മാര്‍ച്ച് 22 ജലസംരക്ഷണ ദിനം

0

ആവശ്യത്തേക്കാള്‍ പത്തിരട്ടി മഴ ലഭിക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ ഇത്തവണ ലഭിച്ചത് നാലിരട്ടി മാത്രം. എന്നാലും ജനുവരി മാസം മുതല്‍ നമ്മള്‍ ജലദൗര്‍ലഭ്യത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉപയോഗം അനേകം ഇരട്ടി വര്‍ധിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. എന്നാല്‍ അതല്ല ഇപ്പോഴത്തെ ജലദൗര്‍ലഭ്യത്തിന് കാരണം. സ്ഥല-ജല സംരക്ഷണത്തിന്റെ കാര്യക്ഷമതക്കുറവും വിവേകത്തോടെയല്ലാത്ത ഇടപെടലുകളുമാണ്. പെയ്തിറങ്ങിയ മഴവെള്ളം ശേഖരിച്ചിരുന്ന കുളങ്ങളും തോടുകളും വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലായ്മ ചെയ്തതു, മഴവെള്ളത്തെ വേനല്‍ക്കാലത്തും സംരക്ഷിച്ചിരുന്ന ജൈവാവരണവും നമ്മള്‍ നഷ്ടപ്പെടുത്തി. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നപ്പോള്‍ നഷ്ടമായത് കാലാവസ്ഥയാണ് എന്നോര്‍ക്കണം. എല്ലാകാലത്തും കുടിവെള്ളം നല്‍കി വന്നിരുന്ന നദികളും ഇന്ന് ഭീഷണിയിലാണ്. വൃഷ്ടിപ്രദേശങ്ങളിലെ വനനാശവും പശ്ചിമഘട്ടത്തിലെ കോര്‍പറേറ്റ് വികസനവും നദികളുടെയും അരുവികളുടെയും ചോലകളുടെയും സംരക്ഷണം അസാധ്യമാക്കിയിരിക്കുന്നു. ഈ വേനല്‍ നമ്മളുടെ ഉള്‍ക്കണ്ണുകള്‍ തുറക്കാനുള്ള അവസരമാക്കി മാറ്റണം. പശ്ചിമഘട്ടത്തിലെ പ്രഖ്യാപിക്കപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ രണ്ടുവട്ടമെങ്കിലും ആലോചിച്ചേ നടപ്പിലാക്കാന്‍ പാടുള്ളൂ. ജലത്തിന്റെ ദുരുപയോഗവും കച്ചവടതാല്‍പര്യത്തോടെയുള്ള അമിത ജലചൂഷണവും ഇല്ലാതാക്കിയേ കഴിയൂ. ജലം പ്രകൃതി നല്‍കുന്ന വരദാനമാണെന്നും പൊതുസ്വത്താണെന്നും നിരന്തരം ഓര്‍ത്തുകൊണ്ടേയിരിക്കണം. അത്തരത്തില്‍ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. വ്യാപാരികളുടെ കൊക്കൊകോള ബഹിഷ്കരണവും സ്വകാര്യ ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകള്‍ ഏറ്റെടുത്ത തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനവും ജലഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും ശ്ലാഘനീയമാണ്. ഈ സാഹചര്യത്തില്‍ ജലദിനമായ മാര്‍ച്ച് 22 ജലസംരക്ഷണ ദിനമായി ആചരിക്കാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പൊതുകേന്ദ്രത്തില്‍ വച്ച് പരിഷത്ത് പ്രവര്‍ത്തകരും നാട്ടുകാരും ഒത്തുചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞ എടുക്കണം. തുടര്‍ന്ന് ഒരു പൊതുക്ലാസ്സും സംഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥല-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശിക്കുകയും അതില്‍ വ്യാപകമായി ഇടപെടുകയും വേണം.

പി.മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *