റെയില്‍വേ പുറമ്പോക്ക് ഭൂമി പഠന റിപ്പോര്‍ട്ട്-

0

തൃശ്ശൂര്‍ നഗരത്തില്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയില്‍, അത്യന്തം പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെകുറിച്ചും അവരെ പുനരധിവസിപ്പിക്കുന്നതിനെടുത്ത നടപടികളെകുറിച്ചും ശാസ്‌ത്രസാഹിത്യപരിഷത്ത് തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ട്.

പഠന ലക്ഷ്യം:തൃശ്ശൂര്‍ റെയില്‍വെ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത പശ്ചാത്തലപ്രശ്‌നങ്ങള്‍ സംബന്ധിച്ച അന്വേഷണവും പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തലും. 45 വീടുകളിലായി 60 കുടുംബങ്ങള്‍ ഈ പ്രദേശത്തുണ്ട്. സര്‍വ്വേ പ്രകാരം കുടുംബത്തിലെ ശരാശരി അംഗസംഖ്യ 4.6 ആണ്. ഇതുപ്രകാരം, ഈ പ്രദേശത്തെ ജനസംഖ്യ 300 ഓളം വരും. ഇതു സംബന്ധിച്ച വസ്തുതാന്വേഷണത്തിന്റെ ഭാഗമായി 8 പേരടങ്ങുന്ന ജന്റര്‍ പ്രവര്‍ത്തക സംഘം 2017 ജുണ്‍ 8 നു മാറ്റാമ്പുറം പുനരധിവാസകേന്ദ്രം  സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശക സംഘം കണ്ടെത്തിയ കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മാറ്റാമ്പുറം എന്ന സ്ഥലത്ത് നിന്നും 2.5 കിലോമീറ്റര്‍ ഉള്ളിലേക്ക്  മാറി മാടക്കത്തറ, മുളങ്കുന്നത്തുകാവ് എന്നിങ്ങനെ രണ്ടു പഞ്ചായത്തുകളിലായിട്ടാണ് ഈ പുനരധിവാസ കേന്ദ്രം പണി കഴിപ്പിച്ചിട്ടുള്ളത്.‌ 2008 ലും 2014 ലും ആയി രണ്ടുഘട്ടങ്ങളിലായിട്ടാണ് പുനരധിവാസ സങ്കേതങ്ങള്‍ പണി കഴിപ്പിച്ചിട്ടുള്ളത്. 2004 ല്‍ 240 സ്ക്വയര്‍ഫീറ്റ് വീതം വിസ്തൃതിയുള്ള 100 വീടുകളടങ്ങുന്ന ഫ്‌ളാറ്റുകളാണ് പണി കഴിപ്പിച്ചത്. പിന്നീട് ആളുകളുടെ സമ്മര്‍ദ്ദം മൂലം രണ്ടു വീടുകള്‍ ഒന്നിപ്പിച്ച് 480 സ്ക്വയര്‍ഫീറ്റ് വീതം വിസ്തൃതിയുള്ള 50 വീടുകളാക്കിമാറ്റി. ഇപ്പോള്‍ 50കുടുംബങ്ങള്‍ ഇവിടെ താമസിച്ചു വരുന്നു.പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും നിറഞ്ഞുകവിഞ്ഞ കക്കൂസുകളും വൃത്തിഹീനമായ ചുറ്റുപാടുകളുമാണ് സന്ദര്‍ശക സംഘത്തിനു ഇവിടെ കാണാന്‍ കഴിഞ്ഞത്.ഈ ഫ്‌ളാറ്റുകളുടെ പൊതു സെപ്റ്റിക് ടാങ്ക്പൊട്ടിക്കിടക്കുന്നതിനാല്‍വിസര്‍ജ്യവസ്തുക്കള്‍ ‍പുറത്തേക്കൊഴുകി പീച്ചി കനാലില്‍ എത്തിച്ചേരുന്നു എന്ന ദുരവസ്ഥയുമുണ്ട്. 2014-ല്‍ മാടക്കത്തറ പഞ്ചായത്തില്‍ പണിത രണ്ടാംഘട്ട പുനരധിവാസ സങ്കേതങ്ങള്‍ മുന്‍പത്തേതിനേക്കാള്‍ കുറച്ചുകൂടിമെച്ചപ്പെട്ടതാണ്. എന്നാല്‍ വളരെ കുറച്ചു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെതാമസിക്കുന്നത്. 2014-ല്‍ ഫ്‌ളാറ്റുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്, പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയുമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. തല്‍ഫലമായി, ഇവിടെ താമസിക്കുന്നവര്‍ക്ക് വീട്ടു നമ്പറോ റേഷന്‍ കാര്‍ഡോ വീടിന്റെ ഉടമസ്ഥാവകാശമോ ഇല്ല. ഇവര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല.തൃശ്ശൂരില്‍ നിന്നും 13 രൂപയാണ് മാറ്റാമ്പുറത്തേക്കുള്ള  ബസ് ചാര്‍ജ്. മറ്റു ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍, മാറ്റാമ്പുറം സ്റ്റോപ്പില്‍ നിന്നും 50 രൂപ  ഓട്ടോക്കൂലി കൊടുക്കണം ഈ പുനരധിവാസകേന്ദ്രത്തിലെത്തിപ്പെടാന്‍ഈ പ്രദേശത്തേക്കുള്ള റോഡ് കാലങ്ങളായി അറ്റകുറ്റപ്പണികളൊന്നും ചെയ്യാതെപൊട്ടിപ്പൊളിഞ്ഞു ഇരുചക്ര വാഹനത്തിനുപോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.ഒരു വശത്ത് പീച്ചി കനാലും മറുവശത്ത് റബ്ബര്‍ മരങ്ങളും നിറഞ്ഞ് വിജനമായ പ്രദേശത്തുകൂടെ കടന്നു പോകുന്ന റോഡ്, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടും തന്നെ സുരക്ഷിതമല്ല.ഇവിടെ താമസിക്കുന്ന ഭൂരിഭാഗം സ്‌ത്രീകളും തൃശ്ശൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള വീട്ടുവേലയും കൂലിവേലയും ആശ്രയിച്ചാണ് കഴിയുന്നത്. ഇവര്‍ക്കു 150 രൂപ മുതല്‍ 200 രൂപ വരെ പ്രതിദിനം യാത്രയ്ക്ക് ചിലവഴിക്കേണ്ടതായി വരുന്നു. ഇത് വേതനത്തിന്റെ 25%മുതല്‍ 50% വരെയാണ്.കുട്ടികള്‍ക്കു 2.5 കിലോമീറ്റര്‍ദൂരം സുരക്ഷിതമല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചു വന്ന് ബസ് കയറി വേണം സ്‌കൂളിലെത്താന്‍.വിജനമായികിടക്കുന്ന റോഡില്‍ വഴിവിളക്കുകളൊന്നും തന്നെപ്രവര്‍ത്തിക്കുന്നില്ലതാരതമ്യേന ജീവിത നിവൃത്തിയുള്ള ആളുകള്‍, ജീവിത സുരക്ഷയും കുഞ്ഞുങ്ങളുടെ ഭാവിയും കരുതി, ദൂരെസ്ഥലങ്ങളിലേക്കു് മാറി വാടകയ്ക്ക് താമസിച്ചു വരുന്നു. മറ്റൊരു വിഭാഗം, റെയില്‍വെ പുറമ്പോക്കിലുള്ള വാസസ്ഥലത്തേക്കു തിരിച്ചു പോരികയും ചെയ്തിട്ടുണ്ട്.സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ഈ ജനവിഭാഗത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ അധികാരികളുടേയോ പൊതുജനങ്ങളുടേയോ പരിഗണനാ വിഷയമായി മാറുന്നില്ല. പറമ്പോക്കു ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കണമെന്ന റെയില്‍വെയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, അടിസ്ഥാന ജീവിത സാഹചര്യം പോലും ഉറപ്പാക്കാതെയാണ് കോര്‍പ്പറേഷന്‍ ഇവര്‍ക്ക് പുനരധിവാസകേന്ദ്രം ഒരുക്കിയത്.പഞ്ചായത്തിന്റെ അനുമതിയും ചട്ടങ്ങളും കൂടാതെ പണി കഴിപ്പിച്ച ഫ്‌ളാറ്റുകളിലേക്ക് തള്ളിവിടുന്ന ഈ ജനവിഭാഗത്തെ പഞ്ചായത്തും കൈ ഒഴിയുന്നു.അധികാരികളുടെ അവഗണനയും ജീവിത ദുരവസ്ഥയും കൂടി ആയപ്പോള്‍ ഇവര്‍ തികച്ചും  ഒറ്റപ്പെടുകയും തന്മൂലം, ചില ആളുകളിലെങ്കിലും ഒരു തരം നിഷേധാത്മക സ്വഭാവവും സാമൂഹിക  വിരുദ്ധതയും കണ്ടുവരുന്നു.ഈ പ്രദേശത്തു വളര്‍ന്നുവരുന്ന കുട്ടികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തീര്‍ത്തും ആശങ്കാജനകമാണ്. അധികാരികള്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ആളുകള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ ജന്റര്‍ വിഷയസമിതി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ട വസ്തുതകളുടെ വെളിച്ചത്തില്‍, മനുഷ്യയോജ്യമായ ജീവിത സൌകര്യങ്ങള്‍ ഈ മനുഷ്യര്‍ക്ക് ഒരുക്കി കൊടുക്കാന്‍ ആവശ്യമായ നിദ്ദേശങ്ങള്‍ രൂപപ്പെടുത്തി. നിര്‍ദ്ദേശങ്ങള്‍ (മുന്‍ഗണനാ ക്രമത്തില്‍)1. മാടക്കത്തറ പഞ്ചായത്തില്‍ 2014 ല്‍ പണിത ഫ്‌ളാറ്റുകള്‍ നിയമവിധേയമാക്കുന്നതിനാവശ്യമായനടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. 2. ഈ വീടുകള്‍ക്ക് കെട്ടിട നമ്പര്‍, റേഷന്‍ കാര്‍ഡ്, ഉടമസ്ഥാവകാശം, എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും സ്വീകരിക്കുക.3. ഈ പുനരധിവാസ സങ്കേതത്തിലേക്കുണ്ടായിരുന്ന ഏക ആശ്രയമായിരുന്ന ഒരു ബസ് സര്‍വീസ്, (രാവിലേയും വൈകീട്ടും ഓരോ സര്‍വ്വീസു മാത്രം) റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. ഈ സങ്കേതങ്ങളിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക.4. ഈ പ്രദേശത്തേക്ക് മതിയായ പൊതുവാഹന സൌകര്യം ഏര്‍പ്പെടുത്തുക. 5. റോഡില്‍ ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കുക. സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സാമൂഹ്യ ഉത്തരവാദിത്തമാണ്.6. കുടിവെള്ള ലഭ്യത ഉറപ്പാക്കുക. നിലവിലുള്ള കുടിവെള്ള സ്രോതസ്സുകളുടെ അറ്റകുറ്റപ്പണികളും  നവീകരണപ്രവൃത്തികളും കാലാകാലങ്ങളില്‍ നടത്തുക.7. വീട്, കക്കൂസ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി മനുഷ്യവാസയോഗ്യമാക്കുക8. പൊട്ടിക്കിടക്കുന്ന പൊതു സെപ്ടിക് ടാങ്കിന്റെ പുനരുദ്ധാരണ പണികള്‍ ഉടനടി നടപ്പിലാക്കുക. 9. ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ പ്രദേശവാസികള്‍ക്കും സമൂഹത്തിനുമുണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. പ്രദേശവാസികളുടെ അറിവില്ലായ്മ വലിയ തോതിലുള്ള സാമൂഹ്യപ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ശാസ്‌ത്രീയമായി സംസ്കരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഉടനടി നടപ്പിലാക്കണം.10. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ശുചിത്വബോധം, ആരോഗ്യപ്രശ്‌നങ്ങള്‍, മറ്റു സാമൂഹ്യ ബോധന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.11. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഏറെയുള്ള ഈ പ്രദേശത്ത്, അത്തരം സാഹചര്യം ഒഴിവാക്കി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി സഞ്ചരിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഇടപെടലും ഉണ്ടാക്കുക.12.  കുട്ടികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവരുടെ ശാരീരിക മാനസീക ഉന്നമന പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുക. 13. പ്രാദേശികമായി ചെറിയ തൊഴിലിടങ്ങള്‍  സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടതാണ് (അല്ലാത്തപക്ഷം പ്രദേശവാസികള്‍ക്ക് തൊഴിലിനുവേണ്ടി തൃശ്ശൂര്‍ നഗരത്തിലേക്ക് എത്തിപ്പെടേണ്ട അവസ്ഥ ഉണ്ടാവും).അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഓരം ചേര്‍ക്കപ്പെട്ട ഒരു കൂട്ടം ആളുകളാണ് തൃശ്ശൂര്‍ റെയില്‍വേ പുറമ്പോക്കു ഭൂമിയിലെ ഈ താമസക്കാര്‍. എന്തൊക്കെയോ കാരണങ്ങളാല്‍ ഇവിടേയ്ക്ക് എത്തിപ്പെടുകയും ഇവിടെ തുടരുകയും ചെയ്യേണ്ടിവന്നവര്‍. ഈ ദുരിതങ്ങളെല്ലാം തങ്ങളുടെ വിധിയെന്നു കരുതുന്നവര്‍. അസംഘടിതര്‍! ഇവരേക്കാള്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവര്‍ ഉണ്ടായേക്കും. അതുകൊണ്ട് ഇവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെടുന്നില്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു തൂത്തുമാറ്റലോ എടുത്തെറിയലോ അല്ല ഇവരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. ഇവര്‍ മനുഷ്യരാണ്, സഹജീവികളാണ് എന്ന ബോധത്തോടെയുള്ള ഇടപെടലാണ് ആവശ്യം. പഠനത്തിന് നേതൃത്വം നല്‍കിയവര്‍പ്രൊഫ.സി.വിമല, എം.ജി. ജയശ്രീ, ജൂന പി.എസ്, അംബിക സോമന്‍, ധന്യ.എം.വി, സോജ. കെ.കെ, ഡോ. എ.പി. ശാരദ, ടി.എ. ഷിഹാബുദ്ദീന്‍, വി.എ. മോഹനന്‍,  ശശികുമാര്‍ പള്ളിയില്‍, എം.ഇ.രാജന്‍, ശ്രീനിവാസന്‍, നിര്‍മ്മല ടീച്ചര്‍, സാറാമ്മ റോബ്‌സണ്‍

Leave a Reply

Your email address will not be published. Required fields are marked *