ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്താകാന്‍ പെരളശ്ശേരി

0

സ്ത്രീ ജീവിതത്തിൽ തുല്യ നീതിയും സമത്വവും പുലരുന്ന ഒരു ലോകം യാഥാർഥ്യമാക്കാൻ ആണ് പഞ്ചായത്തിന്റെ ശ്രമം. ഒപ്പത്തിനൊപ്പം എന്ന് പേരിട്ട പദ്ധതി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ ആദ്യ സ്ത്രീ സൗഹൃദ പഞ്ചായത്തായി പെരളശ്ശേരി മാറും. എല്ലാ മേഖലകളിലും വൻ മുന്നേറ്റം നടത്തിയിട്ടും സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അസമത്വങ്ങളെ തുടച്ചു നീക്കുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീ പദവി പഠനം അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. ആത്യന്തികമായി തുല്യതാമനോഭാവം വളർത്തുന്ന പരിപാടികള്‍ക്കാണ് പ്രാമുഖ്യം നൽകുക. പൊതുഇടങ്ങൾ സ്ത്രീസൗഹൃദമാക്കൽ, ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്ക് പെൺകുട്ടികൾക്കായി സൈക്കിൾ പാത്ത്, തൊഴിൽ പരിശീലനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തും.
സ്ത്രീകളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. സ്ത്രീ സൗഹൃദ പഞ്ചായത്ത് പദ്ധതി നടത്തിപ്പിനായി ജെൻഡർ റിസോഴ്സ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് തല ഐസിഡിഎസ് ഓഫീസർ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും.
അസംഘടിത മേഖലയിലെ തൊഴിൽ പ്രശ്നം, അതിക്രമം, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. കുടുംബത്തിലെ ജനാധിപത്യബോധം, ശാസ്ത്രബോധം എന്നിവ വളർത്തുന്നതിനൊപ്പം സ്വയം പ്രതിരോധ പരിശീലനവും നൽകും. രണ്ടുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജന്‍ഡര്‍ സൗഹൃദ നയരേഖയുടെ പ്രഖ്യാപനം മന്ത്രി കെ കെ ശൈലജ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *