ചന്ദ്രനില്‍ ഒരു ഭീകരജീവി?

0

“ഒരു മനുഷ്യന് ചെറിയ കാല്‍വെയ്‌പ്പ് മനുഷ്യരാശിക്കോ, വലിയൊരു കുതിച്ചുചാട്ടവും” ചന്ദ്രോപരിതലത്തില്‍ കാല്‍വച്ചുകൊണ്ട് നീല്‍ ആംസ്ടോംഗ് പറഞ്ഞ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. ആംസ്ട്രോഗും ആള്‍ഡ്രിനും രണ്ടരമണിക്കൂറാണ് ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ചത്. ചരിത്രം സൃഷ്ടിച്ച ചാന്ദ്രവാസത്തിന് ശേഷം കമാന്റ് മൊഡ്യൂളിലേക്കും തുടര്‍ന്ന് ഭൂമിയിലേക്കുമുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് ഒരു പ്രശ്നം പൊന്തിവന്നത്. മടക്കയാത്രയില്‍ ലെഗേജ് അല്പം കൂടിയോ? ചാന്ദ്രപ്പാറ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതാണ് മുഖ്യ ദൗത്യം. ശേഖരിച്ച ചാന്ദ്രപ്പാറ മുഴുവന്‍ കൊണ്ടുവരണമെങ്കില്‍ മറ്റു ചിലതൊക്കെ ചന്ദ്രോപരിതലത്തില്‍ ഉപേക്ഷിക്കേണ്ടിവരും. അങ്ങനെ ഉപേക്ഷിച്ച ചവറുകളില്‍ രണ്ട് ഗോള്‍ഫ് ബോളുകള്‍, പന്ത്രണ്ട് ക്യാമറകള്‍, 12 ജോഡി ബൂട്ടുകള്‍, സ്വര്‍ണം പൂശിയ ഒരു ടെലിസ്കോപ് എന്നിവ കൂടാതെ 90 ബാഗുകളിലായി ശേഖരിക്കപ്പെട്ട മനുഷ്യമലം, മൂത്രം, ഛര്‍ദിയുടെ അവശിഷ്ടങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. ചാന്ദ്ര പാരിസ്ഥിതി വ്യൂഹത്തില്‍ ഈ ജൈവ മാലിന്യങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാക്കുവാനുള്ള സാധ്യത കുറവാണ്. കാരണം മനുഷ്യമാലിന്യത്തില്‍ ജീവിക്കുന്ന സൂക്ഷ്മാണുക്കള്‍ ചന്ദ്രന്റെ കഠോരമായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ നിലനില്‍ക്കാനുള്ള സാധ്യത തീര്‍ത്തും ഇല്ല എന്നുതന്നെ പറയാം. പക്ഷേ ചില ശാസ്ത്രജ്ഞര്‍ ഇത്തരത്തില്‍ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യത്തിലെ ചില സൂക്ഷ്മാണുക്കള്‍ക്ക് ഏറെക്കാലം നിദ്രാവസ്ഥയില്‍ നിലനില്‍ക്കാന്‍ ആയേക്കും. അങ്ങനെയെങ്കില്‍ ചാക്കില്‍കെട്ടിവെച്ച ഈ വെറും പാഴ് വസ്തുക്കള്‍ അമ്പത് വര്‍ഷം കഴിയുമ്പോള്‍ ബഹിരാകാശത്ത് സൂക്ഷ്മജിവികളുടെ നിലനില്‍പിനെപ്പറ്റി നിര്‍ണായകങ്ങളായ അറിവുകള്‍ പ്രധാനം ചെയ്യുന്ന നിധികളായി മാറും. ചില ബഹിരാകാശ ജീവശാസ്ത്രജ്ഞര്‍ അല്പം കൂടി കടന്നു ചിന്തിക്കുന്നു. ചാന്ദ്രോപരിതലത്തിലെ കടുത്ത പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ചില ബാക്ടിരിയങ്ങള്‍ക്ക് ജനിതക മ്യൂട്ടേഷന്‍ സംഭവിക്കാം. കാലം ചെല്ലുമ്പോള്‍ ഏതെങ്കിലും ഒരു വന്‍ കോര്‍പറേറ്റ് കമ്പനി ഗവേഷണ പഠനത്തിനായി ഈ ചണ്ടിച്ചാക്കുകള്‍ ഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടി പണം ചെലവഴിക്കാന്‍ തയ്യാറാകും. ലക്ഷക്കണക്കിന് അല്ലെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മ്യൂട്ടേഷന് വിധേയമായ ഈ സൂക്ഷ്മാണുക്കള്‍ ഭീകരജീവകളായി മാറുമോ എന്ന് ഭയപ്പെടുന്ന ശാസ്ത്രജ്ഞരുമുണ്ട്. ഇന്ന് സയന്‍സ് ഫിക്ഷന് പറ്റിയ ഈ വിഷയം അതിവിദൂരഭാവിയില്‍ യാഥാര്‍ഥ്യമാകാം.

Leave a Reply

Your email address will not be published. Required fields are marked *