കേംബ്രിഡ്ജ് അനലറ്റിക്ക ഇനിയെങ്കിലും സ്വതന്ത്ര ആള്‍ട്ടര്‍നേറ്റീവുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം

0

കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ഇലക്ഷനെ അട്ടിമറിച്ച വാര്‍ത്ത എല്ലാവരും വായിച്ച് കാണും. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപുകളെ എടുത്ത് കളഞ്ഞതുകൊണ്ടോ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടോ ആവില്ല.
എന്താണ് കേംബ്രിഡ്ജ് അനലറ്റിക്ക ?
ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരസ്യ കമ്പനി ആണിത്. ഫേസ്ബുക്കില്‍ നിന്നും ലഭിച്ച വ്യക്തിഗത വിവരങ്ങളെ പഠിച്ച് ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി ഫലത്തെ അനുകൂലമാക്കിയ തിലൂടെയാണ് ഇവര്‍ കുപ്രസിദ്ധിയാര്‍ജിച്ചത്.
പ്രവര്‍ത്തനരീതി
മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്ന പേഴ്സണാലിറ്റി ക്വിസ് രീതിയിലുള്ള ഒരു ആപ്ലികേഷന്‍ ശേഖരിച്ച ഡാറ്റ കമ്പനി സ്വന്തമാക്കുകയും ഇതില്‍ ലോഗിന്‍ ചെയ്യുന്ന ആളുടെ എല്ലാ വ്യക്തിഗതവിവരങ്ങളും (പേര്, ബര്‍ത്ത്ഡേ, സ്ഥലം, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, സുഹൃത്തുക്കള്‍ അവരുടെ ബന്ധങ്ങള്‍ തുടങ്ങി…) കമ്പനി ശേഖരിക്കുകയും ചെയ്തു. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 50 മില്യണ്‍ ആളുകളുടെ വിവരങ്ങളാണ് കമ്പനി ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ഓരോ വ്യക്തിയെയും കൃത്യമായി മനസിലാക്കാന്‍ സാധിക്കും. നമ്മുടെ ലൈക്കുകള്‍, റിയാക്ഷനുകള്‍, കമന്റുകള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ തന്നെ നമ്മുടെ താല്പര്യങ്ങള്‍ എന്താണെന്ന് വളരെ എളുപ്പത്തില്‍ മനസിലാക്കാം. കൂട്ടത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാട് മനസിലാക്കല്‍ വളരെ എളുപ്പവുമാണ്. ഇങ്ങനെ അമ്പത് മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളില്‍ നിന്നും ട്രംപിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെയും എതിര്‍ക്കുന്നവരെയും ചാഞ്ചാടി നില്‍ക്കുന്നവരെയും തരംതിരിച്ചെടുക്കാം. ട്രംപിനോട് ആഭിമുഖ്യമുള്ളവരെയും ന്യൂട്രലായി നല്‍ക്കുന്നവരെയും കണ്ടെത്തി അവരിലേക്ക് ട്രംപിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ എത്തിച്ചത് വഴി ഒരു സൈക്കോളജിക്കല്‍ ഇടപെടലിലൂടെയാണ് ട്രംപ് വിജയം നേടിയത്. ഇതാണ് ഡാറ്റയുടെ കളി. നമ്മള്‍ നിസാരമാണെന്ന് കരുതന്ന ഓരോ ലൈക്കും കമന്റും ഒക്കെ വെച്ചാണ് ഇത് സാധ്യമായത് എന്നോര്‍ക്കണം. ഇലക്ഷന്‍ കാലത്ത് എല്ലാവരും കാമ്പയിന്‍ ചെയ്യാറുണ്ട്. ആ ക്യാമ്പയിന്‍ എല്ലാവരിലേക്കും ഒരുപോലെയാണ് എത്തുന്നത്. ന്യൂട്രലായ ആള്‍ എല്ലാ പാര്‍ട്ടികളുടെ ക്യാമ്പയിനും കാണുന്നു. പക്ഷേ ഇവിടെ ഒരാളുടെ താല്പര്യത്തെ മനസിലാക്കി അയാള്‍ക്ക് ഒരു ക്യാന്റിഡേറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം തുടരെ തുടരെ നല്‍കി മറ്റു ക്യാമ്പയിനുകളെ പൂര്‍ണമായും അകറ്റി നിര്‍ത്തുന്ന ഒരു രീതി അവലംബിച്ചതാണ് പ്രശ്നത്തിന്റെ കാതല്‍. തികച്ചും സ്വകാര്യമായ നമ്മുടെ വിവരങ്ങള്‍ വച്ച് നമ്മെ പ്രൊഫൈല്‍ ചെയ്ത് ഒരു പ്രത്യേക പാര്‍ട്ടിയുടെ ആശയങ്ങളിലേക്ക് ഒതുക്കുന്നു. 2010 ലെ ബിഹാര്‍ ഇലക്ഷനില്‍ ബിജെപിക്ക് വേണ്ടി ഇതേ കമ്പനി പ്രവര്‍ത്തിച്ചിരുന്നു എന്നതും കേരളത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാന്‍ ഓഫ്ലൈന്‍ ആയി ഡാറ്റ കളക്ട് ചെയ്തു എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വെക്കേണ്ടതുണ്ട്. നവമാധ്യമങ്ങള്‍ വ്യക്തിഗത സ്വകാര്യതയെ വിലകല്‍പ്പിക്കാത്തത് പുതിയ ഒരു വാര്‍ത്തയല്ല, എന്നാല്‍ ഇലക്ഷന്‍ വരെ അട്ടിമറി നടത്തുന്ന തരത്തിലേക്ക് അത് വളര്‍ന്നിരിക്കുന്നു.
സോഷ്യല്‍മീഡിയയിലെ മോണോപോളിയായി ഫേസ്ബുക്ക് അരങ്ങ് തകര്‍ക്കുമ്പോള്‍ മറ്റെല്ലാ കാര്യത്തിലും ഗൂഗിളിനെയാണ് നാം ആശ്രയിക്കുന്നത്. നിങ്ങള്‍ എന്തെല്ലാം തിരഞ്ഞു, ചെയ്തു, പോയി എന്നൊക്കെ അറിയാന്‍ http://myactivity.google.com/ എന്ന ലിങ്കില്‍ പോയി നോക്കിയാല്‍ മതി. ഈഡാറ്റകള്‍ മതി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കാന്‍. ഉദാഹരണത്തിന് ലൊക്കേഷന്‍ ഓണ്‍ ചെയ്തുകൊണ്ട് ഒരു യൂബര്‍ യാത്ര നടത്തുമ്പോള്‍ യൂബറില്‍ പോകാന്‍ തക്ക പണം ഉള്ള ഒരാളാണ് എന്ന അറിവാണ് ഗുഗിളിന് ലഭിക്കുന്നത്. അതിനനുസരിച്ചുള്ള പരസ്യങ്ങളായിരിക്കും പിന്നീട് വരിക. അതുകൊണ്ടാണ് തുടക്കത്തില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്ന് പറഞ്ഞത്. ഇന്റര്‍നെറ്റിലെ ഓരോ ക്ലിക്കുകളും നമ്മളെക്കുറിച്ചുള്ള ചെറു വിവരങ്ങളാണ്. അത് നമ്മുടെ അറിവില്ലാതെ കുത്തക കമ്പനികള്‍ അവരുടെ പരസ്യപ്രചാരണത്തിനും മറ്റും ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഡിജിറ്റല്‍ പ്രൈവസിയെക്കുറിച്ച് നാം കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ട കാലമാണിത്.
ഈ പ്രശ്നത്തെ തന്നെ പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ലല്ലോ പ്രതിവിധികളെക്കുറിച്ച് ആലോചിച്ച് തുടങ്ങുകയെങ്കിലും വേണ്ടേ…??
കുത്തകവല്‍കരണത്തെ തിരിച്ചറിയാനും അതിനെതിരെ ചെറുവിരലെങ്കിലും അനക്കാനും ശേഷിയുള്ളവര്‍ തന്നെയാണ് നമ്മള്‍. സ്വയം നിര്‍മിത സോപ്പും മറ്റുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. എങ്കില്‍ ഡിജിറ്റല്‍ ലോകത്തും സ്വയംപര്യാപ്തത നേടാന്‍ അനവധി സാധ്യതകളുണ്ട്.
സോഷ്യല്‍ മീഡിയക്ക് സ്വതന്ത്രബദലുകള്‍
സോഷ്യല്‍ മീഡിയയില്‍ ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍പ്ലസും അല്ലാതെ സ്വതന്ത്രസോഫ്റ്റ്‍വെയറുകള്‍ നമുക്ക് ലഭ്യമാണ്. ഉപയോക്താവിന് സ്വാതന്ത്രവും സ്വകാര്യതയും നല്‍കുന്ന സോഫ്റ്റ്‍വെയറുകളാണ് സ്വതന്ത്രസോഫ്റ്റ്‍വെയറുകള്‍. ഒരു കമ്മ്യൂണിറ്റിക്കോ വ്യക്തിക്കോ അതിന്റെ സര്‍വറുകള്‍ സ്വന്തമായി സെറ്റപ്പ് ചെയ്ത് നിയന്ത്രിക്കാനും സാധിക്കും. ഫേസ്ബുക്കിന് പകരം വെക്കാന്‍ (ഫേസ്ബുക്കിലെ പോലെ ഫീച്ചറുകള്‍ നിങ്ങള്‍ക്കവിടെ കാണാന് കഴിയണമെന്നില്ല, അതിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന് കഴിയുന്നവര്‍ ഒത്ത് പിടിച്ചാല്‍ ഇതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ആകും) ഉള്ള ഒരു ആപ്ലികേഷന്‍ Diaspora ആണ്. ഫേസ്ബുക്ക് പോലെ ഒരു കമ്പനി മാത്രമല്ല ഈ സേവനം നല്‍കുന്നത്, നിരവധി കമ്മ്യൂണിറ്റികള്‍ അവരുടെ സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സേവനം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിറ്റിയായ FSCI(Free software community of India) നടത്തുന്ന poddery എന്ന സെര്‍വറില്‍ ഈ സോഫ്റ്റ് വെയര്‍ നമുക്ക് ഉപയോഗിക്കാം. അതില്‍ ജോയിന്‍ ചെയ്യാന്‍ https://poddery.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. സ്വയം പര്യാപ്തതയെക്കുറിച്ചാണല്ലോ നാം നേരത്തെ ചര്‍ച്ച ചെയ്തത്. ഒരു കമ്മ്യൂണിറ്റിയോ വ്യക്തിയോ വിചാരിച്ചാല്‍ ഈ ഡയസ്പോറ സ്വന്തം സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് നല്‍കാനും ആവും. ട്വിറ്ററിന് പകരം https://mastodon.social/about പരീക്ഷിക്കാവുന്നതാണ്. ഇതും നേരത്തെ പറഞ്ഞ രീതിയിലുള്ള സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.
ഗൂഗിളില്‍ തിരയുമ്പോള്‍ ആദ്യം തന്നെ നിങ്ങള്‍ തിരഞ്ഞതും ഏതിലാണ് അമര്‍ത്തിയത് തുടങ്ങിയ ഡാറ്റ ഗൂഗിള്‍ സെര്‍വറിലേക്കാണ് പോകുന്നത്. അത് വച്ചാണ് പിന്നീട് നമ്മെ അനസൈല് ചെയ്യുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യല്‍ കുറച്ച് https://duckduckgo.com ഉപയോഗിച്ചാല്‍ ട്രാക്കിംഗ് കുറക്കാം. (ഇതും മുഴുവനായി ഫ്രീസോഫ്റ്റ് വെയര്‍ അല്ല എന്നൊരു പോരായ്മ നിലനില്‍ക്കുന്നു. പക്ഷേ ട്രാക്ക് ചെയ്യുന്നതായി ഇത് വരെ വിവരങ്ങളൊന്നും ഇല്ല എന്നതുകൊണ്ട് ഉപയോഗിക്കാം).
മൊബൈല്‍ ഉപയോക്താക്കളെ ഏറ്റവും കൂടുതല്‍ സര്‍വൈലന്‍സ് ചെയ്യുന്നത് കീബോര്‍ഡുകളാണ്. നിങ്ങള്‍ ടൈപ് ചെയ്യുന്ന വിവരങ്ങള്‍ ചോര്‍ത്താനും അത് പഠിക്കാനും കൂബോര്‍ഡുകള്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങള്‍ വ്യക്തിപരമായി അയക്കുന്ന ഓരോ മെസേജും ഈ കീബോര്‍ഡ് കമ്പനി പഠിക്കുകയും വല്ല പ്രോഡക്ടുകളെപ്പറ്റിയും ടൈപ് ചെയ്താല്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കാനും തയ്യാറായിരിക്കുകയാണവര്‍. ഗൂഗിള്‍ കീബോര്‍ഡ് ഉപയോഗിക്കാതെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് വികസിപ്പിച്ച indic keyboard ഉപയോഗിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാം.
മനസ്സ് വെച്ചാല‍് മോണോപോളികളെ ആശ്രയിക്കാതെ തന്നെ ഒട്ടുമിക്ക കാര്യങ്ങളും നമുക്ക് ചെയ്യാനാവും. കുക്കീസ് ഡിലീറ്റ് ചെയ്യുക, ട്രാക്കിംഗ് പ്രൊട്ടക്ഷനുള്ള ചില ആഡോണുകള്‍ ഉപയോഗിക്കുക ഒക്കെ ചെയ്ത് ഇത്തരം ചോര്‍ത്തലുകളെ തടയാനുമാകും.
ഡിജിറ്റല്‍ യുഗത്തിലെ രാഷ്ട്രീയ നിലപാടുകളാണ് സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗവും പ്രചാരണവും. പരമാവധി അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും നാം ശീലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed