അച്യതൻ സാർ വേർപെട്ടു പോയി. 50ലേറെ വർഷക്കാലത്തെ ഒന്നിച്ചുള്ള പ്രവർത്തനത്തിനാണ് ഇന്ന് വിരാമമായത്. ഇത്രയും നീണ്ട കാലം ഏക മനസ്സോടെ ഒരിക്കൽപോലും ഒരിടർച്ചയോ തളർച്ചയും ഇല്ലാതെ സ്വച്ഛന്ദമായി ഒരു പ്രസ്ഥാനത്തിന് വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞു ഇത് സാറിൻറെ മഹത്വവും താഴെയുള്ള കൂടെയുള്ള പ്രവർത്തകരോടുള്ള മമതയും പരിഗണനയും വാത്സല്യം സ്നേഹവും എല്ലാം എല്ലാമാണ്. ശാസ്ത്ര കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും അദ്ദേഹത്തിനില്ലിയിരുന്നു. ഏത് ദുർഘടശാസ്ത്ര കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ കൈകാര്യം ചെയ്യാനും പറഞ്ഞു കൊടുക്കാനും അദ്ദേഹത്തിന് അപാരമായ കഴിവുയ്ണ്ടായിരുന്നു. കോഴിക്കോട് ജില്ലയിൽ 3000 ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചപ്പോൾ കോഴിക്കോടിൻറ വിവിധ ഗ്രാമ പ്രദേശങ്ങളിൽ അദ്ദേഹത്തോടൊപ്പം ക്ലാസ്സുകൾ സംഘടിപ്പിക്കാനും ക്ലാസുകൾ എടുക്കാനും കഴിഞ്ഞു. ആ അനുഭവം ആണ് എന്നെ ഒരു പരിഷത്ത് പ്രവർത്തകൻ ആക്കി മാറ്റിയത്. ചാലിയാർ മലിനീകരണ പഠന സമയത്തും ഗോളിയോർ റയോൺസിനെതിരെയുള്ള സമര പോരാട്ടങ്ങളിലും അദ്ദേഹം അചഞ്ചലനായി നിലനിന്നു. അവിടെയും എത്ര കഠിനമായ പ്രലോഭനങ്ങൾക്കും വഴങ്ങാതെ അക്ഷോഭ്യനായി നിന്നത് ഞങ്ങൾക്കെല്ലാം ജീവിതത്തിൽ വലിയ ഉദാത്ത മാതൃകയായിരുന്നു. ജീരകപ്പാറ സമരകാലങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങൾ വരെ ഞങ്ങൾക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം കൂടെയുണ്ടെങ്കിൽ ഏത് ദുർഘട സാഹചര്യങ്ങളെയും നേരിടാൻ ഞങ്ങൾക്ക് വലിയ കരുത്ത് ഉണ്ടാകുമായിരുന്നു. പരീഷത്തിൻറെ പ്രസിഡൻറ് ആയിരുന്ന കാലത്താണ് അച്യുതൻ സാറിൻറെ പ്രചോദനവും പ്രതിസന്ധിഘട്ടത്തിലെ കൈത്താങ്ങും എനിക്ക് ഏറ്റവും വലിയ കരുത്തായി മാറിയത്. പല വേദികളിലും അച്യുതൻ സാർ എന്നെ പരിചയപ്പെടുത്തിയത് തൻറെ അനുജൻ എന്നാണ്. കഴിഞ്ഞ 50 ലേറെ വർഷക്കാലവും ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു എന്നത് ഇന്ന് ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നതിന് തൻറെ അറിവും കഴിവും ബുദ്ധിയും മാത്രമല്ല ശരീരം പോലും ഉപയോഗിച്ചു എന്നാണ് അദ്ദേഹത്തിൻറെ വിൽപത്രം കണ്ടാൽ അറിയുക. ശരീരത്തിൽ പൂക്കൾ അർപ്പിക്കരുത്, ആദരവ് പ്രകടിപ്പിക്കരുത്, വിളക്ക് കത്തിക്കരുത്, ആളുകൾ കൂട്ടം കൂടി നിൽക്കരുത്,… അങ്ങനെ പ്രദർശന വസ്തു ആക്കരുത്, മെഡിക്കൽ കോളേജിൽ പഠനാവശ്യം നൽകണം എന്ന് അദ്ദേഹം എഴുതി ഞങ്ങളെയൊക്കെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. ജീവിതത്തെ പൂർണ്ണമായ യുക്തി ബോധത്തോടെ നേരിടാൻ സാധിച്ച ഒരു പക്ഷേ വളരെ ചുരുക്കം ആളുകൾ പ്രമുഖനാണ് അച്യുതൻ സാർ എന്ന് കാണാം. അദ്ദേഹം ശാസ്ത്രീയമായ അറിവുകളിൽ നിന്നുണ്ടായ വിശ്വാസങ്ങളിൽ നിന്ന് ഒരിക്കൽപോലും ഒരു അണുപോലും വ്യതിചലിച്ചിരുന്നില്ല.

മനുഷ്യസ്നേഹിയായ ആ ശാസ്ത്രകാരന് പ്രണാമം.

(പ്രൊ.കെ.ശ്രീധരൻ)

Leave a Reply

Your email address will not be published. Required fields are marked *