റീജ്യണല്‍ സയന്‍സ് സെന്ററിനെ അശാസ്‌ത്രീയതകളും വിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയാക്കരുത്

0

കോഴിക്കോട് ജില്ലാക്കമ്മറ്റി നല്‍കിയ പത്രക്കുറിപ്പ്
ശാസ്‌ത്രപ്രചാരണത്തിനും ശാസ്‌ത്രബോധ വ്യാപനത്തിനും വേണ്ടി നിലകൊള്ളുന്നതും സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിച്ചുവരുന്നതുമായ ഒരു സ്ഥാപനമാണ് കോഴിക്കോട്ടെ റീജ്യണല്‍ സയന്‍സ് സെന്റര്‍. ശാസ്‌ത്രകുതുകികളായ വിദ്യാര്‍ഥികളും നാട്ടുകാരും ഈ സ്ഥാപനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ അതീവ സന്തുഷ്ടരായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ശാസ്‌ത്രവുമായി ഒരു ബന്ധമില്ലാത്തതും കേവല വിശ്വാസങ്ങള്‍ മാത്രമായതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കിയത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. കന്നുകാലി വളര്‍ത്തലിന്റെ സാമ്പത്തികവും പരിസ്ഥിതിപരവുമായ കാര്യങ്ങളില്‍ ഏവരും തല്‍പ്പരരാണ്. എന്നാല്‍ അതിനെ വര്‍ഗീയ പ്രചാരണത്തിനും കേവല വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഉപാധിയാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ റീജ്യനല്‍ സയന്‍സ് സെന്റര്‍ പോലുള്ള ശാസ്‌ത്ര സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനേ ഇടയാക്കൂ. എല്ലാതരം ദാനധര്‍മങ്ങളും മഹത്തരമായ കാര്യങ്ങളാണ്. അതില്‍ നിന്ന് വ്യത്യസ്തമായതൊന്നും ഗോദാനത്തിനുള്ളതായി ശാസ്‌ത്രം അംഗീകരിച്ചിട്ടില്ല. അതുപോലെ ഗോമൂത്രത്തിന് അത്ഭുതസിദ്ധികളുണ്ട് എന്നതും ശാസ്‌ത്രദൃഷ്ട്യാ അംഗീകരിക്കപ്പെട്ടതല്ല. ഇങ്ങനെയുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി ഗോമൂത്രം കുടിച്ചു കാണിക്കുകയും പശു ഓക്‌സിജന്‍ നിശ്വസിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് ശാസ്‌ത്രലോകം അവഗണിച്ചു തള്ളിയതുമാണ്. ഇന്ത്യയിലെ ഏറ്റവും മഹനീയ ശാസ്‌ത്ര ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ ഇതുപോലുള്ള കാര്യങ്ങള്‍ക്ക് വേദിയാക്കാന്‍ ശ്രമിച്ചത് ബഹുജനാഭിപ്രായ സമ്മര്‍ദം മൂലം ഉപേക്ഷിച്ചിരുന്നത് നാമെല്ലാം അറിയുന്നതാണ്. നാട്ടിലെ ശാസ്‌ത്രസ്ഥാപനങ്ങളെ ഈ വിധം ദുരുപയോഗം ചെയ്യുന്ന പ്രവണത ഈയിടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്നുണ്ട്. ഇതിനെതിരെ ജനസമൂഹം കരുതിയിരിക്കേണ്ടതുണ്ട്. റീജ്യണല്‍ സയന്‍സ് സെന്ററിനെ ഇത്തരം അശാസ്‌ത്രീയ കാര്യങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് അധികാരികളോട് ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *