ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

 

 

സുഹൃത്തുക്കളേ,സുഹൃത്തുക്കളേ,എല്ലാവര്‍ക്കും കര്‍മനിരതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
നാം ഒരു പ്രവര്‍ത്തനവര്‍ഷത്തിന്റെ പാതിഭാഗം പിന്നിട്ടുകഴിഞ്ഞു. സംഘടനയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്താനായിട്ടുണ്ട്. ബുദ്ധിയുടെ ബഹുമുഖഭാവങ്ങള്‍കൂടി മൂല്യനിര്‍ണയത്തില്‍ പരിഗണിക്കത്തക്കവിധത്തിലുള്ള മാറ്റങ്ങളോടെ നാം നടത്തിയ വിജ്ഞാനോത്സവവും ഏതാണ്ടെല്ലാ മേഖലകളിലും നടത്തിയ വികസനസംവാദയാത്രകളും അവയില്‍ ചിലതാണ്. എന്നാല്‍ വിഷയസമിതികള്‍ക്കും ഉപസമിതികള്‍ക്കും ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. വൈദഗ്ധ്യമുള്ളവരെയും വനിതകളെയും യുവജനങ്ങളെയും കൂടുതലായി അംഗത്വത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മാസിക പ്രചാരണം മുന്‍ വര്‍ഷങ്ങളിലേതുപോലെ മുന്നേറ്റമുണ്ടായിട്ടില്ല. ഇതെല്ലാം സൂക്ഷ്മമായി വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.  കേരളം ശാസ്ത്രത്തോടൊപ്പം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന് നാം നടത്തിയ ശാസ്ത്രവാരാഘോഷവും കേരള റാലി ഫോര്‍ സയന്‍സും സംഘടനയ്ക്ക് ഏറെ ഉണര്‍വും ആവേശവും നല്‍കിയ പ്രവര്‍ത്തനമായിരുന്നു. ജനപ്രതിനിധികളെയും ശാസ്ത്രജ്ഞരെയും ഗവേഷകരെയും അധ്യാപകരെയും സാമൂഹ്യ-സാംസ്‌കാരികരംഗത്തുള്ളവരെയുമെല്ലാം കൂടെകൂട്ടാന്‍ ഈ പരിപാടിയിലൂടെ നമുക്കു കഴിഞ്ഞു. നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ തന്നെ ചോദ്യംചെയ്യപ്പെടുകയും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സര്‍ഗാത്മകതയുമെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രവാരാഘോഷത്തിന്റെ തുടര്‍ച്ചയായി ജനോത്സവം എന്ന പേരില്‍ ഒരു വലിയ ബഹുജനവിദ്യാഭ്യാസപരിപാടിക്ക് നാം തുടക്കം കുറിക്കുകയാണ്.  ആശയപ്രചാരണ ഉപാധി എന്ന നിലയില്‍ നാം നടത്തിക്കൊണ്ടിരുന്ന കലാജാഥകള്‍ അതേരൂപത്തില്‍ നടത്തേണ്ടതില്ല എന്നാണ് നാം തീരുമാനിച്ചിട്ടുള്ളത്. കലാജാഥാ സ്വീകരണകേന്ദ്രങ്ങളിലെ  ജനങ്ങള്‍ കേവലം കാണികളും അവതാരകര്‍ പറച്ചിലുകാരുമായി ചുരുങ്ങുന്ന അവസ്ഥയുമുണ്ട്. ഇതില്‍നിന്നും തികച്ചും വിഭിന്നമായി പ്രദേശത്തെ ജ‍നങ്ങളെ പങ്കാളികളാക്കി  പാട്ട്, വര, നാടകം, സിനിമ, കളികള്‍, ശാസ്ത്രക്ലാസുകള്‍, പ്രാദേശിക ചരിത്രരചന, പ്രദര്‍ശനങ്ങള്‍, തദ്ദേശീയമായ കലകള്‍ തുടങ്ങി നിരവധി സങ്കേതങ്ങളെ ഉള്‍ചേര്‍ത്ത് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഒരു വലിയ പരിപാടിയായാണ് നാം ജനോത്സവത്തെ വിഭാവനം ചെയ്യുന്നത്.  ജനോത്സവത്തിന്റെ ചിട്ടയായ നടത്തിപ്പിന് സൂക്ഷ്മതലത്തിലുള്ള ആസൂത്രണം വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ മേഖലയിലും കേന്ദ്രപഞ്ചായത്തുകളും ഓര്‍ബിറ്റല്‍ പഞ്ചായത്തുകളും തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ സംഘാടകസമിതി രൂപീകരിക്കണം. അറിയാവുന്ന മുഴുവന്‍ ശാസ്ത്ര-കലാസാംസ്‌കാരിക രംഗത്തുള്ളവരെയും പഴയ പ്രവര്‍ത്തകരെയും  നേരില്‍ കണ്ട് ക്ഷണിക്കണം. കാമ്പസ് കലാജാഥയുടെ കേന്ദ്രവുമായി ബന്ധപ്പെടല്‍ നടത്തണം. നമ്മുടെ തനത് രീതിയായ പുസ്തകപ്രചാരണത്തില്‍നിന്നുവേണം ആവശ്യമായ പണം സ്വരൂപിക്കുവാന്‍. അതോടൊപ്പം ചൂടാറാപ്പെട്ടി, മറ്റു ബദല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയും അതിന്റെ രാഷ്ട്രീയവും പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. ഓരോ മേഖലയുടെയും ലക്ഷ്യം ഒരുലക്ഷം രൂപയാണെന്ന് ഓര്‍മ വേണം. പരമാവധി വീടുകളില്‍ സന്ദര്‍ശനം നടത്താനും വീട്ടുകാരുമായി സംഭാഷണം നടത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. നമ്മള്‍ വിളിക്കുന്നേടത്തേക്ക് ആളുകള്‍ വരിക എന്നതല്ല, ആളുകള്‍ ഉള്ളിടത്തേക്ക് നമ്മള്‍ പോവുക എന്നതാണ് നമ്മുടെ സമീപനം.   എല്ലാ പ്രവര്‍ത്തകരേയും അതിന്റെ ആശയതലം ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമേ ജനോത്സവം വിജയിപ്പിക്കാനാവൂ. മുഴുവന്‍ അംഗങ്ങളേയും നമുക്ക് നേരിട്ട് കാണാനാവുമോ? അതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. 50-ാം വാര്‍ഷിക സമ്മേളനത്തില്‍ നാം മുന്നോട്ടുവച്ച മുഴുവന്‍ അംഗങ്ങളേയും പ്രവര്‍ത്തകരാക്കുക, ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യബോധമാകുക എന്നീ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒരു വലിയ അവസരമാണ് നമുക്ക് കൈവന്നിരിക്കുന്നത്.  പരിപാടികളുടെ കേവലമായ ആവിഷ്‌കാരത്തിനപ്പുറം ശാസ്ത്രബോധവും ജനാധിപത്യമൂല്യങ്ങളും അന്വേഷണത്വരയും മതനിരപേക്ഷതയുമെല്ലാം വളര്‍ത്തിയെടുക്കാനുള്ള ഒന്നാണ് ജനോത്സവം എന്ന കാര്യം മറന്നുകൂടാ. നമ്മള്‍ ജനങ്ങള്‍ – ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ എന്ന ചിന്ത നമ്മിലൂടെ നാടുമുഴുവന്‍ പ്രസരിക്കട്ടെ. പാരിഷത്തികാഭിവാദനങ്ങളോടെ,

മീരാഭായ് ടി.കെ.

ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *