പരമ്പരാഗത സാംസ്കാരിക പ്രവര്‍ത്തനമല്ല വേണ്ടത് ജനങ്ങളുടെ സംസ്കാരത്തില്‍ ഇടപെടണം – കെ.കെ.കൃഷ്ണകുമാര്‍

0

പാലക്കാട് : ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത സാംസ്കാരിക പ്രവർത്തനമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സംസ്കാരത്തിൽ ഇടപെടുന്ന പ്രവർത്തനങ്ങളാണ് വേണ്ടതെന്നും ഇതിനായി പരിഷത്ത് “ജനോത്സവം” എന്ന പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക്(AIPSN) പ്രവർത്തകനുമായ കെ.കെ.കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ജനുവരി 26, റിപ്പബ്ലിക്ദിനത്തില്‍ ആരംഭിച്ച് ദേശീയ ശാസ്‌ത്രദിനമായ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയായിട്ടാണ് “ജനോത്സവം” സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ ‘സാമൂഹ്യമാറ്റം – പുതിയ സമസ്യകളും പുതിയ പ്രതിരോധവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ട് പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ. മനോഹരൻ, കെ.വി. സാബു, എ.എം. വാസുദേവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.കെ.വിനോദ് സ്വാഗതവും കൺവീനർ ടി.എം അനുജൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *