“നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം”

0

കാസര്‍ഗോഡ്

കൊടക്കാട്: സമകാലിക ഇന്ത്യയിൽ നെഹ്റുവിയൻ സംഭാവനകളെ തമസ്ക്കരിക്കുന്നതിനും വർഗീയ ഫാസിസ്റ്റ് ആശയങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമുള്ള ശ്രമങ്ങൾ വളരെ ശക്തിപ്പെട്ടിരിക്കുകയാണെന്ന് ലൈബ്രറി കൗൺസിൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ. പി. പ്രഭാകരൻ പറഞ്ഞു. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കാസർഗോഡ് ജില്ലാതല പ്രകാശനം പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രബോധവും ശാസ്ത്രഗവേഷണവുമെല്ലാം അപ്രധാനമാക്കി കപടശാസ്ത്രത്തിനും ശാസ്ത്രവിരുദ്ധതയ്ക്കും മേൽക്കൈ നൽകിയിരിക്കയാണ്. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ നെഹ്റുവിയൻ സംഭാവനകളുടെ വായനയും പഠനവും ഏറെ പ്രസക്തമാണെന്ന് പുസ്തകം ഓർമ്മപ്പെടുത്തുന്നു. ജില്ലാ പരിസര വിഷയസമിതി കൺവീനർ പ്രൊഫ. എം. ഗോപാലന്‍ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ, ജയദേവൻ പെരിങ്ങേത്ത് എന്നിവര്‍ സംസാരിച്ചു. പ്രദീപ് കൊടക്കാട് സ്വാഗതവും പരിഷത്ത് കൊടക്കാട് യൂണിറ്റ് സെക്രട്ടറി സി. ശശികുമാർ നന്ദിയും പറഞ്ഞു.

കോഴിക്കോട്

കോഴിക്കോട്‌: ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പുനർവ്വായിക്കുന്നത്‌ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്‌ എന്ന് ഖദീജാ മുതാസ്‌ അഭിപ്രായപ്പെട്ടു. ജനാധിപത്യം, മതേതരത്വം, ശാസ്‌ത്രബോധം എന്നിവ ഉയർത്തിപ്പിടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌ എന്നും അവർ കൂട്ടിച്ചേർത്തു. ടി പി കുഞ്ഞിക്കണ്ണൻ രചിച്ച്‌, കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച “നെഹ്രൂവിയൻ ഇന്ത്യ- പുനർവായനയുടെ രാഷ്ട്രീയം” എന്ന പുസ്തകം പ്രകാശനം ചെയ്ത്‌ സംസാരികുകയായിരുന്നു ഡോ. ഖദീജാ മുംതാസ്‌. അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ വിദ്യാർത്ഥി ലദീദാ റയ്യ പുസ്തകം ഏറ്റു വാങ്ങി. കെ റ്റി രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. യുകെ കുമാരൻ, സിപി അബൂബക്കർ, എൻ പി രാജേന്ദ്രൻ, രാധൻ കെ എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ദേവദാസന്‍ അധ്യക്ഷനായ ചടങ്ങില്‍ പികെ ബാലകൃഷ്ണൻ സ്വാഗതവും പി കെ സതീശ്‌ നന്ദിയും പറഞ്ഞു.

അങ്കമാലി

അങ്കമാലി: നിലവിലെ ഇന്ത്യൻ അവസ്ഥയെ മാറ്റിമറിക്കാൻ കഴിയുന്ന ശക്തമായ ടൂൾ ആണ് നെഹ്റു ചിന്തകളെന്ന് കാലടി സംസ്കൃത സർവകലാശാല പ്രൊ. വൈസ്ചാൻസലർ ഡോ. കെ.എസ്. രവികുമാര്‍ പറഞ്ഞു. അങ്കമാലി മേഖലയിലെ കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനം കാലടി ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവൽസര പദ്ധതികൾ, ചേരിചേരാനയം തുടങ്ങിയവ നടപ്പാക്കുക വഴി ആധുനിക ഇന്ത്യയെ വാർത്തെടുക്കാന്‍ ശ്രമിച്ച നെഹ്റു ലോകത്തിനു മുന്നിൽ സമർപ്പിച്ച സയൻറിഫിക്ക്ടെമ്പർ എന്ന ഒരൊറ്റവാക്കും അതിനു പിന്നിലെ ആശയവും അദ്ദേഹത്തെ തലമുറകൾക്കപ്പുറത്തേക്ക് എത്തിക്കു മെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണൻ പറഞ്ഞു. കാലടി യൂണിറ്റിലെ അംഗവും വിദ്യാർത്ഥിനിയുമായ എൽസ ജോസഫ് പുസ്തകം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി സി.ഐ. വർഗീസ് ആശംസയർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് വി.കെ. തങ്കപ്പൻ അദ്ധ്യക്ഷനായി. യൂണിറ്റു സെക്രട്ടറി ജയശ്രിടീച്ചർ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജീവ് നന്ദിയും പറഞ്ഞു.

തൃശ്ശൂര്‍

തൃശ്ശൂർ: സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധ ത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നുവെന്ന് പ്രൊഫ. പി. വി. കൃഷ്ണൻ നായർ പറഞ്ഞു.
പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ രചിച്ച “നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധന് ശേഷം ആധുനിക ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത രണ്ട് മഹാത്മാക്കളാണ് ഗാന്ധിയും നെഹ്രുവുമെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ രാജൻ പുസ്തക പരിചയം നടത്തി. സി. ജി. ജയശീ, എം. രാഗിണി, ടി. കെ. സത്യൻ എന്നിവർ പ്രസംഗിച്ചു. കെ.എൻ. ദുർഗ്ഗാദത്തൻ ഭട്ടതിരിപ്പാടിന്റെ ‘കണ്ണുനീർതുള്ളികൾ’ എന്ന നെഹ്റുവിനെ കുറിച്ചുള്ള കവിത അദ്ദേഹത്തിന്റെ പേരക്കിടാവ് പാർവതി ശങ്കരനാരായണൻ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *