ജനറല്‍ സെക്രട്ടറിയുടെ കത്ത്

0

ആഗസ്റ്റ് 1ന് സ്കൂള്‍ തലത്തില്‍ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, പ്രധാന അധ്യാപകര്‍ക്കുള്ള കത്ത്, വിജ്ഞാനോത്സവ പോസ്റ്റര്‍, മൂല്യനിര്‍ണയപ്രവര്‍ത്തനങ്ങള്‍, ചാന്ദ്രദിനം മുതല്‍ വിജ്ഞാനോത്സവം വരെ സ്കൂളുകളില്‍ നടത്തേണ്ട ജ്യോതിശ്ശാസ്ത്രപരീക്ഷണങ്ങള്‍ എന്നിവയെല്ലാം എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ട്. ജില്ലാ തല അധ്യാപകപരിശീലനവും നടന്നുകഴിഞ്ഞു. ഇനിവേണ്ടത് വിജ്ഞാനോത്സവം ഭംഗിയായി നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ്.

2019-ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓര്‍മ പുതുക്കുന്ന വര്‍ഷമാണ്- മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്‍റെ 50-ാം വര്‍ഷവും ജ്യോതിശ്ശാസ്ത്രജ്ഞരുടെ സംഘടനയായ ഇന്‍റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്‍ നിലവില്‍ വന്നതിന്റെയും ഐന്‍സ്റ്റയിന്റെ സാമാന്യ ആപേക്ഷികതസിദ്ധാന്തം തെളിയിക്കാന്‍ ആര്‍തര്‍ എഡിംഗ്റ്റണ്‍ ചെയ്ത പരീക്ഷണത്തിന്റെയും 100-ാം വര്‍ഷവും. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് ജ്യോതിശ്ശാസ്ത്രം, ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം തുടങ്ങിയ വിഷയമേഖലകളാണ് ഈ വര്‍ഷം വിജ്ഞാനോത്സവത്തിനായി നാം തെരഞ്ഞെടുത്തിരിക്കുന്നത്.

ബഹിരാകാശം എന്നും വിസ്മയങ്ങളുടെയും അന്വേഷണങ്ങളുടെയും ലോകമാണ്. അതിനാല്‍ ഈ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വിവരങ്ങള്‍ സമൂഹത്തിലെത്തിക്കാനുള്ള അവസരം കൂടിയാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവം. ഇതിനായി നമ്മുടെ മാസികകള്‍ പരമാവധി ആളുകളില്‍ എത്തിക്കണം. ജ്യോതിശ്ശാസ്ത്രപരീക്ഷണങ്ങളും ആകാശക്കാഴ്ചകളും അനുഭവവേദ്യമാക്കണം.

ബഹുമുഖബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഠന, ബോധന, മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സര്‍ഗാത്മകമാക്കുന്നതിനുള്ള അന്വേഷണമാണ് ഈ വര്‍ഷം വിജ്ഞാനോത്സവത്തിലൂടെ നടത്തുന്നത്. അതുകൊണ്ടുതന്നെ പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി സ്കൂള്‍ തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങളുടെ(Activities) സാധ്യതയാണ് നാം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറികളില്‍ നടത്തുന്നതിന് അധ്യാപകപരിശീലനം കൂടിയേതീരൂ. ബി.ആര്‍.സികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസവകുപ്പ് തുടങ്ങിയവയുടെ സഹകരണം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. സെപ്റ്റംബര്‍ 29,30 തീയതികളിലായി നടത്തുന്ന മേഖലാതല വിജ്ഞാനോത്സവത്തോടെ അധ്യാപകരുടെ ഒരു കൂട്ടായ്‍മ വളര്‍ന്നുവരണം. ആ കൂട്ടായ്‍മയെ വിദ്യാഭ്യാസ രംഗത്ത് പുതിയ പരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തുന്ന സംഘമായി വളര്‍ത്തിയെടുക്കാനും കഴിയണം. ഇവരുടെ നേതൃത്വത്തിലായിരിക്കണം ജില്ലാതല വിജ്ഞാനോത്സവം നടക്കേണ്ടത്.

സംഘടനാപരമായും അക്കാദമികമായും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഈ വര്‍ഷത്തെ വിജ്ഞാനോത്സവം കൊണ്ട് കഴിയുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്. വിദ്യാഭ്യാസമേഖലയിലും രക്ഷിതാക്കള്‍ക്കിടയിലും യുക്തിചിന്തയും ശാസ്ത്രബോധവും ശാസ്ത്രതല്പരതയും വളര്‍ത്തുന്നതിനുള്ള വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനമായി വിജ്ഞാനോത്സവത്തെ നമുക്ക് മാറ്റിയെടുക്കാം. മുഴുവന്‍ സംഘടനയുടെയും ഗൗരവതരമായ ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

പാരിഷത്തികാഭിവാനദങ്ങളോടെ

ടി.കെ മീരാഭായ്
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *