍ന്ന് സാമൂഹിക പരിവര്‍ത്തനത്തിന് തയ്യാറാക്കുക എന്ന കര്‍ത്തവ്യം യൂണിറ്റുകളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെയേ സാധ്യമാകൂ. ശാസ്ത്രവിജ്ഞാനങ്ങള്‍ പകര്‍ന്നു നല്കിയും സംവദിച്ചും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതാണ് ഒരു രീതി. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. സാമാന്യ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശാസ്ത്രരീത്യാ പരിഹരിക്കാന്‍ അവരെ പ്രേരിപ്പിക്കയും സഹായിക്കയും വേണം. ഈവിധം ശാസ്ത്രീയമായ വീക്ഷണത്തിന്റെയും ജനപക്ഷ വികസനത്തിന്റെയും സാംസ്‌കാരികാന്തരീക്ഷം സൃഷ്‌ടിക്കലാവണം ഓരോ പ്രദേശത്തെയും പരിഷത്ത് യൂണിറ്റിന്റെ കടമ.
ഇന്ന് സാധാരണ ജനങ്ങള്‍ നേരിടുന്ന, അവര്‍ സാധാരണയായി പറയുന്ന പ്രശ്നങ്ങള്‍ ഏതൊക്കെയാണ്?
* രൂക്ഷമാകുന്ന കുടിവെള്ള പ്രശ്‌നം
* മികച്ച വിദ്യഭ്യാസം കിട്ടുന്നില്ല, ചെലവേറിയതാകുന്നു
* പകര്‍ച്ച വ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ചികിത്സാ ചെലവിലെ വര്‍ധന
* മാലിന്യം കുമിഞ്ഞു കൂടുന്നത്
* അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ ലഭ്യമല്ലാത്തത്
* വിശ്വാസ തട്ടിപ്പുകളും ചികിത്സാ തട്ടിപ്പുകളും
* സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍
* സുരക്ഷിതമായ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമല്ലാത്തത്
* കൃഷി ആദായകരമാക്കാന്‍ കഴിയുന്നില്ല
* യാത്രാക്ളേശം
* ജാതി മത വേര്‍തിരിവുകള്‍ ….
നാട്ടില്‍ നിരവധി സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളോരോന്നിലും അവരും സജീവമായി ഇടപെട്ട് പരിഹരിക്കാന്‍ശ്രമിക്കാറുണ്ട്. ഓരോ സംഘടനക്കും അതിന്റേതായ സവിശേഷതകളും ലക്ഷ്യ ബോധവുമുണ്ട്. അതിനനുസൃതമായിട്ടാവും അവര്‍ ഈ പ്രശ്നങ്ങളില്‍ ഇടപെടുന്നത്. ഒരു സന്നദ്ധസംഘടന പ്രവര്‍ത്തിക്കുന്ന രീതിയിലാവില്ല തൊഴിലാളി യൂണിയനോ സാംസ്കാരിക സംഘടനയോ പ്രവര്‍ത്തിക്കുക. മറ്റൊരു ഘടകം ആ പ്രശ്നം സംബന്ധിച്ച് നിലനില്ക്കുന്ന സാമാന്യ ബോധമാണ്. മാധ്യമങ്ങളിലൂടെയും പൊതുചര്‍ച്ചകളിലൂടെയും, അല്ലെങ്കില്‍ പരമ്പരാഗത വിശ്വാസങ്ങളിലൂന്നിയുമാവും അത് രൂപപ്പെട്ടിട്ടുണ്ടാകുക. സാമാന്യബോധത്തിനനുസൃതമായി പ്രവര്‍ത്തിക്കാന്‍
എല്ലാ സംഘടനകള്‍ക്കും പൊതുവില്‍ പ്രേരണയു ണ്ടാവും.
ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുഖ്യമായ സവിശേഷത സാമാന്യബോധത്താലല്ല അത് നയിക്കപ്പെടുക എന്നതാണ്. പ്രശ്നപരിഹാരത്തിനായ് ശാസ്ത്രീയ വീക്ഷണത്തെയും ജനപക്ഷവികസനകാഴ്ചപ്പാടിനെയും പകരം വെക്കാനാണ് നാം ശ്രമിക്കുക. ഇടപെടല്‍ രീതിക്കുമുണ്ട് പ്രത്യേകത. നമ്മുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിഗണിച്ചാണത്. ഓരോ പ്രശ്നവും സംബന്ധിച്ച ശാസ്ത്രവിജ്ഞാനവും സാങ്കേതികവിദ്യയും (ചിലപ്പോള്‍?) നല്കാനാവും എന്നതാണ് നമ്മുടെ കരുത്ത്. ജനങ്ങളെ വൈകാരികമായി ആകര്‍ഷിക്കാനും പ്രക്ഷോഭ- പ്രവര്‍ത്തന രംഗങ്ങളിലണിനിരത്താനും പറ്റിയ സംഘടനാ സംവിധാനമല്ല നമ്മുടേത് എന്നതാണ് ദൗര്‍ബല്യം. ഇതിനെ നാം അതിജീവിക്കേണ്ടത് സൗഹൃദത്തിന്റെയും വിനയത്തിന്റെയും സംവാദത്തിന്റെയും തലങ്ങളില്‍ നിന്നുകൊണ്ട് മറ്റ് സംഘടനകളെ നമ്മുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിച്ചുകൊണ്ടാണ്. നമ്മുടെ നിലപാടുകളും പ്രവര്‍ത്തനശൈലിയും മറ്റ് സംഘടനകളില്‍ സ്വാധീനം ചെലുത്താനും ഇത് സഹായകമാകും. പരിഷത് പ്രവര്‍ത്തകര്‍ മിക്കവാറും ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരോ അതിലെ സജീവാംഗങ്ങളോ ആയിരിക്കും എന്നത് ഇതിനൊരു അനുകൂല ഘടകമാണ്. (എന്നാല്‍ പലപ്പോഴും സംഭവിക്കുന്ന പ്രവണത മറ്റ് സംഘടനകളുടെ രീതിയില്‍ തന്നെ പ്രശ്നം ഏറ്റെടുത്ത് നമ്മളുടെയും സാന്നിധ്യം അറിയിക്കുക എന്നതാണ്. ഇതല്ല പരിഷത് രീതി. ഇതിന്റ അര്‍ത്ഥം മറ്റ് സംഘടനകളുടെ പ്രവര്‍ത്തം അപ്രസക്തമാണെന്നോ പരിഷത് പ്രവര്‍ത്തകര്‍ അതില്‍ സഹകരിക്കരുതെന്നോ എന്നല്ല. ആ പ്രവര്‍ത്തനങ്ങള്‍ അവരുടെ ബാനറില്‍ നടക്കട്ടെ. നമ്മുടെ ലക്ഷ്യത്തിന് വിരുദ്ധമല്ല അവരുടെ പരിപാടി എങ്കില്‍ പ്രവര്‍ത്തകര്‍ക്ക് അതില്‍ പങ്കാളിയും ആവാം.)
മേല്‍ വിവരിച്ച പ്രശ്നങ്ങളില്‍ സാമാന്യ ബോധത്തെ മാത്രം അടിസ്ഥാനമാക്കിയ പൊതു ഇടപെടലുകളില്‍ നിന്ന് പരിഷത്തിന്റേത് എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാണിക്കാന്‍ ചില ഉദാഹരണങ്ങളിതാ…
സാമൂഹിക പ്രശ്നങ്ങളിലെ പൊതുബോധവും പരിഷത്തും
കുടിവെള്ള പ്രശ്നം-
കുടിവെള്ള പ്രശനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കല്‍, പ്രക്ഷോഭം, പ്രസ്താവന, സമീപ ശുദ്ധജലസ്രോതസ്സില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സന്നദ്ധാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, കുഴല്‍കിണര്‍ കുഴിക്കാനുള്ള പ്രേരണ, സഹായം
പരിഷത് ശൈലി-
മഴ ഏറെ ലഭിക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ജലക്ഷാമമുണ്ടാകുന്നു? ശാസ്ത്രീയമായ ജലവിനിയോഗവും ജലസംരക്ഷണവും എങ്ങിനെ, (പറ്റുമെങ്കില്‍ പ്രാദേശികമായ വിവരങ്ങളുടെ കൂടി പിന്‍ ബലത്തില്‍), ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും, വികസന പ്രക്രിയയിലെയും ജീവിതശൈലിയിലെയും അശാസ്ത്രീയതകള്‍- ഇവ സംബന്ധിച്ച അവബോധം സൃഷ്ടിക്കല്‍, മഴവെള്ള സംഭരണി, ജലസംരക്ഷണം തുടങ്ങിയവയുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍, സാങ്കേതിക സഹായം ലഭ്യമാക്കല്‍
വിദ്യാഭ്യാസം-
അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്ഥാപിക്കല്‍, സെന്‍ട്രല്‍ സ്കൂളിനായുള്ള പരിശ്രമം, പൊതു വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കല്‍, സൗജന്യ ട്യൂഷന്‍ സെന്ററുകള്‍, പൊതു വിദ്യാഭ്യാസസംരക്ഷണത്തിനായുള്ള പ്രക്ഷോഭം
പരിഷത് ശൈലി-
എന്താണ് നല്ല വിദ്യാഭ്യാസം, മാതൃഭാഷയിലുള്ള അധ്യയനത്തിന്റെ പ്രാധാന്യം- ഇവ സംബന്ധിച്ച ബോധവത്കരണം, ഇംഗ്ളീഷ് അധ്യയനമടക്കം മെച്ചപ്പെടുത്താനുള്ള അക്കാദമിക രംഗത്തെ ഇടപെടല്‍, പൊതു വിദ്യാലയ സംരക്ഷണത്തിനായുള്ള കൂട്ടായ്മ രൂപപ്പെടുത്തല്‍
ആരോഗ്യം –
സൂപ്പര്‍ സ്പെഷ്യാലിറ്റി, ബദല്‍ ചികിത്സാ രീതി വ്യാപനം – ഹോമിയോ, പ്രകൃതി ചികിത്സ, പാരമ്പര്യ ചികിത്സാ ക്രമങ്ങളുടെ വീണ്ടെടുപ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
പരിഷത് ശൈലി-
എന്താണ് ആരോഗ്യം? രോഗം എങ്ങിനെ ഉണ്ടാകുന്നു? രോഗം വരുന്ന വഴികള്‍ (രോഗാണു, ജീവിത ശൈലി, പരിസര മലിനീകരണം), ശാസ്ത്രീയ ചികിത്സാരീതി എന്ത് ? -ബോധവത്കരണം, ആരോഗ്യ രംഗത്തെ സ്വകാര്യ താത്പര്യങ്ങളെ തുറന്നു കാണിക്കല്‍, അശാസ്ത്രീയ ചികിത്സാരീതികളെ കുറിച്ചുള്ള മുന്നറിയിപ്പും പ്രചരണവും, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍
മാലിന്യം കുമിഞ്ഞു കൂടല്‍
മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ ആവശ്യപ്പെട്ട് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം, സന്നദ്ധാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനം, ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍.
പരിഷത് ശൈലി-
മാലിന്യം അസ്ഥാനത്തുള്ള സമ്പത്ത്, വേറിട്ടു സൂക്ഷിക്കല്‍, പ്ലാസ്റ്റിക് കാരി ബാഗ് ഉപയോഗം നിയന്ത്രിക്കല്‍- ബോധവത്കരണം, ജൈവമാലിന്യ സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ളാന്റ്- മണ്ണിര കമ്പോസ്റ്റ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തല്‍, എത്തിക്കല്‍, മറ്റ്മാലിന്യങ്ങള്‍- ശേഖരിക്കാനും റീ സൈക്കിള്‍ ചെയ്യാനുമുള്ള സംവിധാനം സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കല്‍.
ജനകീയ കാര്‍ഷിക സംരംഭങ്ങള്‍
കേടാകാതിരിക്കാനായി കച്ചവടക്കാര്‍ അമിത കീടനാശിനി തളിച്ച് വിപണിയിലെത്തിക്കുന്ന പച്ചക്കറികള്‍ക്കെതിരായുള്ള ജനങ്ങളുടെ ആശങ്ക, അതിനെതിരായ പ്രചരണം. പ്രതിവിധി രാസവളവും കീടനാശിനിയും സമീപത്ത് പോലും അടുപ്പിക്കാതെയുള്ള ജൈവ കൃഷി രീതിമാത്രമാണ്. ജൈവകൃഷി – പ്രകൃതി ജീവനം – ഔപചാരിക വിദ്യാഭ്യാസ നിരാകരണം എന്നിവയിലൂടെയുള്ള ബദല്‍ ജീവനമാണ് മാനവ സമൂഹത്തിന്റെ നിലനില്‍പ്പിനായി ഇനിയുള്ള മാര്‍ഗ്ഗം
പരിഷത്ത് ശൈലി –
കൃഷിയിലെ അമിതലാഭത്വരയും കമ്പോളശക്തികളുടെ ഇടപെടലുകളുമാണ് യഥാര്‍ത്ഥ പ്രശ്നം – അശാസ്ത്രീയമായ രാസ വള – കീടനാശിനി പ്രയോഗമാണ് നിയന്ത്രിക്കേണ്ടത്. ഓരോ പ്രദേശത്തിന്റെയും മണ്ണ് – ജല പരിശോധനയും ജൈവ ഘടനാ പരിശോധനയും ശാസ്ത്രീയമായി നടത്തി രാസ – ജൈവ വളപ്രയോഗങ്ങള്‍ ഇടകലര്‍ത്തിയുള്ള നല്ല കൃഷി സമ്പ്രദായത്തിലുള്ള (ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസ്) പുതിയൊരു ജനകീയ കൃഷി രീതിയാണ് കേരളത്തില്‍ വളര്‍ന്നുവരേണ്ടത് – ജൈവ കൃഷി മൗലികവാദം ഭക്ഷ്യ ഭദ്രതയ്കും പാവപ്പെട്ടവരുടെ ഭക്ഷ്യലഭ്യതയ്കും ഉതകുന്നതല്ല എന്ന നിലപാട്.
അന്ധവിശ്വാസ ചൂഷണങ്ങള്‍
ജനങ്ങളുടെ വിശ്വാസമായി കണ്ട് പരിപാലിക്കല്‍, അവരുടെ വ്യക്തിപരമായ കാര്യമായി കണ്ട് നിസ്സംഗത പാലിക്കല്‍, അടിസ്ഥാന കാരണം മത-ദൈവവിശ്വാസമാണെന്ന കാരണം ചൂണ്ടിക്കാട്ടി മതത്തിനും ദൈവവിശ്വാസത്തിനുമെതിരായ പ്രചണം
പരിഷത് ശൈലി-
ശാസ്ത്രം ജീവിതത്തിലും പ്രപഞ്ചവീക്ഷണത്തിലും വരുത്തിയ മാറ്റങ്ങള്‍ ബോധ്യപ്പെടുത്തി ശാസ്ത്രത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ശാസ്ത്രം- വിശ്വാസം- അന്ധവിശ്വാസം (ശാസ്ത്രീയമായി തെറ്റെന്ന് സ്ഥാപിച്ച കാര്യങ്ങള്‍) ഇവ തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തല്‍, ശാസ്ത്രത്തിന്റെ രീതി ക്ലാസ്സുകളിലൂടെയും ജീവിതാനുഭവങ്ങള്‍ സൃഷ്ടിച്ചും പരിചയപ്പെടുത്തല്‍, അന്ധവിശ്വാസങ്ങളുടെ പിന്നിലെ അശാസ്ത്രീയത എന്തെന്ന് പറഞ്ഞു കൊടുക്കുക.
യൂണിറ്റിന്റെ ഭാവി പ്രവര്‍ത്തന അജണ്ട
മേല്‍ പറഞ്ഞ വിധത്തില്‍ രണ്ടോ മൂന്നോ പ്രശ്നങ്ങള്‍ ഒരു വര്‍ഷം ഓരോ യൂണിറ്റിലും തെരഞ്ഞെടുത്ത് ഏറ്റെടുത്തുകൂടെ?പ്രദേശത്തിന്റെ സവിശേഷതകള്‍ക്കും സംഘടനയുടെ ശേഷിക്കും അനുസൃതമായി ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ എന്ന് സമ്മേളനത്തില്‍ വച്ച് തന്നെ തീരുമാനിക്കണം.
പരിഷത് രൂപംകൊണ്ട ലോകാന്തരീക്ഷമോ സാമൂഹിക സാഹചര്യമോ അല്ല ഇന്നുള്ളത്. നമ്മുടെ നിലപാടുകളുടെയെല്ലാം അടിത്തറയായ ശാസ്ത്രബോധം, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ സങ്കല്പങ്ങള്‍ എല്ലാം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. അതിനാല്‍ അത്തരം ആശയങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള ക്ളാസ്സുകളും സംവാദങ്ങളും പ്രദേശത്ത് സംഘടിപ്പിക്കണം.
* വികസിക്കുന്ന പ്രപഞ്ചം
* മാനുഷരെല്ലാരുമൊന്നുപോലെ (മനുഷ്യ പരിണാമം)
* ശാസ്ത്രവും ശാസ്ത്രാവ ബോധവും,
* പരിണാമം-ജൈവവൈവിധ്യം-മനുഷ്യന്‍,
* ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യം
* ശാസ്ത്രവും കപടശാ സ്ത്രവും,
* ജ്യോതിഷവും ജ്യോതി ശ്ശാസ്ത്രവും,
* ആഗോളതാപനവും കാ ലാവസ്ഥയും,
* വികസനം-ജനപക്ഷവും ജനവിരുദ്ധവും, …
ഇവയെല്ലാം അവശ്യവും അനുയോജ്യവുമായ വിഷയങ്ങളാണ്. ഏതൊക്കെ വിഷയങ്ങളിലാണ് ഈ വര്‍ഷം യൂണിറ്റ് പരിധിയില്‍ ക്ലാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കുക?
ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഫലപ്രദമാകണമെങ്കില്‍ പ്രാദേശിക പരിഷത് പ്രവര്‍ത്തകരുടെ വൈജ്ഞാനിക ശേഷി ഇനിയുമുയര്‍ത്തേണ്ടതുണ്ട്. അതിനുള്ള സംഘടനാ വിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം. ഒരു മുഴുദിന ക്യാമ്പ് ആകാമോ? എപ്പോള്‍? അത് മാത്രം പോരാ, ഈ വിഷയങ്ങളില്‍ അക്കാദമിക മികവ് പുലര്‍ത്തുന്നവരും പ്രവര്‍ത്തന പരിചയമുള്ളവരും സംഘടനയിലുണ്ടാവണം. അവരെ അംഗങ്ങളാക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണം. പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിച്ച് അംഗങ്ങളാക്കുകയും ചെയ്യാം. സംഘടനയുമായി സഹകരിപ്പിക്കേണ്ടുന്ന അത്തരക്കാരുടെ പേര് ലിസ്റ്റ് ചെയ്യാമോ?
യൂണിറ്റുകളില്‍ ദൈനംദിനം നടക്കേണ്ടതായ പുസ്തക-മാസികാ പ്രചാരണം, ബദല്‍ ഉല്പന്ന പ്രചാരണം, എന്നിവയിലൂടെയാണ് മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസമാഹരണം നടക്കേണ്ടത്. വരുന്ന പ്രവര്‍ത്തനവര്‍ഷത്തില്‍ യൂണിറ്റ് പ്രദേശത്ത് പുസ്തക-മാസിക-ബദല്‍ ഉല്പന്നങ്ങള്‍ എത്രമാത്രം പ്രചരിപ്പിക്കാമെന്ന ലക്ഷ്യം നിര്‍‍‍‍‍ണയിക്കാന്‍ കഴിയില്ലേ? പുസ്തക-മാസികാ പ്രചാരണത്തോടൊപ്പം അതിന്റെ വായനക്കും ചര്‍ച്ചക്കും വേദിയുണ്ടാക്കുകയും വേണം. എല്ലാ അംഗങ്ങളെയും ശാസ്ത്രഗതി മാസികയുടെ വരിക്കാരാക്കാന്‍ കഴിയുക എന്ന സ്വപ്നം നമ്മുടെ യൂണിറ്റില്‍ എന്ന് സാക്ഷാത്കരിക്കാനാകും ?

Leave a Reply

Your email address will not be published. Required fields are marked *