പ്രസക്തി വർധിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനം

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 57–-ാമത് സംസ്ഥാന സമ്മേളനം ഇന്നുമുതൽ മൂന്നു ദിവസം ഓൺലൈനായി നടക്കുകയാണ്‌. കേരളത്തിനു മാത്രമല്ല, രാജ്യത്തിനുതന്നെ മാതൃകയും നാഴികക്കല്ലുമായിത്തീർന്ന നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച പ്രസ്ഥാനമാണ് പരിഷത്ത്. ആ പ്രവർത്തനങ്ങൾ പലപ്പോഴും ലോകശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. ബദൽ നൊബേൽ സമ്മാനമുൾപ്പെടെ പരിഷത്തിനു ലഭിച്ച നിരവധി ആഗോള, ദേശീയ അംഗീകാരങ്ങൾ അതിന്റെ ഭാഗമാണ്.
ശാസ്ത്രമെഴുത്തുകാരുടെ കൂട്ടായ്മ എന്ന നിലയ്ക്കാണ് 1962ൽ പരിഷത്ത് രൂപം കൊള്ളുന്നത്. മലയാളത്തിൽ ശാസ്ത്രലേഖനങ്ങളും ശാസ്ത്രവിജ്ഞാനവും പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. അതിനായി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക മാസികകൾ പുറത്തിറക്കി. സമൂഹത്തിൽ ശാസ്ത്രവിജ്ഞാനം എത്തിക്കുന്നതിന് പുസ്തകങ്ങൾക്കപ്പുറമുള്ള മാർഗങ്ങൾ വേണമെന്നു മനസ്സിലാക്കി ശാസ്ത്രക്ലാസുകളിലേക്കുകൂടി തിരിഞ്ഞു. പ്രകൃതി, സമൂഹം, ശാസ്ത്രം, നാളത്തെ ലോകം, ആരോഗ്യശീലങ്ങൾപോലുള്ള നിരവധി വിഷയങ്ങളിൽ പതിനായിരക്കണക്കിന്‌ ക്ലാസുകൾ സംഘടിപ്പിച്ചു. എൺപതോടെ ആരംഭിച്ച ശാസ്ത്രകലാജാഥകൾ ജനബോധനത്തിന്റെ പുതിയ മാതൃകയായി.
അധ്യാപകരും ഉദ്യോഗസ്ഥരും കർഷകരും തൊഴിലാളികളും സാമാന്യ ജനങ്ങളുമുൾപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായി പരിഷത്ത് മാറുകയായിരുന്നു. ജനങ്ങളിൽ ശാസ്ത്രബോധവും ശാസ്ത്രീയ വീക്ഷണവും വളർത്തുക, ശാസ്ത്രത്തെ ഉപയോഗിച്ചുള്ള ചൂഷണത്തെ ചെറുക്കുക, അശാസ്ത്രീയതകളെയും അന്ധവിശ്വാസങ്ങളെയും തുറന്നെതിർക്കുക എന്നീ ലക്ഷ്യങ്ങളിലേക്ക് പടിപടിയായി വളർന്നു. നിരന്തരം ദരിദ്രവൽക്കരിക്കപ്പെടുന്ന സാമാന്യ ജനങ്ങളുടെ മുന്നേറ്റത്തിനുള്ള ആയുധമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്’ എന്ന മുദ്രാവാക്യം 1973ൽ പരിഷത്ത് സ്വീകരിച്ചു.
ജനകീയപ്രശ്നങ്ങളിൽ ഇടപെടാനും ബദൽമാതൃകകൾ സമൂഹത്തിൽ സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങളിലേക്കുകൂടി പ്രവർത്തനമണ്ഡലം വളർന്നു. പരിസ്ഥിതി അവബോധത്തിൽ ഗുണപരമായ മാറ്റം വരുത്തിയ സൈലന്റ് വാലി പ്രക്ഷോഭം, സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങൾ, പാലക്കാട് സ്ഥാപിച്ച ഐആർടിസി എന്ന ഗവേഷണ കേന്ദ്രവും പുകശല്യമില്ലാത്ത അടുപ്പും ചൂടാറാപ്പെട്ടിയുംപോലുള്ള ഉൽപ്പന്നങ്ങളും ജനകീയ ആരോഗ്യനയത്തിനും ഔഷധമേഖലയിലെ ചൂഷണങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, ആരോഗ്യ സർവേ, ബഹുരാഷ്ട്രകുത്തകകൾക്കെതിരെയും പിന്നീട് ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും നടത്തിയ പ്രക്ഷോഭങ്ങൾ, ജനകീയ ആസൂത്രണത്തിലേക്ക് നയിച്ച വാഴയൂർ സർവേയും കല്യാശേരി വിഭവഭൂപടവും വികസനരേഖയുംപോലുള്ള മാതൃകൾ, പുതിയ പാഠ്യപദ്ധതിയിലേക്കു നയിച്ച വിദ്യാഭ്യാസപ്രവർത്തനങ്ങൾ, സ്ത്രീതുല്യതയ്ക്കുവേണ്ടിയുള്ള വനിതാകലാജാഥ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇങ്ങനെ നിരവധി മേഖലകളിലെ പരിഷത്ത് ഇടപെടലുകൾ കേരളീയ സമൂഹത്തിൽ വമ്പിച്ച സ്വാധീനമാണ് ചെലുത്തിയത്.
പരിഷത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രസക്തമാകുന്ന കാലഘട്ടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യന്റെ ജീവിതത്തിൽ അതിവേഗം മാറ്റങ്ങൾ വരുത്തുകയാണ്. അതേസമയം, സാങ്കേതികവിദ്യ വ്യാപിക്കുമ്പോഴും ശാസ്ത്രീയ മനോഭാവത്തെയും ശാസ്ത്രബോധത്തെയും കൈയൊഴിയുന്ന വൈരുധ്യം ദൃശ്യമാണ്. ജ്യോത്സ്യവും മന്ത്രവാദവും കപടചികിത്സാരീതികളും കപടശാസ്‌ത്രങ്ങളും തുടങ്ങി പലതിനും പ്രസക്തിയുണ്ടെന്നും ശാസ്‌ത്രത്തിന്റെ രീതിയിൽ അവയെ വിശകലനം ചെയ്യാനാകില്ലെന്നുമുള്ള വാദങ്ങൾ ശക്തിപ്പെടുകയും അതിനനുസൃതമായ ധാരണകൾ സമൂഹമനസ്സിൽ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലാകട്ടെ ശാസ്ത്രവിരുദ്ധത ആഘോഷമാക്കുന്ന ഭരണനയങ്ങളാണ് നടപ്പാക്കപ്പെടുന്നത്. ഭാരതത്തിന് ശക്തമായ ശാസ്ത്രപാരമ്പര്യമുണ്ട്. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്തമായി അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയവാദങ്ങളെയും നമ്മുടെ ശാസ്ത്രപാരമ്പര്യമായി അവതരിപ്പിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുകയാണ്. ഈയൊരവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ആഗോള മൂലധനശക്തികളും ഇന്ത്യൻ കുത്തകകളും. കമ്പോളത്തിനാവശ്യമുള്ള സാംസ്‌കാരികബോധം ഉൽപ്പാദിപ്പിക്കുന്നതിന്‌ അന്ധവിശ്വാസങ്ങളും അശാസ്‌ത്രീയ വീക്ഷണവും അടിത്തറയാക്കിയ മത വർഗീയ രാഷ്‌ട്രീയത്തെയും ശാസ്‌ത്രീയമനോഭാവത്തെ ഒഴിവാക്കിയുള്ള ആധുനിക സാങ്കേതികവിദ്യകളെയും പരസ്‌പരപൂരകമായി ഉപയോഗപ്പെടുത്താനാണവർ ശ്രമിക്കുന്നത്‌. ചാതുർവർണ്യധാരണകൾ വച്ചുപുലർത്തുന്ന ഇവർ ദളിത് ആദിവാസി വിഭാഗങ്ങൾക്കെതിരെ ബലാൽസംഗം ഉൾപ്പെടെയുള്ള അക്രമങ്ങൾ അഴിച്ചുവിടുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടുള്ള ആക്രമണത്തിന് ബലമേകാൻ മതമാണ് പൗരത്വത്തിന് അടിസ്ഥാന മാനദണ്ഡം എന്നതിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ്.
അശാസ്ത്രീയമായ വികസന നയങ്ങൾ ഭൂമിയെത്തന്നെ ഇല്ലാതാക്കുകയാണ്. കാലാവസ്ഥാമാറ്റവും ആഗോളതാപനവുംപോലുള്ള പ്രവണതകൾ അതിന്റെ ലക്ഷണങ്ങളാണ്. വളർച്ചയുടെ പ്രയോജനം ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രമേ അനുഭവവേദ്യമാകുന്നുള്ളു. ലോകത്തെ ഒരു സമ്പന്ന ന്യൂനപക്ഷത്തിന്റെ ഉപഭോഗക്രമംമൂലമുണ്ടാകുന്ന വിഭവശോഷണവും പ്രശ്നങ്ങളും ഭൂമിയെത്തന്നെ ഇല്ലാതാക്കും. ഭൂമിയെയും പരിസ്ഥിതിയെയും തകരാറിലാക്കാത്ത സുസ്ഥിരവികസനം ഉറപ്പാക്കുന്ന, വിഭവങ്ങളുടെ ഏതാണ്ടെങ്കിലും സമതുലിതമായ വിതരണവും ഉപഭോഗവും ഉറപ്പാക്കുന്ന, വിവിധ ജനവിഭാഗങ്ങൾ തമ്മിൽ അസമത്വങ്ങളില്ലാത്ത, ലിംഗനീതി ഉറപ്പാകുന്ന ഒരു ലോകത്തിലാകണം പ്രതീക്ഷ. ഇവയെല്ലാം സാധ്യമാക്കാൻ ശാസ്ത്രത്തിന്റെ വഴി മാത്രമേ രക്ഷാമാർഗമുള്ളൂവെന്ന് കോവിഡ്കാലം അസന്ദിഗ്ധമായി തെളിയിച്ചിരിക്കുന്നു. അത് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ പ്രസക്തി കൂടുതൽ വർധിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *