പ്രതികൂലാവസ്ഥകളോട് പൊരുതുന്ന സ്ത്രീകളോടൊപ്പം ഒരു പകൽ…

0
ഡോ. പി ഭാനുമതിയാണ് സംഗമം ഉത്ഘാടനം ചെയ്യുന്നു

തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് ഒന്നിന് പരിസര കേന്ദ്രത്തിൽ വച്ച്, പ്രതികൂല ചുറ്റുപാടുകളെ വെല്ലുവിളിച്ച്, പ്രതിസന്ധികളോട് പടപൊരുതി ജീവിത വഴി സ്വയം കണ്ടെത്തിയ ഏഴ് വനിതകളോടൊപ്പമുള്ള ജില്ലാ ജന്റർസംഗമം നടന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ഒരു കൂട്ടം മനുഷ്യരെ ഏറ്റെടുത്ത് അവരോടൊപ്പം ജീവിതം നയിക്കുന്ന റിട്ടയേർഡ് കോളേജ് അധ്യാപിക ഡോ. പി ഭാനുമതിയാണ് സംഗമം ഉത്ഘാടനം ചെയ്തത്.
തുടർന്ന് സംഗമത്തിൽ പങ്കെടുത്ത ഏഴ് സഹോദരിമാരും തങ്ങൾ ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു വഴി തെരഞ്ഞെടുത്തതെന്നും ആ വഴികളിൽ ഉണ്ടായ പ്രതിബന്ധങ്ങളും അവയെ എങ്ങനെയാണ് മറികടന്നതെന്നുമുള്ള ചിത്രം അവരുടേതായ വാക്കുകളിലൂടെ വരച്ചു കാട്ടി.
ഹൃദയസ്പർശിയായ അവരുടെ ജീവിത കഥ നിറഞ്ഞ കണ്ണുകളോടെയാണ് ശ്രോതാക്കൾ ശ്രവിച്ചത്.
ഓട്ടിസം ബാധിച്ച തന്റെ കുഞ്ഞിനെ ഷാളു കൊണ്ട് കട്ടിലിൽ കെട്ടിയിട്ടിട്ട് മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കാൻ പോകുന്ന ഒരമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ വനിതാ ഫോട്ടോഗ്രാഫർ വി വി ബിന്ദു. ഓട്ടിസം ബാധിച്ച കുഞ്ഞാണെന്നറിഞ്ഞ ഉടനെ ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറിയ ഭർത്താവിന്റെ അഭാവത്തിലും ബിന്ദു തന്റെ കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നത് ഈ തൊഴിലെടുത്താണ്.
ഇന്ത്യയിൽ ആദ്യമായി മത്സ്യബന്ധന ലൈസൻസ് ലഭിച്ച ഏക വനിത രേഖ കാർത്തികേയൻ,
ട്രാക്ടർ ട്രയ്നറും ഇറച്ചിവെട്ട്, പച്ചക്കറികൃഷി എന്നീ മേഖലകളിലും നൈപുണ്യം തെളിയിച്ച അളകപ്പനഗർ വാർഡ് മെമ്പർ സുനിത സാജു, ഇരിഞ്ഞാലക്കുടയിൽ ശ്മശാനം നടത്തുന്ന മുസ്ലിം സ്ത്രീ സുബീന റഹ്മാൻ, തെങ്ങുകയറുകയും തെങ്ങുകയറ്റം പഠിപ്പിക്കുകയും കാർഷികയന്ത്രങ്ങളുടെ ഉപയോഗവും റിപ്പയറിങ്ങും പഠിപ്പിക്കുന്ന ഇന്ദിരാ ലോറൻസ്, കാറ്ററിംഗ് മേഖലയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഷീല വിശ്വംഭരൻ, കടപ്പുറത്തു നിന്നും മീൻ വാങ്ങി സൈക്കിളിൽ വിൽപ്പന നടത്തുകയും തൂങ്ങി മരിച്ച മൃതദേഹങ്ങൾ അവശ്യ ഘട്ടങ്ങളിൽ അഴിച്ച് താഴെ എത്തിക്കുകയും ചെയ്യുന്ന അവിവാഹിതയും നിരാലംബയുമായ സുഹറ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *