ഫോണിലെ തന്മാത്രകള്‍, ജീവിതശൈലിയുടെ സൂചകം
[author title=”പ്രൊഫ.കെ.ആര്‍.ജനാര്‍ദനന്‍” image=”http://”][/author]
ഒരു വ്യക്തിയെപ്പറ്റി അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത് അയാളുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആണ്. എന്നാല്‍ അവരില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അയാള്‍ ഉപയോഗിച്ച ഫോണില്‍ നിന്നും നമുക്ക് ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഫോണ്‍ ഉടമയുടെ ഭക്ഷണശീലം, ആരോഗ്യം, ശുചിത്വം സംബന്ധിച്ച വിവരങ്ങള്‍ ഫോണിന്റെ സൂക്ഷ്മ പരിശോധനയില്‍ നിന്നും ലഭിക്കുമെന്ന് സാന്റിയാഗോ യൂണിവേഴ്സിറ്റി ഓഫ് ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
39 സന്നദ്ധഭടന്മാര്‍ ഉപയോഗിച്ച ഫോണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയുടെ സ്ക്രീനില്‍ അവശേഷിക്കപ്പെട്ട രാസികതന്മാത്രകളുടെ വിശ്ളേഷണത്തില്‍ നിന്ന് ഉടമകളുടെ ജീവിതശൈലി സംബന്ധിച്ച നിഗമനങ്ങളില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നു. മാസ് സ്പെക്ട്രോമെട്രി (mass spectrometry) എന്ന വിശ്ലേഷണസങ്കേതം ഉപയോഗിച്ചാണ് സ്ക്രീനിലെ യൗഗികങ്ങളെ നിരീക്ഷിച്ചത്.
ഓരോ ഫോണിനും തനതായ ഒരു “കയ്യൊപ്പ്” ഉണ്ടെന്ന് നിരീക്ഷണഫലങ്ങള്‍ വെളിവാക്കി. സ്ക്രീനില്‍ നിക്ഷേപിക്കപ്പെട്ട വ്യത്യസ്ത രാസികങ്ങളില്‍നിന്നും വ്യക്തിയിലേക്ക് തിരിച്ചു ചെല്ലാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. ഫോണിന്റെ ഉപരിതലത്തിന്റെ പരിശോധനയില്‍ നിന്നും ആദ്യം ലഭിക്കുന്ന വിവരം ഉടമ സ്ത്രീയാണോ പുരുഷനാണോ എന്നതാണ്. സ്ത്രീയാണെങ്കില്‍ സൗന്ദര്യവര്‍ധകങ്ങളുടെ അടയാളമുണ്ടായിരിക്കും. ഭക്ഷണശീലത്തെപ്പറ്റി ഏതാണ്ട് വ്യക്തമായ ചില സൂചനകള്‍ ലഭിക്കും. മദ്യപാനികളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ ശീലമാക്കിയവരെയും മസാലകള്‍ ചേര്‍ത്ത ഭക്ഷണം ഇഷ്ടപ്പെട്ടവരെയും കണ്ടെത്താം.
ഉടമ, ആറോ ഏഴോ മാസങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പദാര്‍ഥങ്ങളെ സംബന്ധിച്ച സൂചനകളും അയാളുടെ ഫോണില്‍ നിന്ന് നമുക്ക് ലഭിക്കും. ഉദാഹരണം, സ്ഥിരമായി ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍, പുരട്ടിയിരുന്ന ലേപനങ്ങള്‍ തുടങ്ങിയവ.
നാം നിരന്തരം ഉപയോഗിക്കുന്ന ഓരോ വസ്തുവിലും ഏതെങ്കിലും മൂലകമോ തന്മാത്രയോ സൂക്ഷ്മാണുവോ നാം നിക്ഷേപിച്ചിരിക്കും. ഈ അറിവിന്റെ ബലത്തിലാണ് ഇവയുടെ വിശ്ലേഷണം വഴി വ്യക്തിയുടെ ജീവചിത്രം തയ്യാറാക്കുന്നത്. നമ്മുടെ ശരീരത്തിലെ രാസികാവശിഷ്ടങ്ങള്‍ ഏതെങ്കിലും ചില വസ്തുക്കളുടെ അടയാളങ്ങളാണെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍ പ്രൊഫസര്‍ ഡോറേസ്റ്റില്‍ പറയുന്നത്. അതിനാല്‍ ഒരു വ്യക്തി നിരന്തരം ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ കാണുന്ന പദാര്‍ഥങ്ങളുടെ രസതന്ത്രം അയാളെ സംബന്ധിച്ച കാതലായ ചില വിവരങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. പുതിയ ഗവേഷണഫലങ്ങള്‍ ഭാവിയില്‍ വ്യാപകമായി പ്രയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. കുറ്റാന്വേഷണം, രോഗനിര്‍ണയം, പാരിസ്ഥിതികശാസ്ത്രം, തുടങ്ങിയ മേഖലകളിലെല്ലാം ഈ കണ്ടുപിടിത്തം പ്രയോജനപ്പെടും. നിങ്ങളുടെ ഫോണ്‍ നിങ്ങളെ തുറന്നുകാട്ടുന്ന കാലം വിദൂരമല്ല!