ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വളരെ ആശങ്കാകുലമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാമെല്ലാം ഒന്നാണെന്ന ബോധം ‍നമ്മില്‍ അരക്കിട്ടുറപ്പിക്കുന്ന, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി നിലനിറുത്തുന്ന ഇന്ത്യയുടെ ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍. ഒരാൾ ഇന്ത്യൻ പൗരൻ ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് മതവിശ്വാസത്തെ മാനദണ്ഡമാക്കാനുറച്ച് മുന്നോട്ടു പോകുന്ന ഭരണകര്‍ത്താക്കള്‍. ഇവിടെ നാം ഒരേ സ്വരത്തില്‍ ഉറക്കെയുറക്കെ ചോദിക്കേണ്ടിയിരിക്കുന്നു ആരാണ് ഇന്ത്യക്കാരെന്ന്? ആർക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാനാവുകയെന്ന്?
ജീവ പരിണാമത്തിന്റെ അനേകമനേകം പടവുകള്‍ താണ്ടിയാണ് മനുഷ്യവംശം ഭൂമിയിൽ ആവിർഭവിച്ചത്. ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യൻ രൂപം കൊണ്ടത് മൂന്നു ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണത്തിനും മറ്റുമായി നടത്തിയ പ്രയാണത്തിലൂടെ അവർ വിവിധ ഭൂഖണ്ഡങ്ങളിൽ എത്തിച്ചേർന്നു. അറുപതിനായിരം വർഷം മുമ്പ് അതിൽ ഒരു വിഭാഗം ഇന്ത്യയിലുമെത്തി. അവരാണ് ഇന്ത്യയിലെ ആദി മനുഷ്യര്‍. അക്കാലം മുതലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യവാസം ആരംഭിക്കുന്നത്.
6000 വർഷം മുമ്പ് ഇന്നത്തെ ഇറാൻ പ്രദേശത്തുനിന്നും എത്തിയ കൃഷിക്കാര്‍ ഇവിടെ ഉണ്ടായിരുന്നവരുമായി ഇടകലർന്ന് പടുത്തുയർത്തിയതാണ് സിന്ധുനദീതട സംസ്കാരം. 5000 വർഷം മുമ്പ് ഇന്നത്തെ റഷ്യൻ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയ ആര്യന്മാർ. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനര്‍, തുര്‍ക്കുകള്‍, മംഗോളുകള്‍… ഇങ്ങനെ വന്നുചേർന്ന പല വംശങ്ങൾ ഇവിടെ കൂടിക്കലർന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാർ. പല വംശങ്ങൾ കൂടിക്കലർന്നണ്ടായവർ. വംശങ്ങൾക്കതീതമായി, വിശ്വാസങ്ങൾക്കതീതമായി, വേഷ ഭാഷാ ഭൂഷകള്‍ക്കതീതമായി അവരൊന്നാണ്… ഇന്ത്യക്കാരാണ്.
ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെന്നും ഇന്ത്യക്കാർ അല്ലാത്തവരെന്നും വിഭജിക്കുമ്പോൾ, ഓർക്കുക, ചോദിക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാർ? ആരാണ് ഇന്ത്യക്കാരല്ലാത്തവർ? ഇതുതന്നെയാണ് ഇക്കൊല്ലത്തെ കലാജാഥയിലൂടെ പൊതു സമൂഹത്തിന്റെ മുന്നില്‍ നമുക്കുയര്‍ത്താനുള്ള ചോദ്യം. ബാലുശ്ശേരി മേഖലയിലെ നരയംകുളത്ത് പ്രൊഡക്ഷന്‍ പൂര്‍ത്തിയായ റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആരാണിന്ത്യക്കാര്‍ എന്ന നാടകത്തിന്റെ സംസ്ഥാന പ‍രിശീലനം പാലക്കാട് എലവഞ്ചേരിയിലാണ് നടന്നത്. പത്തു ജാഥകളാണ് സംസ്ഥാനത്ത് പ്രയാണം നടത്തുന്നത്.
കലാജാഥാ സ്വീകരണം ഒരു നിമിത്തമാക്കി വിപുലമായ ജനസമ്പര്‍ക്ക പരിപാടിയാണ് ഇക്കൊല്ലം നാമാലോചിച്ചത്. അതിന് ഓരോ കലാജാഥാ കേന്ദ്രത്തിനു ചുറ്റും 200 – 250 വീടുകളെങ്കിലും സന്ദര്‍ശിക്കുന്നതിനു കൃത്യമായ പരിപാടിയുണ്ടാക്കണം. ഇന്നു രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങളോടൊപ്പം കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്, ശാസ്ത്രബോധവും യുക്തിബോധവും ഇല്ലാത്ത പൊതു സമീപനങ്ങള്‍, രണ്ടു വര്‍ഷവും തുടര്‍ന്ന പ്രളയം, മാലിന്യപരിപാലനം, ജലസുരക്ഷ‍ എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചും വീട്ടുകാര്‍ക്ക് പറയാനുണ്ടാകും.
നമ്മുടെ തനതു സാമ്പത്തിക സമാഹരണ മാര്‍ഗമായ പുസ്തക പ്രചാരണത്തോടൊപ്പം കലാജാഥാ സ്വീകരണത്തിലും അനുബന്ധമായി നടത്തുന്ന പ്രാദേശിക യുറീക്കോത്സവത്തിലും മറ്റും മുഴുവനാളുകളുടേയും പങ്കാളിത്തം ഗൃഹസന്ദര്‍ശനത്തിലുറപ്പാക്കണം. കലാജാഥയോടൊപ്പം ഗൃഹസന്ദര്‍ശനവും ഒരു പ്രധാന കാമ്പയിനായി മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *