ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

പരിഷത്ത് ഏറ്റവും കൂടുതല്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് പരിസരവും വിദ്യാഭ്യാസവും. എന്നാല്‍ എത്ര ഇടപെട്ടാലും നമുക്ക് പലപ്പോഴും സംതൃപ്തി കിട്ടാത്തതും ഇടപെടുന്തോറും ലക്ഷ്യം വളരെ അകലെയാണെന്ന് തോന്നുന്നതുമായ മേഖലകളുമാണിത്. നെല്‍വയലുകള്‍ നികത്തപ്പെടുന്നത്, വനശോഷണം, ഇടനാടന്‍ കുന്നുകളുടെ നാശം, പശ്ചിമഘട്ടത്തിലെ അമിത നിര്‍മാണങ്ങള്‍, തീരദേശമേഖലകളിലെ CRZ നിയമലംഘനങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപരിഹാര്യ നഷ്ടങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതുപോലെത്തന്നെയാണ് വിദ്യാഭ്യാസരംഗവും. ഒരു ഭാഗത്ത് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് പൊതുവിദ്യാലയങ്ങളിലെ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ നേടിെയടുക്കുന്നതിന് നമുക്ക് ഇപ്പോഴുമായിട്ടില്ല. ഹയര്‍സെക്കണ്ടറി മേഖലയിലെ സിലബസ്, പഠനഭാരം, സ്കൂള്‍സമയം കോമ്പിനേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട അശാസ്ത്രീയതകളെയും അഭിസംബോധന ചെയ്യാന്‍ നമുക്കിതേവരെ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ ഗവേണന്‍സ് കുറേക്കൂടി കാര്യക്ഷമമാക്കിയാലേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. SSA, RMSA തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും സമാന്തര രീതിയില്‍ നിന്നും മാറി ജനകീയതലം വികസിപ്പിച്ചുകൊണ്ട് കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇതിനിടയിലാണ് അംഗീകാരം ഇല്ലാത്ത അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഇപ്പോള്‍ പൂട്ടില്ല എന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സ്വാശ്രയവിദ്യാഭ്യാസരംഗത്ത് അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് തന്നെ ഉണ്ടാക്കുന്നത്.
ഇത്രയും പറഞ്ഞത് പരിസ്ഥിതി രംഗത്തും വിദ്യാഭ്യാസ രംഗത്തും നമ്മുടെ ഇടപെടലുകള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കാന്‍ ആണ്. പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതികള്‍, പിടിഎ കള്‍ എന്നിവയില്‍ ഇടപെട്ടുകൊണ്ട് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റുകളുടെയും മേഖലകളുടെയും നേതൃത്വത്തില്‍ ഉണ്ടാക്കിയെടുക്കണം.
പ്രാദേശിക ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സൂക്ഷ്മപരിസ്ഥിതി പ്രശ്നങ്ങളിലും പഠനഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം. ഇതിന് മേഖല, ജില്ല വാര്‍ഷികങ്ങളില്‍ വിദ്യാഭ്യാസവും പരിസ്ഥിതിയും വികസനവും ജില്ലകളിലെ പ്രധാന ചര്‍ച്ചാവിഷയമാകണം.

സ്നേഹത്തോടെ
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *